19 May 2012

വ്യത്യസ്തമായൊരു കരിക്കിൻ വെള്ളം - കൊക്കോജൽ


ദീപ്തി നായർ എസ്‌.

നമ്മുടെ സംസ്ക്കാരവും പാരമ്പര്യവുമായി ഇഴചേർന്നിരിക്കുന്നു നാളികേരം.
ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആഹാരത്തിലും അവിഭാജ്യ ഘടകമാണിത്‌.
പ്രകൃതിയുടെ വരദാനമായ ഇളനീർ ദാഹമകറ്റാൻ അനാദികാലം മുതൽക്കേ ഉപയോഗിച്ച്‌
വരുന്നു. നമ്മുടെ നാട്ടിൽ വർഷം മുഴുവൻ സുലഭമായ ഇളനീർ പുതുമയോടെ കുടിക്കാൻ
കിട്ടുമ്പോൾ അതിനെ പായ്ക്കറ്റിലാക്കി കുടിക്കുന്ന കാര്യം ആരുംതന്നെ
ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല.
അവിടെയാണ്‌ അജയ്കുമാർ ജെയിൻ വ്യത്യസ്തമായി ചിന്തിച്ചതും പ്രവർത്തിച്ചതും.
ഗുവാഹട്ടി സ്വദേശിയായ ഈ കോമേഴ്സ്‌ ബിരുദധാരി പോഷകസമൃദ്ധമായ
കരിക്കിൻവെള്ളം പായ്ക്കറ്റിലാക്കാൻതന്നെ തീരുമാനിച്ചു.
പായ്ക്കറ്റിലാക്കിയ കരിക്കിൻ വെള്ളമെന്ന ആശയം
പ്രവൃത്തിപഥത്തിലെത്തിക്കുവാനു
ള്ള പരിശ്രമം 1997ൽ ആരംഭിച്ചു.
നമ്മുടെ രാജ്യത്തെ കേരപശ്ചാത്തലം വിലയിരുത്തിയ ജെയിൻ പൊള്ളാച്ചിയിലും
മദ്ദൂരും ശ്രദ്ധകേന്ദ്രീകരിച്ചു.  അവസാനം ഇളനീർ വിപണിയായ മദ്ദൂറിന്റേയും
ഗവേഷണസ്ഥാപനങ്ങളായ സേൻട്രൽ ഫുഡ്‌ ടെക്നോളജിക്കൽ റിസർച്ച്‌
ഇൻസ്റ്റിറ്റിയൂട്ട്‌, ഡിഫൻസ്‌ ഫുഡ്‌ റിസർച്ച്‌ ലബോറട്ടറി എന്നിവയുടെയും
സാമീപ്യം കണക്കിലെടുത്ത്‌ തന്റെ സംരംഭം ആരംഭിക്കുവാൻ ബാംഗ്ലൂർ നഗരം തന്നെ
തെരഞ്ഞെടുത്തു. ഇതേ സമയത്താണ്‌ അദ്ദേഹം നാളികേര വികസന ബോർഡുമായി
ബന്ധപ്പെടുന്നത്‌.

