17 Jun 2012

ചെകുത്താന്മാരുടെ ദേശീയോത്സവം


എം.സുബൈർ

മണിക്കൂറുകൾ നീണ്ടുനിന്ന അതിഘോരവും ഭീകരവുമായ കരിമരുന്ന്‌
പ്രയോഗത്തോടുകൂടിയാണ്‌ ചെകുത്താന്മാരുടെ ദേശീയോത്സവത്തിന്‌ തുടക്കം
കുറിച്ചതു. കാതടപ്പിക്കുന്ന വെടിക്കെട്ട്‌ കേട്ടുണർന്ന ചെകുത്താന്മാർ
കറുത്ത കുപ്പായങ്ങൾ ധരിച്ച്‌ കൊമ്പും നഖവും മിനുക്കി, കോമ്പല്ലുകൾ
മൂർച്ചകൂട്ടി ഉത്സവ ലഹരിയിലേക്ക്‌ ആണ്ടിറങ്ങുകയായി.
ദൈവം മരിച്ചതിനുശേഷം ഉയർത്തെഴുന്നേൽക്കുന്നതുവരെയുള്
ള മൂന്നു ദിവസങ്ങൾ,
ലോകത്തെ അനാഥമാക്കിയ ആ ദിവസങ്ങളുടെ ഭരണം സാത്താന്മാർ ഏറ്റെടുക്കുകയും
ആടിതിമർക്കുകയും ചെയ്തു.
ചെകുത്താന്മാരുടെ വസന്തകാലം.
കഴിഞ്ഞുപോയ ആ നല്ല ദിവസങ്ങളുടെ ഓർമ്മയ്ക്കായാണ്‌ ദുഃഖവെള്ളിയാഴ്ച മുതൽ
ഈസ്റ്റർവരെ സാത്താന്മാർ ദേശീയോത്സവമായി കൊണ്ടാടുന്നത്‌. ഉത്സാഹഭരിതരായ
കുട്ടിച്ചേകുത്താന്മാർ ചൂതാട്ടം, മദ്യപാനം, മുതലായ ലളിത കലകളിൽ മുഴുകി.
മുതിർന്നവർ സ്ത്രീപുരുഷ ഭേദമന്യേ പാചകകലകളിൽ ഏർപ്പെട്ടു. കുടിച്ചു
വളരേണ്ടതാണ്‌ തള്ളയുടെ അമ്മിഞ്ഞപ്പാൽ എന്നാൽ ജീവാമൃതമായ ആ പാലിൽ
പുഴുങ്ങിയ ആട്ടിൻകുട്ടികളുടെ ഇളംമാംസമാണ്‌ ഉത്സവകാലത്തെ ഇവരുടെ
ഇഷ്ടവിഭവം, കുടിക്കുവാൻ ചുടുരക്തവും. അട്ടഹാസങ്ങളും അലർച്ചകളും
കോർത്തിണക്കിയ റാപ്‌ മ്യൂസിക്കും റോക്ക്‌ മ്യൂസിക്കും കൊണ്ട്‌ സംഗീത
സാന്ദ്രമായ അന്തരീക്ഷത്തിൽ ചെകുത്താന്മാർ മദ്യപിക്കുകയും ആടുകയും
പാടുകയും രതിക്രീഡകളിൽ ആറാടുകയുമാണ്‌ ആകപ്പാടെ ഒരു 'സ്വർഗ്ഗീയ'
അന്തരീക്ഷം.
വെള്ളം വീഞ്ഞാക്കുന്ന വിദ്യ ദൈവത്തിൽ നിന്നും അടിച്ചുമാറ്റി അതിനെ എങ്ങനെ
ചാരായമാക്കാമെന്ന്‌ ഗവേഷണങ്ങളിലൂടെ കണ്ടുപിടിച്ച യുവശാസ്ത്ര
ചെകുത്താന്മാർ എല്ലാവരുടെയും കൈക്കുമ്പിളിൽ മദ്യം ഒഴിച്ചുകൊടുക്കുന്നു
ഒരിടത്ത്‌.
