20 Apr 2012

കൽപവൃക്ഷത്തിന്റെ കരുത്തിൽ


ആർ. ജ്ഞാനദേവൻ

തമിഴ്‌നാട്ടിലെ സേലം ജില്ല യിലെ യെർക്കാട്‌ മലകളുടെ  താഴ്‌വരയിൽ പ്രകൃതി ഭംഗിയാൽ അനുഗൃ
ഹിതമായ ഒരു കൊച്ചു ഗ്രാമമാണ്‌ ചുങ്കംപട്ടി.  ഇവിടെയാണ്‌ സിവിൽ
എഞ്ചിനീയറായ ശ്രീ. രമേഷിന്റെ തെങ്ങിൻ തോട്ടം. നല്ല കരുത്തോടെ രോഗകീട ബാധ
യൊന്നുമില്ലാതെ കുലകുത്തിപ്പിടിച്ചു നിൽക്കുന്ന രമേഷിന്റെ തെങ്ങിൻ തോട്ടം
കണ്ടാൽ ആരും ഒന്ന്‌ നോക്കി നിന്നുപോകും. ഇവിടെ ഈ കർഷകൻ ഒരു തെങ്ങിൽ
നിന്ന്‌ 200 മുതൽ 250 തേങ്ങവരെ ഉത്പാദിപ്പിക്കുന്നു.  പാരമ്പരാഗതമായി
കൃഷിക്കാരനായിരുന്ന പിതാവ്‌ ദ്വരൈ സ്വാമി വെച്ച്‌ പിടിപ്പിച്ചതാണ്‌ 10
ഏക്കർ വരുന്ന ഈ തെങ്ങിൻ തോട്ടം. അച്ഛന്‌ പ്രായമായതുകാരണവും കൃഷിയോടുള്ള
പാരമ്പര്യമായി കിട്ടിയ താൽപര്യവും മൂലം സിവിൽ എഞ്ചിനീയറിംഗ്‌
ജോലിയോടൊപ്പം, തെങ്ങ്‌ കൃഷിയും പത്ത്‌ വർഷം മുമ്പ്‌ രമേഷ്‌ ഏറ്റെടുത്തു.
സേലം കൃഷി വിജ്ഞാനകേന്ദ്രത്തിലെ അസി. പ്രോഫസറാണ്‌ രമേഷിന്റെ ഭാര്യ ഡോ.
കവിത. കൃഷിയോടുള്ള അമിതമായ ഇഷ്ടം കാരണം കല്ല്യാണം കഴിക്കുന്നെങ്കിൽ ഒരു
കർഷക കുടുംബത്തിൽ നിന്നാവണമെന്ന അതിയായ ആഗ്രഹം മൂലമാണ്‌ രമേഷിനെ വിവാഹം
ചെയ്തതെന്ന്‌ കവിത പറയുന്നു. അതിനാൽ കൃഷി നടത്തിക്കൊണ്ടുപോകാൻ കൂട്ടിന്‌
ഭാര്യ എപ്പോഴുമുണ്ട്‌. തെങ്ങ്‌ കൃഷി നഷ്ടമാണ്‌. ചെലവിനനുസരിച്ച്‌ വരുമാനം
കിട്ടുന്നില്ല, തുടങ്ങിയ കാരണങ്ങൾ പറഞ്ഞ്‌ ഈ കൃഷിയിൽ നിന്ന്‌ അകന്ന്‌
പോകുന്ന നമ്മുടെ നാട്ടിലെ യുവതലമുറയ്ക്ക്‌ ഒരു മാതൃകയാണ്‌ സർക്കാർ
സർവ്വീസിലെ ഉന്നതപദവി വഹിക്കുന്ന ഈ കർഷക ദമ്പതികൾ.


ചുങ്കംപട്ടിയിൽ കുടുംബവിഹിതമായി കിട്ടിയ 10 ഏക്കർ സ്ഥലത്ത്‌ 25 വർഷം
മുമ്പാണ്‌ അച്ഛൻ തെങ്ങ്‌ വെച്ച്‌ പിടിപ്പിച്ചതു. ഈ പ്രദേശത്തേക്ക്‌
യോജിച്ച നല്ല വിളവ്‌ തരുന്ന പൂർവ്വതീര നെടിയ ഇനങ്ങളാണ്‌ നല്ല പങ്കും.
