ജിജോ അഗസ്റ്റിൻ (തച്ചൻ)
തീവണ്ടി വരുന്നു
കൂവിപ്പാഞ്ഞ്
മരുന്നു വാങ്ങാനോരാൾ
പാളം കയറുന്നു
വണ്ടിയൊന്നു ഞെട്ടി,
ഈശ്വരാ! ഒന്നു കൂവാൻ കഴിഞ്ഞെങ്കിൽ!
ഇല്ല, നേരം പുലരുന്ന
സ്റ്റേഷനായിരുന്നില്ല
മുറിച്ചുകടക്കും മുമ്പയാൾ
മൂന്നു കഷണമാകുന്നത്
ഡ്രൈവർ കണ്ടില്ല
തീവണ്ടിയും മനുഷ്യന്റെ
കണ്ടുപിടുത്തമാണത്രെ!
മരുന്നു കിട്ടാതെ മകളും
ഉരുക്കു പാളത്തിലച്ഛനും
ആവി വണ്ടികളായി
അവരുടെ സൈറണിൽ
നേരം വെള്ളകീറുമ്പോൾ
പൊതിച്ചോറുമായി
പുലർച്ചവണ്ടി പിടിക്കാൻ വന്ന
അമ്മയുടെ തലയ്ക്കു മുകളിൽ
സ്റ്റേഷൻ കാക്കകൾ പറന്നിറങ്ങി