അതിനെ തക്കസമയത്ത്‌ നടന്ന ഒരു യാദൃശ്ചികതയായി കരുതാം. അതേ കാലയളവിലാണ്‌
നാളികേര വികസന ബോർഡ്‌ ഡിഫൻസ്‌ ഫുഡ്‌ റിസർച്ച്‌ ലബോറട്ടറിയുമായി
സഹകരിച്ച്‌ കരിക്കിൻവെള്ളം സംസ്ക്കരിച്ച്‌ പായ്ക്കറ്റിലാക്കുന്നതിനുള്ള
സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്‌. ബോർഡ്‌ ഉൽപന്നത്തിന്റെ
വാണിജ്യവത്ക്കരണത്തിനുള്ള ശ്രമത്തിലായിരുന്നു. സാങ്കേതിക വിദ്യ കൈമാറ്റം
ചെയ്യുന്നതിനുള്ള പ്രാരംഭമായി പരസ്യം നൽകുന്നതിനുള്ള നടപടികളിലായിരുന്നു
ബോർഡ്‌ അപ്പോൾ. ഇതേ സമയത്താണ്‌ ജെയിൻ ബോർഡിനെ സമീപിക്കുന്നത്‌.
സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിന്‌ തെരഞ്ഞെടുത്ത ആദ്യത്തെ ആൾ
അജയകുമാർ ജെയിൻ ആയിരുന്നു. സാങ്കേതിക വിദ്യ വാണിജ്യവത്ക്കരിക്കുന്നതിന്‌
നിരവധി കടമ്പകൾ കടക്കേണ്ടിയിരുന്നു. സാങ്കേതികവിദ്യ കേന്ദ്രഗവണ്‍മന്റ്‌
അംഗീകരിച്ചശേഷം മാത്രമാണ്‌ യൂണിറ്റ്‌ സ്ഥാപിച്ചതു. മനസ്സിലുദിച്ച ആശയം
പ്രാവർത്തികമാക്കാനുള്ള പരിശ്രമം 1997ൽ ആരംഭിച്ചെങ്കിലും രണ്ടരവർഷം
കഴിഞ്ഞുമാത്രമേ ഉത്പാദനം ആരംഭിക്കുവാൻ കഴിഞ്ഞുള്ളൂ.
യൂണിറ്റ്‌ 1999ൽ വാണിജ്യോത്പാദനം ആരംഭിച്ചു. കൊക്കോജൽ എന്ന ബ്രാൻഡ്‌
നാമത്തിൽ പൗച്ചിൽ പായ്ക്ക്‌ ചെയ്ത ഉൽപന്നം 2000ൽ നടന്ന ആഹാർ
എക്സിബിഷനിലാണ്‌ വിപണിയിലിറക്കിയത്‌. എക്സിബിഷനിൽ ജനങ്ങൾക്കിടയിൽ
ഉൽപന്നത്തിന്‌ അഭൂതപൂർവ്വമായ സ്വീകാര്യതയാണ്‌ ലഭിച്ചതു.  ജനം അത്ഭുത
പരതന്ത്രരായിരുന്നു; സന്തോഷത്തോടെ അവർ പുതിയ ഉൽപന്നത്തെ സ്വീകരിച്ചു.
ജെയിന്റെ മനസ്സിലെ ആശങ്കകളെല്ലാം ദൂരെപറത്തി കൊക്കോജൽ ആവേശത്തോടെ
മുന്നേറി.
പിന്നീട്‌, പൗച്ചിൽ പായ്ക്ക്‌ ചെയ്തിരുന്ന കരിക്കിൻവെള്ളം പെറ്റ്‌
ബോട്ടിലുകളിൽ പായ്ക്ക്‌ ചെയ്യുവാൻ തുടങ്ങി.  പൗച്ചുകൾ ഉപയോഗിക്കുവാൻ
ബുദ്ധിമുട്ടായതിനാലാണ്‌ ബോട്ടിലുകളിലേക്ക്‌ മാറിയത്‌. ഡിഫൻസ്‌ ഫുഡ്‌
റിസർച്ച്‌ ലബോറട്ടറിയുടെ സഹായത്തോടെയാണ്‌ ബോട്ടിലുകളിൽ പായ്ക്ക്‌ ചെയ്ത്‌
തുടങ്ങിയത്‌.

