20 Apr 2012

സ്ത്രീയാണ് നല്ല മാനേജർ


ബി. പ്രദീപ് കുമാർ




 രാമകൃഷ്ണൻ മാഷ് തന്റെ ഓഫീസ് മുറിയുടെ ജനലിലൂടെ പുറത്തേയ്ക്കു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. പുറത്ത് സ്കൂളിന്റെ വിശാലമായ കോമ്പൗണ്ടിൽ കുട്ടികൾ ആവേശത്തോടെ പണിയെടുക്കുന്നു. എല്ലാത്തിനും മേൽനോട്ടം വഹിച്ചുകൊണ്ടും നിർദ്ദേശങ്ങൾ നൽകിക്കൊണ്ടും ശ്രീജിത്ത് അവരോടൊപ്പം ആ വെയിലത്തുതന്നെ നിൽപ്പുണ്ടു്. അദ്ദേഹത്തിനു് ആ ചെറുപ്പക്കാരനെക്കുറിച്ചു് അഭിമാനം തോന്നി. ഈ കാലത്തു് ജോലിയോടു് ഇങ്ങനെ ആത്മാർത്ഥത കാണിക്കുന്ന ചെറുപ്പക്കാരെ കാണാൻ കിട്ടുമോ?.
           
          രണ്ടു വർഷം മുൻപു് ഇവിടെ അദ്ധ്യാപകനായി ചേരാൻ ഈ ചെറുപ്പക്കാരൻ തന്റെ മുൻപിൽ എത്തിയ നിമിഷം അദ്ദേഹത്തിന്റെ മനസ്സിൽ കടന്നു വന്നു. ഒരു മെല്ലിച്ച ചെറുപ്പക്കാരൻ. ആദ്യമായി ജോലികിട്ടി വന്നതാണു്. ഹൈസ്കൂളിലേയ്ക്കാണു്. കണക്കാണു വിഷയം. ഇക്കാലത്തെ ചെറുപ്പക്കാരെക്കുറിച്ചു് രാമകൃഷ്ണൻ മാഷിനു് അത്ര നല്ല അഭിപ്രായമില്ല. ഒന്നിനും ജോലിയിൽ ആത്മാർത്ഥതയുണ്ടാവില്ല. ചുമ്മാ വേഷം കെട്ടി ഇങ്ങനെ വന്നു് സമയം പാഴാക്കി തിരിച്ചു പോകും. പഠിപ്പിക്കലൊക്കെ ഒരു വകയായിരിക്കും. ഇയാളും വ്യത്യസ്തനാവാൻ സാദ്ധ്യത ഇല്ല-മാഷ് കരുതി.
            
         അയാളുടെ രേഖകൾ പരിശോധിച്ചുകൊണ്ടു് മാഷ് ചോദിച്ചു, "പേരു് ശ്രീജിത്തു്, അല്ലേ?"
        "അതെ"
        'സ്ത്രീജിത്ത്' ആവാതിരുന്നാൽ മതി എന്നു് അദ്ദേഹം ഉള്ളിൽ പറഞ്ഞു. അതിലെ തമാശയോർത്തു് അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയുകയും ചെയ്തു. അദ്ദേഹം മുഖമുയർത്തി ആ ചെറുപ്പക്കാരനെ നോക്കിയപ്പോൾ ആ പുഞ്ചിരി കണ്ടിട്ടാവണം അയാളും മന്ദഹസിച്ചു. അതു കണ്ടപ്പോൾ താൻ മനസ്സിൽ പറഞ്ഞതു് ശ്രീജിത്ത് മനസ്സിലാക്കിയോ എന്ന സന്ദേഹത്താൽ രാമകൃഷ്ണൻ മാഷിന്റെ മുഖത്ത് ജാള്യത്തിന്റെ ഒരു ലാഞ്ഛന പടർന്നോ എന്നു സംശയം.

ദൂരെയാണു് ശ്രീജിത്തിന്റെ വീടു്. അപ്പോൾ ദിവസവും വീട്ടിൽ പോയി വരാൻ കഴിയുകയില്ല. അടുത്തുള്ള ടൗണിൽ ഒരു ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ടെന്നു് അയാൾ പറഞ്ഞു.

