21 Apr 2012

ദയാവധം


സണ്ണി തായങ്കരി

   അന്ന്‌ ഒരു ദുരന്തവാർത്തയുമായാണ്‌ ഗ്രാമം ഉണർന്നത്‌. ആർക്കുമത്‌
വിശ്വസിക്കാനായില്ല. മരങ്ങളെ ഏറെ സ്നേഹിച്ച ഒരാൾ. വിരോധാഭാസമെന്ന്‌
തോന്നാം, ഒരു മരം വെട്ടുകാരൻ സ്വയം വെട്ടിയിട്ട മരത്തിനടിയിൽ മരത്തെ
പുണർന്ന്‌ മരിച്ചുകിടക്കുന്നു!
  ദിവാകരനെ സംബന്ധിച്ചിടത്തോളം മരം അയാൾക്ക്‌ കേവലമൊരു മരമല്ല.
തന്നെപ്പോലെത്തന്നെ ജീവനുള്ള ശരീരമാണ്‌. മനുഷ്യശരീരത്തിലെന്നപോലെ അനേകം
ഞരമ്പുകൾ മരഗാത്രത്തിലുണ്ടെന്ന്‌ അയാൾ വിശ്വസിക്കുന്നു. അതിലൂടെ ഒരു
പ്രത്യേകതരം രക്തമോടുന്നു. മനുഷ്യനെന്നപോലെ, ശരീരത്തിൽ ഏൽ ക്കുന്ന ഏതു
മുറിവും മരത്തെയും വേദനിപ്പിക്കും. മരങ്ങൾ കരയാറുണ്ട്‌. എന്നാൽ അതിന്റെ
കരച്ചിൽ തിരിച്ചറിയാൻ സാധാരണ മനുഷ്യന്‌ കഴിയില്ല. അതിന്‌ മരത്തെ
സ്നേഹിക്കുന്ന ഒരു മനസ്സ്‌ വേണം. മനുഷ്യശരീരത്തെ കീറിമുറിക്കുന്ന
ഭിഷഗ്വരന്റെ അവഗാഹത്തോടെയാവണം മരഗാത്രത്തെ സമീപിക്കേണ്ടത്‌.
    ഇതൊക്കെ മരങ്ങളെ ദൈവങ്ങളെപ്പോലെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്ത
വൃക്ഷക്കുഞ്ഞൻ എന്ന വിളിപ്പേരുള്ള അച്ഛൻ കുഞ്ഞുകൃഷ്ണൻ പറഞ്ഞുതന്നിട്ടുള്ള
വിശ്വാസരഹസ്യങ്ങൾ. അതിനെ സാധൂകരിക്കാത്തതൊന്നും ഇന്നുവരെ ദിവാകരന്റെ
ജീവിതാനുഭവങ്ങളിൽനിന്ന്‌ ഉരുത്തിരിഞ്ഞിട്ടില്ല.
  മരത്തിന്‌ അതിന്റേതായ ഭാഷയുണ്ട്‌. ദിവാകരന്‌ ആ ഭാഷ മനസ്സിലാവും.
മഴുവിന്റെ ആദ്യവെട്ട്‌ മരഗാത്രത്തിൽ ഏൽപ്പിക്കുംമുമ്പ്‌ അയാൾ തന്റെ
ചുണ്ടുകൾ മരത്തോടുചേർത്ത്‌ സാന്ത്വനവചസ്സുകളോതും. ജീവനുള്ള മനുഷ്യശരീരം
കീറിമുറിക്കുന്നതിനുമുമ്പ്‌ അനസ്തീഷ്യനൽകുംപോലെയാണത്‌. സ്നേഹത്തിന്റെ
ഭാഷയിൽ ഒരു താരാട്ട്‌.അത്‌ അർധമരണത്തിലേക്കുള്ള വാതായനം തുറക്കും.
മഴുവിന്റെ ഓരോ പ്രഹരവും ഗാത്രത്തിൽ ഏൽപിക്കുന്ന വേദനയുടെ തീവ്രത മരം
അറിയാതെ പോകട്ടെയെന്ന പ്രാർഥനയാണ്‌ ആ സാന്ത്വനത്തിന്റെ കാതൽ. ഇതൊക്കെ
സാധാരണക്കാരന്‌ ദഹിക്കാത്ത കാര്യങ്ങൾ. അഥവാ ദിവാകരന്റെ ജൽപനങ്ങൾ.
