ടി. കെ. ജോസ് .ഐ .എ.എസ്
ചെയർമാൻ, നാളികേര വികസൻ ബോർഡ്
പ്രിയപ്പെട്ട കേര കർഷകരെ,
മാർച്ച് ലക്കം മാസികയുടെ മുഖ്യപ്രതിപാദ്യവിഷയം കേരമേഖലയിൽ സ്ത്രീകളുടെ
പങ്ക് എന്നതാണ്. മറ്റ് പലവിളകളേയും അപേക്ഷിച്ച് കൃഷിയിലും സംസ്ക്കരണ
മേഖലയിലും സ്ത്രീകൾക്ക് വർദ്ധിച്ച പങ്കാളിത്തം നൽകുന്ന കൃഷിയാണ്
തെങ്ങുകൃഷി. പരമ്പരാഗതമായ കൃഷി രീതികളിലും വിളവെടുപ്പിലും, ഉൽപന്ന
സംസ്ക്കരണ മേഖലയിലുമെല്ലാം, സ്ത്രീകളുടെ പങ്കാളിത്തം വളരെയുണ്ടായിരുന്നു.
തൊണ്ട്, ചകിരി, കയർ മേഖലയിലെ ഭൂരിപക്ഷം ജോലികളും ചെയ്തിരുന്നതും
സ്ത്രീകളായിരുന്നു. എന്നാൽ ഇന്ന് കൂടുതൽ യന്ത്രവത്ക്കരണം വന്നതോടെ
ഇത്തരം തൊഴിലവസരങ്ങൾ കുറഞ്ഞിരിക്കുന്നു. ഈ രംഗത്ത് എങ്ങനെയാണ് കൂടുതൽ
സ്ത്രീപങ്കാളിത്തം ഉറപ്പ് വരുത്താനാവുന്നത് എന്നാണ് ഈ ലക്കം മാസികയിൽ
ഗൗരവമായി ചിന്തിക്കുന്നത്. പരമ്പരാഗത രീതികൾക്കപ്പുറത്ത്, നൂതനവും
നവീനവുമായ കാർഷിക രീതികളും, കാർഷിക പ്രവർത്തനങ്ങളും മുന്നേറുമ്പോൾ
സ്ത്രീകൾക്ക് തൊഴിലിനും വരുമാനവർദ്ധനവിനും മൈക്രോസംരംഭങ്ങൾക്കും
നാളികേരത്തെ എപ്രകാരം ഉപയോഗപ്പെടുത്താം എന്ന് പരിശോധിക്കാം.
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനപരിപാടിയിൽ കേരളത്തിൽ ആകെ 5250 പേർ
പരിശീലനം നേടിയവരിൽ 390 പേർ സ്ത്രീകളാണ്. ജില്ല തിരിച്ച്, കാസർഗോഡ്
200/25; കണ്ണൂർ 507/13; കോഴിക്കോട് 591/49; മലപ്പുറം 528/5; തൃശ്ശൂർ
486/48; എറണാകുളം 569/63; ആലപ്പുഴ 327/26; കോട്ടയം 197/12; ഇടുക്കി
164/23; കൊല്ലം 514/87; തിരുവനന്തപുരം 618/39 എന്നിങ്ങനെയാണ് കണക്ക്.
കരിക്ക് വിൽപനയുടെ രംഗത്തും നിരവധി സ്ത്രീകൾ ഇന്ന്
പ്രവർത്തിക്കുന്നുണ്ട്. നമുക്ക് എങ്ങനെ കുറേക്കൂടുതൽ സംരംഭ-തൊഴിൽ
അവസരങ്ങൾ സ്ത്രീകൾക്ക് നൽകാൻ കഴിയും? നാളികേര സംസ്ക്കരണത്തിന്റെ
മിക്കവാറും എല്ലാ മേഖലകളിലും സ്ത്രീ പുരുഷ ഭേദമെന്യേ പ്രവർത്തിക്കാൻ
കഴിയും. മൈക്രോ സംരംഭങ്ങൾ എന്ന നിലയിൽ മോഡേൺ ഡ്രയറുകൾ ഉപയോഗിച്ചുള്ള
കൊപ്രയുണ്ടാക്കലും വെളിച്ചെണ്ണ ഉത്പാദനവും, കോക്കനട്ട് ചിപ്സ്, വെർജിൻ
കോക്കനട്ട് ഓയിൽ, കരിക്കിൻ വെള്ളത്തിൽ നിന്നുള്ള നിരവധി വിഭവങ്ങൾ
എന്നീമേഖലകളിലും നമുക്ക് സ്ത്രീകൾക്കുള്ള സംരംഭക അവസരങ്ങളൊരുക്കാം.