മനുഷ്യന്റെ ജനിതക ഏണിയിലൂടെ ചുറ്റി കയറി മുകളിൽ ചെന്നിരുന്ന്‌ ഒരു
ചെകുത്താൻ ഊഞ്ഞാലാടുകയും ട്രിപ്പിസുകളിക്കുകയാണ്‌. "പരുത്തിക്കുരുവിലും
വഴുതനങ്ങയിലും ഞാൻ തുടങ്ങിയിട്ടുണ്ട്‌. ഇവന്റെയൊക്കെ ജനിതകം മാറ്റി
മനുഷ്യനും മൃഗവുമല്ലാത്ത കോലത്തിലാക്കും ഞാൻ" വാലിൽ തൂങ്ങിക്കിടന്നു അയാൾ
വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
ഒരു മഹാസമ്മേളന നഗരിയിൽ പ്രതിഭാശാലികളായ സാത്താന്മാരെ ആദരിക്കുന്ന
ചടങ്ങുകൾ അരങ്ങേറുകയാണ്‌. ഇടക്ക്‌ സാത്താന്മാരുടെ കലാപ്രകടനങ്ങളും.
അമേരിക്കൻ ഭരണാധികാരികളുടെ കാതിൽ വേദമോതി അവർ ലോകപോലീസാണെന്നും,
യുദ്ധങ്ങളിലൂടെ ലോകം പിടിച്ചടക്കാമെന്നു തെറ്റിദ്ധരിപ്പിച്ച്‌. പല
രാജ്യങ്ങളിലും യുദ്ധക്കെടുതികൾ വരുത്തിവെച്ച ചെകുത്താണ്‌ "കുതന്ത്രപട്ടം"
നൽകി ആദരിക്കുന്ന ചടങ്ങാണിപ്പോൾ അമേരിക്ക ഇതുവരെ ചെയ്ത യുദ്ധങ്ങളിൽ
മൃതുവരിച്ച ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ കുഞ്ഞരിപ്പല്ലുകൾ
കോർത്തു നിർമ്മിച്ച ഹാരം കുതന്ത്ര പട്ടക്കാരെനെ അണിയിക്കുകയും
യുദ്ധക്കെടുതിയിൽ നരകിച്ച്‌ മരിച്ച വൃദ്ധരുടെ ചങ്ക്‌ പറിച്ച്‌ അതിന്റെ
ചർമ്മത്തിൽ നെയ്തെടുത്ത പൊന്നാട ചാർത്തുകയും ചെയ്തു. അയാൾ മാനവരാശിയെ
കൂട്ടക്കുരുതി ചെയ്യുവാൻ കെൽപ്പുള്ള അത്യന്താധുനിക ആയുധത്തിന്റെ
ബ്ലൂപ്രിന്റ്‌ അയാൾ പുതിയ തലമുറക്ക്‌ കൈമാറി.
ദ്രുതത്താള നിബിഡമായ സംഗീത അകമ്പടിയോടുകൂടിയ ചടുല നൃത്തത്തിനുശേഷം
ചടങ്ങുകൾ തുടർന്നു.
മനുഷ്യന്റെ ഉത്കൃഷ്ടമായ ദൈവസങ്കൽപത്തെത്തന്നെ പൊളിച്ചടുക്കി
വികൃതമാക്കിയതിന്റെ പിന്നിൽ പ്രവർത്തിച്ച സാത്താന്മാരെ ആദരിക്കുകെന്ന
ചടങ്ങാണിനി. നമുക്ക്‌ പ്രപഞ്ചനാഥനെ അറിയുവാൻ ലളിതമായ ഒരു മാർഗ്ഗം
ഉണ്ടായിരുന്നു. നിഷ്കളങ്കമായ മനസ്സോടെ നഗ്നനേത്രങ്ങൾക്കൊണ്ട്‌
പ്രപഞ്ചത്തെ നോക്കിക്കാണുക എന്നത്‌.
