മരം കയറ്റത്തിന്റെ പാഠഭേദങ്ങൾ
മെരുങ്ങുന്നില്ല.
മരങ്ങൾ പിടിമുറ്റാ തുടയിൽ നിന്ന്
ചെന്നെത്താനാവാത്ത ദൂരങ്ങളിൽ
ശാഖോപശാഖികളാകുന്നു.
അതിനപ്പുറം തെറിച്ച ഇലകളും,
അഗ്രത്തിൽ പൂത്ത ചിരികളും,
ചിരികൾ മുത്തുന്ന നീലയുമാകുന്നു.
അവയെല്ലാമിറങ്ങിക്കയറിവന്ന
മുവ്വരക്കണ്ണൻ- അണ്ണാറക്കണ്ണൻ
മേൽമീശവകഞ്ഞ് ചിരിക്കുന്നു.
ചിരിയുടെ പാഠഭേദത്തിൽ
ഒരു തലോടലിന്റെ ബലം..
അവൻ പണിഞ്ഞ പാലം വഴി
പൊട്ടിച്ചിരി വലിച്ചെറിഞ്ഞൊരു കുതിപ്പ്-
ഛ്ലിം...
ഒന്നിനും തുനിയാത്തതിനാലാവും
എന്റെ പുറത്തേക്കു തിരിച്ചുപിടിച്ച
വെറും കണ്ണാടിയിൽ
ഒരു വരപോലും തെളിഞ്ഞിട്ടില്ല.
പാലം പണിയുടെ തിരക്ക്
ഈ കടലോരത്ത്
ഇനിയും നിലച്ചിട്ടില്ലല്ലോ..
മണൽ തിട്ടയാണെങ്കിൽ
കിടന്നുരുളാൻ പാകത്തിനു
ചെരിഞ്ഞു കിടക്കുന്നു.