ഗ്രാമലക്ഷ്മി - ഗ്രാമീണ വനിതയ്ക്കൊരു കൈത്താങ്ങ്‌


ബീന എസ്‌

കൽപ വൃക്ഷമായ തെങ്ങ്‌ അടിമുടി പ്രയോജനപ്രദമാണെന്നത്‌ സുവിദിത മാണല്ലോ.
തെങ്ങിൻ തടിയും ചിരട്ടയും ഉപയോഗിച്ച്‌ കരകൗശല വസ്തുക്കളും ഗാർഹികോപയോഗ
സാമഗ്രികളും നിർമ്മിക്കുന്ന ഒട്ടേറെ യൂണിറ്റുകൾ കേരളത്തിലൊട്ടാകെ
പ്രവർത്തന നിരതമാണ്‌. കോട്ടയം ജില്ലയിൽ രാമപുരത്തിനടുത്ത്‌ അമനകരയിൽ
പ്രവർത്തിക്കുന്ന ഗ്രാമലക്ഷ്മി കോക്കനട്ട്‌ ഷെൽ പ്രോഡക്ഷൻ ആന്റ്‌
ട്രെയിനിംഗ്‌ സെന്റർ എന്ന യൂണിറ്റ്‌ വനിതാസാരഥ്യത്തിൽ വനിതകൾ മാത്രം
തൊഴിൽ ചെയ്യുന്ന സ്ഥാപനമെന്ന നിലയ്ക്കാണ്‌ വ്യത്യസ്തമാകുന്നത്‌. ശ്രീമതി
ലൈല ജോൺ നയിക്കുന്ന ഈ സ്ഥാപനത്തിൽ പതിനഞ്ചോളം വനിതകൾ ജോലി ചെയ്യുന്നു.
ഒൻപത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ 2003ൽ ആണ്‌ ലൈല ഗ്രാമലക്ഷ്മി എന്ന സ്ഥാപനം
ആരംഭിക്കുന്നത്‌. ഈ രംഗത്തേയ്ക്ക്‌ കടക്കുന്നതിന്‌ മുൻപ്‌ ലൈലയും
ഭർത്താവ്‌ ജോണും കാഞ്ഞിരപ്പള്ളി അതിരൂപതയുടെ കീഴിലുള്ള മലനാട്‌
ഡെവലപ്‌മന്റ്‌ സോസൈറ്റിയിലായിരുന്നു ജോലി ചെയ്തിരുന്നത്‌. വിവാഹാനന്തരം
ലൈല ജോലി ഉപേക്ഷിച്ചുവേങ്കിലും ജോൺ അവിടെ തുടർന്നു. മലനാട്‌
ഡെവലപ്‌മന്റ്‌ സോസൈറ്റിയിൽ വച്ച്‌ ചിരട്ട ഉപയോഗിച്ച്‌ കരകൗശല വസ്തുക്കൾ
നിർമ്മിക്കുന്ന കണ്ണൂർ ജില്ലയിലെ ചന്ദനക്കാമ്പാറ സ്വദേശി ജോയിയെ
പരിചയപ്പെട്ടത്‌ ഇവരുടെ ജീവിതത്തിൽ വഴിത്തിരിവായി. ജോയിയുടെ നേതൃത്വത്തിൽ
ലൈലയുടെ അമനകരയിലെ തറവാട്‌ വീട്ടിൽ കരകൗശല വസ്തു നിർമ്മിക്കുന്നതിൽ ഒരു
പരിശീലന പരിപാടി സംഘടിപ്പിച്ചു. ലൈലയും ഭർത്താവ്‌ ജോണും അടക്കം നാൽപതോളം
പേരാണ്‌ പ്രസ്തുത പരിപാടിയിൽ പരിശീലനം നേടിയത്‌. ആക്സോ ബ്ലേഡ്‌
ഉപയോഗിച്ച്‌ ചിരട്ട പല ആകൃതിയിൽ മുറിച്ച്‌ കരകൗശല വസ്തുക്കൾ
നിർമ്മിക്കുന്നതിലായിരുന്നു പരിശീലനം.