ഒരു പൂവിന്റെ ഭംഗിപോലും എഴുതി ഫലിപ്പിക്കുവാനോ വായിച്ചു മനസ്സിലാക്കുവാനോ
സാധിക്കാത്ത മനുഷ്യനെക്കൊണ്ട്‌ പ്രപഞ്ചനാഥനെക്കുറിച്ച്‌ പർവ്വതസമാന
ഗ്രന്ഥങ്ങളും, വ്യാഖ്യാനങ്ങളുമെഴുതിച്ച്‌ തുടർച്ചയായ വിജയങ്ങൾ
കൈവരിച്ചുകൊണ്ടിരിക്കുന്ന പണ്ഡിതചെകുത്താനാണ്‌ ആദ്യമായി വേദിയിൽ
എത്തിയത്‌. വിശ്വാസിയെന്നോ അവിശ്വാസിയെന്നോ യാതൊരു വിവേചനവുമില്ലാതെ
അനന്തശക്തിയുടെ ഒരു കൈയ്യിൽ എ.കെ.47-നും മറുകയ്യിൽ സ്വർഗ്ഗരാജ്യവും
കൊടുത്ത്‌ ആ മഹാശക്തിയെ അമ്മൂമ്മക്കഥയിലെ നായകനാക്കി ഇതിഹാസങ്ങൾ രചിച്ചതു
ഇയാൾ ആണത്രേ. പുറകെ, പ്രകൃതി ശക്തികളായ സൂര്യൻ, ഇടിമിന്നൽ മുതലായവയാണ്‌
ദൈവം എന്നു പഠിപ്പിച്ച ചെകുത്താനും വിശപ്പും ദാഹവും കാമവും ഒക്കെയുള്ള ആൾ
ദൈവങ്ങളെയാണ്‌ ആരാധിക്കേണ്ടതെന്ന്‌ പഠിപ്പിച്ച ചെകുത്താനും ഒരുമിച്ചാണ്‌
വേദിയിലേയ്ക്ക്‌ കടന്നത്‌. "വർക്ക്‌ ഈസ്‌ വർഷിപ്പ്‌" എന്ന മഹാമന്ത്രത്തെ
ജപമാണ്‌ ആരാധനയെന്ന്‌ തിരുത്തിക്കുറിക്കുകയും, ആരാധനാലയങ്ങളിൽ നുഴഞ്ഞു
കയറി പുരോഹിതവർഗ്ഗത്തിന്റെയും മതനേതാക്കളുടെയും ചിന്തകളിൽ വംശവിദ്വേഷം,
ജാതിസ്പർദ്ധ, മതഭ്രാന്ത്‌ മുതലായ വൈറസുകൾ കുത്തിവെയ്ക്കുകയും ചെയ്ത
സാത്താനും വേദിയിലേക്കു കടന്നു. പല വർഗ്ഗീയ ലഹളകളിലും നേരിട്ട്‌
പങ്കെടുത്തിട്ടുള്ള ഇയാളുടെ രണ്ട്‌ കൊമ്പും ഒരു കൈയും
നഷ്ടപ്പെട്ടിരിക്കുന്നു. ആബാലവൃദ്ധ സാത്താന്മാരും എഴുന്നേറ്റ്‌ നിന്നു
കൊമ്പുകുലുക്കി അവരോടുള്ള ബഹുമാനം പ്രകടിപ്പിച്ചു. വജ്രങ്ങളും മുത്തുകളും
കൊണ്ട്‌ അലംകൃതമായ തലയോട്ടി ഘടിപ്പിച്ച ദണ്ഡ്‌ ശ്രേഷ്ഠസാത്താന്മാർ
ഏറ്റുവാങ്ങി. തുടർന്ന്‌ മനുഷ്യർ തമ്മിൽ തല്ലുമ്പോൾ അവർ അനുഭവിക്കുന്ന
വൈകാരിക സുഖത്തെക്കുറിച്ചുള്ള ലഘു പ്രഭാഷണങ്ങൾ നടത്തി. പരസ്പരം
ആക്രമിക്കാനുള്ള പുതിയ മന്ത്രങ്ങളും ഫത്‌വകളും മനുഷ്യരെ
പഠിപ്പിക്കുവാനായ്‌ പുതുതലമുറക്ക്‌ കൈമാറുകയും ചെയ്തു.