        "ഞാൻ ഇവിടെ ഹെഡ് മാസ്റ്ററായിട്ടു് രണ്ടു വർഷമായി. ഈ സ്കൂളിനെക്കുറിച്ചു് പൊതുവെ നല്ല അഭിപ്രയമല്ല എന്നു് അറിയാമല്ലോ. കുട്ടികൾ മിക്കവരും പഠിക്കാൻ മോശമാണു്. അവർക്കു് മറ്റു പല പരിപാടികളുമാണു് പഠിത്തത്തെക്കാൾ താത്പര്യം. മുതിർന്ന കുട്ടികൾ പലരും മദ്യപിക്കുന്നവരും ആണെന്നാണു കേൾക്കുന്നതു്. ഞാൻ ശ്രീജിത്തിനെ നിരുത്സാഹപ്പെടുത്താൻ വേണ്ടി പറയുകയല്ല കേട്ടോ. ഇവിടത്തെ ജോലിയൊന്നും അത്ര സുഖകരമായിരിക്കുകയില്ല."

       "എനിക്കറിയാം സാർ. ഏതായാലും ഞാൻ ഇവിടത്തന്നെ നിൽക്കാൻ തിരുമാനിച്ചിരിക്കുകയാ. ഒരു ശ്രമം നടത്തി നോക്കാം. സ്കൂളിന്റെ നല്ലതിനുവേണ്ടി എന്റെയൊരു എളിയ ശ്രമം.. എല്ലാ സർക്കാർ സ്കൂളുകളും ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കും. പാവപ്പെട്ടവരും വിദ്യാഭ്യാസവും സംസ്കാരവും കുറഞ്ഞവരുമായവരുടെ വീടുകളിൽ നിന്നായിരിക്കും ഈ കുട്ടികൾ വരുന്നതു്. അടിസ്ഥാനപരമായി അവർ നല്ലവർ തന്നെ ആയിരിക്കും. അവരെ മനസ്സിലാക്കാൻ, അവരുടെ ഉള്ളിലേയ്ക്കിറങ്ങിച്ചെല്ലാൻ, അവരുടെ വിശ്വാസം പിടിച്ചുപറ്റാൻ, അവരെ നേർവഴിക്കു നടത്താൻ പറ്റിയ ഗുരുക്കന്മാരാണു് ആവശ്യം. അതു് വളരെ ദുഷ്കരമായ ഒരു ജോലിയാണു്. ഞാൻ അങ്ങനെ ഒരു ശ്രമം നടത്തി നോക്കാൻ പോവുകയാണു്. അല്ലാതെ അവരിൽനിന്നു് ഒളിച്ചോടാൻ ഞാൻ തയ്യാറല്ല. എനിക്കു സാറിന്റെയും ഇവിടത്തെ മറ്റദ്ധ്യാപകരുടെയും പിന്തുണയും സ്നേഹവും ഉണ്ടാവണമെന്നു് അപേക്ഷിക്കുന്നു."

ഇതുപോലെ ഒരു പ്രസംഗം ഈ നരുന്തു ചെറുക്കനിൽ നിന്നു പ്രവഹിച്ചപ്പോൾ രാമകൃഷ്ണൻ മാഷ് അന്തം വിട്ടിരുന്നുപോയി. പെട്ടെന്നുതന്നെ സമനില വീണ്ടെടുത്ത അദ്ദേഹം ഇങ്ങനെ പറഞ്ഞു,

        "നല്ലതു കുഞ്ഞേ, താൻ ഇങ്ങനെയൊക്കെ ചിന്തിക്കുന്നല്ലോ. അതുതന്നെ വലിയ കാര്യം. ഇതൊന്നും അത്ര എളുപ്പമാണെന്നു കരുതേണ്ട. ഏതായാലും തന്റെ ഉദ്ദേശ്യം നല്ലതുതന്നെ. ആത്മാർത്ഥമായി പ്രവർത്തിക്കുകയാണെങ്കിൽ എല്ലാത്തിനും എന്റെയും ഇവിടത്തെ മറ്റദ്ധ്യാപകരുടെയും പിന്തുണ തീർച്ചയായും ഉണ്ടാവും."