ഇതുകൂടാതെ നാളികേരാധിഷ്ഠിതമായ ചെറുകിട- ഇടത്തരം വ്യവസായങ്ങളിലും വനിത
സംരംഭകർക്കായി നമുക്ക് കൂടുതൽ പ്രാധാന്യത്തോടെ അവസരങ്ങൾ കണ്ടെത്താം.
കുടുംബശ്രീ മിഷൻ വഴി 32 കേരശ്രീ വെളിച്ചെണ്ണയുത്പാദന യൂണിറ്റുകളും നിരവധി
കേരാധിഷ്ഠിത സംരംഭങ്ങളും 2002-03 കാലഘട്ടത്തിൽ ആരംഭിച്ചിരുന്നു.
വടക്കാഞ്ചേരി ബ്ലോക്കിൽ വിജയകരമായി നടത്തിവരുന്ന ൻ ആർമി
കാർഷികമേഖലയിലെ നൂതനമായ ഒരു സംരംഭക-തൊഴിൽ സംസ്ക്കാരത്തിന്റെ അനുകരണീയമായ മാതൃകയാണ്. തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിൽ ഈ വർഷം നമുക്ക് കൂടുതൽ
സ്ത്രീകളെ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമം നടത്തേണ്ടതുണ്ട്.
വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന സ്വയംതൊഴിൽ സംരംഭങ്ങൾക്ക്,
പ്രത്യേകിച്ച് വനിതകളുടെ സ്വയംതൊഴിൽ സംരംഭങ്ങൾക്ക്, നാളികേരമേഖലയിൽ
അപാരമായ സാധ്യതകളാണുള്ളത്. നാളികേര ബോർഡിന്റെ ആലുവയിലെ വാഴക്കുളത്തുള്ള
പരിശീലനകേന്ദ്രത്തിൽ ഇത്തരത്തിലുള്ള വൈവിധ്യമാർന്ന പരിശീലനങ്ങൾ
നടത്തിവരുന്നു. അവയെപ്പറ്റിയുള്ള ഒരു ലഘുവിവരണം പ്രത്യേകമായി ഈ ലക്കത്തിൽ
ചേർത്തിട്ടുണ്ട്. നമ്മുടെ തൃത്താല പഞ്ചായത്തുകൾ വഴി നടന്ന് വരുന്ന
വികേന്ദ്രീകൃതാസൂത്രണ പ്രവർത്തനങ്ങളിലെ വനിതാഘടകപദ്ധതികളെ കൂടുതൽ
ക്രിയാത്മകവും സർഗ്ഗാത്മകവും ആക്കുന്നതിന് കേരരംഗത്തെ അവസരങ്ങളേയും
നമുക്ക് പ്രയോജനപ്പെടുത്താനാവുമോ? നമ്മുടെ നാളികേരോത്പാദക സംഘങ്ങളുടെ
പ്രവർത്തനമേഖലയിൽ നിന്ന്, ഇപ്രകാരമുള്ള ഉത്പാദക സംരംഭങ്ങൾക്ക് അവസരം
കണ്ടെത്തുന്നതിന് കൂടി പരിശ്രമിക്കണമെന്നഭ്യർത്ഥിക്കു
2012-13 ലെ സംസ്ഥാന ബഡ്ജറ്റ് പ്രസംഗത്തിൽ നാളികേര വികസനത്തിനായി
ഉൾക്കൊള്ളിച്ചിരിക്കുന്ന പ്രധാന പരിപാടികൾ താഴെപ്പറയുന്നു.
* ഇളനീർ കേരളത്തിന്റെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ചു.
* പാക്ക് ചെയ്ത ഇളനീരിന്റെ നികുതി 12.5 ശതമാനത്തിൽ നിന്ന് 5 ശതമാനം ആയി കുറച്ചു.
