അഞ്ജലി രാജൻ
എട്ടാംതരം ബി., സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂൾ, കോതമംഗലം
ഒരു ഞായറാഴ്ച പുലരി. തീയതി 2011 ജൂൺ 5. ലോക പരിസ്ഥിതി ദിനം. അന്ന്
തിങ്കളോ മറ്റേതെങ്കിലും ദിവസമോ ആയിരുന്നെങ്കിൽ ഞാനും സ്കൂളിലെ ഒരു
ചെറുമരത്തിന് ഉടമയായേനെ. സ്കൂളിലായാലും വീട്ടിലായാലും ആ ദിവസം ഒരു മരം
സ്വന്തമാക്കുക എന്നത് എന്റെ കടമയാണ്. ദിവസവും ചെടികൾ കൊണ്ടുവരുന്ന
ഗോപാലേട്ടന്റെ സൈക്കിൾ മണിയടി ഞാനന്നും കേട്ടു. വിഷു കൈനീട്ടമായി
കിട്ടിയ നൂറ് രൂപയും എടുത്ത് ഞാനോടി. വർണ്ണപ്പകിട്ടാർന്ന ഡാലിയ പൂക്കൾ
എന്റെ കണ്ണഞ്ചിപ്പിച്ചു. ഉണർവ്വേകുന്ന റോസാപൂക്കൾ എനിക്ക് കൂടുതൽ
ഉന്മേഷം നൽകി. എങ്കിലും ചെറിയ ഓലയുമായി പുത്തൻ പ്രഭാതത്തിൽ പുഞ്ചിരിച്ച്
നിൽക്കുന്ന തെങ്ങിൻ തൈ എന്നെ കൂടുതൽ ആകർഷിച്ചു. അടി മുതൽ തല വരെ
ഉപയോഗപ്രദമായ തെങ്ങിന്റെ ഭാഗങ്ങളായിരിക്കാം ഒരുപക്ഷേ; എന്നെ ഒരു തെങ്ങിൻ
തൈ തന്നെ തെരഞ്ഞെ ടുക്കുവാൻ പ്രേരിപ്പിച്ചതു. അച്ഛന്റെ സഹായത്തോടുകൂടി
തന്നെ തെങ്ങിൻ തൈ എന്റെ കൃഷി തോട്ടത്തിനരികിൽ നട്ടു. അങ്ങനെ ആ പരിസ്ഥിതി
ദിനത്തിന്റെ പുലർവേളയിൽ ഞാനും ഒരു തെങ്ങിൻ തൈ നട്ടു. പിന്നീടത് എന്റെ
സ്നേഹവും, പരിചരണവും ഏറ്റ് എന്നോടൊപ്പം ഓരോ നിമിഷവും
വളർന്നുകൊണ്ടിരുന്നു.