മേലേതിൽ സേതുമാധവൻ
കാതോടുകാതോരം പറഞ്ഞുകേട്ട പഴങ്കഥകൾ, ചൊല്ലിക്കേട്ട പഴമ്പാട്ടുകൾ, മനസ്സിലുറഞ്ഞു പോയ വിശ്വാസസങ്കൽപങ്ങൾ, ചെയ്തു ശീലിച്ച അനുഷ്ഠാനങ്ങൾ, ജീവിതശൈലികൾ, വേരൂന്നിവളർന്ന കലാവിഷ്കാരങ്ങൾ- ഇതെല്ലാം ചേർന്ന് രൂപംകൊണ്ട ബൃഹത്തായ ഒരു പാരമ്പര്യസമ്പത്ത് നമുക്ക് മൗലികസ്വത്തായുണ്ട്. മുത്തശ്ശിക്കഥകളിലും പഴഞ്ചൊല്ലുകളിലും വേദ,മതഗ്രന്ഥങ്ങളിലും, പുരാണേതിഹാസങ്ങളിലും പടർന്നു കിടക്കുന്നു. വാമൊഴിയാണവയുടെ മുഖ്യമാധ്യമം. കാരണം ലിഖിതഭാഷകൾക്കു മുമ്പേ പിറന്നവയാണിവയിലേറെയും. അവ ശാസ്ത്രീയമോ യുക്തിഭദ്രമോ ആകമണമെന്നില്ല. എന്നാൽ നമ്മുടെ സംസ്കാരത്തെ രൂപപ്പെടുത്തുന്നതിലും നിർണ്ണയിക്കുന്നതിലുമെന്നല്ല നിയന്ത്രിക്കുന്നതിൽ പോലും വലിയൊരു പങ്കുവഹിക്കുന്നുണ്ട്. വ്യക്തിയുടെ ഉപബോധ മനസ്സിൽ അടിഞ്ഞുകിടക്കുന്ന ദൈവവാസനകളും ഓർമ്മകളും വികാരാഭിനിവേശങ്ങളും പോലെ, സാമൂഹികോപബോധമനസ്സിൽ പാരമ്പര്യസ്ത്രോതസ്സുകൾ മുഴുവൻ ഊറിക്കിടിക്കുന്നു. ഈ വിശാല ഭൂമികയിലെവിടെയോ ആണ് മിത്തുകളുടെസ്ഥാനം.
വിശ്വാസങ്ങൾ, ആചാരങ്ങൾ, ഉപചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ആരാധന, പുരാണസങ്കൽപങ്ങൾ, ഐതിഹ്യങ്ങൾ, ആഭിചാരം, മന്ത്രവാദം, ഉത്സവാഘോഷങ്ങൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, ശൈലികൾ, നാടൻവൈദ്യം തുടങ്ങി വിപുലമായ ഒരുലോകം ഉൾക്കൊള്ളുന്നതായി നിർവ്വചിക്കപ്പെടുന്ന ഫോക്ലോറിന്റെ പരിധിയിൽ മിത്തുകളും വരും. മിത്ത് പ്രയോഗത്തിന്റെ ആവിർഭാവം മിത്തോസ് എന്ന ഗ്രീക്കു പദത്തിൽ നിന്നാണ്. വാസ്തവത്തിൽ മിത്ത്, ഐതിഹ്യം, ഇതിഹാസം, നാടോടിക്കഥ, യക്ഷിക്കഥ, കെട്ടുകഥ, പുരാണം, പുരാണവൃത്തം തുടങ്ങിയ പലവാക്കുകളും നിയത്തവും നികൃഷ്ടവുമായ അർത്ഥബോധത്തിന്റെ അഭാവത്തിൽ കൂടിക്കഴിയുന്നുണ്ട്. ഇത് മലയാളഭാഷയിലെ മാത്രം പ്രശ്നമല്ല. ഇംഗ്ലീഷ് മലയാളം നിഘണ്ടുവിലുള്ള അർത്ഥം പരിശോധിച്ചാൽ ആശയക്കുഴപ്പം വ്യക്തമാകും.