* തെക്കൻ കേരളത്തിലും, മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമായി മൂന്ന്
നാളികേര ബയോപാർക്കുകൾ സ്ഥാപിക്കും. ഇതിനായി 15 കോടി രൂപ വകയിരു
ത്തിയിട്ടുണ്ട്.
* നൂതന നാളികേരോൽപന്നങ്ങൾ ഉത്പാദിപ്പിക്കുന്ന പുതിയ യൂണിറ്റുകൾക്ക്
നാളികേര വികസന ബോർഡിന്റെ സഹായത്തിന് പുറമേ മൂലധനച്ചെലവിന്റെ 25 ശതമാനം
തുക (പരമാവധി 25 ലക്ഷം രൂപ) സബ്സിഡി നൽകും.
* തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതിയിൽ ഉൾപ്പെട്ട് തൊഴിൽ
ചെയ്യുന്നവർക്ക് ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ 25 ശതമാനം സബ്സിഡി (പരാവധി
12500 രൂപ).
* തെങ്ങിൻ തടി സംസ്ക്കരണത്തിനുള്ള കേരഫെഡ്- എഫ്‌ഐടി സംരംഭത്തിന് 5 കോടി.
പതിനൊന്നാം പഞ്ചവത്സരപദ്ധതി കാലത്തെ സുപ്രധാന മായ പരിപാടികൾ തെങ്ങുകൃഷി
പുനരുദ്ധാരണ പദ്ധതിയുടെ പെയിലറ്റ് പദ്ധതി, നാളികേര ടെക്നോളജി മിഷൻ, പാം
ഇൻഷൂറൻസ്, പ്രദർശനത്തോട്ടം സ്ഥാപിക്കൽ, തെങ്ങ് കൃഷി വ്യാപനം
തുടങ്ങിയവയായിരുന്നു. നാളികേര ഉത്പാദക സംഘങ്ങളും, തെങ്ങിന്റെ
ചങ്ങാതിക്കൂട്ടവും പതിനൊന്നാം പഞ്ചവത്സര പദ്ധതിയിലില്ലായിരുന്നെങ്കിലും
പദ്ധതിക്കാലത്ത് നാം ഏറ്റെടുത്ത് നടപ്പിലാക്കിയ രണ്ട് പ്രധാന
പരിപാടികളായിരുന്നു. പതിനൊന്നാം പദ്ധതിക്കാലത്തെ എല്ലാ പ്രധാന പദ്ധതികളും
അടുത്ത പദ്ധതി കാലയളവിലും തുടരുന്നതാണ്. കൂടാതെ തെങ്ങിന്റെ
ചങ്ങാതിക്കൂട്ടം പരിശീലനം വിപുലമാക്കൽ, നാളികേര ഉത്പാദകസംഘങ്ങളിൽ നിന്നും
പ്രോഡ്യൂസർ കമ്പനി കളിലേക്കുള്ള മുന്നേറ്റം, കർഷക പങ്കാളിത്തത്തോടെയുള്ള
സംസ്ക്കരണ - മൂല്യവർദ്ധന - കയറ്റുമതി രംഗത്തെ മുന്നേറ്റം, ഉത്പാദനശേഷി
കൂടിയ, മൂന്നാം വർഷം കായ്ഫലം തരുന്ന, രോഗപ്രതിരോധശേഷിയുള്ള സങ്കരയിനം
തൈകളുടെ വർദ്ധിച്ച ഉത്പാദനം, കാർഷികരംഗത്ത് കൊളാബറേറ്റീവ് റിസർച്ച്
തുടങ്ങിയവയ്ക്കും പന്ത്രണ്ടാം പദ്ധതിയിൽ ഊന്നൽ നൽകുന്നു.
എറണാകുളം, ആലപ്പുഴ ജില്ലകളിലെ സിപിഎസുകളുടെ പരിശീലനം ആരംഭിച്ചുകഴിഞ്ഞു.
മാർച്ച് 31 ന് മുമ്പായി 5 ബാച്ചുകളുടെ പരിശീലനമാണ് പൂർത്തിയായത്.