       "ചെറുപ്പത്തിന്റെ ആവേശം!" രാമകൃഷ്ണൻ മാഷ് മനസ്സിൽ പറഞ്ഞു, "ചെറുപ്പത്തിൽ ആദ്യമായി ഒരു ജോലി കിട്ടുമ്പോൾ എല്ലാവർക്കും ഇങ്ങനെയൊക്കെ തോന്നും, ഈ ലോകത്തെ ഇപ്പം ശരിയാക്കിത്തരാം എന്നൊക്കെ. അവസാനം വാശിയോടെ കരിങ്കല്ലിൽ കടിച്ചു പല്ലു പോയ അവസ്ഥയാകും. അപ്പോൾ മനസ്സിലാവും ഈ ആവേശം കൊണ്ടൊന്നും ഒരു കാര്യവുമില്ലെന്നും ഈ ലോകം അങ്ങനെയൊന്നും നന്നാവാൻ തയ്യാറല്ല എന്നും. ഞാനിതൊക്കെ എത്ര കണ്ടതാ കൊച്ചനേ."

എന്നാൽ ശ്രീജിത്ത് ശരിക്കും ആത്മാർത്ഥതയും സത്യസന്ധതയും ഉള്ള ഒരു നല്ല ചെറുപ്പക്കാരൻ തന്നെ ആയിരുന്നു. സ്കൂളിലെ കുട്ടികളെല്ലാം വളരെ വേഗം തന്നെ അയാളുമായി ഇണങ്ങി. പ്രശ്നക്കാരായ കുട്ടികളോടു് അയാൾ അടുക്കുകയും അവരുടെ വിശ്വാസമാർജ്ജിക്കുകയും ചെയ്തു.

അവരുടെ വീടുകളിലെ സാഹചര്യങ്ങളെക്കുറിച്ചു് അയാൾ താത്പര്യത്തോടെ അവരോടു് സംസാരിക്കുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. അവരുടെ വീടുകളിൽ സന്ദർശനം നടത്തി. മാതാപിതാക്കളുമായി കാര്യങ്ങൾ സംസാരിച്ചു. ചില വീടുകളിൽ ശ്രീജിത്തിന്റെ നിർബ്ബന്ധം കാരണം രാമകൃഷ്ണൻ മാഷും പോവുകയുണ്ടായി.

ശരിക്കും അദ്ദേഹത്തിനും അതു് ഒരു അനുഭവമായിരുന്നു. അവർ പഠിക്കാത്തതിന്റെ കാരണം അദ്ദേഹത്തിനു മനസ്സിലായി-സാഹചര്യങ്ങൾ അത്തരത്തിലാണു്. സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടു്.

ശ്രീജിത്ത് എല്ലാത്തിനും മുൻകൈ എടുത്തു. അദ്ധ്യാപകരുടെയും സാമ്പത്തികശേഷിയുള്ള നാട്ടുകാരുടെയും സഹായത്തോടെ സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികളെ സഹായിക്കാൻ ഒരു ഫണ്ട് ഉണ്ടാക്കി. കുട്ടികളെ സംഘടിപ്പിച്ചു് സ്കൂളിൽ ഫാർമേഴ്സ് ക്ലബ് ഉണ്ടാക്കി. കുട്ടികൾ ശ്രീജിത്തിന്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ കപ്പ, ചേന, കാച്ചിൽ, പച്ചകറികൾ, വാഴ എന്നിവയെല്ലാം കൃഷി ചെയ്തു. അതിൽ നിന്നുള്ള ഉത്പന്നങ്ങളും ആദായവുമെല്ലാം പങ്കിട്ടെടുത്തു. വീട്ടിലിരുന്നു പഠിക്കാൻ സൗകര്യമില്ലാത്ത കുട്ടികൾക്കു് രാത്രിയിൽ സ്കൂളിൽത്തന്നെ ഇരുന്നു പഠിക്കാൻ സൗകര്യം ചെയ്തു കൊടുത്തു.