പുരാണം, പുരാവൃത്തം, പുരാണകഥ, ഇതിഹാസം, പുരാവൃത്താഖ്യാനം, ഐതിഹ്യം ശുഢാർഥകഥ, പ്രതീകോപാഖ്യനം എന്നിവ മിത്തും. ഇതിഹാസം, പുരാണം, ഐതിഹ്യം, പഴങ്കഥ, അത്ഭുതാപദാനങ്ങൾ നിറഞ്ഞതും യാഥാർത്ഥ്യമല്ലാത്തതുമായ കഥകൾ ലെജെന്റും, ഐതിഹ്യമോ, കഥയോ, വീരകഥയോ, വംശാനുചരിതം, വംശകഥാപരമായ നീണ്ടനോവലുകൾ സാഗയും, വീരകൃത്യങ്ങളും, മഹാപദാനങ്ങളും പ്രതിപാദിക്കുന്ന ഇതിഹാസം, മഹാകാവ്യം എന്നിവ എപ്പിക്കും, യക്ഷിക്കഥ, നാടോടിക്കഥ, കെട്ടുകഥ എന്നിവ ഫെയറിടെയ്‌ലുമാണ്. മിത്തും ലെജന്റും, എപ്പിക്കുമെല്ലാം ഇതിഹാസമാണ് ഈ അർത്ഥപരികൾപനയിൽ. മിത്തും ലെജന്റും സാഗയും ഐതിഹ്യമാകും. പുരാണമെന്ന അർത്ഥത്തിലും പ്രയോഗിക്കുന്നു. ഇവിടെ നിയതമായ അർത്ഥമില്ലാതാകുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്നു. പ്രപഞ്ചോൽപ്പത്തി, മനുഷ്യസൃഷ്ടി, ആത്മാവ്, പ്രകൃതിശക്തികളുടെ ആവിർഭാവം, മരണം തുടങ്ങി ആധുനിക മതങ്ങളുടെ പ്രതിപാദ്യ വിഷയങ്ങളിൽ പലയിടത്തും മിത്തുകളും കാണാം. ആത്മാവിന്റെ അനശ്വരതയെയും പുനർജന്മത്തെയും പരേതാത്മാക്കളുമായുള്ള സമ്പർക്ക സാധ്യതയെയും കുറിച്ചൊക്കെയുള്ള മിത്തുകൾ മരണഭയത്തെ ലഘൂകരിക്കുമെന്ന് പറയപ്പെടുന്നു. മിത്തുകളുടെ യുക്തിഭദ്രതയും ആദർശാത്മകതയും നൽകി സംസ്ക്കരിച്ചെടുക്കുവാൻ സംഘടിതമതങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അവ വിശ്വാസത്തിന്റെ അരിപ്പയിൽ അരിച്ചെടുക്കുകയും പലതും തള്ളിക്കളയുകയും ചിലതൊക്കെ സ്വാംശീകരിക്കുകയുമായിരുന്നു. വിശ്വാസാനുഷ്ഠാനങ്ങളെ വ്യാഖ്യാനിക്കാനുള്ള ശ്രമത്തിൽ മിത്തുകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. മതപരമായ പലകർമ്മങ്ങളുടെയും വേരുകളന്വേഷിച്ച് ചെല്ലുമ്പോൾ ചിലമിത്തുകളിലോ ഐതിഹ്യങ്ങളിലോ ചരിത്രസംഭവങ്ങളിലോ നാം തടഞ്ഞുനിൽക്കുന്നു. മിത്തുകളുടെ പ്രകാശനമായി അനുഷ്ഠാനങ്ങൾ മാറിയതാണോ കർമ്മങ്ങൾ വിശദീകരിക്കാൻ മിത്തുകളുണ്ടായതാണോ എന്ന തർക്കം നിലനിൽക്കുന്നു. പുരാവൃത്ത നിർവ്വചനത്തിന്റെ മാനദണ്ഡമായി ഇത്തരം അന്വേഷണങ്ങളെ സ്വീകരിക്കുന്നത് ശരിയാവുമെന്ന് തോന്നുന്നില്ല.
പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലിയുടെ തിരിച്ചുവരവിനെ വിളംബരം ചെയ്യുന്ന ഓണാഘോഷം നമ്മുടേത്. ബാബിലോണിയക്കാരുടെ വസന്തോത്സവത്തിൽ അവരുടെ സൃഷ്ടി ദേവനായ മാർഡൂക്കുമായി ബന്ധപ്പെട്ട കഥയാണുള്ളത്. തിരുവത്താഴവേളയിൽ വീഞ്ഞും അപ്പവുമുയർത്തി ഇതെന്റെ ചോരയും മാംസവുമാണെന്ന് ക്രിസ്തു പറഞ്ഞുവേന്ന സംഭവത്തെ ക്രിസ്ത്യാനികൾ പ്രതീകവൽക്കരിക്കുന്നു. ബലിപെരുന്നാളിൽ ലോകമെമ്പാടുമുള്ള മുസ്ലീംങ്ങൾ മൃഗബലിനടത്തുമ്പോൾ നൂറ്റാണ്ടുകൾക്കുമുമ്പ് സ്വപുത്രനെ ദൈവപ്രതീക്കുവേണ്ടി കുരുതികൊടുക്കാൻ തയ്യാറായ നബിയുടെ ജീവിതം അനുസ്മരിക്കപ്പെടുന്നു. വേദഗ്രന്ഥങ്ങളിലേപ്പോലെ വാച്യാർത്ഥപ്രതീകമാണ് മിത്തുകൾക്കുമുള്ളുതെന്ന് ആശയം മധ്യകാലഘട്ടത്തിലാണ് ശക്തമായി പ്രചരിച്ചതു. പല ലിഖിതമായ കഥകളെയും പോലെ മിത്തുകളുടെയും കഥകൾ പ്രതീകാത്മകമാണെന്ന ധാരണ പരക്കെ ഉണ്ടായിരുന്നു. എല്ലാമിത്തുകൾക്കും പൊതുവായ ഉറവിടം കണ്ടെത്തുവാൻ നടത്തിയ ശ്രമം, ഇന്ന് നിലവിലുള്ള അനുഷ്ഠാനങ്ങളുടെ വിശദീകരണമെന്ന നിലക്കാണ് മിത്തുകൾ ഉടലെടുത്തതെന്ന തത്വത്തിലേക്ക് നയിക്കുന്നു. നൂറ്റാണ്ടുകളിലൂടെ വാമൊഴിയായി തലമുറകളിലേക്ക് പകർന്നും അർഥഭേദങ്ങളോടെ അഴിച്ചുപണിതും തുടർന്നുപോരുന്ന വിശ്വാസസങ്കൽപങ്ങളുടെ കഥകളുമാണ് അവയുടെ അടിസ്ഥാനം. തനിക്കുചുറ്റുമുള്ള ലോകത്തെ അത്ഭുതത്തോടെ നോക്കിക്കണ്ട പ്രാകൃതമനുഷ്യന്റെ കേവലവികാരം പ്രതിഫലിപ്പിക്കുന്ന കെട്ടുകഥകളാണെന്നു പറഞ്ഞ് പാടേ തള്ളിക്കളയാനാവില്ല. കാരണം അവയിൽ പലതും നമ്മുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു. അതിശയോക്തിയും അസംബന്ധശൈലിയും നിറഞ്ഞതാണെങ്കിലും അവയിൽ ആദിമചിന്തയുടെ പ്രഭവാങ്കുരങ്ങളുണ്ട്. മന്ത്രവാദത്തിൽ ചില ശാസ്ത്രത്തിന്റെ ആദിബീജങ്ങൾ കാണുംപോലെ, പ്രകൃതിശക്തികളെയും പ്രതിഭാസങ്ങളെയും ആരാധനയോടെ ഭീതിയോടെ നോക്കിക്കണ്ട അവൻ യുക്തിപൂർവ്വം ചിന്തിച്ചു നെയ്തെടുത്ത കഥകളാണിവയെന്ന് ആരും അവകാശപ്പെടുകയില്ല. എന്നാൽ ഇവയിൽ പലതിന്റെയും പ്രതീകാത്മത, അർത്ഥബോധം കൊണ്ടല്ലെങ്കിൽ സൗന്ദര്യബോധം കൊണ്ടെങ്കിലും നമ്മെ അമ്പരപ്പിക്കുന്നുണ്ട്. ഒരു ലക്ഷത്തിലേറെ വർഷം മുമ്പ് ജീവിച്ചിരുന്ന നിയാണ്ടർ താൻ മനുഷ്യൻ, ജഡത്തോടൊപ്പം ഭൗതികവസ്തുക്കളും സംസ്കരിച്ചിരുന്നുവേന്ന അറിവും മരണാനന്തര ജീവിതത്തെക്കുറിച്ച് അവർ ചിന്തിച്ചിരുന്നുവേന്ന് ഓർമ്മിപ്പിക്കുന്നു.
