Skip to main content

പ്രശസ്തചിത്രകാരനായ ബോസ് കൃഷ്ണമാചാരിയുമായി അഭിമുഖം


എ.എസ്.ഹരിദാസ്

ഏപ്രിൽ ആദ്യവാരത്തിൽ വിശ്രുത ചിത്രകാരന്മാരായ ബോസ്‌ കൃഷ്ണമാചാരിയും,
റിയാസ്‌ കോമുവുമായി, കാലടി സംസ്കൃതസർവ്വകലാശാലയിലെ ലളിതകലാവിദ്യാർത്ഥികൾ
ഒരുക്കിയ മുഖാമുഖത്തിൽ, എന്റെ ബാല്യകാല സുഹൃത്തുകൂടിയായ
ബോസ്കൃഷ്ണമാചാരിയുടെ ക്ഷണം സ്വീകരിച്ച്‌, പങ്കെടുക്കാൻ അവസരമുണ്ടായി.
അവിടെ നടന്ന സംവാദത്തിന്റെ തുടർച്ചയെന്നോണം, ചില സംശയദൂരീകരണത്തിനാണ്‌
ശ്രീ.ബോസിന്റെ മങ്ങാട്ടുകര(അങ്കമാലി)യിലെ വസതിയിൽ ചെന്നത്‌. സംസാരിച്ചു
വന്നപ്പോൾ പല പുതിയ വിവരങ്ങളും ലഭിക്കുകയുണ്ടായി. അത്‌ "മലയാള സമീക്ഷ"
യുടെ വായനക്കാരുമായി പങ്കുവെയ്ക്കട്ടെ.
ബോസ് കൃഷ്ണമാചാരി

? ചിത്രകലയുടെ ഭാഷയുമായി മലയാളികൾക്ക്‌ പരിചയം കുറവാണല്ലോ? കേരളത്തിന്റെ
സാമൂഹ്യാന്തരീക്ഷത്തിൽ മാറ്റം വരുത്താൻ ഏറെ സഹായകമായ മേഖല
സാഹിത്യത്തിന്റേതാണ്‌. അത്രയ്ക്കൊരു പരിചയം ആധുനിക ചിത്രകലയുമായി
മലയാളികൾക്കില്ല. എന്താണഭിപ്രായം?

ബോസ്‌: അപരിചിതത്വം! ഭാഷാപോഷിണിയിൽ ഞാനിതു പറഞ്ഞിട്ടുണ്ട്‌.
സാധാരണക്കാർക്ക്‌ ചിത്രകലയുമായി തീർത്തും അപരിചിതത്വമാണുള്ളത്‌.
കേരളത്തിന്‌ ഒരു മ്യൂസിയം കൾച്ചറില്ല. എന്നാൽ പുറത്തുള്ള (വിദേശങ്ങളിൽ)
സ്ക്കൂളുകളിലും കോളേജുകളിലും ചിത്രകല പഠനവിഷയമാണ്‌. അവിടെ പഠനത്തിന്റെ
ഭാഗമായി വിദ്യാർത്ഥികൾ നിർബന്ധമായും മ്യൂസിയങ്ങളിൽ പോയിരിക്കണം.
അതിനനുയോജ്യമായ ഒരു വിദ്യാഭ്യാസം തന്നെയാണ്‌ അവിടെയുള്ളത്‌. ചിത്രകലയിലെ
പാഠങ്ങൾ ചിത്രകാരൻമാർതന്നെയാണ്‌ വിദ്യാർത്ഥികൾക്കു പറഞ്ഞുകൊടുക്കുന്നത്‌.
ഈ പഠനസമ്പ്രദായമില്ലാത്തത്‌ ഇന്ത്യയ്ക്ക്‌ പൊതുവിലും കേരളത്തിനും വലിയ
പ്രശ്നമാണ്‌. ഇതിനു കാരണം, നമുക്ക്‌, മതിയായ സൗകര്യങ്ങളുള്ള പ്രോഫഷണൽ
സാംസ്കാരിക സ്ഥാപനങ്ങൾ ഇല്ലാത്തത്താണ്‌. കേരളത്തിൽ, തൃപ്പൂണിത്തറയിലെ
ഹിൽപാലസ്‌, ആർകിടെക്ച്ചറിന്റെ കാഴ്ചപ്പാടിൽ സമ്പന്നമായ ഒരു സ്ഥാപനമാണ്‌.