രണ്ടു വർഷം കൊണ്ടു് സ്കൂളിനു് ആകെപ്പാടെ എന്തൊരു ഉണർവ്വാണു് ഉണ്ടായതു്. എല്ലാം ഈ ചെറുപ്പക്കാരൻ കാരണം. രാമകൃഷ്ണൻ മാഷിനു് ചിലപ്പോൾ തന്നെയും മറ്റ് അദ്ധ്യാപകരേയും കുറിച്ചു് ഓർത്തു് ലജ്ജ തോന്നാറുണ്ടു്. തങ്ങൾ ഈ ശ്രീജിത്ത് വരുന്നതിനുമുൻപ് എന്തു ജോലിയാണു ചെയ്തിരുന്നതു്? ഒന്നും ചെയ്തിരുന്നില്ല. പഠിക്കാൻ മോശമായ കുട്ടികളെ തങ്ങൾ എഴുതിത്തള്ളി. അവരൊന്നും നന്നാവാൻ പോകുന്നില്ല എന്നു് കരുതി. പഠിപ്പിച്ചിട്ടും കാര്യമില്ല എന്നു സ്വയം തീരുമാനിച്ചു് പഠിപ്പീരെല്ലാം ഒരു വകയാക്കി. മാസാദ്യം ശമ്പളം വാങ്ങിക്കുക എന്നതു മാത്രമായി തങ്ങളുടെ ലക്ഷ്യം.

ഇത്രയധികം വർഷങ്ങളായി അദ്ധ്യാപകരായി ജോലി ചെയ്തിട്ടും തങ്ങളാരും പഠിക്കാത്ത പാഠങ്ങളെല്ലാം കഴിഞ്ഞ രണ്ടു വർഷംകൊണ്ടു് ഒരു ചെറുപ്പക്കാരൻ ഇതാ തങ്ങളെ പഠിപ്പിച്ചിരിക്കുന്നു. ഒരു അദ്ധ്യാപകൻ എങ്ങനെയാവണമെന്നു് ഇന്നലെ വന്ന ഈ പയ്യൻ തങ്ങളെ പഠിപ്പിച്ചിരിക്കുന്നു.

ഇതെല്ലാം ഒറ്റയടിക്കു ചെയ്തുതീർത്ത കാര്യങ്ങളല്ല. കുറച്ചു കാലങ്ങൾകൊണ്ടു് പടിപ്പടിയായി ശ്രീജിത്തിന്റെ ഉത്സാഹവും എല്ലാവരുടെയും സഹകരണവും സമന്വയിപ്പിച്ചു് നടപ്പിലാക്കിയതാണു്. ഇതിലെ വളരെ എടുത്തു പറയേണ്ട ഒരു കാര്യമുണ്ടു്. അതായതു്, സ്കൂളിൽ നേരത്തെതന്നെ ഉണ്ടായിരുന്ന മറ്റ് അദ്ധ്യാപകർക്കൊന്നും തന്നെ ശ്രീജിത്തിനോടു് അസൂയയോ അസഹിഷ്ണുതയോ വെറുപ്പോ ഒന്നും ഉണ്ടായില്ല എന്നതാണു്. സാധാരണ ഇങ്ങനെ ഒരു തുടക്കക്കാരൻ വന്നു് മഹാരഥന്മാർ എന്നു് സ്വയം കരുതുന്ന പഴയ താപ്പാനകളെയെല്ലാം നിഷ്‌പ്രഭരാക്കുന്ന പ്രകടനം കാഴ്ചവെയ്ക്കുമ്പോൾ അവർക്കെല്ലാം അയാളോടു് ഒരുതരം അസൂയയും അനിഷ്ടവുമെല്ലാം തോന്നേണ്ടതാണു്. പക്ഷെ ശ്രീജിത്തിനോടു് ആർക്കും അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. എന്തായിരിക്കാം കാരണം? അതു് അയാളുടെ പ്രവർത്തനങ്ങളെല്ലാം ഏറെക്കുറെ നിസ്വാർഥമാണു് എന്നുള്ളതാണു്. താൻ മിടുക്കനാണു് എന്നൊരു ഭാവമേ അയാൾ കാണിക്കുന്നില്ല. എല്ലാം എല്ലാവരോടും കൂടിയാലോചിച്ചുമാത്രമേ ചെയ്യുന്നുള്ളു. മറ്റ് അദ്ധ്യാപകർക്കെല്ലാം അവർക്കു് അർഹമായ സ്ഥാനവും ബഹുമാനവും അയാൾ കൊടുക്കുന്നുണ്ടു്. അങ്ങനെ എല്ലാവരും അയാളെ ഇഷ്ടപ്പെട്ടു.

