എം. കെ. ഹരികുമാര്‍
സൗന്ദര്യത്തിന്റെ എഞ്ചിനീയറിംഗ്
ചില കമ്പ്യൂട്ടർ സ്ക്രീൻ സേവറുകൾ നമ്മെ മതിഭ്രമത്തിലേക്ക് തള്ളിവിടും. ഒരു കെട്ടിടത്തിനകത്തേക്ക് നമ്മെ നയിക്കുകയാണെന്ന് ഭാവിച്ച്, കൊണ്ടുപോയി മറ്റൊരു മുറിയിലേക്ക് നീങ്ങും. അവിടെയും നിലയുറപ്പിക്കാനാകില്ല. മൂലകളും ഇടനാഴികളും മാറിക്കൊണ്ടിരിക്കും. 10 മിനിട്ടുനേരം നോക്കി നിന്നാൽ തലചുറ്റും. സ്ഥലകാലഭ്രമമുണ്ടാകും. അതുപോലെയാണ് സ്ക്രീൻ സേവർ പൈപ്പുകളുടെയും കാഴ്ച. പൈപ്പുകൾ എന്ന് പേരിട്ടിട്ടുള്ള സ്ക്രീൻ സേവറുകൾ നമ്മെ അതിശയിപ്പിക്കുന്ന യന്ത്രലോകത്തേക്കാണ് നയിക്കുന്നത്. എണ്ണക്കുഴലുകളുടെ അനേകം ശ്രേണികൾ നിമിഷനേരം കൊണ്ട് രൂപപ്പെടുന്നു. ഏതോ വലിയ റിഫൈനറിയാണെന്ന് തോന്നിപ്പിക്കും. വലിയ എഞ്ചിനീയറിംഗ് കൗശലത്തെ ഓർമ്മിപ്പിക്കുന്ന ഈ പൈപ്പുകൾ സൈബർ നിർമ്മിതിയാണ്. യഥാർത്ഥമായ പൈപ്പുകളുമല്ല അവ. അത് വ്യാജമാണെന്ന് അറിയുന്ന ക്ഷണത്തിൽ തന്നെ അത് സ്ക്രീനിൽ നിന്ന് മായുകയും പകരം മറ്റൊന്ന് തെളിയുകയും ചെയ്യും.
കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ഈ പൈപ്പുകൾ യന്ത്രനാഗരികതയുടെ സങ്കീർണ്ണമായ പ്ലാന്റുകളിലേക്കും നമ്മുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. അതേ സമയം തന്നെ, അത് വ്യാജവുമാണ്. വ്യാജമാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ നമുക്ക് അത് ആസ്വദിക്കേണ്ടിവരും. എന്തിനാണ് ഒരാൾ വ്യാജമായി ഇത്തരം പൈപ്പുകൾ സൈബർ ലോകത്ത് നിർമ്മിക്കുന്നത്. യഥാർത്ഥ ലോകത്തെപ്പറ്റിയുള്ള വ്യാജപ്രസ്താവം നടത്തുമ്പോൾതന്നെ, അത് യാഥാർത്ഥ്യം തന്നെയായി നമുക്ക് കാണുകയും ചെയ്യേണ്ടതുണ്ട്. ഒരു യഥാർത്ഥ റിഫൈനറിയിൽ ചെന്നാലും നിങ്ങൾക്ക് ഇത് തന്നെ കാണാൻ കഴിയും. പൈപ്പുകളുടെ നിറങ്ങളിൽപ്പോലും മാറ്റമുണ്ടാകില്ല.
