പേപ്പട്ടികൾ


മോഹൻ ചെറായി

പേപ്പട്ടി വിഷത്തിനു ചികിത്സയില്ല!
എന്നിട്ടും ഇവർ, ഈ പത്രക്കാരെന്താണീ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്‌?.
       പത്രമെടുത്ത്‌ അദ്ദേഹം ആ ബോക്സ്‌ ന്യൂസ്‌ പിന്നെയും വായിച്ചു : പേയിളകി
മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ സെല്ലിൽ അടച്ച ഒരു സ്ത്രീയെ,
കോളേജിനടുത്ത്‌ തന്നെയുള്ള ഒരു നാട്ടു വൈദ്യൻ ചികിത്സിച്ചു
സുഖപ്പെടുത്തിയിരിക്കുന്നു!
"ഇംപോസിബിൾ"
       കൈ ചുരുട്ടി അദ്ദേഹം മേശപ്പുറത്തിടിച്ചു. മേശകുലുങ്ങി. ആ കുലുക്കത്തിൽ
മേശപ്പുറത്തിരുന്ന മരുന്നു സാംപിളുകളും, പുസ്തകങ്ങളും, പേനകളും,
നടുങ്ങിത്തെറിച്ചു. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ അരിശം തീർന്നില്ല......
ഒടുവിൽ രോഗികളെ പരിശോധിക്കുമ്പോൾ ഡോക്ടർക്ക്‌ ഏകാഗ്രത കിട്ടുന്നതിന്‌
അദ്ദേഹത്തിന്റെ കാതുകൾ അടച്ചുപിടിച്ചിരുന്ന സ്റ്റെതസ്കോപ്പ്‌ കൈ കൂപ്പി
അപേക്ഷിച്ചു;
"പോതും സർ ....... നിറുത്തുങ്കോ!"
       അതുകേട്ട്‌, ഡോക്ടർമാരുടെ സംഘടനയുടെ നേതാവാകാൻ ചുമ്മാ ആഗ്രഹിച്ചുപോയ
അദ്ദേഹം തന്റെ കടമകളേക്കുറിച്ച്‌ പെട്ടെന്ന്‌ ബോധവാനായി. ധാർമ്മിക രോഷം
കൊണ്ട്‌, പുറത്ത്‌ ഊഴം കാത്തിരിക്കുന്ന രോഗീവൃന്ദത്തെ അദ്ദേഹം മറന്നു.
പത്രത്തെ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിൽ എറിഞ്ഞ്‌ റൈറ്റിംഗ്‌ പാഡ്‌
എടുത്ത്‌, ആ നാട്ടു വൈദ്യനെ നിർദ്ദാക്ഷിണ്യം അദ്ദേഹം കീറിമുറിച്ചു.
സെല്ലിലടയ്ക്കപ്പെട്ട, ഒരിയ്ക്കൽ പോലും താൻ കണ്ടിട്ടില്ലാത്ത ആ
സ്ത്രീക്ക്‌ റാബിസ്‌ ആയിരുന്നില്ലെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു! കാണിച്ച
ലക്ഷണങ്ങൾ മുഴുവൻ "റാബിയോ ഫോബിയോ മാനിയ" എന്ന മനോരോഗത്തിന്റേതാണെന്നും
ചികിത്സിച്ചില്ലെങ്കിലും രണ്ടു ദിവസത്തിനകം അതുമാറുമായിരുന്നുവേന്നും
അദ്ദേഹം സ്ഥാപിച്ചു. സ്ത്രീയെചികിത്സിച്ച നാട്ടു വൈദ്യനെപോലുള്ള
ചികിത്സകരെ തുറുങ്കിലടയ്ക്കണമെന്ന്‌ അടിസ്ഥാനപരമായി അദ്ദേഹം സമർത്ഥിച്ചു
കഴിഞ്ഞപ്പോൾ നാട്ടുവൈദ്യൻ ചതഞ്ഞരഞ്ഞ്‌ കഥാവശ്ശേഷനായി! അയാളുടെ ജഡം
അദ്ദേഹത്തിന്റെ മേശയ്ക്കു കീഴെ ചോരയൊലിപ്പിച്ചു കിടന്നു. .....
       അനന്തരം അഭിമാനത്തോടെ അദ്ദേഹം കറങ്ങുന്ന എക്സിക്യൂട്ടിവ്‌ കസേരയെ
കരയിച്ചു. ഊഴം നഷ്ടപ്പെട്ടുനിന്ന രോഗികൾ വാച്ചിന്റെ സൂചികളെ