ഇത്തരം സ്ഥാപനങ്ങൾ സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിൽ കൊണ്ടുവരണം.
അതിനെ മ്യൂസിയത്തിന്‌ അനുയോജ്യമായ തരത്തിൽ രൂപപ്പെടുത്തുകയും വേണം. ഒരു
ഡയറക്ടറും ക്യൂറേറ്ററും ഇതിന്‌ ആവശ്യമാണ്‌.നമുക്ക്‌ മ്യൂസിയമെന്നാൽ
മൃഗശാല( കളാണ്‌. സാംസ്കാരിക വകുപ്പിന്റെ സ്വന്തം ചുമതലയിലാവണം
ചിത്രകലാകേന്ദ്രങ്ങൾ. നമുക്ക്‌ സമ്പന്നമായൊരു ചിത്രകലാപാരമ്പര്യമുണ്ട്‌.
ചിത്രങ്ങളുമുണ്ട്‌. എന്നാൽ അവ വേണ്ട മട്ടിൽ സംരക്ഷിക്കാനും
പരിപാലിക്കാനും നമുക്കാവുന്നില്ല. ചിത്രങ്ങൾ മികച്ചരീതിയിൽ അടുക്കി
വയ്ക്കാൻ വേണ്ട സ്പേസിന്റെ കുറവുണ്ട്‌. ഇതു പരിഹരിച്ചാലേ,
ചിത്രകലാപാരമ്പര്യത്തിന്റെ പേരിൽ നമുക്ക്‌ അഭിമാനിക്കാനാവൂ.
പൊതുസമ്പത്ത്‌ ചെലവാക്കി ഒരുക്കുന്ന മ്യൂസിയങ്ങളിൽ ജനങ്ങൾ നിരന്തരം
വരികയും, അതിൽ അഭിമാനിക്കുകയും വേണം. ഉദാഹരണത്തിന്‌, മറ്റ്‌
വിദേശരാജ്യങ്ങളിൽ, ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്നതുപോലെ ജനങ്ങൾ കൃത്യമായി
സന്ദർശനം നടത്തും. പണം കൊടുത്തു തന്നെയാണ്‌ ഇതു ചെയ്യുന്നത്‌.
ദേവാലയങ്ങളിൽ മന:സമാധാനത്തിനായി പോകുന്നതുപോലെ, മ്യൂസിയങ്ങളിലെ മികച്ച
ചിത്രങ്ങൾ സന്ദർശകർക്ക്‌ മാനസികാഹ്ലാദം പകരുന്നു. അതിൽ അവർ
അഭിമാനിക്കുകയും ചെയ്യുന്നു. ഇത്‌ ദൈവനിഷേധത്തിന്റെ സ്വരത്തിലല്ല ഞാൻ
പറയുന്നത്‌.
ബോസ് കൃഷ്ണമാചാരിയുടെ  പെയിന്റിംഗ്

? ജനങ്ങളുടെ ചിത്രകലാസ്വാദനശേഷിയിലുള്ള കുറവും, ചിത്രകാരന്മാരുടെ/
ചിത്രകാരികളുടെ ബൗദ്ധികനിലവാരം ഉയർന്നതുമാണ്‌ എന്നതാണോ
ഇതിനിടയാക്കുന്നത്‌? എന്താണഭിപ്രായം?

ബോസ്‌: കലാകാരന്മാരെയാണ്‌ ഞാനിതിന്‌ കുറ്റം പറയുക. ചിത്രകലാരചയിതാക്കൾ
സാധാരണക്കാർ തന്നെയാണ്‌. ഡോക്ടർമാർ, എഞ്ചിനീയർമാർ, സംഗീതജ്ഞർ ഇവരെയൊക്കെ
ബഹുമാനിക്കുന്നതുപോലെ മാത്രമേ കലാകാരന്മാരെയും കാണേണ്ടതുള്ളൂ.
