വിവാഹിത

 അഭയ

പിറക്കും മുന്‍പേ മൃതിപ്പെട്ട വാക്കുകളുടെ
ചിതകള്‍ കത്തിത്തീരാത്ത ശവപ്പറമ്പ്
എന്റെ നെഞ്ചിലുള്ളതിനാലാണ്,
മകരക്കുളിരിലും നമ്മുടെ കൊച്ചു വീടിനുള്ളില്‍
ഇത്ര പുകയുന്ന ചൂട്..
മുറിവേറ്റ ആത്മാഭിമാനം
പക മുരളുന്ന വന്യമൃഗമാണെന്ന്
നീയറിഞ്ഞിട്ടുണ്ടോ..?
അതിന്റെ കൂര്‍ത്ത നഖങ്ങളില്‍
എന്റെ പ്രണയം പിടയുന്നതു കൊണ്ടാവണം,
നിനക്കായി ഞാന്‍ വിളമ്പുന്നതിലെല്ലാം
ചോര ചുവയ്ക്കുന്നത്..
ഇനിയും മറവുചെയ്യപ്പെടാത്ത ജഡസ്വപ്നങ്ങളില്‍ നിന്നും
മരവിപ്പിക്കുന്ന തണുപ്പ്
രോമകൂപങ്ങളില്‍ പടരുന്നതു കൊണ്ടാണ്
നീ തൊടുമ്പോള്‍
ഹിമശില പോല്‍ ഞാനുറഞ്ഞുപോവുന്നത്.
നമുക്കിടയില്‍ അലകളില്ലാത്ത ഒരു കടലുണ്ട്.
നീന്തിനീന്തിക്കുഴഞ്ഞു ഞാന്‍ താഴുമ്പോള്‍..
നീ വിദൂരതീരം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