സാക്ഷ

 അജിത്ത് കെ.സി

വീട്ടിലെ ഗൂര്‍ഖയാണെങ്കിലും
പേടിത്തൊണ്ടനാണ്
സാക്ഷ,
രാത്രിയുണര്‍ന്നാല്‍
ക്ട്ക്ടാന്ന് പെടയ്ക്കും…
ഉച്ചച്ചൂടില്‍,
കതകിനു പിന്നില്‍
പമ്മിയിരുന്ന സാക്ഷയെ
കയ്യോടെ പിടിച്ച്
ഒറ്റയാണിയില്‍
ചുറ്റിക വീഴ്ത്തി
‘ചുപ്’ പറഞ്ഞപ്പോള്‍
ഉണ്ണി ഊറിച്ചിരിച്ചു,
അമ്മ മിഴിച്ചു നോക്കി,
ഊം ഊംന്ന് ഉണ്ണി
കണ്ണിറുക്കി തോളുകുലുക്കി…
നഖത്തില്‍ ചുമ്മിയ
ചുറ്റികയെറിഞ്ഞ്
അമ്മ അരിശം പൂണ്ടു,
നീറ്റലൂതിയാറ്റി
ഉണ്ണി അരികെയിരുന്നു…
നഖത്തിലെ
ചെണ്ടുറോസ
നീലയായി,
രാത്രിയായി,
പിന്നെയുമാരോ കതകുലച്ചു,
സാക്ഷ പേടിച്ച്
നിശ്ശബ്ദം വിറച്ചു,
ഉണ്ണിക്ക് പിന്നേം ചിരി പൊട്ടി!
ഈര്‍ച്ചവാളിന്റെ
അരികു പോലെ
കതകിനു കീഴെ
നിലാവൂറിച്ചിരിച്ചു,
ആകാശക്കണ്ണുകള്‍
അടര്‍ത്തിപ്പതിച്ച
മരക്കതകില്‍
ഉള്ളുടഞ്ഞ്
ഉണ്ണിയെ നോക്കാതെ
സാക്ഷ ഇരുന്നു,
ചേച്ചി അമ്മയേയും
അമ്മ ഉണ്ണിയേയും
ചേര്‍ത്തു പിടിച്ചു,
അമ്മേടെ മാറിലും
സാക്ഷ പിടച്ചു…
ഉണ്ണിയുറങ്ങും
ചേച്ചിയുറങ്ങും
അമ്മയും സാക്ഷയും
ഉറങ്ങാതെ
രാത്രി പാതി കഴിയും,
ആടിയാടിയപ്പോള്‍ അച്ഛനെത്തും,
അമ്മ ഉറക്കം നടിക്കും
സാക്ഷ ഉറങ്ങും…
ചേച്ചി മിടുക്കി,
അമ്മ ഉറങ്ങിയ നേരം നോക്കി
സാക്ഷയെ മെല്ലെ മാറ്റിക്കിടത്തി
പടിയില്‍ കിടന്ന
അച്ഛനെ ചവിട്ടാതെ
ഒരു നാള്‍ നിലാവിലിറങ്ങി,
അന്നച്ഛന്‍ അമ്മയെ തല്ലി
അമ്മ ഉണ്ണിയെ തല്ലി
ഉണ്ണി സാക്ഷയോട് പിണങ്ങി,
ഉണ്ണി സാക്ഷയെ തല്ലി!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