മറ്റ് ജില്ലകളിലും ഓരോ മാനേജ്‌മന്റ് സ്ഥാപനങ്ങളുടെ സഹായം
കണ്ടെത്തേണ്ടതുണ്ട്. സിപിഎസുകളുടെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകി
അവരെ കർമ്മനിരതരാക്കാനും, അടുത്ത അഞ്ച് വർഷക്കാലം കൊണ്ട്, സിപിഎസുകളിൽ
നിന്ന് ഫെഡറേഷനുകൾ വഴി 20-25 ഉത്പാദക കമ്പനികൾ എങ്കിലും
കേരളത്തിലുണ്ടാക്കുന്നതിനും കഴിയണം. അവയെ അഞ്ച് വർഷക്കാലത്തേക്ക്,
കൈപിടിച്ച് നടത്തി, സ്വന്തം കാലിൽ നടക്കാനുള്ള പ്രാപ്തി നൽകി,
സ്വാശ്രയത്തിലൂന്നി, സ്വയം പര്യാപ്തത്തനേടിയ ഒരു സുസ്ഥിര സംവിധാനം
രൂപപ്പെടുത്തണം. അതിനായി അടിസ്ഥാനതലം മുതലുള്ള പ്രവർത്തനം പങ്കാളിത്ത -
പഠന - പരിശീലനത്തിലൂടെ നേടിയെടുക്കണം. അത്തരം പരിശീലനങ്ങളെ ഗൗരവമായി
കാണുകയും, പങ്കെടുത്ത് അറിവും, കഴിവും കാര്യപ്രാപ്തിയും ആത്മവിശ്വാസവും
നേടി വളരുകയും ചെയ്യുന്ന സിപിഎസു കളാണ് 12-ാം പദ്ധതിയിൽ നാം വിഭാവനം
ചെയ്യുന്ന ആധാരശിലകൾ. അവ എങ്ങനെ ചിട്ടയായി പ്രവർത്തിക്കണ മെന്നതിന്റെ
ഒരു രൂപരേഖ ഈ ലക്കം മാസികയിൽ ചേർത്തിരിക്കുന്നു.
നാം ലക്ഷ്യമിട്ടിരുന്ന 1000 സിപിഎസ് എന്ന ലക്ഷ്യം പൂർത്തിയായി കഴിഞ്ഞു.
ഇനി അവയുടെ രജിസ്ട്രേഷൻ ബോർഡിലും വേഗം നടത്തി, ലക്ഷ്യം നേടേണ്ടതുണ്ട്.
സിപിഎസുകളുടെ പ്രാരംഭ പ്രവർത്തനങ്ങൾ കൃത്യമായി തുടങ്ങിക്കഴിഞ്ഞ്
നമുക്ക് അവയുടെ ഫെഡറേഷനുകൾ രൂപീകരിക്കേണ്ടതുണ്ട്. അടുത്തടുത്തുള്ള
20-25 സിപിഎസുകൾ ചേർന്നാണ് ഫെഡറേഷനുകൾ രൂപീകരിക്കുന്നത്. ഒരു സിപിഏശിൽ
ശരാശരി 5000 തെങ്ങ് എന്ന രീതിയിൽ 20 സിപിഎസുകൾ കൂടിച്ചേരുന്ന
ഫെഡറേഷനുകളുടെ പ്രവർത്തനപരിധിയിൽ 1 ലക്ഷം തെങ്ങുകളുണ്ടാവണം. ഇപ്രകാരമുള്ള
10 ഫെഡറേഷനുകൾ കൂടിച്ചേർന്ന് ഒരു പ്രോഡ്യൂസർ കമ്പനി
രൂപീകരിക്കാവുന്നതാണ്. അപ്രകാരം രൂപീകരിക്കുന്ന പ്രോഡ്യൂസർ കമ്പനിയുടെ
പ്രവർത്തനമേഖലയിൽ 10 ലക്ഷം തെങ്ങുകളുണ്ടാവണം. ഇത്തരം ഓരോ കമ്പനികൾ വീതം
കേരളത്തിലെ 10 നാളികേരോത്പാദക ജില്ലകളിലും ഉണ്ടാക്കുക എന്ന ലക്ഷ്യമാണ്
പന്ത്രണ്ടാം പദ്ധതിയുടെ ആദ്യവർഷം നാം മുന്നോട്ട് വെയ്ക്കുന്ന മഹത്തായ
ലക്ഷ്യം. ഇപ്രകാരം രൂപീകരിക്കുന്ന പ്രോഡ്യൂസർ കമ്പനികളിൽ കർഷകർ 51 ശതമാനം
ഓഹരി വിഹിതം സ്വരൂപിക്കുമ്പോൾ 25 ശതമാനം ഓഹരി വിഹിതം സംസ്ഥാന