അറിഞ്ഞതൊക്കെയും അറിവില്ലായ്മകളാണെന്നറിയുന്നത്‌ പുതിയ അറിവില്ലായ്മകൾ
പഠിക്കുമ്പോഴാണ്‌. ദൈവത്തെ അന്വേഷിച്ചുള്ള പരക്കം പാച്ചിൽ കണ്ടാൽ ദൈവം
ഒളിച്ചു കളിക്കുകയാണെന്നു തോന്നിപ്പോകും. പ്രപഞ്ച രഹസ്യമെന്നത്‌
പഞ്ചേന്ദ്രിയങ്ങൾക്കതീതമാണെന്നും, അന്വേഷണംപോലും അറിവിന്റെ
അഹന്തയാണെന്നുമുള്ള സത്യം മനസ്സിലാക്കുന്നിടത്ത്‌ അന്വേഷണം
അവസാനിക്കുന്നു.
പിന്നീട്‌ അരങ്ങേറിയത്‌ ഒരു സുന്ദരി ചെകുത്താനിയുടെ ശോകഗാനമാണ്‌. എയ്ഡ്സു
രോഗിയുടെ രക്തം ഊറ്റിക്കുടിച്ച്‌ ജീവിതം തകർന്നുപോയതിന്റെ വേവലാതി ആ
ഗാനത്തിൽ ഉണ്ടായിരുന്നു. സ്വവർഗ്ഗത്തിന്റെ കഞ്ഞിയിൽ പാറ്റ ഇട്ടതിന്‌
എയ്ഡ്സ്‌ വൈറസുകളെ ശപിക്കുകയും എയ്ഡ്സു രോഗികളായ എല്ലാ മനുഷ്യർക്കും
വേണ്ടി ദൈവത്തോടു പ്രാർത്ഥിക്കുകയും ചെയ്തു.
മനുഷ്യരെക്കൊണ്ട്‌ സ്വന്തം ഇഷ്ടത്തിന്‌ വീടുനിർമ്മിച്ച്‌ താമസിക്കാൻ
അനുവദിക്കാത്ത ചെകുത്താന്റെ പേര്‌ പലപ്രാവശ്യം വിളിച്ചിട്ടും
പാരിതോഷികങ്ങൾ ഏറ്റുവാങ്ങുവാൻ അയാൾ എത്തിയില്ല. കേരളത്തിൽ എവിടെയോ മണി
ചെയിൻ തട്ടിപ്പിലൂടെയും ഡയറക്ട്‌ മാർക്കറ്റിംഗിലൂടെയും കോടീശ്വരനായ
പുത്തൻ മുതലാളിയുടെ കൊട്ടാര സമാനമായ വസതിയിൽ ദൈവത്തെയിരുത്താനൊരു അൽപം
ഇടം തിരയുന്ന തിരക്കിലാണ്‌ അയാൾ എന്ന്‌ പിന്നീട്‌ വിശദീകരണം ഉണ്ടായി.
മനുഷ്യന്റെ കലയും സംഗീതവും സംസ്കാരവും കായിക വിനോദങ്ങളും ലോകം തന്നെയും
ഒരു കുഞ്ഞു സ്ക്രീനിൽ ഒരുക്കി അവനെ ഒറ്റപ്പെടലിന്റെയും
നിഷ്ക്രിയത്വത്തിന്റെയും തുരുത്തിൽ എത്തിച്ച മൊബെയിൽ ഫോൺ
കണ്ടുപിടിക്കുവാൻ മനുഷ്യനെ പ്രേരിപ്പിച്ച സാത്താനെ ആദരിക്കുന്നതാണ്‌
അടുത്ത ഇനം.
മിസ്‌ കോളിലൂടെയും എസ്‌.എം.ഏശിലൂടെയും വഞ്ചിക്കപ്പെട്ട്‌ ആത്മഹത്യ
ചെയ്യേണ്ടിവന്ന നിഷ്ക്കളങ്കരായ കുമാരികളുടെ കന്യചർമ്മത്തിൽ പൊതിഞ്ഞ
പണക്കിഴിയാണ്‌ മൊബെയിൽ സാത്താനുള്ള പാരിതോഷികം.
വേദി വിട്ട്‌ ഞാൻ പുറത്തേയ്ക്കിറങ്ങി.