പരിശീലനം നേടിയ ലൈല തറവാട്‌ വീടിനോട്‌ ചേർന്ന്‌ ആദ്യ യൂണിറ്റ്‌
സ്ഥാപിച്ചു. ആരംഭത്തിൽ ആക്സോ ബ്ലേഡ്‌ മാത്രമായിരുന്ന പ്രവർത്തന ഉപകരണം.
ആക്സോ ബ്ലേഡ്‌ ഉപയോഗിക്കുന്നത്‌ ആയാസകരമാണെന്ന്‌ മാത്രമല്ല
നിർമ്മിക്കുന്ന വസ്തുക്കളുടെ എണ്ണം വളരെ പരിമിതമായ തോതിലാണെന്നും
മനസ്സിലാക്കിയ ലൈല യന്ത്രവത്ക്കരണ ത്തിലേയ്ക്ക്‌ ചുവട്‌ മാറി. ഇന്നിപ്പോൾ
ചിരട്ട ആവശ്യമായ ആകൃതിയിലും വലിപ്പത്തിലും മുറിച്ചെടുക്കാൻ സാധിക്കുന്ന
കട്ടിംഗ്‌ മേഷീൻ, മുറിച്ചെടുത്ത ചിരട്ടയുടെ അരികുകൾ മിനുസപ്പെടുത്താൻ
കാർവിംഗ്‌ മേഷീൻ, രണ്ട്‌ ഘട്ടങ്ങളിലായി ചിരട്ടയുടെ പുറം മിനുക്കാൻ
ഷേപ്പംഗ്‌ മേഷീൻ, അന്തിമ മിനുക്കലിന്‌ ബ്ലോവിംഗ്‌ മേഷീൻ അങ്ങനെ പലതരം
യന്ത്രങ്ങൾ ഉപയോഗിച്ചാണ്‌ പ്രവർത്തനം. ഇവ തന്നെ ആവശ്യമനുസരിച്ച്‌ രൂപകൽപന
ചെയ്യിച്ചെടുത്തവയാണ്‌.
പിന്നീട്‌ തറവാട്‌ വീടിനോട്‌ ചേർന്ന്‌ പ്രവർത്തിച്ചിരുന്ന യൂണിറ്റ്‌
അമനകരയിൽ സഹകരണ ബാങ്ക്‌ കെട്ടിടത്തിലേക്ക്‌ മാറ്റി സ്ഥാപിച്ചു. കൂടാതെ,
2008ൽ സ്വന്തം വീടിനടുത്ത്‌ ചേറ്റുകുളത്ത്‌ വേറൊരു യൂണിറ്റും സ്ഥാപിച്ചു.
ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിലാണ്‌ ലൈല ആദ്യ
കാലത്ത്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌. പിന്നീട്‌, കരകൗശല
വസ്തുക്കളേക്കാൾ ഡിമാന്റ്‌ ഗാർഹികോപയോഗ സാമഗ്രികൾക്കാണെന്ന്‌
മനസ്സിലാക്കി. ഗാർഹികോപയോഗ സാമഗ്രികൾ (യൂട്ടിലിറ്റി ആർട്ടിക്കിൾ)
നിർമ്മിക്കുന്നതിലേക്ക്‌ തിരിയുകയായിരുന്നു. കരകൗശല വസ്തുക്കൾ കേടുപാടുകൾ
സംഭവിക്കാതെ പായ്ക്ക്‌ ചെയ്യുന്നതിലും കൈകാര്യം ചെയ്യുന്നതിലും അതീവ
ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും ലൈല പറയുന്നു. ഇപ്പോഴും കരകൗശല വസ്തുക്കൾ
ചെറിയ തോതിൽ നിർമ്മിക്കുന്നുണ്ട്‌. പക്ഷേ, പ്രധാനമായും പല
വലിപ്പത്തിലുള്ള തവികൾ, സ്പൂണുകൾ, ആഷ്ട്രേ, സൂപ്പ്‌ ബൗൾ,
ചിരട്ടപുട്ടുകുറ്റി എന്നിവയാണ്‌ ചിരട്ടകൊണ്ട്‌ നിർമ്മിക്കുന്നത്‌.
നിർമ്മാണത്തിനുപയോഗിക്കുന്ന ചിരട്ടയ്ക്കുമുണ്ട്‌ പ്രത്യേകത.