നാം യഥാർത്ഥ ലോകത്തെ വ്യാജമായി നിർമ്മിക്കുന്നു. അതേ സമയം വ്യാജമായ ലോകത്തെ പെട്ടെന്ന് മായിച്ചുകളയുകയും ചെയ്യുന്നു. ശരിയായ ലോകത്തിനു ബദലായി, മറ്റൊന്ന് ഉണ്ടാക്കാനുള്ള താൽപ്പര്യത്തിൽ നിന്നാണ് ഇതുണ്ടാകുന്നത്. അതോടൊപ്പം കാഴ്ചക്കാരനെ ചതിച്ചു രസിക്കുകയും ചെയ്യുന്നു. നോവലിലും ഈ ചതിയുണ്ട്. യുക്തികൊണ്ടും സാമർത്ഥ്യംകൊണ്ടും ഉണ്ടാക്കിയെടുക്കുന്ന ജീവിതം ,പ്രകൃതി ചിത്രങ്ങൾ, പൊടുന്നനെ വ്യാജമാണെന്ന് തിരിച്ചറിയാൻ പ്രയാസമുണ്ടാകില്ല.
പിന്നെ നമുക്ക് ആ വ്യാജലോകത്തെ സൗന്ദര്യവൽക്കരിക്കുക എന്ന ധർമ്മം നിറവേറ്റാനുണ്ട്. ധർമ്മത്തിന്റെ അർത്ഥവും മാറി. വ്യാജ സൗന്ദര്യത്തെ യഥാർത്ഥമാക്കുകയാണ് നമ്മുടെ ലക്ഷ്യം. "മുറ്റത്തെ ചന്ദനക്കല്ലിൽ ഭഗവതി നിലപാടുകൊണ്ടു. നട്ടുവന്റെ മുമ്പിലെന്നപോലെ താളം ചവിട്ടി. പിന്നെ ദൈവപ്പുരയിലേക്ക് കേറി. ദൈവപ്പുരയുടെ വാതിൽ മലർക്കെ തുറന്നു. പടുതിരികളുടെ മെഴുക്കും കരിയും അവശേഷിച്ച കോവിലിൽ നഗ്നയായി, അഭിഷേകങ്ങളുടെ മദജലം പുരണ്ട് നല്ലമ്മ നിന്നു". 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ ഈ സന്ദർഭം, വിജയൻ എഴുത്തുകാരനുണ്ടാക്കുന്ന അനേകം ഗ്രാഫിക് സ്ക്രീൻ സേവറുകളിലൊന്നാണ്. അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്ന യഥാർത്ഥലോകം, ചിലപ്പോൾ വ്യാജമായി പരിണമിക്കുന്നു. വ്യാജമാണെന്ന് കരുതി നാം അതിനെ സൗന്ദര്യവൽക്കരിക്കുമ്പോഴേക്കും അത് യാഥാര്‍ത്ഥ്യത്തിലേക്ക് പരിണമിച്ചിട്ടുണ്ടാകും. വിജയന്റെ നോവലിൽ യാഥാർത്ഥ്യത്തെ ഓരോ നിമിഷവും വ്യാജമാക്കുന്ന വിദ്യയാണുള്ളത്. രണ്ടിന്റെയും അരികുകൾ തേഞ്ഞുപോകുന്നതും പ്രത്യേകതയാണ്.
അതേ സമയം, താൻ നിർമ്മിക്കുന്ന വ്യാജസൗന്ദര്യം, നല്ലപോലെ എഞ്ചിനീയർ ചെയ്തതാകണമെന്നും നോവലിസ്റ്റിനു നിർബന്ധമുണ്ട്. അതുകൊണ്ടാണ് 'അഭിഷേകങ്ങളുടെ മദജലം' എന്നെഴുതി ദൈവികതയെയും ഭോഗത്തെയും കൂട്ടിക്കെട്ടുന്നത്. ഈ പ്രയോഗം വിജയന്റെ എഞ്ചിനീയറിംഗാണ്. അപ്പോൾ തന്നെ അത് വ്യാജവുമാണ്.