കാർമേഘപടലങ്ങൾകൊണ്ട്‌ സൂര്യനെ മറച്ചതുപോലെയായി ആകാശം. വെളിച്ചം
പകരുവാനെന്നോണം. തീക്കൊള്ളി പിശാചുക്കൾ അവിടെവിടെ നിലയുറപ്പിച്ചുണ്ട്‌.
അവരുടെ കൊമ്പുകളിൽ നിന്നാണ്‌ പ്രകാശം പ്രസരിക്കുന്നത്‌ തണുത്തകാറ്റ്‌
വീശിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാവാം സാത്താന്മാർ കമ്പിളികൊണ്ടുള്ള
കറുത്ത നീളൻ കുപ്പായങ്ങൾ ധരിക്കുന്നത്‌.
ദൂരെ നിന്ന്‌ ഒരഗ്നിഗോളം അടുത്തടുത്ത്‌ വരുന്നു. അടുക്കുന്തോറും അത്‌
ചെറിയ ഗോളങ്ങളായി മാറുകയും ഒരു മുദ്രാവാക്യം വ്യക്തത്ത
ആർജ്ജിക്കുകയുമാണ്‌. അതൊരു പന്തം കൊളുത്തിപ്രകടനമാണ്‌, തീക്കൊള്ളി
പിശാചുകളുടെ.
രക്തം വാർന്നൊലിച്ച ഒരു പിശാചിനെ അവർ മനുഷ്യന്റെ അസ്ഥികൾ കൊണ്ടു
നിർമ്മിച്ച കിടക്കയിൽക്കിടത്തി ഉയർത്തിപ്പിടിച്ചിട്ടുണ്ട്‌. മുദ്രാവാക്യം
ഇപ്പോൾ വ്യക്തമായി
കേൾക്കാം."സ്തംഭിപ്പിക്കും...സ്തംഭിപ്പിക്കും...ഞങ്ങളിൽ ഒന്നിനെ
തൊട്ടുകളിച്ചാൽ ലീസിഫറാണെ കട്ടായം...
നരകത്തിലെ ഏതോ ഒരു ഇടനാഴിയിൽ വച്ച്‌ കേരളത്തിൽ നിന്നും എത്തിപ്പെട്ട ഒരു
ഗുണ്ടാത്തലവൻ ആക്രമിച്ചതാണ്‌. ആ ചെകുത്താനെ...ആ ചെകുത്താൻ ആ മനുഷ്യന്റെ
ശിക്ഷകൻ ആയിരുന്നു. ശിക്ഷയുടെ കാഠിന്യം സഹിക്കവയ്യാതെ ഒരിക്കൽ
ഗുണ്ടാത്തലവൻ പ്രതികരിച്ചു. "വെറും 27 വയസ്സുള്ളപ്പോൾ കാലൻ എന്നെ ഇവിടെ
കൊണ്ടുവന്നതാണ്‌. പ്രായപൂർത്തിയായതിനുശേഷമുള്ള വെറും ഒമ്പതുകൊല്ലത്തെ
തെറ്റുകൾക്ക്‌ എത്രയോ കാലമായി ശിക്ഷിക്കുന്നു. ശിക്ഷ അനശ്വരമാണെങ്കിൽ
ഞാനും ഹിറ്റ്ലറും ഒരേ ഗണത്തിൽ വരില്ലേ,"നീതിയില്ലാത്ത നിയമമല്ലേയിത്‌?"
"നിന്നെ പരീക്ഷിക്കുവാനാണ്‌ ഭൂമിയിലേയ്ക്ക്‌ അയച്ചതു, നല്ല കാര്യങ്ങൾ
ചെയ്ത്‌ പള്ളിയും പ്രാർത്ഥനയും ഒക്കെയായി ജീവിച്ചിരുന്നുവേങ്കിൽ ഈ ദുർഗതി
വരുമായിരുന്നുവോ?" ചെകുത്താന്റെ വേദമോതൽ അയാളെ ക്രുദ്ധനാക്കി. "ആരോട്‌
ചോദിച്ചിട്ടാണ്‌ പരീക്ഷണം എന്നെ പരീക്ഷിക്കുന്നതിൽ കുറഞ്ഞപക്ഷം എന്റെ
എങ്കിലും അനുവാദം വേണ്ടേ? പിന്നെ പ്രാർത്ഥന, ലോകം മുഴുവനും
പ്രാർത്ഥിച്ചിട്ടും പോപ്പിന്റെ പാർക്കിൻസൺരോഗം മാറിയില്ലല്ലോ?