കൊപ്രയുണ്ടാക്കുന്ന തേങ്ങയുടെ ചിരട്ട ലൈല ഉപയോഗിക്കുന്നില്ല. ഏറെ
വെയിലുകൊണ്ട്‌ ഉണങ്ങിയതായ തിനാൽ വേഗം പൊട്ടിപ്പോകുമെന്നതാണ്‌ കാരണം.
തേങ്ങ ചുരണ്ടിയെടുത്തതിനുശേഷമുള്ള ചിരട്ടയാണ്‌ ഗ്രാമലക്ഷ്മിയിൽ
ഉപയോഗിക്കുന്നത്‌. വിതരണക്കാരിൽ നിന്ന്‌ ചിരട്ട മൊത്തമായി എടുക്കുകയാണ്‌
പതിവ്‌. ഹോസ്റ്റലുകളിൽ നിന്നും മറ്റും നേരിട്ട്‌ ശേഖരിക്കുകയും
ചെയ്യുന്നുണ്ട്‌. ഒരു മാസം ഏകദേശം 1000-1200 കി.ഗ്രാമോളം ചിരട്ട
യൂണിറ്റിന്‌ ആവശ്യമായി വരുന്നുണ്ട്‌.
ചിരട്ടയ്ക്ക്‌ പുറമെ തെങ്ങിൻ തടി ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളും
ഗ്രാമലക്ഷ്മിയിൽ നടക്കുന്നുണ്ട്‌. തവികളുടെയെല്ലാം പിടി (ഹാൻഡിൽ) തെങ്ങിൻ
തടി കൊണ്ടാണ്‌ ഉണ്ടാക്കുന്നത്‌. അത്‌ കൂടാതെ, പപ്പടം കുത്തി, പല
വലിപ്പത്തിലുള്ള ചട്ടുകങ്ങൾ, പുട്ടുകുറ്റിയുടെ മൂടി തുടങ്ങിയവ
നിർമ്മിക്കാനും തെങ്ങിൻ തടി ഉപയോഗിക്കുന്നു. മിച്ചം വരുന്ന തടി കൊണ്ട്‌
ഡ്രസ്സ്‌ ഹാംഗർ ഉണ്ടാക്കുന്നു. തെങ്ങിൻ തടിയുടെ കാഠിന്യം കുറഞ്ഞ ഭാഗം
ഉപയോഗിച്ച്‌ തേനീച്ചപ്പെട്ടി നിർമ്മിച്ചും വിപണനം ചെയ്യുന്നുണ്ട്‌. ഒരു
മാസം 10-15 തെങ്ങിന്റെ തടി യൂണിറ്റിൽ ആവശ്യമായി വരുന്നുണ്ട്‌. തടിയുടെ
വിലയേക്കാൾ ഇവരെ അലട്ടുന്നത്‌ തടി നിർമ്മാണ സ്ഥലത്തെത്തിക്കുന്നതിനും
അറക്കുന്നതിനും മറ്റും വേണ്ടിവരുന്ന കൂലിച്ചെലവാണ്‌.
തങ്ങളുടെ ഉൽപന്നങ്ങൾക്ക്‌ നല്ല വിപണിയുണ്ടെന്ന്‌ ലൈല പറഞ്ഞു.
ആവശ്യത്തിനനുസരിച്ച്‌ നിർമ്മിച്ച്‌ എത്തിച്ചു കൊടുക്കാൻ
സാധിക്കാത്തത്താണ്‌ ലൈല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ആവശ്യത്തിന്‌
ജോലിക്കാരെ ലഭിക്കാത്തത്‌ കൊണ്ട്‌ ഉൽപന്ന നിർമ്മാണത്തിൽ വേഗത
കൈവരുന്നില്ല. യന്ത്ര സഹായത്തോടെയാണ്‌ പ്രവർത്തിക്കുന്നതെങ്കിലും ഓരോ
ഉൽപന്നത്തിന്റെയും പിറകിൽ കൈവേലയാണ്‌ പ്രധാനം. തവികൾക്കും മറ്റും ഹാൻഡിൽ
പശ വച്ച്‌ ഒട്ടിക്കാനും ഡ്രില്ലിംഗ്‌ മേഷീൻ ഉപയോഗിച്ചാണെങ്കിലും
ആണിയടിച്ച്‌ ഉറപ്പിക്കാനും മറ്റും കൈവേല കൂടിയേ തീരൂ. സമീപ പ്രദേശങ്ങളിലെ
അവശ വിഭാഗങ്ങളിൽപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളെ
ലക്ഷ്യമിട്ടാണ്‌ ലൈല ഗ്രാമലക്ഷ്മി സ്ഥാപിച്ചതു തന്നെ. തൊഴിലാളി ദൗർലഭ്യം
മൂലം യൂണിറ്റിന്റെ സ്ഥാപിതശേഷി പൂർണ്ണമായി ഉപയോഗപ്പെടുത്താനാവുന്നില്ല.