അതുമല്ലെങ്കിൽ വിദ്യാഭ്യാസമില്ലാത്ത, ലോക പരിചയമില്ലാത്ത കേവലനായ ഒരു മരം
വെട്ടുകാരന്റെ വിഡ്ഢിത്തങ്ങൾ. മരത്തെ കേവലം ഉപഭോഗവസ്തുവായിമാത്രം
കാണുന്ന, അതിന്‌ ജീവനുണ്ടെന്നും അത്‌ പ്രകൃതിയുടെ പ്രഥമവും അഭിഭാജ്യവുമായ
ഘടകവുമാണെന്നും അംഗീകരിക്കാൻ തയ്യാറല്ലാത്ത ശരാശരി മനുഷ്യന്‌ ഇതൊക്കെ
എങ്ങനെ മനസ്സിലാകാൻ!
  മഴുവിന്റെ ആദ്യത്തെ പ്രഹരം ഏറെ വേദനാജനകമാണ്‌. മരത്തിനും അയാൾക്കും.
അതുകൊണ്ടുതന്നെ അയാളുടെ മനസ്സും മഴുവേന്തിയ കൈയും തരളിതമാകും. വളരെ
മൃദുവായി മാത്രമേ മരത്തിന്മേലുള്ള ആദ്യ പ്രഹരം ദിവാകരൻ നടത്താറുള്ളു.
എന്നാൽ പിന്നീടുള്ള പ്രഹരങ്ങൾ തീഷ്ണമായിരിക്കും എന്നല്ല ഇതിന്‌ അർഥം.
ആദ്യ പ്രഹരംപോലെത്തന്നെ തുടർന്നുള്ളവയും അയാളുടെ സ്നേഹത്തിന്റെ
മൃദുത്വമായാണ്‌ മരഗാത്രത്തിലേക്ക്‌ മന്ദം താഴ്‌ന്നിറങ്ങുക. അയാൾ
മുറിക്കുന്ന മരവും അത്‌ തിരിച്ചറിയുന്നു. അയാളുടെ നിസ്സഹായതയിലൂന്നിയ
കർമവും മരങ്ങളുടെ ശിരോലിഖിതവും ഇവിടെ സന്ധിക്കുകയാണ്‌. ഉറ്റവരുടെ
ആരുടെയെങ്കിലും ശരീരത്തിൽ ആയുധം പ്രയോഗിക്കുന്ന ഒരു വിമുഖതയും വിരക്തിയും
ആ നിമിഷങ്ങളിൽ അയാൾ അനുഭവിക്കുന്നുണ്ടെന്ന്‌ മരത്തിനും അറിയാം.
വെട്ടിയിട്ട മരത്തിന്റെ തായ്തടിയും ശിഖരങ്ങളും ഇലകളും എന്നുവേണ്ട,
വേരുകൾപോലും നേരിയ സ്വരത്തിൽ വിലാപമുതിർക്കുന്നത്‌ അയാൾ കേൾക്കുമത്രേ!
  മരങ്ങളെ സന്താനങ്ങളെപ്പോലെയോ അതിലധികമോ സ്നേഹിച്ചതുകൊണ്ട്‌ അവയും
അപ്രകാരം ദിവാകരനെയും പരിരക്ഷിച്ചു. മഴക്കാലത്ത്‌ മരത്തിന്റെ തൊലിയിൽ
പറ്റിപ്പിടിക്കുന്ന വഴുക്കലുള്ള പായലിന്‌ മരണത്തിന്റെ കറുത്ത
മുഖമാണെന്നാണ്‌ ജനം പറയാറ്‌. മരത്തിലേക്ക്‌ കയറുമ്പോഴേ താഴെ നിൽക്കുന്നവർ
നല്ല വഴുക്കലുണ്ടേ, സൂക്ഷിക്കണേയെന്ന്‌ മൂന്നാര്റിയിപ്പ്‌ നൽകും. എന്നാൽ
മരത്തെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരെ അത്‌
ചതിക്കില്ലെന്ന്‌ ദിവാകരന്‌ നല്ല ഉറപ്പുണ്ട്‌.
  ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം ഉയരും. മരങ്ങളെ ഇത്രയധികം അറിയുകയും
അവയെ സ്നേ ഹിക്കുകയും ചെയ്യുന്ന ഒരാൾ എന്തിന്‌ മൂർച്ചയേറിയ മഴുകൊണ്ട്‌
മരങ്ങളെ നിർദാക്ഷിണ്യം വെട്ടിവീഴ്ത്തു ന്നു? എത്ര ആയിരം മരങ്ങളാണ്‌ അയാൾ
വെട്ടിവീഴ്ത്തിയിട്ടുള്ളത്‌? അതിനുമുണ്ട്‌ ദിവാകരന്‌ ഉത്തരം.
സ്നേഹിക്കുന്നവന്റെ താഡനം അമ്മയുടേതുപോലെ വാത്സല്യം നിറഞ്ഞതായിരിക്കും.
അല്ലാത്തവന്റേത്‌ പ്രതിയോഗിയുടെ ക്രൂരമായ ആക്രമണവും. മരത്തിനത്‌
തിരിച്ചറിയാം. ദയാവധവും കൊലപാതകവും തമ്മിലുള്ള അന്തരമുണ്ട്‌ അതിന്‌.
  മരംവെട്ടും മരണത്തേക്കാൾ ഭീകരമായ ദാരിദ്ര്യവും തമ്മിൽ എന്തെങ്കിലും
ബന്ധമുണ്ടോയെന്ന്‌ ചോദിച്ചാൽ ദിവാകരൻ തഴമ്പ്പിടിച്ച്‌ മരംപോലെയായ
കൈമലർത്തും. ഒന്നറിയാം. അരയിൽ കൊളുത്തിയ വടവും തോളിൽ തൂക്കിയ മഴുവുമായി
ഇരുപതാം വയസ്സുമുതൽ മരങ്ങളിൽനിന്ന്‌ മരങ്ങളിലേക്ക്‌ സഞ്ചരിക്കുന്ന
അയാളുടെ ദാരിദ്ര്യത്തിന്‌ എന്നും ജരാനരകൾ ബാധിക്കാത്ത
നിത്യയൗവനമായിരുന്നു. ബലഹീനതയുടെ വാർധക്യത്തിലേക്ക്‌ അയാൾ
കൂപ്പുകുത്തുമ്പോൾ ദാരിദ്ര്യം യുവതയുടെ ആർജിതശക്തിയിൽ
പടർന്നുകയറുകയായിരുന്നു. മരത്തോടെന്നപോലെ അയാൾക്ക്‌ മനുഷ്യനോടും
എതിർവാക്കില്ലായിരുന്നല്ലോ! അധ്വാനത്തിന്റെ പ്രതിഫലത്തെ
മദ്യക്കച്ചവടക്കാരന്റെ നേർച്ചപ്പെട്ടിയിൽ കാണിക്കയിടുന്നുവേന്ന്‌
ദോഷൈക്ദൃക്കുകൾപോലും അയാളെപ്പറ്റി പറയില്ല.
  സർക്കാർവെളിയിലെ ചോർന്നൊലിക്കുന്ന കുടിലും സ്ത്രീയുടെ രൂപംപോലും
നഷ്ടപ്പെട്ട ഭാര്യയും നെഞ്ചുന്തി വയറൊട്ടിയ പേക്കോലങ്ങളായ മൂന്ന്‌
മക്കളും അയാളെപ്പോലെത്തന്നെ മരത്തെ സ്നേഹിക്കുന്ന സന്തത്തസഹചാരിയായ
മഴുവും ഏതാനും പൊട്ടിപ്പൊളിഞ്ഞ അലൂമിനിയം പാത്രങ്ങളുംമാത്രമാണ്‌,
മറ്റാരും അവകാശപ്പെടാനില്ലാത്ത അയാളുടെ സ്വത്ത്‌.
  ആധുനിക മനുഷ്യൻതീർത്ത അത്യാധുനിക യന്ത്രങ്ങൾ ദിവാകരന്റെയും
മഴുവിന്റെയും സ്ഥാനം ഏറ്റെടുത്തു എന്നതാണ്‌ പ്രശ്നത്തെ കൂടുതൽ
സങ്കീർണമാക്കുന്നത്‌. നിലനിൽപ്പിന്റെ നീതിശാസ്ത്രത്തെക്കാൾ അയാളെ
വേദനിപ്പിക്കുന്നത്‌ മരങ്ങളെ നിർദാക്ഷിണ്യം കൊലപ്പെടുത്തുന്ന
രീതിശാസ്ത്രത്തെയാണ്‌.