രണ്ടു വർഷം കൊണ്ടു് അവൻ ഈ സ്കൂളിനെ ഒരു നല്ല സ്കൂളാക്കി മാറ്റി-രാമകൃഷ്ണൻ മാഷ് ഉള്ളിൽ പറഞ്ഞു. സ്കൂളിൽ ഇപ്പോൾ എന്നും വിദ്യാർത്ഥികളുടെ എന്തെങ്കിലുമൊക്കെ ആക്റ്റിവിറ്റി ഉണ്ടാവും. ചത്തു കിടന്ന ഈ സ്ഥാപനത്തിനു് ഇപ്പോൾ എന്തൊരു ഉണർവ്വാണു്. പഠിത്തക്കാര്യത്തിലും പുരോഗതി ഉണ്ടു്. അതു് കഴിഞ്ഞ പത്താം ക്ലാസ്സ് പരീക്ഷയുടെ റിസൽറ്റിൽ  പ്രതിഫലിക്കുകയും ചെയ്തു. തന്റെ സർവ്വീസിന്റെ അവസാനകാലത്തു് സ്കൂളിനു് ഇങ്ങനെയൊരു പുരോഗതിയുണ്ടാവുന്നതു് തനിക്കും ഒരു ക്രെഡിറ്റായിരിക്കും, അദ്ദേഹം കണക്കു കൂട്ടി.

ഒരു അവധി ദിവസം രാമകൃഷ്ണൻ മാഷ് രാവിലെ വീട്ടിൽ അലസമായി ചാരു കസേരയിൽ നിവർന്നുകിടന്നു് പത്രപാരായണവും കട്ടൻ കാപ്പി കുടിയും ഒരുമിച്ചു് നിർവ്വഹിക്കുകയായിരുന്നു. അപ്പോഴാണു് ഭാര്യ അടുത്തു വന്നിരുന്നു് മകളുടെ കല്യാണക്കാര്യം എടുത്തിടുന്നതു്. അവരുടെ മകൾ അഞ്ചാറു മാസം മുൻപാണു് അൽപ്പം അകലെയൊരു സ്കൂളിൽ അദ്ധ്യാപികയായി ജോലിക്കു കയറുന്നതു്. ജോലിയായി. ഇനിയിപ്പോൾ കല്യാണവുമാകാമല്ലോ.

രാമകൃഷ്ണൻ മാഷ് പത്രം മടക്കി വച്ചു. ബാക്കിയുണ്ടായിരുന്ന കട്ടൻ കാപ്പി ഒറ്റവലിക്കു കുടിച്ചുതീർത്തു. എന്നിട്ടു ഭാര്യയുടെ മുഖത്തേയ്ക്കു നോക്കിക്കൊണ്ടു് ചോദിച്ചു,

"എടോ രാധാകുമാരി അമ്മേ, എനിക്കു് അതിനെക്കുറിച്ചു് മനസ്സിൽ ചില കണക്കുകൂട്ടലുകളൊക്കെ ഉണ്ടു്."

ഒരു നിമിഷം നിർത്തിയിട്ടു് അദ്ദേഹം അവരുടെ നേർക്കു് ഒരു ചോദ്യം എറിഞ്ഞു,

"ശ്രീജിത്തിനെക്കുറിച്ചു് തനിക്കെന്താ അഭിപ്രായം?"