രണ്ട്‌ യൂണിറ്റുകളിലായി 40 പേർക്ക്‌ തൊഴിൽ സാധ്യതയുള്ളിടത്ത്‌ പതിനഞ്ചോളം
സ്ത്രീത്തൊഴിലാളികളാണ്‌ ഇപ്പോൾ ജോലി ചെയ്യുന്നത്‌. രാവിലെ 9.30 മുതൽ
വൈകുന്നേരം നാലേ മുക്കാൽ വരെയാണ്‌ പ്രവർത്തന സമയം. ആഴ്ചയിൽ ആറ്‌ ദിവസം
യൂണിറ്റ്‌ പ്രവർത്തിക്കുന്നു. വീട്ടു ജോലികൾ എല്ലാം ചെയ്ത്‌ കഴിഞ്ഞുള്ള
ഒഴിവ്‌ സമയമാണിവർ ഫലപ്രദമായി വിനിയോഗിക്കുന്നത്‌. അത്യാവശ്യ സമയങ്ങളിൽ
ഇടയ്ക്ക്‌ വീട്ടിലൊന്ന്‌ പോയി വരാനുള്ള സൗകര്യവുമുണ്ട്‌. കുട്ടികൾ
സ്കൂളിൽ നിന്നെത്തുമ്പോൾ യൂണിറ്റിൽ തന്നെ തങ്ങുവാനുള്ള സൗകര്യവും ചെയ്തു
കൊടുത്തിരിക്കുന്നു. 4000 രൂപ മുതൽ 4500 രൂപ വരെ ഒരാൾക്ക്‌ വേതനം
ലഭിക്കുന്നുണ്ട്‌. വിൽപനയുടെ തോത്‌ അനുസരിച്ചാണ്‌ വേതനം നൽകുന്നത്‌. ഇത്‌
കൂടാതെ, രാവിലെ 8.30 മുതൽ 9.30 വരെ അധിക ജോലി ചെയ്യുന്നവർക്ക്‌ അതിനുള്ള
അധിക വേതനം നൽകുന്നുണ്ട്‌. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി
വന്നതിനുശേഷം സ്ത്രീത്തൊഴിലാളികളെ ലഭിക്കാൻ ബുദ്ധിമുട്ടാണെന്നാണ്‌
ലൈലയുടെ അനുഭവം.
പതിനാല്‌ ലക്ഷം രൂപയോളം മുതൽ മുടക്കിയാണ്‌ ഗ്രാമലക്ഷ്മി യൂണിറ്റ്‌
സ്ഥാപിച്ചിരിക്കുന്നത്‌. നാളികേര വികസന ബോർഡിൽ നിന്ന്‌ നാളികേര ടെക്നോളജി
മിഷന്‌ കീഴിൽ 3.74 ലക്ഷം രൂപയുടെ ധനസഹായം 2008ൽ ലഭിച്ചിരുന്നു.
ലൈല ജോണിനെ 2006ൽ സിറ്റി ഗ്രൂപ്പ്‌ സൂക്ഷ്മ സംരംഭക അവാർഡ്‌ നൽകി
ആദരിച്ചു. സ്വന്തം കുടുംബം അടക്കം ഒൻപത്‌ കുടുംബങ്ങളുടെ ജീവിത നിലവാരം
ഉയർത്താൻ നൽകിയ സംഭാവനകൾ പരിഗണിച്ചാണ്‌ അവാർഡ്‌ നൽകിയത്‌. ന്യൂ ഡൽഹിയിൽ
അന്നത്തെ കേന്ദ്ര വാണിജ്യ സഹമന്ത്രി ശ്രീ ജയറാം രമേശിൽ നിന്നാണ്‌ അവാർഡ്‌
സ്വീകരിച്ചതു.