ഗവണ്‍മന്റുകളും 24 ശതമാനം ഓഹരി കേന്ദ്രഗവണ്‍മന്റും നൽകണമെന്നതാണ്
നാളികേര ബോർഡ് 12-ാം പദ്ധതിക്കാലത്ത് കേന്ദ്ര-സംസ്ഥാന
ഗവണ്‍മന്റുകളോട് അഭ്യർത്ഥിച്ചിട്ടുള്ളത്. കേരളത്തിൽ 10 ഉം,
തമിഴ്‌നാട്ടിൽ 10ഉം, ആന്ധ്രാപ്രദേശ്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ 5
വീതവും പ്രോഡ്യൂസർ കമ്പനികൾ രൂപീകരിക്കുകയെന്ന ലക്ഷ്യമാണ് 2012-13ൽ
ബോർഡ് മുന്നോട്ട് വെയ്ക്കുന്നത്. നാളികേര സംസ്കരണ, മൂല്യവർദ്ധന,
കയറ്റുമതി മേഖലകളിൽ കർഷകർക്കും കൂടി പങ്കാളിത്തവും അതിന്റെ സദ്ഫലങ്ങളും
ഉണ്ടാകണമെങ്കിൽ, ഇത്തരത്തിലുള്ള ഉത്പാദക കമ്പനികൾ വേഗം തന്നെ
രൂപീകരിച്ച് കേര കർഷകരെ അവയുടെ ഓഹരിയുടമകളാക്കിയെടുക്കേണ്ടതുണ്
കേരകർഷകർക്ക് വേണ്ടിയുള്ള, കേരകർഷകരുടെ കൂട്ടായ്മയ്ക്ക് ഇത്തരത്തിലുള്ള
ഒരു പ്രോഫഷണൽ കോർപ്പറേറ്റ് സംവിധാനം
പ്രവൃത്തിപഥത്തിലെത്തിക്കുന്നതി
മുന്നിലുള്ളത്. ഇതിനായി പ്രോഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായവും നാം
നേടിയെടുക്കണം.
പന്ത്രണ്ടാം പദ്ധതിക്കാലത്തെ കേരകൃഷിയിൽ നാം സ്വീകരിക്കേണ്ട സമീപനം
ചുരുക്കി വിവരിക്കട്ടെ. പദ്ധതിക്കാലത്തെ ഓരോവർഷവും, ഒരു തെങ്ങിൽ
നിന്നുള്ള ഉത്പാദനം 10 നാളികേരം വീതം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ
ഓരോ സിപിഎസും ആവിഷ്ക്കരിക്കണം. ഉത്പാദന വർദ്ധനവിനായി
ചങ്ങാതിക്കൂട്ടത്തിന്റെ സേവനവും പ്രയോജനപ്പെടുത്തി യഥാസമയം വിളവെടുപ്പ്
നടത്തുന്നതിന് ശ്രദ്ധിക്കണം. വളപ്രയോഗവും രോഗ കീട നിയന്ത്രണ ന ടപടികളും
കാലവർഷത്തിന് മുമ്പ് ആരംഭിക്കണം. യഥാസമയം വിളവിന്റെ 25 ശതമാനമെങ്കിലും
കരിക്കായി എടുക്കുന്നതിലും സിപിഎസുകൾ ശ്രദ്ധിക്കണം. കഴിഞ്ഞ
പദ്ധതിക്കാലത്ത് പെയിലറ്റ് ജില്ലകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന
തെങ്ങ്കൃഷി പുനരുദ്ധാരണ പദ്ധതി എല്ലാ ജില്ലകളിലേക്കും
വ്യാപിപ്പിക്കേണ്ടതുണ്ട്. സിപിഎസുകളും ഫെഡറേഷനുകളും ഒരുമിച്ച്
വിളവെടുപ്പ് നടത്തുന്നതിനും ഉൽപന്നങ്ങളാക്കി മാറ്റുന്നതിനും ആരംഭം
കുറിക്കണം. സിപിഎസുകൾ വഴി ഭാവിയിൽ കൂടുതൽ ഉത്പാദനക്ഷമതയുള്ള, ഉയരം
കുറഞ്ഞ, മൂന്നാംവർഷം ഫലം നൽകിത്തുടങ്ങുന്ന കരിക്കിനും തേങ്ങയ്ക്കും
കൊപ്രയ്ക്കും ഉപയുക്തമായ സങ്കരയിനം തൈകൾ ഉത്പാദിപ്പിക്കേണ്ടതുണ്ട്.