മൊത്തം 620 കായ്ക്കുന്ന തെങ്ങുകൾ 8 മീ. ഃ 8 മീ. അകലത്തിൽ
നട്ടിരിക്കുന്നു. ഇടവിളകൾ കൃഷി ചെയ്യാൻ പാകത്തിലാണ്‌ തെങ്ങ്‌
നട്ടിരിക്കുന്നത്‌.  തേങ്ങയ്ക്ക്‌ വില വളരെ കുറഞ്ഞപ്പോഴാണ്‌ വരുമാനം
വർദ്ധിപ്പി ക്കാനുള്ള ഇടവിളകളെക്കുറിച്ച്‌ രമേഷ്‌ ചിന്തിച്ച്‌
തുടങ്ങിയത്‌. അപ്പോഴാണ്‌ നല്ല വില ലഭിക്കുന്ന വിപണന സാദ്ധ്യത യുള്ള
കൊക്കോ കൃഷിയെക്കുറിച്ച്‌  അറിയാൻ കഴിഞ്ഞത്‌. കോയമ്പത്തൂ രിലുള്ള കാഡ്ബറി
കൊക്കോ ഓഫീസുമായി ബന്ധപ്പെട്ടു. അങ്ങനെ 6.5 ഏക്കർ തെങ്ങിൻ തോട്ടത്തിൽ
2008 ൽ 1440 സങ്കരയിനം കൊക്കോ തൈകൾ നട്ടു. രണ്ടുവരി തെങ്ങിന്റെയിടയിൽ 11
അടി അകലത്തിലും, കൂടാതെ ഓരോവരി തെങ്ങിന്റെ ഇടയിൽ മദ്ധ്യേയുമാണ്‌ ഓരോ
കൊക്കോതൈ നട്ടിട്ടുള്ളത്‌.  ബാക്കിയുള്ള 3.5 ഏക്കർ സ്ഥലം താഴ്‌ന്ന
പ്രദേശമാണ്‌. ഇത്‌ കൊക്കൊയ്ക്ക്‌ അനുയോജ്യമല്ലാത്തതിനാൽ ഇവിടെ മഞ്ഞൾ
ഇടവിളയായി കൃഷി ചെയത്‌ വരുന്നു. ഒരു തെങ്ങിൽ നിന്ന്‌ ശരാശരി 140
തേങ്ങകിട്ടുന്നു.  200 മുതൽ 250 വരെ വിളവ്‌ തരുന്നവയുമുണ്ട്‌
ഇക്കൂട്ടത്തിൽ.

ശാസ്ത്രീയ വളപ്രയോഗത്തിലും ജലസേചനത്തിനും ഊന്നൽ
തികഞ്ഞ ആത്മാർത്ഥതയോടുള്ള രമേഷിന്റെ തെങ്ങ്കൃഷി തികച്ചും ശാസ്ത്രീയ
അടിസ്ഥാനത്തിലുള്ളതാണ്‌.  തെങ്ങിൽ നിന്നും കൊക്കോയിൽ നിന്നും തെങ്ങിൻ
തോട്ടത്തിൽ നിന്നുമുള്ള ജൈവാവശിഷ്ടങ്ങൾ, ചാണകം തുടങ്ങിയ ജൈവവളങ്ങളും
രാസവളവും ഏകോപിപ്പിച്ചുള്ള വളപ്രയോഗ രീതിയായാണ്‌ അവലംബിക്കുന്നത്‌.
തെങ്ങോന്നിന്‌ 750 ഗ്രാം യൂറിയ, 1.5 കിഗ്രാം മ്യൂറിയേറ്റ്‌ ഓഫ്‌
പൊട്ടാഷ്‌, 1.5 കിഗ്രാം സൂപ്പർ ഫോസ്ഫേറ്റ്‌ എന്നീ രാസവളങ്ങളാണ്‌
നൽകുന്നത്‌. തെങ്ങോന്നിന്‌ വർഷം തോറും 5 കി.ഗ്രാം മണ്ണിര കമ്പോസ്റ്റും
നൽകുന്നുണ്ട്‌.  കൂടാതെ ഒന്നിടവിട്ട വർഷങ്ങളിൽ 5 കി.ഗ്രാം വീതം കോഴിവളവും
നൽകിവരുന്നു. രാസവളത്തിനും ജൈവവളത്തിനുമായി തെങ്ങോന്നിന്‌ 40 രൂപയോളം ഒരു
വർഷം ചെലവഴിക്കുന്നു. വർഷം മുഴുവൻ നനയ്ക്കുന്ന തോട്ടമായതിനാൽ രാസവളങ്ങൾ
നാല്‌ തുല്യഗഡുക്കളായി 4 മാസത്തിലൊരിക്കൽ എന്ന തോതിലാണ്‌ നൽകുന്നത്‌.