ഒരുദാഹരണം പറഞ്ഞാൽ, ശബ്ദാനുകരണകലയുടെ കാര്യമെടുക്കാം: സിനിമാനടന്മാരേയും
കവികളേയുമൊക്കെ ഇവർ അനുകരിക്കാറുണ്ട്‌. എന്നാൽ എ. രാമചന്ദ്രന്റെ
ശബ്ദാനുകരണം ജനങ്ങളെ ആകർഷിക്കുന്നില്ല. ഇതൊരു പ്രതീകമെന്നോണം
പറയുന്നതാണ്‌. ചിത്രകലയിൽ നിന്ന്‌ ജനങ്ങളിലേയ്ക്കുള്ള ദൂരം കുറയാതെ,
അവരുടെ ബഹുജനസഹകരണം ഉറപ്പാക്കാതെ, കലകൾക്ക്‌ ഇനി തുടരാനാവില്ല.
ചിത്രപ്രദർശനങ്ങളുടെ എലൈറ്റ്‌ സ്വഭാവം മാറ്റി, ജനങ്ങൾക്ക്‌ ആസ്വദിക്കാനും
സംവാദങ്ങൾക്കും ഏറ്റവും യോജിച്ചതു ബിനാലേകളാണ്‌.
? ചിത്രകല വ്യക്തിനിഷ്ഠമായ കളയാണോ? അത്‌ ഒരുകൂട്ടം ആളുകളുടെ ചിന്തകളേയും
കലാബോധത്തേയും പ്രതിനിധീകരിക്കുന്നുണ്ടോ?

ബോസ്‌: എല്ലാം ഉൾക്കൊള്ളുന്നത്‌ സ്വയം മനസ്സിലാക്കുമ്പോൾ മാത്രമാണ്‌.
സമൂഹത്തേയും, സംസ്കാരത്തേയും ചിത്രക്കാരന്മാർ മനസ്സിലാക്കാൻ ശ്രമിക്കണം.
രാജ്യത്തിന്റെ സമ്പട്ഘടനയെന്താണ്‌ എന്ന്‌ അവരറിയണം. ആ അർത്ഥത്തിൽ അവർ
രാഷ്ട്രീയബോധമുള്ളവരുമാവണം. അല്ലാത്തവർക്ക്‌ നല്ല കലാകാരന്മാരാകാൻ
കഴിയില്ല.
സമ്പത്ത്‌ എങ്ങനെ ഉണ്ടാവുന്നുവേന്നോ, അതെങ്ങനെ സമൂഹത്തെ
നിലനിർത്തുന്നുവേന്നോ പലർക്കുമറിയില്ല. പലരും ചിന്തിക്കുന്നത്‌ ജീവിക്കാൻ
വേണ്ടി മാത്രമാണ്‌. ഇത്‌ ജീവിതസമരമല്ല. ജീവിക്കാൻ വേണ്ടി ചിത്രം
രചിക്കുന്നത്‌ കലയല്ല. ചിത്രകാരന്മാർ മാത്രമല്ല, ആരായാലും
സമ്പട്ഘടനയേയും, അതിലൂടെ രാഷ്ട്രീയത്തേയും തിരിച്ചറിയാതെ ആർക്കും സമരം
ചെയ്യാനാവില്ല; ജീവിതസമരമെന്ന അർത്ഥത്തിൽ.
? ബിനാലെയെക്കുറിച്ച്‌ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ?
എന്നാൽ അതുപ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ പത്രാധിപസമിതിപറഞ്ഞത്‌,
വിമർശകരുടേത്‌ അവരുടെ അഭിപ്രായങ്ങൾ, കാഴ്ചപ്പാടുകൾ മാത്രമാണെന്നാണ്‌.
ചിത്രകലയെക്കുറിച്ച്‌ ആരോഗ്യകരമായ ചർച്ച ഉയർത്തുക എന്ന ലക്ഷ്യം മാത്രമേ
ഉദ്ദേശിച്ചുള്ളുവേന്നാണ്‌ പത്രാധിപസമിതി പറയുന്നത്‌. താങ്കളുടെ
പ്രതികരണമെന്താണ്‌?

റിയാസ്കോമുവിനൊപ്പം

ബോസ്‌: ജേർണലിസത്തിന്റെ ഇന്നത്തെ സംസ്കാരം ഒട്ടും ആശാവഹമല്ല.