ഗ്രാമലക്ഷ്മിയുടെ ഉൽപന്നങ്ങൾക്ക്‌ നല്ല ഡിമാന്റാണുള്ളത്‌. നാളികേര വികസന
ബോർഡ്‌ പങ്കെടുക്കുന്ന പ്രദർശനങ്ങളിൽ പങ്കെടുത്താണ്‌ പ്രധാനമായും വിപണി
കണ്ടെത്തിയിരിക്കുന്നത്‌. ഇപ്പോൾ കൈരളി ഹാൻഡിക്രാഫ്ട്സ്‌ എമ്പോറിയം,
തിരുവനന്തപുരത്ത്‌ എസ്‌ എം എസ്‌ ഇൻസ്റ്റിറ്റിയൂട്ട്‌, എറണാകുളത്ത്‌ ഖാദി
ബോർഡ്‌ എന്നിവിടങ്ങളിൽ ഉൽപന്നങ്ങൾ നൽകുന്നുണ്ട്‌. സമീപ പ്രദേശങ്ങളിലെ
കടകളിലും ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലും
വിൽപനയ്ക്കായി എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. ഒന്ന്‌-ഒന്നര ലക്ഷം
രൂപയാണ്‌ ഗ്രാമലക്ഷ്മിയിൽ ഒരു മാസത്തെ വിറ്റുവരവ്‌.
ഗ്രാമലക്ഷ്മിയിൽ ചിരട്ട കൊണ്ടും തെങ്ങിൻ തടി ഉപയോഗിച്ചുമുള്ള ഉൽപന്ന
നിർമ്മാണത്തിൽ വനിതകൾക്ക്‌ പരിശീലനവും നൽകി വരുന്നു. ഏകദേശം നൂറ്റി
ഇരുപതോളം വനിതകൾക്ക്‌ ഇതിനോടകം പരിശീലനം നൽകി കഴിഞ്ഞു. ഇവരിൽ ചിലർ
ഉൽപന്നങ്ങൾ നിർമ്മിച്ച്‌ ഉപജീവനമാർഗ്ഗം കണ്ടെത്തുന്നു എന്നതിൽ ലൈലയ്ക്ക്‌
ചാരിതാർത്ഥ്യമുണ്ട്‌. അമനകരയിലും പരിസരപ്രദേശത്തുമുള്ള തൊഴിൽ രഹിതരായ
സ്ത്രീകൾക്ക്‌ ഒരു വരുമാന മാർഗ്ഗം കണ്ടെത്തിക്കൊടുത്ത്‌ കുടുംബത്തിലും
സമൂഹത്തിലും അർഹമായ സ്ഥാനം നേടിയെടുക്കാൻ സഹായിക്കുക വഴി ലൈല ജോൺ
സ്തുത്യർഹമായ കർമ്മമാണ്‌ ചെയ്യുന്നത്‌. മാത്രമല്ല, സ്വന്തം
അദ്ധ്യാനത്തിലൂടെ സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുകയും സമൂഹത്തിൽ മാന്യമായ
സ്ഥാനം നേടിയെടുക്കുകയും ചെയ്തിരിക്കുന്നു എന്നതും പ്രശംസനീയമാണ്‌.
മേൽവിലാസം: ലൈല ജോൺ, ഗ്രാമലക്ഷ്മി കോക്കനട്ട്‌ ഷെൽ പ്രോഡക്ഷൻ ആന്റ്‌
ട്രെയിനിംഗ്‌ സെന്റർ, തുമ്പോണത്ത്‌ മലയിൽ, അമനകര പി.ഒ., രാമപുരം,
കോട്ടയം.,
മൊബെയിൽ: 9961434947.
നാളികേര വികസന ബോർഡ്‌, കൊച്ചി-11

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