പുരാണങ്ങളിലേയും വേദങ്ങളിലേയും മിത്തുകൾ അഭിജ്ഞരുടേതാണ്. എന്നാൽ ഗ്രാമീണ പുരാവൃത്തങ്ങൾ നിരക്ഷരരും അപരിഷ്കൃതരുമായ സാമാന്യജനത്തിന്റെ സംഭാവനകളാണ്. നിയതമായ സ്ഥലകാലങ്ങളില്ലാത്തത്താണ് അവയുടെ ശാശ്വകമായ ആഗോളവ്യാപ്തിയിലെത്താനുള്ള കാരണവും. ബാബിലോണിയക്കാരുടെ ഇതിഹാസകഥയും പ്രവാചകമതങ്ങളിൽ പറയുന്ന പ്രളയകഥയും ഇന്ത്യാക്കാരന്റെ വൈവസ്വത മനുവിന്റെ കഥയിലും ഉള്ളതാണെന്ന് സമർത്ഥിക്കപ്പെട്ടുണ്ട്. ഇറാനിൽ നിന്ന് ആര്യന്മാരുടെ അധിനിവേശത്തോടൊപ്പം മിത്രൻ, വരുണൻ, അഗ്നി തുടങ്ങിയ ദൈവങ്ങൾ ഇന്ത്യയിലേക്ക് കടന്നതായി അഭിപ്രായപ്പെടുന്നു. സോമയാഗം വരെ അങ്ങനെ സിദ്ധിച്ചതാണ്. അഗ്നിപൂജ, സൂര്യപൂജ എന്നിവയുടെ വേരുകൾ ചികഞ്ഞുചെല്ലുമ്പോഴും ഈ കടംകൊള്ളൽ കണ്ടെത്താനാകും. ദൈവങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യരുടെ സാഹസികതകൾ പ്രതിപാദിക്കുന്നുവേന്നതാണ് ഐതിഹ്യത്തെ മിത്തിൽ നിന്ന് വ്യതിരിക്തമാക്കുന്നത്. ചരിത്രപരമായ സാധ്യതയില്ലാത്തതോ ഉള്ളതോ ആയ വ്യക്തികളും സംഭവങ്ങളുമായിരിക്കും ഐതിഹ്യത്തിന്റെ പ്രമേയം സംസ്കാരങ്ങളെതന്നെ മാറ്റിമറിക്കുന്നതിൽ മിത്തുകൾക്കു വലിയപങ്കുണ്ട്. പാശ്ചാത്യനാഗരികതയെ അടക്കിഭരിക്കുന്നത് ഗ്രീക്ക് മിത്തോളജിയാണെന്ന് പറയുമ്പോൾ അതിശയോക്തി തോന്നുന്നില്ല. സാഹിത്യത്തിലും ചിത്രകലയിലും വാസ്തുശിൽപത്തിലും സിനിമയിലും ടെലിവിഷനിലുമെല്ലാം മിത്തുകളുടെ സ്വാധീനം പ്രകടമാകുന്നു. ലൈംഗികതയിലും ആക്രമണങ്ങളിലും നിയന്ത്രണമില്ലാത്ത ജീവിതകാമനയിലും അധിഷ്ഠിതമായ പാശ്ചാത്യസംസ്കാരത്തെ രൂപപ്പെടുത്തിയത് ക്രൂരതയും പ്രതികാരവാഞ്ചയുമാണെന്ന് പറയപ്പെടുമ്പോൾ അതുതള്ളിക്കളയാൻ പ്രയാസം തോന്നുന്നു.
മിത്ത് എന്ന വാക്ക് വളരെയധികം തെറ്റായിവായിക്കപ്പെടുന്നു. വാസ്തവത്തിൽ അറിഞ്ഞും അറിയാതെയും നമ്മുടെ മാനസിക ലോകത്തിൽ സങ്കൽപ്പങ്ങളും മിത്തുകളും വിശ്വാസങ്ങളും അടിഞ്ഞുകിടക്കുന്നുണ്ട്. മിഥ്യയും യാഥാർത്ഥ്യങ്ങൾപോലും സാങ്കൽപികമായ ചില സംജ്ഞാധർമ്മങ്ങളിലൂടെയോ ആണ് തിരിച്ചറിയപ്പെടുന്നതും സംവേദിക്കപ്പെടുന്നതും. ഭാഷയും മതവും കലയും ജീവിതശൈലിയുമെന്നല്ല, സംസ്കാരം നെയ്തെടുത്ത ഓരോ ഇഴയിലും ഈ അടയാളങ്ങളുടെ സാങ്കൽപിക വ്യവഹാരമുണ്ട്. ഉച്ചരിക്കപ്പെടുന്ന ഭാഷയിലും നാം വ്യവഹരിക്കുന്നത് ആരോപിത യാഥാർത്ഥ്യവുമാണ്.