  ലാഭം ആത്യന്തിക ലക്ഷ്യമാക്കിയ ആഗോളീകരണ സാമ്പത്തിക വ്യവസ്ഥിതിയിൽ
സമയത്തിന്‌ അഗ്രിമസ്ഥാനമാണുള്ളത്‌. അവിടെ മനുഷ്യന്റെയോ പ്രകൃതിയുടെയോ
ജീവജാലങ്ങളുടെയോ വിചാരവികാരങ്ങൾക്ക്‌ പ്രസക്തിയില്ല. പണത്തിന്റെ മൂല്യം
അളക്കുക സമയത്തിന്റെ തുലാസിലാണ്‌. മഴുവും വടവും ദിവാകരനും ചേർന്ന്‌ ഒരു
ദിവസംകൊണ്ട്‌ ചെയ്യുന്ന ജോലി യന്ത്രം ഒരു മണിക്കൂർകൊണ്ട്‌ ചെയ്യും.
ജെ.സി.ബി.യും തൊഴിലാളിയും തമ്മിലുള്ള അകലംപോലെ. നവ-ഉദാരീകരണ സാമ്പത്തിക
ശാസ്ത്രത്തിന്‌ വിശക്കുന്നവന്റെ നിലവിളിപോലെ പ്രകൃതിയുടെയും
ജീവജാലങ്ങളുടെയും ഭാഷയും രോദനവും ഇമ്മെറ്റീരിയലാകുന്നു!
  ഏതായാലും ഈയിടെയായി മരംവെട്ടുകാരൻ ദിവാകരനെത്തേടി ആരും അയാളുടെ
കുടിലിലേക്ക്‌ വരാതെയായി. ഗ്രാമത്തിലുള്ളവർ മരംവെട്ട്‌ ആവശ്യത്തിനായി
കുടിലിനുമുമ്പിൽ ക്യൂനിന്നിരുന്നപ്പോൾപോലും  രണ്ടുനേരം കഷ്ടിച്ച്‌ തീ
പുകഞ്ഞിരുന്ന അയാളുടെ അടുപ്പ്‌ മാധവിയുടെയും മക്കളുടെയും ദൈന്യതയ്ക്ക്‌
ആക്കം വർധിപ്പിച്ചുകൊണ്ട്‌ വല്ലപ്പോഴും മാത്രം പുകയുന്ന ജീവിത
പരിണിതിയിലേക്ക്‌ വളരെപ്പെട്ടെന്ന്‌ സമരസപ്പെട്ടു.
  സ്റ്റേറ്റ്‌ ഹൈവേയ്ക്കായി കുടിയൊഴിപ്പിക്കുന്ന സർക്കാർ വെളിയിലെ
മരങ്ങൾ മുറിക്കാൻ വനം വകുപ്പ്‌ അധികൃതർ അനുമതി കൊടുത്തപ്പോൾതന്നെ ദിവാകരൻ
ഉറപ്പിച്ചതാണ്‌. തന്റെ പരിചരണമേറ്റ്‌ വളർന്ന കുടിലിനു മുമ്പിലുള്ള മരത്തെ
കൊലപാതകത്തിന്‌ ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന്‌. കൊലപാതകമല്ല, ഒരു
ദയാവധമെങ്കിലുമാണ്‌ അത്‌ അർഹിക്കുന്നതെന്ന്‌ അയാൾക്ക്‌ നല്ല
നിശ്ചയമുണ്ട്‌.
  സ്വയം വെട്ടിയിട്ട മരത്തെ പുണർന്ന്‌ കിടന്ന ദിവാകരന്റെ ശരീരം അപ്പോൾ
മറ്റൊരു ശിരച്ഛേദം സംഭവിച്ച മരമായി മാറിയിരുന്നു. ആ മരഗാത്രത്തെ
തങ്ങളിലേക്ക്‌ ആവാഹിച്ച്‌ അയാളുടെ പ്രിയപ്പെട്ടവർ ഘനീഭവിച്ച കദനത്തിന്റെ
വിലാപമുതിർത്തു. മരംവെട്ട്‌ യന്ത്രത്തിന്റെ വാളുകൾ മരങ്ങൾക്ക്‌ വധശിക്ഷ
നടപ്പാക്കുന്ന ഭീകരസ്വരത്തിൽ ആ വിലാപങ്ങൾ അലിഞ്ഞുചേർന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...