പത്രപ്രവർത്തകരിൽ പലരും എന്റെ സുഹൃത്തുക്കളാണ്‌. എന്നാൽ അവർ
നുണകൾക്കുമുകളിൽ നുണകൾ കെട്ടിപൊക്കുകയാണ്‌. പത്രപ്രവർത്തനം കലയേക്കാൾ
ഉത്തരവാദിത്വവും, സീരിയശ്നസ്സുമുള്ള ജോലിയാണ്‌. അതവർ മനസ്സിലാക്കണം.
ലണ്ടൻ ആസ്ഥാനമാക്കി "ടേറ്റ്‌ മോഡേൺ" (ഠമലേ ങീറലൃ​‍ി) എന്നൊരു
സ്ഥാപനമുണ്ട്‌. അവർ ടേറ്റ്‌ ബ്രിട്ടൺ, ടേറ്റ്‌ ലിവർ പൂൾ, ടേറ്റ്‌
സ്റ്റീവ്സ്‌ എന്നിങ്ങനെയുള്ള കലാപ്രദർശനങ്ങൾ നിരന്തരം നടത്തുന്നുണ്ട്‌.
ടേറ്റ്‌ ട്രാവൽസ്‌ തുടങ്ങിയവയും അവർ ചെയ്യുന്നുണ്ട്‌.
കലകൾക്കുവേണ്ടിയുള്ള "ടേറ്റ്‌ മോഡേൺ" ചിത്രപ്രദർശനത്തിന്‌ പ്രതിവർഷം  40%
ചെലവ്‌ ഗവണ്‍മന്റാണുവഹിക്കുന്നത്‌. എന്നാൽ അതിന്റെ പേരിൽ, ക്യൂറേറ്റർമാരെ
ഗവണ്‍മന്റ്‌ പ്രതിനിധികൾ നിയന്ത്രണത്തിനുവരാറില്ല. ബിനാലെ
നടത്തിപ്പുസമിതികളിൽ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻമാർ അംഗങ്ങളായി
ഉണ്ടാവും. ഇതു പക്ഷേ, ക്യൂറേറ്റർമാർ ചെയ്യുന്ന ജോലികളിൽ കൈകടത്താനോ
നിയന്ത്രിക്കാനോ അല്ല. ക്യൂറേറ്ററുടെ സ്വാതന്ത്ര്യം ബിനാലേ
നടത്തിപ്പിന്റെ വിജയത്തിന്‌ അനുപേക്ഷണീയമാണ്‌.
ഇത്തരം പ്രദർശനങ്ങൾ കൾച്ചറൽ ടൂറിസത്തിന്റെ വമ്പിച്ച സാധ്യതകളെ
തുറന്നിടുന്നു. അതിലൂടെ ഗവണ്‍മന്റിന്‌ റവന്യൂ തിരികെ കിട്ടുകയും ചെയ്യും.
ബ്രിട്ടണിൽ, അവരുടെ വാർഷിക പ്ലാനിംഗ്‌ തുകയുടെ 32% ലഭിക്കുന്നത്‌ കൾച്ചറൽ
ട്യൂറിസത്തിൽ നിന്നാണ്‌. ഇതൊന്നും മനസ്സിലാക്കാതെ വിമർശനങ്ങൾ
ഉയർത്തുന്നത്‌ ഒട്ടും ആരോഗ്യകരമല്ല.
? കൾച്ചറൽ ടൂറിസത്തെ ഒന്നുകൂടി വിശദീകരിക്കാമോ?
ബോസ്‌:  നമ്മുടെ മികച്ച ചിത്രകലാപാരമ്പര്യത്തിലേയ്ക്ക്‌ ശ്രദ്ധനയിക്കാൻ
നാം മെനക്കെടുന്നില്ല. നമ്മുടെ നാട്ടിലെ ആർക്കിടെക്ച്ചർ
ബഹുനിലമന്ദിരങ്ങളാണ്‌. സൗന്ദര്യാത്മകത തൊട്ടുതീണ്ടാത്ത ഈ മന്ദിരങ്ങൾ
കാണാനല്ല ടൂറിസ്റ്റുകൾ വരുന്നത്‌. മുന്തിയ ഹോട്ടലുകളിൽ താമസിക്കാനോ,
മണിക്കൂറുകളോളം കായലിലൂടെ ബോട്ടുയാത്രനടത്താനോ കണക്കാക്കിയല്ല
ടൂറിസ്റ്റുകൾ വരുന്നത്‌. അവർക്ക്‌ നമ്മുടെ നാട്‌ പ്രകൃത്യാ
എങ്ങനെയെന്നറിയാനാണ്‌. എനിക്കീ കാര്യത്തിൽ വ്യക്തിപരമായ അനുഭവങ്ങളുണ്ട്‌.