ശ്രീജിത്തു് ചിലപ്പോഴെല്ലാം വീട്ടിൽ വന്നിട്ടുണ്ടു്. രാധാകുമാരിക്കു് അയാളുമായി സംസാരിക്കാനും കഴിഞ്ഞിട്ടുണ്ടു്. സ്കൂളിലെ അയാളുടെ പ്രവർത്തനങ്ങളെക്കുറിച്ചെല്ലാം രാമകൃഷ്ണൻ മാഷ് പറഞ്ഞു് അവർക്കറിയുകയും ചെയ്യാം. അതിനാൽത്തന്നെ ശ്രീജിത്തിനെക്കുറിച്ചു് അവർക്കും നല്ല അഭിപ്രായമാണു്. മാഷിന്റെ ചോദ്യത്തിനു് അവർ ഇങ്ങനെയാണു് മറുപടി പറഞ്ഞതു്,

"നല്ല പയ്യനാ. മിടുക്കനുമാ. പക്ഷെ അവന്റെ കുടുംബത്തെക്കുറിച്ചൊന്നും എനിക്കറിയത്തില്ലല്ലോ. അതറിയാതെ എങ്ങനാ അഭിപ്രായം പറയുന്നതു്?"

"അതിനെക്കുറിച്ചു് എനിക്കറിയാമല്ലോ. കുടുംബമൊക്കെ ഒന്നാംതരമാ. അതിനു ഞാൻ ഗ്യാരണ്ടി. അതൊക്കെ വിശദമായിട്ടു ഞാൻ പിന്നെ പറയാം. അവനെക്കൊണ്ടു നമ്മടെ മോളെ കല്യാണം കഴിപ്പിക്കാൻ കഴിഞ്ഞാൽ അതു ഭാഗ്യം തന്നെയാണു്."

"എന്നാപ്പിന്നെ താമസിപ്പിക്കുന്നതെന്തിനാ. ആലോചിക്കണം."

"അതെ. ഇനിയിപ്പം വച്ചു താമസിപ്പിക്കുന്നില്ല. ഉടനെതന്നെ വേണ്ടതു ചെയ്യാം."

അപ്പോഴാണു ഫോൺ ബെല്ലടിച്ചതു്. രാധാകുമാരി ചെന്നു ഫോൺ എടുത്തു. മാഷിനുള്ള കോളായതുകാരണം അവർ മാഷിനെ വിളിച്ചു. മാഷിന്റെ ഒരു പഴയ സഹപ്രവർത്തകനായിരുന്നു മറുതലയ്ക്കൽ-പ്രഭാകരൻ സാർ. അദ്ദേഹം ജോലിയിൽനിന്നു വിരമിച്ചിട്ടു രണ്ടുമൂന്നു വർഷമായി. മാഷ് അദ്ദേഹത്തോടു് ദീർഘമായി സംസാരിച്ചശേഷം ഫോൺ താഴെ വച്ചു. എന്നിട്ടു തിരികെ വന്നു് പഴയപോലെ ചാരു കസേരയിൽ ഉപവിഷ്ടനായി. അദ്ദേഹം ഭാര്യയോടു് ഇങ്ങനെ പറഞ്ഞു,

"എടോ, നമ്മൾ ശ്രീജിത്തിനെക്കുറിച്ച് സംസാരിച്ചതേ ഉള്ളൂ. ഇതാ ഫോണിലൂടെ പ്രഭാകരൻ സാർ അവനെക്കുറിച്ചുതന്നെയാണു് എന്നോടു ചോദിച്ചതു്."

പ്രഭാകരൻ സാറിനെ രാധാകുമാരിക്കും അറിയാവുന്നതുതന്നെയാണു്.

"പുള്ളിക്കാരൻ എന്തുവാ ചോദിച്ചതു്?"

"എടോ ശ്രീജിത്തിനെ അങ്ങേരുടെ മോൾക്കു് ആലോചിക്കാൻ പോകുന്നു. ശ്രീജിത്തിനെക്കുറിച്ചു് കൂടുതൽ അറിയാനും അയാളെപ്പറ്റി എന്റെ അഭിപ്രായം ചോദിക്കാനുമാ ഇപ്പോൾ വിളിച്ചതു്."

"എന്നിട്ട് നമ്മൾ എന്തു പറഞ്ഞു?"

"ശ്രീജിത്തിനെക്കുറിച്ചു് ചില കാര്യങ്ങൾകൂടി അറിയാനുണ്ടെന്നും അതുകൂടി അന്വേഷിച്ചറിഞ്ഞശേഷം പിന്നീടു ഞാൻ വിളിക്കാമെന്നും പറഞ്ഞാണു ഫോൺ വച്ചതു്."