കൂടാതെ രണ്ട്‌ വർഷത്തിലൊരിക്കൽ സൂക്ഷ്മ മൂലകങ്ങളായ സിങ്ക്‌, ഇരുമ്പ്‌,
ബോറാക്സ്‌, കോപ്പർ, മഗ്നീഷ്യം, മാംഗനീസ്‌ തുടങ്ങിയവ അടങ്ങിയ മിശ്രിതവളവും
തെങ്ങോന്നിന്‌ 100 ഗ്രാം എന്ന തോതിൽ നൽകുന്നുണ്ട്‌.
രമേഷിന്റെ തെങ്ങിൻ തോട്ടം തേങ്ങയാൽ സമൃദ്ധമായതിന്റെ മറ്റൊരു രഹസ്യം വർഷം
മുഴുവൻ തെങ്ങിൻ ചുവട്ടിൽ ഈർപ്പം നിലനിർത്തുന്നു എന്നതാണ്‌.ഇതിനായി എല്ലാ
തെങ്ങുകൾക്കും കണിക ജലസേചന രീതി ഏർപ്പെടുത്തിയിട്ടുണ്ട്‌. ചില പ്രത്യേക
പൈപ്പുകൾ വഴി വെള്ളം തുള്ളിതുള്ളിയായി ഓരോ ദിവസവും തെങ്ങിനും
കൊക്കോയ്ക്കും ആവശ്യമായ അളവിൽ മണ്ണിന്‌ ഉൾക്കൊള്ളാവുന്ന തോതിൽ
തുടർച്ചയായി വേരുപടലത്തിൽ എത്തിച്ച്‌ കൊടുക്കുന്നു. ഇതുമൂലം
വെള്ളത്തിന്റെ അളവ്‌ 75ശതമാനം വരെ ചുരുക്കാനാവുന്നു. അതായത്‌ പരമ്പരാഗത
ജലസേചന മാർഗ്ഗത്തിലൂടെ നനയ്ക്കാൻ വേണ്ടിവരുന്ന ജലത്തിന്റെ 30 ശതമാനം മതി
കണിക ജലസേചനം വഴി നനയ്ക്കുന്നതിന്‌. കൂടാതെ വളങ്ങൾ കൂടുതൽ കാര്യക്ഷമമായി
വലിച്ചെടുക്കുന്നതിനും ഇത്‌ സഹായിക്കുന്നു.
ചെലവ്‌ കുറയ്ക്കുന്നതിന്‌ ഊന്നൽ
രമേഷ്‌ ഊന്നൽ കൊടുക്കുന്ന മറ്റൊരുകാര്യം പരമാവധി ഉത്പാദനച്ചെലവ്‌
കുറയ്ക്കുക എന്നതിനാണ്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ തെങ്ങിന്‌ വളം
ചെയ്യാനും നനയ്ക്കാനുമായി വർഷംതോറും തടം എടുക്കേണ്ട ആവശ്യമില്ല. കഴിഞ്ഞ
പത്ത്‌ വർഷമായി രമേഷ്‌ തെങ്ങിന്‌ തടം തുറക്കാറില്ല. ഒരാൾക്ക്‌
തള്ളിക്കൊണ്ട്‌ നടക്കാവുന്ന മിനി പവ്വർവീഡർ?എന്ന യന്ത്രം ഉപയോഗിച്ചാണ്‌
വളപ്രയോഗം നടത്തുന്നത്‌. തെങ്ങിന്റെ ചുവട്‌ ഈ യന്ത്രമുപയോഗിച്ച്‌
ഇളക്കിയതിനുശേഷം വളങ്ങൾ മേൽമണ്ണുമായി ഈ യന്ത്രമുപയോഗിച്ച്‌ തന്നെ കൂട്ടി
കലർത്തുന്നു. ഈ യന്ത്രത്തിന്റെ വില 48000 രൂപയാണ്‌. എന്നാൽ ഇതിനായി
ജോലിക്കാരെ നിറുത്തുകയാണെങ്കിൽ ഒരു തെങ്ങിന്‌ ഏകദേശം 20 രൂപ കൂലിച്ചെലവ്‌
വേണ്ടിവരും. കൂടാതെ തെങ്ങിൻ തോട്ടത്തിലെ കള നിയന്ത്രണവും യന്ത്രം
വഴിയാണ്‌.  ഇതിനായി ?ബുഷ്കട്ടർ? എന്ന മേഷീൻ ഉപയോഗിക്കുന്നു.