അതിനായി അംഗങ്ങളുടെ പക്കലുള്ള നല്ലയിനം മാതൃവൃക്ഷങ്ങളുടെ വിവരശേഖരണം
നടത്തേണ്ടതുണ്ട്.
സംസ്ഥാന ഗവണ്‍മന്റുകളോട് അതാതു കൃഷി/ ഹോർട്ടികൾച്ചർ വകുപ്പുകൾ വഴി
തെങ്ങ് കർഷകർക്കും സംരംഭർക്കും വേണ്ടി പല പുതിയ വികസന പ്രവർത്തനങ്ങളും
നടപ്പിലാക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. തെങ്ങ്കൃഷി 25000 ഹെക്ടറോ അതിൽ
കൂടുതലോ ഉള്ള ജില്ലകളിൽ (കേരളത്തിൽ 11 ജില്ലകളിലും തമിഴ്‌നാട്ടിൽ 4
ജില്ലകളിലും, കർണ്ണാടകത്തിൽ 4 ജില്ലകളിലും, ആന്ധ്രാപ്രദേശിൽ 1
ജില്ലയിലുമാണ് 25000 ഹെക്ടറിലധികം തെങ്ങ്കൃഷി നിലവിലുള്ളത്)
കേരപാർക്കുകൾ ആരംഭിക്കുന്നതിന് പ്രസ്തുത സംസ്ഥാന ഗവണ്‍മന്റുകളോട്
അഭ്യർത്ഥിച്ചിട്ടുണ്ട്. അതുപോലെത്തന്നെ എല്ലാ നാളികേര ഉൽപന്നങ്ങളേയും
വാറ്റ് നികുതിയിൽ നിന്ന് 5 വർഷത്തേക്കെങ്കിലും ഒഴിവാക്കണം. നാളികേര
ബോർഡ് നൽകുന്ന 25 ശതമാനം സബ്സിഡിക്ക് പുറമെ, സംസ്ഥാനങ്ങളുടെ വിഹിതമായി
25 ശതമാനം സബ്സിഡി കൂടി നാളികേരാധിഷ്ഠിത വ്യവസായങ്ങൾക്ക് നൽകുന്നത്
നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനായി
മുന്നോട്ട് വരുന്ന സംരംഭകർക്ക് പ്രോത്സാഹനമായിരിക്കും. നാല്
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് നിലവിൽ ഡിഎസ്പി ഫാം ഇല്ലാത്തത്
തമിഴ്‌നാട്ടിൽ മാത്രമാണ്. അവിടേയും സംസ്ഥാന ഗവണ്‍മന്റ് അനുയോജ്യമായ
സ്ഥലം നൽകുകയാണെങ്കിൽ നാളികേര വികസന ബോർഡ് ഒരു ഡിഎസ്പി ഫാം
സ്ഥാപിക്കുന്നതാണ്.
നാളികേരത്തിനും നാളികേര കർഷകർക്കും വരുന്ന 5 വർഷക്കാലം ഒരു സുവർണ്ണ
കാലഘട്ടമാക്കി മാറ്റിയെടുക്കുവാനുള്ള തീവ്രപരിപാടികൾ പന്ത്രണ്ടാം പഞ്ചവത്സര
പദ്ധതിക്കാലത്ത് ഏറ്റെടുത്ത് നടപ്പിലാക്കുവാൻ നമുക്ക് കൂട്ടായി
പരിശ്രമിക്കാം.
തെങ്ങിന്റെ ചങ്ങാതിമാർ