ഗ്രാഫിക്സ് പൈപ്പുകൾ നമ്മെ ഉപയോഗശൂന്യമായ ഓർമ്മകളിലേക്ക് തള്ളിവിടുന്നു. നമുക്ക് പ്രയോജനമില്ലാത്ത ആ ഓർമ്മകൾ ഇടയ്ക്ക് വച്ച് നമ്മെ കയ്യൊഴിഞ്ഞ്, മിഥ്യയുടെ യാഥാർത്ഥ്യത്തിലേക്ക് തള്ളിവിടും. അവിടെ നിന്ന് നാം യാഥാർത്ഥമായ ലോകത്തേക്ക് തിരിച്ചുവരുകയും ചെയ്യും. സമകാലികമായ ഓർമ്മകൾക്കു വേണ്ടി പരതുന്ന നാം വ്യാജ സൗന്ദര്യത്തിൽ മയങ്ങി നിന്നുപോകും. സൗന്ദര്യാസ്വാദനത്തിന്റെ വ്യാജസൗന്ദര്യവും ഇവിടെയുണ്ടാകുന്നത്, നിസ്സാരമായല്ല; നല്ലപോലെ പണിപ്പെട്ടാണ്. സൗന്ദര്യത്തിന്റെ എഞ്ചിനീയറിംഗാണിത്. എന്നാൽ കരകൗശലത്തോടെ രൂപപ്പെടുത്തുന്ന സൗന്ദര്യത്തിനു അതിനോടുപോലും ബന്ധമില്ല. സർപ്പത്തിന്റെ സൗന്ദര്യം എഞ്ചിനീയറിംഗിന്റെ ഭാഗമല്ല. അത് പ്രകൃതിയുടെ നിർമ്മിതിയാണ്. എന്നാൽ കമ്പ്യൂട്ടർ ഗ്രാഫിക്സിലെ സ്ക്രീൻ സേവറുകളിലെ സൗന്ദര്യം എഞ്ചിനീയറിംഗിന്റെ ഫലമാണ്. നമ്മെ ചതിക്കാനുള്ളതാണ്. ആ സൗന്ദര്യം. നൈമിഷികമായ വ്യാജസൗന്ദര്യത്തെപ്പറ്റി ഓർമ്മിപ്പിക്കുമ്പോഴാണ് കലയുണ്ടാകുന്നത്. വ്യാജസൗന്ദര്യംപോലൊന്ന് യഥാർത്ഥത്തിൽ ഉണ്ടെങ്കിൽ, അത് വളരെ എഞ്ചിനീയറിംഗിനു വിധേയമായിരിക്കും.
ആശയങ്ങളുടെ, അർത്ഥങ്ങളുടെ അനേകം അനുകരണനങ്ങൾ ഉണ്ടാക്കുകയാണ്, ഈ വ്യാജസൗന്ദര്യത്തിന്റെ മുഖ്യസവിശേഷത. അത് നമ്മെ പലതരം ആഖ്യാനങ്ങളിലേക്ക്, ദർശന കേന്ദ്രങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകും. പലതരം ആശയ രസതന്ത്രങ്ങൾ അത് നൽകിയെന്നിരിക്കും. അനേകം പാഠപുസ്തകങ്ങളുടെയും തത്വചിന്തകളുടെയും ചിഹ്നങ്ങൾ അതിൽ സംഭൃതമായിരിക്കും. വായനക്കാരനെ പലവഴിക്കും ഓടിച്ചശേഷം അവൻ വെറും കയ്യോടെ മടങ്ങിവരുന്നതും കാത്ത് ഈ വ്യാജസൗന്ദര്യനിർമ്മാതാക്കൾ ഇരിക്കുന്നുണ്ടാവും.
