19 May 2012

കൈലാസനാഥന്‌ കേരവൃക്ഷക്കനി


ഡോ. വിജയൻ ചാലോട്‌

അമ്മവീട്‌ റോഡരികിലായിരുന്നു. വഴിയാത്രക്കാർക്ക്‌ പലപ്പോഴും
ആശ്രയമാകാറുണ്ട്‌. നടന്ന്‌ തളർന്ന്‌ വരുന്നവർക്ക്‌ ഒന്ന്‌ വിശ്രമിക്കാം,
ഇത്തിരി വെള്ളം കുടിക്കാം. ഇത്‌ പണ്ടുപണ്ടേയുള്ള പതിവത്രെ. അമ്മാവന്മാരും
ഇത്‌ തുടർന്നുപോന്നു. അവർ നാല്‌ കുടുംബങ്ങൾ അവിടെ കൂട്ടായി
താമസിക്കുകയായിരുന്നു; ദീർഘകാലം അത്‌ തുടർന്നു. ധാരാളം കുട്ടികൾ
കളിച്ചുതിമിർക്കുന്ന ഒരു വീട്‌! ആ കൂട്ടത്തിൽ പലപ്പോഴും ഞാനുമുണ്ടാകും,
വേനൽക്കാല വിനോദങ്ങളിലെ പങ്കാളിയായി.
മധ്യവേനലറുതിയിൽ സ്കൂൾ തുറക്കുകയായി. കുറേ നഷ്ടബോധവും ഇത്തിരി ആഹ്ലാദവും.
വർഷാദ്യത്തിലെ സ്കൂൾ ദിനങ്ങൾ തെല്ല്‌ അസ്വസ്ഥത തന്നെ നൽകി. വേനൽക്കാല
സ്വാതന്ത്ര്യത്തിൽ നിന്ന്‌ സ്കൂൾ നിഷ്ഠകളിലേക്ക്‌, മാമ്പഴക്കാല
സമൃദ്ധിയിൽ നിന്ന്‌ വിശക്കുന്ന പകലുകളിലേക്ക്‌.........
തെല്ല്‌ ആശ്വാസം നൽകുന്നത്‌ ഇളനീക്കാരുടെ വരവാണ്‌. ഇളനീരുകൾ
പ്രത്യേകതരത്തിൽ ചേർത്തുകെട്ടി ചുമലിൽപേറി, കാൽനടയായി, ചിനച്ചുകൊണ്ടാണ്‌
(പ്രത്യേകതാളത്തിൽ ഓ..... എന്ന്‌ ശബ്ദമുണ്ടാക്കിക്കൊണ്ട്‌) അവർ വരിക.
വെളുത്ത മുണ്ടുടുത്ത്‌ മേൽമുണ്ട്‌ ധരിച്ചവർ; പാളത്തൊപ്പിയും
ധരിക്കാറുണ്ട്‌. പണം സൂക്ഷിക്കുവാനുള്ള അറകളുള്ള പലനിറത്തിലുള്ള
അരപ്പട്ടകളും അവർ ധരിക്കുമായിരുന്നു.  വൈകുന്നേരത്തോടെ
അമ്മവീട്ടിലെത്തുന്ന അവർ ആ രാത്രി അവിടെക്കഴിയും.  ഭക്ഷണം സ്വന്തമായി
വെച്ച്‌ കഴിക്കുകയാണ്‌ വ്രതനിഷ്ഠ. പിറ്റേന്ന്‌ രാവിലെ കുളികഴിഞ്ഞ്‌
ഇളനീരുമെടുത്ത്‌ അവർ പുറപ്പെടും. യാത്ര പറഞ്ഞിറങ്ങുമ്പോൾ ഒരു പതിവുണ്ട്‌
- അരപ്പട്ടയുടെ അറകൾ തുറന്ന്‌ നാണയങ്ങളെടുത്ത്‌ കുട്ടികൾക്കെല്ലാം
കൊടുക്കും. അതുവാങ്ങാനായി, ഞങ്ങൾ പുലർച്ചേ ഉണർന്ന്‌ കണ്ണുതിരുമ്മി അവരുടെ
മുമ്പിലേക്ക്‌ നീങ്ങിനിൽക്കും - ഞാനും ഇവിടെയുണ്ടേ എന്ന്‌ കാണിക്കും
മട്ടിൽ. എല്ലാവർക്കും കിട്ടും നാണയത്തുട്ടുകൾ. ഭാഗ്യംപോലെ അതിന്റെ
വലിപ്പചെറുപ്പങ്ങൾ മാറും എന്നുമാത്രം. അവർക്ക്‌ മനസായാത്ര പറഞ്ഞുകൊണ്ട്‌,
കിട്ടിയ നാണയത്തുട്ടുകളെ ഓമനിച്ചുകൊണ്ട്‌ ഞങ്ങൾ പിന്മാറും. ഇളനീക്കാർ
(അങ്ങനെയാണ്‌ അവരെ നാട്ടുകാർ  വിളിക്കാറ്‌) പോകും. കൊട്ടിയൂരേക്കാണ്‌
പോകുന്നത്‌. ഒരു രാത്രി കൂടി എവിടെയെങ്കിലും തങ്ങിയേക്കും.  അവിടെയും
കുട്ടികൾ കാണും, അവരുടെ ?ഭാഗ്യ? ത്തെക്കുറിച്ചോർക്കും. അത്രയൊക്കെയേ
ഞങ്ങൾക്ക്‌ അന്നറിയുമായിരുന്നുള്ളൂ.
പിൽക്കാലത്തറിഞ്ഞു, കൊട്ടിയൂരിൽ ഒരുമാസത്തെ വൈശാഖോത്സവത്തോട
