എഴുത്തുകാരന്റെ ഡയറി


സി.പി.രാജശേഖരൻ

വിദ്യാഭ്യാസം എന്ന കടം
       പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള ബന്ധവും കടപ്പാടുകളും മൂല്യബോധവും
ഉണർത്തുന്ന, അഥവാ ഉണർത്തേണ്ടുന്ന വിദ്യാഭ്യാസം ഇന്ന്‌ വെറുമൊരു കടമായി
അവശേഷിയ്ക്കുന്നു എന്നത്‌ ദുഃഖകരമാണ്‌. പണംകൊടുത്ത്‌ വാങ്ങുന്ന ചക്കയും
മാങ്ങയും പോലെ തിന്ന്‌ തീർക്കാവുന്നതും ചീയ്ച്ച്‌ കളയാവുന്നതുമായ
വെറുമൊരു കൊമോഡിറ്റി (സാധനം) ആണ്‌ വിദ്യാഭ്യാസം എന്ന്‌ വരുന്നത്‌
ഭാവിതലമുറയ്ക്ക്‌ ഗുണം ചെയ്യില്ല.
       കടം വാങ്ങി പഠിയ്ക്കാൻ പോവുക. ആ കടം വീട്ടാതെ നാണം കെട്ട്‌ സമൂഹത്തിൽ
ജീവിയ്ക്കുക; അഥവാ ആത്മഹത്യചെയ്യുക എന്നത്‌ പുതിയവാർത്തയല്ലാതായി. ഒരു
കുട്ടി ആത്മഹത്യ ചെയ്താലുടൻ ബാങ്കുകൾക്ക്‌ നേരെ ഹാലിളക്കാൻ മറ്റൊരു
കൂട്ടർ! നാട്ടിൽ ആരും ഒന്നും മനസ്സിലാക്കാത്ത അവസ്ഥ സംജാതമായിക്കഴിഞ്ഞു.
ഇതിനെല്ലാം ഉത്തരവാദി സ്റ്റേറ്റാണെന്നോ ബാങ്കുകളാണെന്നോ, നമ്മുടെ
സിസ്റ്റത്തിന്റെ തകരാറാണെന്നോ പറഞ്ഞ്‌ കൈകഴുകുന്നവരുടെ മദ്ധ്യത്തിലാണ്‌ ഈ
നാടകങ്ങളെല്ലാം വീണ്ടും വീണ്ടും ആവർത്തിച്ച്‌ ആടുന്നതും. വ്യക്തികൾക്ക്‌
ഇതിൽ പങ്കില്ലെന്ന്‌ വാദിയ്ക്കാൻ എനിയ്ക്കാവില്ല.
       'പണമില്ലാത്തവർക്ക്‌ പഠിയ്ക്കേണ്ടേ?' ചോദ്യം കേട്ടാൽ ന്യായമാണെന്ന്‌
തോന്നും. മറിച്ചൊരു ചോദ്യം ഉണ്ടല്ലോ. ഓരോ കോഴ്സിനും നല്ലമാർക്ക്‌
വാങ്ങുന്നവർക്ക്‌ തുടർന്ന്‌ പഠിയ്ക്കാനുള്ള സൗകര്യം സ്റ്റേറ്റ്‌ തന്നെ
ഒരുക്കിയിട്ടുണ്ട്‌. പക്ഷേ, നമുക്ക്‌ ഇഷ്ടമുള്ളത്‌ ഇഷ്ടംപോലെ പഠിയ്ക്കാൻ
സ്റ്റേറ്റും ബാങ്കുകളും സമ്മതിയ്ക്കണമെന്നത്‌ ഒരുതരം ദുശ്ശാഠ്യമാണ്‌
താനും. അമിതഫീസ്‌ നൽകാതെതന്നെ, പ്രത്യേകിച്ച്‌ പണമില്ലാത്തവർക്ക്‌,
സൗജന്യമായിത്തന്നെ പഠിച്ചെടുക്കാവുന്ന അനവധി തൊഴിലുകളും വിദ്യാഭ്യാസ
രംഗങ്ങളും ഉള്ള നമ്മുടെ നാട്ടിൽ അതൊന്നും അന്വേഷിയ്ക്കാതെ എനിക്ക്‌
ഡോക്ടറാകണം, എൻജീനീയറാകണം, നഴ്സാവണം, അതും ഞാൻ ആഗ്രഹിയ്ക്കുന്ന
സംസ്ഥാനത്തോ, അന്യരാജ്യങ്ങളിലോ പോയിതന്നെ പഠിയ്ക്കണം, അതിന്‌ പണം
മറ്റുള്ളവർ തരണം എന്ന വാദഗതി എത്രത്തോളം ശരിയാണ്‌ എന്ന്‌
ചിന്തിയ്ക്കേണ്ടതുണ്ട്‌. കടം കൊടുക്കാൻ ഒരു വകുപ്പുണ്ടാക്കി എന്നതിനാൽ
എല്ലാവർക്കും കടം കൊടുക്കുക എന്നോ എല്ലാവരും തിരിച്ചടയ്ക്കാനുള്ള
വഴികാണാതെ കടംവാങ്ങുക എന്നോ ചിന്തിച്ചാൽ നമുക്ക്‌ സാരമായി എന്തോ
ബാധിച്ചിട്ടുണ്ട്‌ എന്ന്‌ അർത്ഥം. 'കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ
വലി' എന്ന്‌ വിശ്വസിച്ച്‌ മുതല്‌ ആരുടെയായാലും അത്‌ നമുക്കായി
വലിച്ചെടുക്കുന്ന പ്രവണത കേരളക്കാരെ കുടുക്കിക്കഴിഞ്ഞിട്ടുണ്ട്‌.