കുറ്റിച്ചെടുകളും മറ്റ്‌ കളകളും തറനിരപ്പിൽ വെട്ടിനിറുത്താൻ ഇത്‌
സഹായിക്കുന്നു. ഒരാൾക്ക്‌ തള്ളിക്കൊണ്ട്‌ നടന്ന്‌ കളവെട്ടാവുന്ന വളരെ
ലളിതമായ ഒരു ഉപകരണമാണിത്‌. ഇതിന്റെ വില 25,000 രൂപയാണ്‌. ഇതിനുപുറമേ,
കണിക ജലസേചനരീതി ഏർപ്പെടുത്തിയതുകൊണ്ട്‌ ജലസേചനത്തിന്‌ വേണ്ടിവരുന്ന
കൂലികുറയ്ക്കാൻ കഴിയുന്നു. തെങ്ങിൻ തോട്ടം നനയ്ക്കുന്നതിന്‌ പ്രത്യേകം
ആളിനെ വെയ്ക്കേണ്ടി വരുന്നില്ല. ഇപ്രകാരം ചെലവ്ചുരുക്കൽ നടപടികൾ
സ്വീകരിക്കുന്നത്‌ വഴി രമേഷിന്‌ ഒരു തെങ്ങിന്‌ ഒരു വർഷം ശാസ്ത്രീയ
പരിപാലനത്തിനായി ഏകദേശം 120 രൂപയോളമേ ചെലവ്‌ വരുന്നൂള്ളൂ.
ചുങ്കംപട്ടിയിലെ ഫാംഗേറ്റ്‌ വിലപ്രകാരം, ഏകദേശം 630 രൂപ ഒരു തെങ്ങിൽ
നിന്നും വരുമാനം ലഭിക്കുന്നു. അതായത്‌ പരിപാലനത്തിനായി മുടക്കുന്ന
തുകയുടെ അഞ്ചിരട്ടി വരുമാനം ലഭിക്കുന്നു എന്നാണ്‌ രമേഷിന്റെ കണക്കുകൾ
കാണിക്കുന്നത്‌. തേങ്ങ ചുങ്കംപട്ടിയിലുള്ള കച്ചവടക്കാർ മുഖേനയാണ്‌ വിപണനം
നടത്തുന്നത്‌.
അധികവരുമാനത്തിന്‌ കൊക്കൊ
തെങ്ങിൻതോപ്പിലെ ഭാഗിക തണലിൽ കൃഷി ചെയ്യാൻ ഏറ്റവും യോജിച്ച ഇടവിളയാണ്‌
കൊക്കോ. കാഡ്ബറി ഇന്ത്യ ലിമിറ്റഡ്‌ കമ്പനിയുമായി സഹകരിച്ച്‌ 6.50 ഏക്കർ
തെങ്ങിൻ തോട്ടത്തിൽ തൈകൾ വെച്ച്‌ പിടിപ്പിച്ചിട്ടുണ്ട്‌. 4 വർഷം പ്രായമായ
കൊക്കോ തൈകളിൽ 70 ശതമാനത്തോളം കായ്ക്കാൻ തുടങ്ങി. ഇപ്പോൾ തന്നെ ഒരു
മരത്തിൽ നിന്ന്‌ ശരാശരി അര കി.ഗ്രാം മുതൽ ഒരു കി.ഗ്രാം വരെ ഉണങ്ങിയ
കൊക്കോ കുരു ലഭിക്കുന്നുണ്ട്‌. ഇത്‌ പൂർണ്ണവളർച്ച എത്തുന്നതോടുകൂടി 2 കി.