യുക്തിപൂർണ്ണമായി നെയ്തെടുത്ത അർത്ഥങ്ങളുടെ അസ്തിത്വരാഹിത്യം എന്ന് ഇതിനെ വിളിക്കാം. അതായത്, ഈ അർത്ഥങ്ങൾക്ക് വികാരമുണ്ട്; യുക്തിയുണ്ട്; അതിനു പിന്നിൽ അദ്ധ്വാനമുണ്ട്. അതിൽ ചിന്തയും കലയുമുണ്ട്, സൗന്ദര്യമുണ്ട്. എന്നാൽ അത് നിലനിൽക്കുന്നില്ല. അതിന്റെ ജീവിതം ക്ഷണികവുമാണ്. പലതരം അർത്ഥങ്ങളെ കൂട്ടിക്കെട്ടി വലിച്ചുകൊണ്ടുപോകാൻ അതിനു കഴിയുമായിരിക്കും. അതേസമയം, അതിന്റെ ലക്ഷ്യം, നിലവിലുള്ള ലോകത്തിനു സമാനമെന്ന് തോന്നിപ്പിക്കുന്ന വ്യാജ നിർമ്മിതിയാണ്. ഇത് അസംഖ്യം ആന്തരിക ബന്ധങ്ങളുടെ ഭൂവിഭാഗമാണ്. അവിടെ പരസ്പരബന്ധമുള്ള ലോകങ്ങളുടെ അനന്തപഥങ്ങൾ കാണാം. മതവും ശാസ്ത്രവും പോലെ ദൈവികതയും ആഭിചാരവും കൈകോർക്കുന്നുണ്ടാവും. ഈശ്വര ചിന്തയെത്തന്നെ, ലൈംഗികതയിലൂടെ വ്യാജമാക്കുവാൻ ഈ എഞ്ചിനീയറിംഗിനു കഴിയും. ഇവിടെ സത്യങ്ങളില്ല. സത്യങ്ങളെപ്പറ്റിയുള്ള വ്യാജസങ്കൽപങ്ങളേയുള്ളു.
"രവി ഉറങ്ങാൻ കിടന്നു. ജനാലയിലൂടെ ആകാശം മിന്നുന്നു, തുടിക്കുന്നു. ഈശ്വരാ ഒന്നുമറിയരുത്, ഉറങ്ങിയാൽ മതി, ജന്മത്തിൽ നിന്ന് ജന്മത്തിലേക്ക് തലചായ്ക്കുക. കാടായി, നിഴലായി, മണ്ണായി, ആകാശമായി വിശ്രമം കൊള്ളുക."
ഈ വാക്യങ്ങളിലും ഞാൻ കാണുന്നത്, എന്റെ സാഹിത്യമാനിഫെസ്റ്റോയുടെ അസംസ്കൃതവസ്തുവാണ്. ജീവതത്തെ രവി എന്ന കഥാപാത്രം ജന്മമായിട്ടേ കാണുന്നില്ല. അയാൾക്ക് ഈ ജന്മത്തിലുള്ള ഒന്നിലും വിശ്വാസമില്ല. അയാൾ ഓടി രക്ഷപ്പെടുകയാണ്. പലജന്മങ്ങളായി അയാളെ സ്വയം വീക്ഷിക്കുന്നു. കാടായും നിഴലായും ആകാശമായും ജീവിക്കുന്നത് അയാൾ സ്വപ്നം കാണുന്നു. കലയുടെ വ്യാജസൗന്ദര്യമാണിത്. യാഥാർത്ഥ്യത്തിലുള്ള ഓരോന്നിനെയും ജീവിതമായി നമ്മെ ധരിപ്പിക്കുന്നു. ആകാശം, കാട് എന്നിവയ്ക്കു ബദലായി, അതിന്റെ സൗന്ദര്യം എന്ന നിലയിൽ കഥാപാത്രത്തെ സങ്കൽപിച്ചു നോക്കുന്നു. എന്നാൽ അതിനുള്ളിൽ ഒരാൾക്ക് ജീവിക്കാനാവില്ല. നാം അതിനേപ്പറ്റി ചിന്തിക്കുമ്പോൾതന്നെ അത് അസംബന്ധമായി ബോധ്യമാകും. എന്നാൽ കപടമായ ആ സങ്കൽപത്തെ സൗന്ദര്യവൽക്കരിക്കുന്നതിലാണ് കല നിലനിൽക്കുന്നത്.