കഴിഞ്ഞയാഴ്ചതന്നെ ചിലർ എന്നോട്‌ പരാതിപോലെ പറയുകയുണ്ടായിട്ടുണ്ട്‌.
വളർച്ചയെന്നപേരിൽ യാന്ത്രികമായി മന്ദിരം പണിയുന്നത്‌ എന്തിനാണ്‌?
അതിനുവേണ്ടി നാം നഷ്ടപ്പെടുത്തുന്നത്‌ നമ്മുടെ പ്രകൃതിയെതന്നെയാണ്‌.
നാടിന്റെ തനതായ സ്വഭാവമെന്താണോ, അത്‌ സാധാരണ ചായക്കടയോ, ഇടുങ്ങിയ പാതകളോ
ആവട്ടെ, അതു നിലനിർത്തിയാലേ ടൂറിസം അതിന്റെ ശരിയായ അർത്ഥത്തിൽ
വിജയിക്കുകയുള്ളൂ.
പാതയോരങ്ങളിലെ പടുകൂറ്റൻ ഹോർഡിംഗുകൾ കാഴ്ചയെ മറയ്ക്കുകയാണ്‌. ഫ്ലക്സ്‌
എന്ന മെറ്റീരിയൽ തന്നെ ദോഷമാണ്‌. അവയുടെ വലുപ്പത്തിനും മറ്റും
കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളും നിയന്ത്രണമേർപ്പെടുത്തണം.
ഹോർഡിംഗുകളിൽ നിന്നുകിട്ടുന്ന 2000 രൂപയ്ക്കുവേണ്ടി, അതിലും വിലപ്പെട്ട
പ്രകൃതിഭംഗിയെ നാം നശിപ്പിക്കരുത്‌. ഫ്ലക്സ്‌ ഉണ്ടാക്കുന്ന
പരിസ്ഥിതിവിനാശം മറ്റൊരു ചിന്താവിഷയമാക്കേണ്ടതുണ്ട്‌. നിത്യജീവിതത്തിനെ
നല്ല രീതിയിലാക്കാൻ നമുക്ക്‌ താൽപര്യമില്ല. എങ്ങനെയെങ്കിലും ജീവിക്കുക
എന്ന ലക്ഷ്യം മാറണം. ജീവിതവും സൗന്ദര്യാത്മകമാവണം. അതിന്‌, നമുക്ക്‌
അഭിരുചികൾ ഉണ്ടാവണം. ആപ്പിൾ കമ്പ്യൂട്ടേഴ്സിന്റെ സ്റ്റീവ്‌ ജോബ്സ്‌
അന്തരിച്ചപ്പോൾ ബിൽഗേറ്റ്സ്‌ പറഞ്ഞത്‌, അഭിരുചികളുള്ള(ഠമ​‍െലേ) ഒരു
പ്രഗൽഭനെ നഷ്ട്ടപ്പെട്ടുവേന്നാണ്‌. ഈയൊരു മേന്മ തനിക്കില്ലെന്നും, അത്‌
സ്റ്റീവ്‌ ജോബ്സിനു മാത്രം അവകാശപ്പെട്ടതുമാണെന്നുമാണ്‌, അദ്ദേഹം
പറയുന്നത്‌. എന്റെ അഭിപ്രായത്തിൽ ഇപ്പറഞ്ഞ അഭിരുചികൾ സാധാരണക്കാരനും
പ്രകടിപ്പിക്കണം.
? ചിത്രകലയിൽ ഗണിതം, ഫിസിക്സ്‌ തുടങ്ങിയ അടിസ്ഥാന ശാസ്ത്രങ്ങൾക്ക്‌
സ്വാധീനമുണ്ടോ? ഉണ്ടെങ്കിൽ അതെന്താണ്‌?