ഗ്രാം. കൊക്കോ കുരു ലഭിക്കുമെന്ന്‌  പ്രതീക്ഷിക്കുന്നു. വളത്തിനും മറ്റ്‌
പരിചരണമുറകൾ അവലംബിക്കുന്നതി നുമായി കൊക്കോമരമൊന്നിന്‌ 45 രൂപ രമേഷിന്‌
ചെലവ്‌ വരുന്നു. ഇന്നത്തെ കൊക്കോയുടെ വിലവച്ച്‌ ഒരു മരത്തിൽ നിന്ന്‌ 2
കി.ഗ്രാം കൊക്കോ കുരു കിട്ടിയാൽ 300 രൂപയോളം വരുമാനം കിട്ടും. അതായത്‌
പരിചരണമുറകൾ അവലംബിക്കുന്നതിനുമായി വേണ്ടിവരുന്ന ചെലവിന്റെ ആറ്‌
ഇരട്ടിയോളം വരുമാനം കൊക്കോയിൽ നിന്നും പ്രതീക്ഷിക്കുന്നു. രമേഷിന്റെ
സമൃദ്ധമായ തെങ്ങിൻ തോട്ടവും കൃഷിരീതികളും കണ്ട്‌ പഠിക്കാൻ നിരവധി
കർഷകരും, കൃഷി ഉദ്യോഗസ്ഥരും പതിവായി തോട്ടം സന്ദർശിക്കാറുണ്ട്‌. കൂടാതെ
തമിഴ്‌നാട്ടിലെ ഒട്ടുമിക്ക റേഡിയോ, ടിവി ചാനലുകളും ഈ മാതൃക തെങ്ങിൻ
തോട്ടത്തിലെ വിശേഷങ്ങൾ പ്രക്ഷേപണം ചെയ്യാറുണ്ട്‌.
കേന്ദ്ര ഗവണ്‍മന്റിന്റെ ദേശീയ ഹോർട്ടികൾച്ചർ മിഷൻ പരിപാടി മുഖേന കൊക്കോ
തൈ വെയ്ക്കുന്നതിന്‌ ഹെക്ടറിന്‌ 20,000 രൂപ നിരക്കിൽ ധനസഹായം
ലഭിക്കുകയുണ്ടായി. കൂടാതെ ഡ്രിപ്പ്‌ ഇറിഗേഷൻ സംവിധാനം
ഏർപ്പെടുത്തുന്നതിന്‌ വേണ്ടിവന്ന തുകയുടെ 50 ശതമാനം കേന്ദ്ര
ഗവണ്‍മന്റിന്റെ  മൈക്രോ  ഇറിഗേഷൻ പദ്ധതി മുഖേന ലഭിക്കുകയുണ്ടയി. പവ്വർ
വീഡർ വാങ്ങുന്നതിനും തമിഴ്‌നാട്‌ സംസ്ഥാന സർക്കാരിന്റെ 50 ശതമാനം സബ്സിഡി
ലഭിക്കുകയുണ്ടായി.  ഈ പദ്ധതികൾ വഴിയുള്ള ധനസഹായം ശരിയായ രീതിയിൽ
വിനിയോഗിക്കുകയാണെങ്കിൽ ഉത്പാദനച്ചെലവ്‌ പരമാവധി കുറച്ച്‌
നാളികേരോത്പാദനവും, അതുപോലെ തന്നെ തെങ്ങിൻ തോട്ടത്തിൽ നിന്നുള്ള
വരുമാനവും പരമാവധി കൂട്ടാൻ സാധിക്കും. സർക്കാർ സർവ്വീസിൽ ഉന്നത ഉദ്യോഗം
ലഭിച്ചിട്ടും കൃഷിയെ സ്നേഹിക്കുന്ന രമേഷ്‌ യുവതലമുറയ്ക്ക്‌ ഒരു
മാതൃകയാവുകയാണ്‌.
മേൽവിലാസം: ഡി. രമേഷ്‌, സുക്കംവട്ടി, അയോദ്ധ്യാപട്ടിണം, സേലം. മൊബെയിൽ : 0904706535
അസിസ്റ്റന്റ്‌ ഡയറക്ടർ (ഓൺ ഡെപ്യൂട്ടേഷൻ),
നാളികേര വികസന ബോർഡ്‌

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...