ഇറാക്കുയുദ്ധം ഉണ്ടാകാതിരുന്നില്ലല്ലോ? പിന്നെയാണ്‌ എന്റെ ഒറ്റയാൻ
പ്രാർത്ഥന എന്നെ കൊട്ടേഷൻ സംഘത്തിൽ കൊണ്ടെത്തിച്ചതിൽ ചെകുത്താൻ
മാർക്കുമില്ലേ?" പൊടുന്നനെ അയാൾ സാത്താന്റെ കൈയ്യിലെ കുന്തം
പിടിച്ചുവാങ്ങി സാത്താന്റെ നെഞ്ചുംകൂട്ടിലേയ്ക്ക്‌ ഒരു കുത്ത്‌.
നരകത്തിലെ നീണ്ടകാലത്തെ ശിക്ഷയ്ക്കുശേഷം പരീക്ഷണാർത്ഥം ഒരാളെ ഭൂമിയിൽ
വീണ്ടും ജനിപ്പിച്ചാൽ അയാൾ സാത്വികനായി ജീവിക്കുമെന്ന്‌ എന്താണുറപ്പ്‌?
മുദ്രവാക്യം അകന്നകന്നു പോയി. മുദ്രാവാക്യത്തിന്റെ ശ്രുതിയും താളവും
സംഗതികളും കേട്ടാലറിയാം, കേരളത്തിൽ എല്ലാം സ്തംഭിപ്പിക്കുന്നവരുടെ പുറകിൽ
ആരാണെന്ന്‌?
എവിടുന്നൊക്കയോ ചെന്നായ്ക്കളുടെ നീണ്ട ഓരിയിടൽ കേൾക്കാം. ഭീമാകരങ്ങളായ
വവ്വാലുകൾ തലങ്ങും വിലങ്ങും പറന്നുകൊണ്ടേയിരുന്നു. അപ്പോഴുള്ള ഹുങ്കാര
ശബ്ദത്തിലും വായുവിൽ ഏൽപ്പിക്കുന്ന മർദ്ദത്തിലും ഞാൻ വീണുപോകുമോയെന്നു
തോന്നി.
തൊട്ടതെല്ലാം എട്ടുനിലയിൽപൊട്ടിയ ഒരു ചെകുത്താൻ കോട്ടയുടെ മുക്കിലും
മൂലയിലും തെണ്ടിത്തിരിഞ്ഞു നടക്കുന്നുണ്ടായിരുന്നു. വസൂരി ദേവീ
കോപമാണെന്നും കുഷ്ഠം സർപ്പദോഷമാണെന്നും, വിധവകൾ തീയിൽ ചാടി ആത്മഹത്യ
ചെയ്യണമെന്നുമുള്ള അയാളുടെ എല്ലാ കർമ്മ പരിപാടികളും പരാജയപ്പെട്ടിരുന്നു.
യാത്രാമധ്യേ ആരോഗ്യദൃഢഗാത്രനായ ഒരു യുവസാത്താൻ വ്യായാമത്തിൽ
ഏർപ്പെട്ടിരിക്കുന്നതുകണ്ടു. വെറും കൗതുകം കൊണ്ട്‌ ഞാൻ അയാളുടെ നേർക്കൊരു
ചോദ്യമെറിഞ്ഞു. "എന്താ പരിപാടി?"  ചോദ്യംകേട്ട്‌ അയാളൊന്നു
നിവർന്നുനിന്നു. ഏട്ട്‌ എട്ടരയടി പൊക്കമുള്ള ആജാനബാഹു. "എയ്ഡ്സിന്റെ
വ്യാജമരുന്നുണ്ടാക്കി കോടികൾ സമ്പാദിച്ചൊരു വിദ്വാൻ നിങ്ങളുടെ
നാട്ടിലില്ലേ? അയാൾക്ക്‌ ആ വിദ്യ ഉപദേശിച്ചുകൊടുത്തത്‌ ഞാൻ
തന്നെയാണെങ്കിലും അയാൾ വലിയ താമസമില്ലാതെ നരകത്തിലെത്തും, അയാളെ കൈകാര്യം
ചെയ്യാനുള്ള ചുമതലയും എനിക്കുതന്നെയാണ്‌ അതിനുവേണ്ടിയുള്ള
പരിശീലനത്തിലാണ്‌ ഞാൻ" ഗൗരവം വിടാതെ ശബ്ദഗാംഭീര്യത്തോടെ ഇത്രയും പറഞ്ഞ്‌
അയാൾ വ്യായാമം തുടർന്നു.