ബോസ്‌: നമ്മുടെ പരമ്പരഗതമായ ആർക്കിടെക്ച്ചറിൽ ഗണിതമുണ്ട്‌. 14-​‍ാം
നൂറ്റാണ്ടിലും മറ്റുമുണ്ടായിട്ടുള്ള നിർമ്മിതികളിൽപ്പോലും ശാസ്ത്രീയത
അവലംബിച്ചിട്ടുള്ളതാണ്‌. അന്നാരും എഞ്ചിനീയറിംഗ്‌ പഠിച്ചല്ലല്ലോ
ചെയ്തത്‌? എന്നിട്ടും അവ നിർമ്മിച്ചവരുടെ, ഡിസൈൻ ചെയ്തവരുടെ മനസ്സിൽ
ഗണിതവും, ശാസ്ത്രവുമൊക്കെയുണ്ടായിരുന്നു. ആർക്കിടെക്റ്റുകൾ - കലാകാരൻമാർ,
ഡോക്ടർമാർ - കലാകാരന്മാർ എന്നിങ്ങനെ സംയുക്തമായി കലാപ്രവർത്തനം
നടത്തുന്നുണ്ട്‌. മനോരോഗാശുപത്രികളിലെ അന്തേവാസികളെക്കുറിച്ചെടുക്കുന്ന
വീഡിയോ ഡോക്യുമന്ററികളിൽപ്പോലും കലാപരമായ അഭിരുചി നിലനിർത്തുന്ന
ആളുകളുണ്ട്‌.
നമുക്ക്‌ കലയെന്നാൽ ചിത്രകലമാത്രമാണ്‌. അതു തന്നെ മ്യൂറൽ
പെയിന്റിംഗുകളും, കലണ്ടർ പെയിന്റിംഗുകളും മാത്രം. രവിവർമ്മ കൊട്ടാരത്തിൽ
ജീവിച്ച ദേഹമാണ്‌. അതുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ആ ഒരു
സമൂഹത്തിന്റെ സ്വാധീനമുള്ളത്‌. നമ്മുടെ കാലത്തിനുവന്ന മാറ്റം മൂലം നാം
മറ്റൊരു 'കോലം' കെട്ടുന്നുവേന്നുമാത്രം. കാലാനുസൃതമായി
ചിത്രകലാസങ്കൽപങ്ങൾ മാറുമെന്നു സൂചിപ്പിക്കാനാണിതു പറയുന്നത്‌.
പുതിയ കാലത്ത്‌, ചിത്രകലയുടെ ആസ്വാദനത്തിന്‌ പുതിയ സംവിധാനങ്ങൾ
അനിവാര്യമാണ്‌. വെളിച്ചവും, വിസ്തൃതമായ സ്ഥലവും ശാസ്ത്രീയമായി
ക്രമപ്പെടുത്തിയാലേ ചിത്രങ്ങൾ ആസ്വദിക്കാൻ കഴിയൂ. ഇതിന്‌ പണം
മുടക്കുകതന്നെവേണം. ഇത്‌ കോർപ്പറേറ്റുകൾ ചെയ്യേണ്ടകാര്യമല്ല. സർക്കാർ
മേൽനോട്ടത്തിലാവണം. ജനങ്ങൾ ചെയ്യുന്നതാവണം. അത്‌ സമൂഹത്തിന്റെ
ചുമതലയാണ്‌.
? ഇപ്പോഴത്തെ കേരളത്തിന്റെ ആർക്കിടെക്ചറൽ സംസ്കാരത്തെക്കുറിച്ച്‌ എന്താണഭിപ്രായം?
ബോസ്‌: നമുക്കുള്ളത്‌ ഇമിറ്റേഷനുകൾ മാത്രമാണ്‌. ഗൾഫിൽ പോയി വരുന്നവർ
അവിടെ കാണുന്നരീതിയിൽ ഇവിടേയും കെട്ടിടങ്ങൾ ഉയർത്തുകയാണ്‌ ചെയ്യുന്നത്‌.
നമ്മുടെ നാടിന്റെ തനതു സംസ്കാരത്തിനു യോജിക്കുന്നവിധത്തിൽ വേണം നമ്മുടെ
വളർച്ച.