നുബന്ധിച്ചുള്ള ഇളനീരാട്ടത്തിനാണ്‌ ഇവർ പോകുന്നത്‌. നാടിന്റെ
നാനാഭാഗങ്ങളിൽ നിന്നായി, നാലും ആറും ഇളനീരുകൾ, പച്ചോല മടലിൽ
പ്രത്യേകതരത്തിൽ കോർത്തുകെട്ടി, ചുമലിൽപേറി നടന്നാണ്‌ ഇവരുടെ യാത്ര.
വഴിനീളെ യാത്ര അറിയിച്ചുകൊണ്ട്‌ ചിനയ്ക്കുക പതിവാണ്‌, വഴിയ്ക്കുള്ള
പ്രധാന അരയാൽതറകളിലും മറ്റും ഇളനീർ വെച്ച്‌ വന്ദിച്ചുകൊണ്ട്‌ യാത്ര
തുടരുന്ന പതിവുമുണ്ട്‌.
എല്ലാ വേനലറുതികളിലും അമ്മവീട്ടിൽ ഇളനീക്കാർ വന്നുംപോയും കൊണ്ടിരുന്നു.
അവർ നൽകുന്ന നാണയത്തുട്ടുകൾ ഞങ്ങളുടെ ആഹ്ലാദത്തിന്‌ വർഷംതോറും
ആവർത്തനങ്ങളുണ്ടാക്കിക്കൊണ്ടിരു
ന്നു. (കുഞ്ഞിരാമനമ്മാവന്റെ മൂത്തമകൻ രജി
ഇപ്പോഴും ഇളനീക്കാർക്ക്‌ ആതിഥേയ നാണ്‌) വർഷങ്ങളേറെക്കഴിഞ്ഞാണ്‌ ഞങ്ങളുടെ
ഭാവനയിലെ കൊട്ടിയൂർ നേരിട്ട്‌ കാണാൻ കഴിഞ്ഞത്‌. പുഴയ്ക്ക്‌ ഇക്കരെയും
അക്കരെയുമായാണ്‌ ദേവസ്ഥാനങ്ങൾ, ഒരു മാസത്തെ ഉത്സവമാണ്‌. നിശ്ചിതദിവസം
കഴിയു മ്പോഴാണ്‌ അക്കരെകൊട്ടിയൂരിലേക്ക്‌ പ്രവേശനം, സ്ത്രീകളുടെ പ്രവേശന
ത്തിനുമുണ്ട്‌ ചില പ്രത്യേക നിഷ്ഠകൾ.
കൊട്ടിയൂരിലെ ആഘോഷങ്ങൾക്ക്‌ പിന്നിൽ കൈലാസത്തോളം നീളുന്ന
വിശ്വാസപ്പെരുമയാണുള്ളത്‌. ദക്ഷയാഗം നടന്ന സ്ഥലമാണത്രേ കൊട്ടിയൂർ.
ദക്ഷപ്രജാപതി ബ്രഹ്മാവിന്റെ ശരീരത്തിൽ നിന്ന്‌ സൃഷ്ടിക്കപ്പെട്ടു.
ബ്രഹ്മാവ്‌ ഇങ്ങനെതന്നെ സൃഷ്ടിച്ച വീരണി (അസിക്നി)യായിരുന്നു  ഭാര്യ.
അവരുടെ ഇളയമകൾ സതി ശിവന്റെ ഭാര്യയായി. ദക്ഷനും ജാമാതാവും തമ്മിൽ പിണങ്ങി.
ദക്ഷയാഗത്തിന്‌ ശിവനേയോ, സതിയേയോ ക്ഷണിച്ചില്ല. ക്ഷണമില്ലാതേയും പോകാൻ
സതി ശഠിച്ചു.  ക്ഷണിക്കാതെ എത്തിയ മകളെ ദക്ഷൻ അപമാനിച്ചു. സഹിക്കവയ്യാതെ
സതി യാഗാഗ്നിയിൽ ചാടി സ്വയം ദഹിച്ചു. വിവരമറിഞ്ഞ ശിവൻ രൗദ്രഭാവത്തിൽ
കുതിച്ചെത്തി. യാഗദേവതത്തന്നെ വിരണ്ടോടി. യാഗം മുടങ്ങി, ദക്ഷൻ
വധിക്കപ്പെട്ടു. (ശിവഗണങ്ങളിൽപ്പെട്ട വീരഭദ്രനും ഭദ്രകാളിയുമാണ്‌
കൊട്ടിയൂരെത്തി ദക്ഷനെ വധിച്ചതെന്നും കഥയുണ്ട്‌). ഏതായാലും കോപവും താപവും
മുഴുത്ത മഹാദേവ ഭാവമാണ്‌ കൊട്ടിയൂരിലെ സാന്നിദ്ധ്യമെന്നാണി വിശ്വാസം.
ഇതാണ്‌ കൊട്ടിയൂർ പൊരുൾ. മഹാദേവൻ പിന്നീട്‌ തപസ്സിനുപോയെന്ന്‌ കഥ
നീളുന്നു.
ഇളനീരുമായെത്തുന്ന ആയിരങ്ങൾ, സന്നിധിയിൽ ഇളനീരെറിഞ്ഞ്‌ അഭിഷേകം
നടത്തുകയാണ്‌. ഇളനീരാട്ടം എന്നാണ്‌ ഇതിനുപേര്‌. എടവമാസാന്ത്യത്തോടെ
(ജ്യേഷ്ഠ മാസം) യാണ്‌ ഈ ചടങ്ങ്‌, ഉത്സവം പിന്നെയും നീളും,
കേരവൃക്ഷക്കനിയാണ്‌ കൈലാസനാഥന്‌ ഇഷ്ടനിവേദ്യം എന്നാണ്‌ വിശ്വാസം.





എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...