യൂണിറ്റിനാവശ്യമായ കരിക്ക്‌ മദ്ദൂർ വിപണിയിൽ നിന്നാണ്‌ ശേഖരിക്കുന്നത്‌.
കരിക്കൊന്നിന്‌ 7 രൂപ മുതൽ 10 രൂപവരെ വിലവരും. 15000 ബോട്ടിൽ കൊക്കോജൽ
ഉത്പാദിപ്പിക്കുന്നതിന്‌ 13000 മുതൽ 14000 വരെ കരിക്ക്‌
സംസ്ക്കരിക്കേണ്ടിവരുന്നുണ്ട്‌, കൊക്കോജലിന്‌ ദക്ഷിണേന്ത്യയിൽ 20 രൂപയും
മറ്റ്‌ സംസ്ഥാനങ്ങളിൽ 25 രൂപയുമാണ്‌ വില. പ്രധാനമായും ബാംഗ്ലൂർ, ഡൽഹി
എന്നിവിടങ്ങളിലാണ്‌ ആദ്യകാലത്ത്‌ വിപണനത്തിന്‌ ശ്രദ്ധ
കേന്ദ്രീകരിച്ചിരുന്നത്‌. പിന്നീട്‌, ചൂട്‌ കൂടുതൽ അനുഭവപ്പെടുന്ന
രാജസ്ഥാൻ, പഞ്ചാബ്‌, ഹരിയാന എന്നിവിടങ്ങളിൽ വിപണി കണ്ടെത്തി. കരിക്ക്‌
സമൃദ്ധമായി ലഭിക്കുന്ന തീരപ്രദേശങ്ങൾ ഒഴിവാക്കിയായിരുന്നു വിപണനം. വിപണി
കണ്ടെത്താൻ നാളികേര വികസന ബോർഡിന്റെ സഹായം ഉണ്ടായിരുന്നു.  ഹോട്ടലുകളിലും
റെസ്റ്റോറന്റുകളിലും സൂപ്പർ മാർക്കറ്റുകളിലും മറ്റും വിൽപ്പനയ്ക്ക്‌
വെയ്ക്കുകയും ബോർഡിന്റെ എക്സിബിഷനുകളിൽ പങ്കെടുക്കുകയും ചെയ്തതുവഴി
ഏകദേശം ആറ്‌ വർഷത്തിനുള്ളിൽ വിപണിയിൽ ഇടം കണ്ടെത്താൻ കഴിഞ്ഞു.
പെറ്റ്‌ ബോട്ടിലുകളിൽ പായ്ക്ക്‌ ചെയ്ത കൊക്കോജൽ പശ്ചിമേഷ്യൻ
രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും കയറ്റി അയയ്ക്കുന്നുണ്ട്‌. ഗുണമേന്മ
നിയന്ത്രണ മാനദണ്ഡങ്ങൾ അനുസരിച്ച്‌ ഉത്പാദിപ്പിക്കുന്ന കൊക്കോജലിന്റെ
യൂണിറ്റിൽ ഒരു ക്വാളിറ്റി ലബോറട്ടറിയും പ്രവർത്തിക്കുന്നുണ്ട്‌.
വിപണി കൈയ്യടക്കികഴിഞ്ഞപ്പോൾ ജെയിൻ ഉൽപന്നവൈവിദ്ധ്യവത്ക്കരണത്തിലേക്ക്‌
കടന്നു. കരിക്കിൻ വെള്ളത്തോടൊപ്പം നാരങ്ങാനീര്‌, മാങ്ങ, പൈനാപ്പിൾ എന്നീ
പഴങ്ങളുടെ ചാറ്‌ എന്നിവ കലർത്തി പുതിയ ഉൽപന്നങ്ങൾ വിപണിയിലിറക്കി.
വിപണി വിപുലമാക്കാൻ ജെയിനിന്‌ മുൻപിൽ പല ലക്ഷ്യങ്ങളുമുണ്ട്‌.
കരിക്കിൻവെള്ളം 20 ലിറ്ററിന്റെ കണ്ടെയ്നറുകളിൽ പായ്ക്ക്‌ ചെയ്ത്‌
ഒരുവർഷത്തെ സൂക്ഷിപ്പ്‌ കാലയളവോടെ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നു.
ഓഫീസുകളിലും വ്യാപാരസ്ഥാപനങ്ങളിലും വിൽപനചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്‌.
വിദേശവിപണി വിപുലമാക്കാനും ലക്ഷ്യമിടുന്നു.
മാർക്കറ്റിംഗ്‌ ഓഫീസർ, നാളികേര
വികസന ബോർഡ്‌, കൊച്ചി-11

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...