കുരിശുകണ്ടു പേടിച്ചോടി തെമ്മാടിക്കുഴിയിൽ വീണു മരണമടഞ്ഞ ഒരു പലിശക്കാരൻ
ചെകുത്താന്റെ ശവദാഹമാണു ഒരിടത്ത്‌ നടക്കുന്നത്‌ അയാൾ ഇതുവരെ സമ്പാദിച്ച
പണമൊക്കെയും അടുക്കിവെച്ചു അതിന്മേൽ കിടത്തിയാണ്‌ ദഹിപ്പിക്കാൻ ചുറ്റിലും
കൂടി നിൽക്കുന്ന ബന്ധുമിത്രാദികൾ പൈശാചിക ശവനൃത്തം ചവിട്ടി
നോട്ടുകെട്ടുകൾ അഗ്നിയിലേയ്ക്കു എറിഞ്ഞുകൊണ്ടിരുന്നു. അയാൾ സമ്പാദിച്ച
ഒറ്റപൈസപോലും ജീവിച്ചിരിക്കുന്ന ചെകുത്താന്മാർക്ക്‌ ഉപകരിക്കരുത്‌ എന്നു
കരുതി എഴുതി വെച്ച ഓസ്യത്ത്‌ പ്രകാരമാണത്രെ പണം കൊണ്ടുള്ള ഈ ശവദാഹം.
ഏതോ മൗലവിയുടെ മന്ത്രച്ചരടിൽ കുടുങ്ങിപ്പോയ കുട്ടിച്ചേകുത്താൻ
ചരടുപൊട്ടിച്ച്‌ തിരികെയെത്തിയതിന്റെ ആഘോഷവേളയാണിത്‌. ബന്ധുക്കളും
സുഹൃത്തുക്കളും ആ കുട്ടിച്ചെകുത്താനെ ആശ്ലേഷിച്ച്‌ മധുരപലഹാരം വിതരണം
ചെയ്തു. മൗലവിയോടുള്ള പക തീർക്കുവാനായി അദ്ദേഹത്തെ സ്വവർഗ്ഗഭോഗത്തിന്റെ
നാറ്റച്ചരടിൽ കുടുക്കി മാനഹാനി വരുത്തുവാനുള്ള പദ്ധതിയും
ആവിഷ്ക്കരിക്കപ്പെട്ടു.
ഇന്ത്യയിൽ സാധുവായ ഒരു മതപണ്ഡിതനുണ്ടായിരുന്നു. അദ്ദേഹം
പ്രാർത്ഥനയ്ക്കുശേഷം വിശ്രമിക്കുമ്പോൾ, പാതിമയക്കത്തിൽ ഒരു അശരീരി
കേട്ടുണർന്നു."നാം നിന്നിൽ സംതൃപ്തനായിരിക്കുന്നു. നീ എന്റെ
പ്രിയപ്പെട്ടവൻ നിനക്കു ഞാൻ പ്രവാചകപദവി നൽകിയിരിക്കുന്നു. നിന്റെ
കുലത്തിൽ തലമുറതലമുറകളായി പ്രവാചകന്മാരുണ്ടാകും ലോകമെമ്പാടും ശിഷ്യഗണങ്ങൾ
ഉണ്ടാകും. തർക്കിച്ച്‌ തേങ്ങയെ മാങ്ങായാക്കുവാൻ പ്രാപ്തിയുള്ളവർ."
അന്നുമുതൽ അദ്ദേഹവും പുത്രപരമ്പരകളും പ്രവാചകവേഷം കെട്ടിയാടുന്നു.