"അവനെക്കുറിച്ചു് കൂടുതലായി എന്തു് അന്വേഷിക്കാനാ?"

"എടോ അതു ഞാൻ ചുമ്മാ പറഞ്ഞതല്ലേ. സാവകാശം ആലോചിച്ചു് ഒരു മറുപടി പറയാം എന്നു കരുതിയാ ഞാൻ അങ്ങനെ പറഞ്ഞതു്. എന്തു മറുപടി പറയണം എന്നു തന്നോടും കൂടി ആലോചിക്കാം എന്നും കരുതി."

"അതു നന്നായി. ശ്രിജിത്തിനെക്കുറിച്ചു് നല്ല അഭിപ്രായം പറഞ്ഞാൽ പ്രഭാകരൻ സാർ അയാളുടെ മകളുമായുള്ള കല്യാണം നടത്തും. നമ്മൾ ആഗ്രഹിച്ചതുപോലെ നമ്മുടെ മോൾക്കു് അവനെ കിട്ടാതെ വരും. അതു് ഏതായാലും വേണ്ട. അതുകൊണ്ടു് അവനെപ്പറ്റി മോശമായിട്ടെന്തെങ്കിലും പറഞ്ഞാൽ മതി."

"എടോ രാധാകുമാരീ, താനൊരു ഭയങ്കരിയാണല്ലോ."

"ആയിക്കോട്ടെ. നമ്മുടെ ലക്ഷ്യങ്ങളൊക്കെ സാധിക്കണമെങ്കിൽ അങ്ങനൊക്കെ കുറച്ചു് ആയേ പറ്റൂ."

"ശരി സമ്മതിച്ചു. പക്ഷെ, അവനെക്കുറിച്ചു് എന്തു കുറ്റമാ പറയുന്നേ?"

"അവനു് ഒരു പെണ്ണുമായിട്ടു് അടുപ്പമുണ്ടെന്നു പറയണം."

"എടോ അതൊക്കെ വല്യ മണ്ടത്തരമായിത്തീരത്തില്ലേ?"

"എങ്ങനെ?"

"നമ്മടെ മോളും അവനുമായിട്ടുള്ള കല്യാണം നടത്തുകയാണല്ലോ നമ്മുടെ ലക്ഷ്യം. ആ കല്യാണം ഏതായാലും ഈ പ്രഭാകരൻ സാർ അറിയാതിരികത്തില്ലല്ലോ. അപ്പോൾ അയാൾ ചോദിക്കത്തില്ലേ, ഒരു പെണ്ണുമായിട്ടു് അടുപ്പമുണ്ടെന്നു പറഞ്ഞിട്ടു് അവനെക്കൊണ്ടുതന്നെ നമ്മുടെ മോളെ കല്യാണം കഴിപ്പിക്കുകയാണോ എന്നു്?"

"ചോദിക്കട്ടെ. അപ്പോൾ പറയണം, അവനു് അടുപ്പമുണ്ടായിരുന്ന പെണ്ണു് നമ്മുടെ മോൾ തന്നെ ആയിരുന്നു എന്നു്. അന്നു് പറയാനുള്ള മടികൊണ്ടാണു് നമ്മുടെ മോൾതന്നെയാണു് അതെന്നു പറയാഞ്ഞതു് എന്നു പറഞ്ഞാൽ പ്രശ്നം തീരില്ലേ?"

"എടോ രാധാകുമാരി അമ്മേ, തന്നെ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു. പ്രശ്നങ്ങൾക്കു പരിഹാരം കണ്ടുപിടിക്കാൻ പെണ്ണുങ്ങളെപ്പോലെ കഴിവു് ആണുങ്ങൾക്കുണ്ടാവില്ല എന്നു പറയുന്നതു് എത്ര വാസ്തവം. ചുമ്മാതാണോ സ്ത്രീകളാണു് പുരുഷന്മാരേക്കാൾ നല്ല അഡ്മിനിസ്ട്രേറ്ററാവുന്നതു് എന്നു പറയുന്നതു്."