ദൃഷ്ടിദോഷത്തിൽ കുടുക്കികൊണ്ടിരുന്നു.......
       മേശപ്പുറത്തിരുന്ന ടെലഫോൺ ശബ്ദിച്ചു. നാട്ടിൽ നിന്നും ഭാര്യാമാതാവ്‌
അങ്ങേതലയ്ക്കൽ! സ്തോഭജനകമായിരുന്നൂ സന്ദേശം : അഞ്ചു വയസ്സുള്ള സ്വന്തം
മകനു റാബീസ്‌!! വീട്ടിലെ ചത്തുപോയ പട്ടിക്കുഞ്ഞ്‌ മകനെ ചെറുതായൊന്നു
കടിച്ചിരുന്നുപോലും....... പേയിളകിയ കുഞ്ഞിനെ ഹോസ്പിറ്റലിലെ
സെല്ലിലടച്ചിരിക്കുന്നു! പെട്ടെന്നെത്തണം.......
       ടെലഫോണിലൂടെ ഇഴഞ്ഞെത്തിയ ശബ്ദസർപ്പം കർണ്ണപുടത്തോടൊപ്പം ചേതനയേയും
ദംശിച്ചു. പുറത്ത്‌ ബോർഡിൽ ഡോക്ടറുടെ പേരിനു ശേഷം ഒട്ടിച്ചു വച്ചിരുന്ന
ഡിഗ്രിയുടെ അക്ഷരങ്ങൾ വിഷം ബാധിച്ചു പൊഴിഞ്ഞു വീഴുന്നതും, ഒടുവിൽ പേരിനു
മുന്നിലെ "ഡോ." എന്ന അക്ഷരം പൊട്ടിചിതറുന്നതും കണ്ട്‌ രോഗികൾ ഭയന്നോടി.
       പെട്ടെന്ന്‌ അദ്ദേഹം 'അയാൾ' ആയി. റൈറ്റിംഗ്‌ പാഡിൽ എഴുതി വച്ച അക്ഷരങ്ങൾ
അയ്യാളെ കൊഞ്ഞനം കുത്തി...... അയാളതു കീറി വലിച്ചെറിഞ്ഞു. പിന്നെ
ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞ ആ പത്രം ചവറ്റു കുട്ടയിൽ നിന്നെടുത്തു
വച്ചു.  വിറയ്ക്കുന്ന കൈകൾകൊണ്ട്‌ നിവർത്തി ചുളുക്കു മാറ്റി.... ആ
ബോക്സ്‌ വാർത്തയ്ക്കുവേണ്ടി അയാൾ പരതി. അരിച്ചു പെറുക്കിയിട്ടും
അതുമാത്രം കണ്ടെത്താനായില്ല!
അതെവിടെപ്പോയി ?
       മിടിപ്പു താളം തെറ്റുന്ന ഹൃദയത്തെ ഇടതു കൈകൊണ്ട്‌ അമർത്തി പിടിച്ച്‌
ഡയറക്ടറി പരതി. പത്രമോഫീസിന്റെ നമ്പർ കണ്ടെടുത്തു ഡയൽ ചെയ്തു
       വർദ്ധിച്ച ഹൃദയമിടിപ്പോടെ അയാൾ ആ വൈദ്യരെക്കുറിച്ചാരാഞ്ഞു.
അങ്ങേതലയ്ക്കലെ കിളിനാദം പരുഷമാകുന്നതുകേട്ടയാൾ വിഷണ്ണനായി. കേൾക്കുന്ന
പെണ്ണിന്റെ കാണാത്ത കാലുപിടിച്ചയാൾ കേണു. പരുഷമായ കിളിനാദം പെട്ടെന്നു
മുരൾച്ചയാകുന്നതും ഒടുവിൽ കാതടപ്പിക്കുന്ന കുരയാകുന്നതും കേട്ടയാൾ
ഞെട്ടി. ടെലഫോൺ കയ്യിൽ നിന്നും വഴുതി.
       വയറിൽ തൂങ്ങിക്കിടന്ന്‌ ഫോൺ കുരച്ചു. കൂർത്ത നഖങ്ങൾ കൊണ്ട്‌ വാതിലിൽ
മാന്തുന്ന ശബ്ദം കേട്ടയാൾ നടുങ്ങി. ഒപ്പം ഒട്ടേറെ നായ്ക്കൾ ഒരുമിച്ചു
കുരയ്ക്കുന്ന ഭയാനക ശബ്ദം! അയാൾ ഭയന്നു വിറച്ച്‌ മുറിയുടെ മൂലയിൽ
ചുരുണ്ടുകൂടിയിരുന്നു........ പുറത്ത്‌ അപ്പോഴും കുര
തുടർന്നുകൊണ്ടേയിരുന്നു............

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