അതുകൊണ്ടാണ്‌ കാട്ടിൽ തടിയില്ലാതായി തുടങ്ങിയത്‌.
       ബാങ്കുകൾക്ക്‌ പറയാനുള്ളത്‌ നാം കേട്ടില്ലേൽ, പിന്നെ ആരു കേൾക്കും!?
ഇപ്പോൾ തന്നെ പതിനായിരം കോടി, വിദ്യാഭ്യാസ വായ്പ നൽകിക്കഴിഞ്ഞെന്നും അത്‌
അനേകം ലക്ഷം വിദ്യാർത്ഥികൾക്ക്‌  പ്രയോജനപ്പെട്ടിട്ടുണ്ട്‌ എന്നുമാണ്‌
ബാങ്കുകാർ പറയുന്നത്‌. കാലാവധി കഴിഞ്ഞിട്ടും തിരിച്ചടയ്ക്കാത്ത 438 കോടി
രൂപ കേരളത്തിൽ തന്നെ തിരിച്ച്‌ പിടിയ്ക്കാനുണ്ട്‌ എന്നും അവർ പറയുന്നു.
ഇനി കാലാവധി പൂർത്തിയാക്കാനുള്ള ആയിരക്കണക്കിന്‌ കോടികൾ വേറെയും
പിരിച്ചെടുക്കാനുണ്ട്‌. പേടിയ്ക്കേണ്ട; ഞാൻ ബാങ്കിന്റെ പക്ഷം പറയുകയല്ല,
ബാങ്കിൽ നിന്ന്‌ ഒരു വിദ്യാഭ്യാസ ലോൺ എടുക്കുകയും, ജീവിതച്ചിലവ്‌
കുറച്ച്‌, അൽപം കഷ്ടപ്പെട്ട്‌ ആ ലോൺ തിരിച്ചടയ്ക്കുകയും ചെയ്ത്‌ മാനം
രക്ഷിച്ച ഒരാളാണ്‌ ഇതെഴുതുന്നത്‌. ലോൺ തിരിച്ചടയ്ക്കുന്ന
മാസതവണമുടങ്ങിയാൽ ബാങ്കുകാർ എന്തെല്ലാം അന്യായം ചെയ്യുമെന്നും അറിയാം.
പക്ഷേ, അതല്ല ഇവിടെ വിഷയം. എല്ലാത്തിനും സൗജന്യവും കടവും
കിട്ടാനുണ്ടെങ്കിൽ, പിന്നെ നാമെന്തിനാണ്‌ കഷ്ടപ്പെട്ട്‌ ഓരോന്ന്‌
സ്വന്തമായി സംഘടിപ്പിയ്ക്കുന്നത്‌ എന്ന ചിന്ത ഓരോ കേരളക്കാരനും വന്നു
കഴിഞ്ഞു. അതിന്റെ വിപത്താണ്‌ നാം ഇവിടെ ചർച്ച ചെയ്യേണ്ടത്‌. ഉള്ളതെല്ലാം
തിന്ന്‌ തീർന്നാൽ പിന്നെ നാം ഉണ്ടാക്കിയില്ലെങ്കിൽ എവിടുന്ന്‌ കിട്ടും.
എന്നും സൗജന്യമായും കടമായും കിട്ടുന്നതുകൊണ്ട്‌ കാലം കഴിയ്ക്കാനാകുമോ!?
       കാർഷിക വായ്പയെടുത്തവരിൽ ചിലർ ആത്മഹത്യ ചെയ്തു എന്ന വാർത്ത വന്നയുടനെ
കേന്ദ്രസർക്കാർ ഇടപെട്ട്‌ കുറെയധികം കടം എഴുതിത്തള്ളി. ഈ എഴുതിത്തള്ളി,
ആധാരം തിരിച്ചു വാങ്ങിയ ആരെയെങ്കിലും കുറിച്ച്‌ നിങ്ങൾ വീണ്ടും
അന്വേഷിച്ചിട്ടുണ്ടോ? ഒരു കടം എഴുതിത്തള്ളി ആധാരം തിരിച്ചുവാങ്ങി
ആശ്വസിയ്ക്കുകയല്ല ചെയ്തത്‌. മറിച്ച്‌, അതിൽ 90 ശതമാനം പേരും ആ ആധാരം
തിരികെ കൊണ്ടുവന്ന്‌ അതേ ബാങ്കിലോ, മറ്റേതെങ്കിലും ബാങ്കിലോ വച്ച്‌
വീണ്ടും കടമെടുത്തത്തായിക്കാണാം. ഇനി വീണ്ടും എഴുതിത്തള്ളും എന്ന
പ്രതീക്ഷയിലാണവർ. അതിന്‌ ഉപോൽബലകമായി ആരെങ്കിലും എവിടെയെങ്കിലുമൊക്കെ
ആത്മഹത്യ ചെയ്യുമെന്നും ഇക്കൂട്ടർക്ക്‌ അറിയാം. നമ്മുടെ സഹകരണബാങ്കുകൾ,
നിലനിൽക്കുന്നതും പണം പിരിയ്ക്കുന്നതും പണം കടം കൊടുക്കുന്നതുമെല്ലാം
എങ്ങിനെയെന്ന്‌ ഒന്ന്‌ അടുത്തറിയേണ്ടതുണ്ട്‌. അതിലുപരി രാജ്യത്തിന്റെ പണം
എവിടുന്ന്‌ ഉണ്ടാകുന്നു; എത്രയുണ്ട്‌; അതിൽ എത്ര ചിലവാകുന്നു, എങ്ങിനെ
എന്നൊക്കെ സാധാരണക്കാർക്ക്‌ അറിയേണ്ട കാര്യമില്ല; ഭരണാധികാരികളെങ്കിലും
ഇതൊക്കെ അറിയേണ്ടതുണ്ട്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