? കുടുംബാന്തരീക്ഷത്തെക്കുറിച്ച്‌?
ബോസ്‌: കുടുംബത്തിന്റെ നടത്തിപ്പിൽ, സ്ത്രീകളുടെ റോൾ എന്തുകൊണ്ട്‌
പുരുഷന്മാർക്ക്‌ ഏറ്റെടുത്തുകൂടാ? അടുക്കളജോലിയും, ശുചീകരണവും മറ്റും
ഏറ്റെടുക്കാൻ പുരുഷന്മാർ തയ്യാറാവണം. കുട്ടികളെ അവർ പരിശീലിപ്പിക്കുകയും
വേണം.
ബോസ്  കൃഷ്ണമാചാരിയുടെ  പെയിന്റിംഗ്

? ബിനാലെ വിമർശനങ്ങളെക്കുറിച്ച്‌?
ബോസ്‌: ബിനാലെയെക്കുറിച്ചുവിമർശനം ഉന്നയിക്കാൻ, യാതൊരു
ഉത്തരവാദിത്തബോധവുമില്ലാതെ സാമ്പത്തികക്രമക്കേടുകൾ ആരോപിക്കുന്നത്‌
ശരിയല്ല. ഏത്‌ പുതിയ പദ്ധതികളേയും എതിർക്കാനും ജനങ്ങളെ
സ്വാധീനിക്കാനുമായി, എളുപ്പം ചെലവാവുന്ന സാമ്പത്തികാരോപണമാണ്‌
ഉയർത്തിയിട്ടുള്ളത്‌. ഇത്‌ എളുപ്പം ചെയ്യാവുന്നതുമാണ്‌. സാമ്പത്തിക
ക്രമക്കേട്‌ ആരോപിച്ച്‌ ജനങ്ങളെ കയ്യിലെടുത്ത്‌ പദ്ധതിയെ നശിപ്പിക്കാൻ
ശ്രമിക്കുന്നത്‌ ശരിയായ നടപടിയല്ല.
ചില ഘട്ടങ്ങളിലെങ്കിലും, ഈ വകകാര്യങ്ങളിൽ ശക്തവും ചടുലവുമായ നീക്കങ്ങൾ
ഉണ്ടാവണം. അറിവുള്ളവർക്ക്‌ അധികാരം കൊടുക്കണം. അധികാരത്തെ അതിന്റെ
സാമ്പ്രദായികമായ അർത്ഥത്തിലല്ല ഞാൻ കാണുന്നത്‌. ഒരു സംസ്ഥാനത്ത്‌
ചുരുങ്ങിയത്‌ ഓരോ സമകാലീന മ്യൂസിയമെങ്കിലുമുണ്ടാവണം. എങ്കിലേ ചിത്രകലയെ
പരിപോഷിപ്പിക്കാനും വളർത്താനും കഴിയുകയുള്ളൂ. അതു തന്നെ
മത്സരാധിഷ്ഠിതമായാണ്‌ രൂപകൽപ്പന ചെയ്യേണ്ടത്‌. മത്സരത്തിനടിസ്ഥാനം
കലാപരിപോഷണമാവണമെന്നുമാത്രം.
ബിനാലെയെ ഞാൻ കാണുന്നത്‌ അത്‌ കൊച്ചിക്കും സമീപപ്രദേശങ്ങൾക്കും വേണ്ടി
മാത്രമായല്ല. രാജ്യമൊട്ടാകെ അതിന്റെ സ്വാധീനമുണ്ടാവണം എന്നാണ്‌ ഞങ്ങളുടെ
സ്വപ്നം. ഞാൻ ചിത്രം രചിക്കുന്നതും ക്യൂറേറ്റ്‌ ചെയ്യുന്നതും
ഇന്ത്യയ്ക്കുവേണ്ടിയാണ്‌. അതെന്റെ ഉത്തരവാദിത്തമാണ്‌. ഉത്തരവാദിത്തബോധം
എല്ലാവർക്കുമുണ്ടായാലേ നമ്മുടെ നാടിന്‌ കാലാനുസൃതമായി വളരാൻ
കഴിയുകയുള്ളൂ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…