രാമകൃഷ്ണൻ മാഷ് കസേരയിൽ നിന്നു് എഴുന്നേറ്റ് ഭാര്യയുടെ അടുത്തു ചെന്നു് ഒരു നല്ല ചിരി പാസ്സാക്കിക്കൊണ്ടു് അവർക്കു് ഷേയ്ക്ക് ഹാൻഡ് കൊടുത്തു. എന്നിട്ടു് ഇങ്ങനെ പറഞ്ഞു.

"തന്നോടു് ആലോചിക്കാതിരുന്നെങ്കിൽ ഞാൻ അൽപ്പസമയം കഴിഞ്ഞ് ആ പ്രഭാകരൻ സാറിനെ വിളിച്ചു് ശ്രീജിത്ത് എല്ലാം കൊണ്ടും നല്ലവനാണെന്നും ധൈര്യമായിട്ടു് കല്യാണമാലോചിച്ചോളാനും പാറഞ്ഞുപോയേനേ. നമ്മുടെ മോൾക്കു് ആ പയ്യനെ കിട്ടാതെ വരികയും ചെയ്തേനേ."

പക്ഷെ, രാമകൃഷ്ണൻ മാഷ് ഉടനെയൊന്നും പ്രഭാകരൻ സാറിനെ വിളിച്ചു്  കള്ളത്തരം പറഞ്ഞില്ല. അദ്ദേഹത്തിനു് എന്തോ ഒരു മടി. അതു കാരണം അദ്ദേഹം ഫോൺവിളി അടുത്ത ദിവസമാവാം എന്നു വച്ചു.

അന്നു രാത്രിയിൽ അദ്ദേഹം മനസ്സിന്റെ പിരിമുറുക്കം കാരണം ഉറക്കം വരാതെ കിടക്കുകയായിരുന്നു. രാധാകുമാരി അമ്മ അടുത്തുതന്നെ കിടന്നു് സുന്ദരമായി ഉറങ്ങുന്നുണ്ടു്. ഭാര്യയുടെ കുരുട്ടുബുദ്ധിയെക്കുറിച്ചു് അദ്ദേഹം ആലോചിച്ചു. സ്ത്രീകൾ പ്രശ്നപരിഹാരത്തിനു് ഒന്നാംതരം പ്രായോഗിക ബുദ്ധി പ്രയോഗിക്കുന്നവരാണെന്നു് നേരത്തെ തന്നെ അദ്ദേഹത്തിനു് അഭിപ്രായം ഉണ്ടായിരുന്നു. അൽപ്പം വക്ര മാർഗ്ഗം സ്വീകരിക്കുന്നതിൽ അവർ തെറ്റൊന്നും കാണാറുമില്ല. അതുകൊണ്ടായിരിക്കും അവർ ആണുങ്ങളെക്കാൾ നല്ല മാനേജർമാരും അഡ്മിനിസ്റ്റേഴ്സും ആവുന്നതു്. എന്നാലോ അവർക്കു വല്ല ടെൻഷനുമുണ്ടോ? ഒരിക്കലുമില്ല.

അദ്ദേഹം തന്റെ അടുത്തുതന്നെ യാതൊരു അല്ലലുമില്ലാതെ കിടന്നുറങ്ങുന്ന ഭാര്യയെ നോക്കി അസൂയപ്പെട്ടു. 'ദേ കണ്ടില്ലേ ഒരു അഡ്മിനിസ്ട്രേറ്റർ പ്രശ്നപരിഹാരത്തിനുള്ള മാർഗ്ഗവും നിർദ്ദേശിച്ചിട്ടു് യാതൊരു ടെൻഷനുമില്ലാതെ കിടന്നുറങ്ങുന്നതു്. എവിടെയെങ്കിലും ഒരു പായ കണ്ടാൽ മതി ആ നിമിഷം ഉറങ്ങിക്കളയും. അതാണു് സ്ത്രീസ്വഭാവം. ഈ പാവം ഞാനോ, ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു. നേരമൊന്നു പുലർന്നെങ്കിൽ പ്രഭാകരൻ സാറിനെ വിളിച്ചു് കള്ളം പറയാമായിരുന്നു.'
                                                      

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...