തീർച്ചയായും ഇതിൽ അർത്ഥങ്ങളും ആശയങ്ങളുമുണ്ട്. അതാകട്ടെ, വിവിധ ആശയ സംഹിതകളുമായി രക്തബന്ധം സ്ഥാപിച്ചിട്ടുള്ളതുമാണ്. ജീവിതത്തെ ജന്മങ്ങളായി കാണുന്നത് യഥാർത്ഥമല്ല. അത് വ്യാജ സൗന്ദര്യമാണ്. ജീവിതത്തിൽ നിന്നുള്ള ഓടിരക്ഷപ്പെടലാണത്. അതായത്, ജീവിതമൂല്യങ്ങളുടെ സമകാലീനതയെ നേരിടാൻ കഴിയാതെ വരുമ്പോഴുള്ള കപട സൗന്ദര്യ നിർമ്മാണമാണിത്. ഇവിടെയാണ് അർത്ഥപൂർണ്ണമായ ആശയങ്ങൾകൊണ്ട് നിർമ്മിച്ച ശൂന്യത ഉത്ഭവിച്ച് പരക്കുന്നത്. ജന്മത്തിനു പല ജന്മങ്ങളാകാൻ കഴിയില്ല. അനുഭവിക്കാനുമാകില്ല. എന്നാൽ ഇത്തരം ആശയങ്ങൾ മിഥോളജിയിൽ ധാരാളമായി കാണാം. മിഥോളജിയുടെ സങ്കൽപത്തിനനുസരിച്ച്, നോവലിസ്റ്റ് നിർമ്മിക്കുന്ന വ്യാജലോകം അതിന്റേതായ അർത്ഥശൂന്യതയെയാണ് ഒരുക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിൽ, ആധുനികതയുടെ ഭാഗമായുണ്ടായ അർത്ഥശൂന്യതയല്ല ഇത്. അർത്ഥപൂർണ്ണമായ നിർമ്മാണരീതികൾ കൊണ്ട്, ലക്ഷ്യബോധത്തോടെ ഉരുത്തിരിയുന്ന ആശയങ്ങളുടെ, അല്ലെങ്കിൽ പരസ്പര ബന്ധമുള്ള യൂണിറ്റുകളുടെ വിധിയായി മാറുന്ന അർത്ഥശൂന്യതയാണിത്. ഗ്രാഫിക്സ് സ്ക്രീൻസേവർ പൈപ്പുകളുടെ വിധി നാം കണ്ടുകഴിഞ്ഞതാണല്ലോ. 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ നിരീക്ഷണങ്ങളുടെ വിധിയും നാം മനസ്സിലാക്കി. വ്യത്യസ്തമായ ആശയസംഹിതകളുമായി ലയിക്കാനാണ് ഖസാക്കിലെ ആശയപരമായ പരീക്ഷണം.
കഥയിലെ യുക്തി ഇതാണ്. അത് കേവലയുക്തിയെ തോൽപിക്കാനായി, ഭ്രമാത്മകവും അയഥാർത്ഥവുമായ ലോകം നിർമ്മിക്കുന്നു. യുക്തിരഹിതമായ ലോകത്ത് യുക്തികൊണ്ടുതന്നെയാണ് അത് സംഘടിതമായ അർത്ഥശൂന്യതകളെ സൃഷ്ടിക്കുന്നത്. കല പൂർണ്ണതയല്ല, അത് മനുഷ്യന്റെ ജീവിതത്തിന്റെ പരിമിതിയുടെ വൃത്തം കൂടിയാണ്.
അതുകൊണ്ട് കലയിലെ യുക്തി എന്നത് യുക്തിരഹിതമായ ലോകത്തിന്റെ പൊള്ളത്തരം കാണിക്കുന്നതിനു വേണ്ടിയുള്ള വ്യാജയുക്തിയാണ്. അതുകൊണ്ട് അത് ആന്തരികമായ ബന്ധങ്ങളുടെ വിവിധ ഘടകങ്ങളെ ഒന്നിച്ചണിനിരത്തിക്കൊണ്ട്, അവയുടെ കൂടിച്ചേരലിലൂടെയുണ്ടാകുന്ന യുക്തിയുടെ മിഥ്യാലോകങ്ങളെ ലക്ഷ്യം വയ്ക്കുന്നു. വായനക്കാരന് കിട്ടുന്നത്, നൈമിഷികമായ ജീവിത സാധ്യതകൾ മാത്രമാണ്.