ചെകുത്താന്മാരുടെ ഇടയിലെ ഏറ്റവും വലിയ മിമിക്രി കലാകാരനാണ്‌ ദൈവത്തിന്റെ
ശബ്ദമനുകരിച്ച്‌ അന്ന്‌ പണ്ഡിതനെ വഴികേടിലാക്കിയത്‌. അദ്ദേഹമാണ്‌ ഇപ്പോൾ
ഇതിലെ കടന്നുപോയത്‌.
നീണ്ടുമെലിഞ്ഞ പത്തുപന്ത്രടി നീളമുള്ള ഒരുതരം ജീവികൾ കൂട്ടം കൂട്ടമായി
നടന്നുനീങ്ങുന്നു. ഇവയെക്കണ്ടാൽ കറുത്തപഞ്ഞിക്കെട്ടുകൾപോലെ തോന്നും ഏതോ
അന്യഗ്രഹത്തിലുള്ള മനുഷ്യർക്കു പാരപണിയുവാൻ വേണ്ടി സൃഷ്ടിച്ച അന്യഗ്രഹ
ചെകുത്താന്മാരാണ്‌ ഇവർ അവിടുത്തെ മനുഷ്യർക്ക്‌ മുന്നിൽ ഇവർ
പരാജയപ്പെട്ടതിനാൽ കൂടുതൽ ശക്തി സംഭരിക്കുന്നതിനും ഉപരിപഠനത്തിനുമായി
ചെകുത്തന്മാരുടെ ഈ കോട്ടയിൽ എത്തിയിരിക്കുകയാണ്‌.
മനുഷ്യൻ ദൈവത്തെ ആശ്രയിക്കുന്നു. ദൈവം മനുഷ്യർക്ക്‌ എതിരെ ചെകുത്താന്മാരെ
നിയോഗിക്കുന്നു.
വലിയൊരു ബംഗ്ലാവിനുമുമ്പിൽ വളരെ പ്രായംതോന്നിക്കുന്നതും
മുഖത്തുശാന്തത്തയും ഉള്ള ഒരു സാത്താൻ നിൽക്കുന്നു. എന്നെക്കണ്ടതും
അദ്ദേഹം അടുത്തേയ്ക്കുവന്നു. അറിയില്ലേയെന്ന്‌ ചോദിച്ച്‌ കൊണ്ടു എനിക്കു
ഹസ്തദാനം ചെയ്തു. ഞാൻ പകച്ചുനിന്നു. സാത്താൻ സ്വയം
പരിചയപ്പെടുത്തി."ഞാനാണ്‌ വിലപ്പെട്ട കനി നിങ്ങളെക്കൊണ്ടു കഴിപ്പിച്ചതു
അന്ന്‌ ഇത്‌ ചെയ്തില്ലായിരുന്നുവേങ്കിൽ ഉടുതുണിയില്ലാതെ മദ്യപിച്ച്‌
സ്ത്രീലമ്പടന്മാരി സ്വർഗ്ഗത്തിൽ കാലാകാലം കിടന്ന്‌ മടുത്തേനെ. ആ കനി
ഭക്ഷിച്ചതുകൊണ്ട്‌ നിങ്ങൾക്കു ബോധമുണ്ടായി, നാണമുണ്ടായി, നിങ്ങൾ
ഭൂമിയിലെത്തി ഉയരങ്ങൾ കീഴടക്കി.
ഞാൻ തലയാട്ടി അതെയെന്ന്‌ സമ്മതിച്ചു. വൃദ്ധസാത്താൻ നിറഞ്ഞ
ചാരിതാർത്ഥ്യത്തോടെ നടന്നുപോയി.
എത്രയോ കാലമായി ഒരു കനി മനുഷ്യന്റെ ചരിത്രം മാറ്റി എഴുതിയിട്ട്‌ ഇപ്പോഴും
ആ സാത്താൻ ജീവിച്ചിരിക്കുന്നുവല്ലോ എന്നോർത്ത്‌ ഞാൻ അത്ഭുതപ്പെട്ടു.
ചെകുത്താന്മാർ അമീബയെപ്പോലെയാണ്‌. കൊല്ലാൻ പറ്റും, പക്ഷേ സ്വാഭാവിക
മരണമില്ല.
മനുഷ്യരാശിയോടുള്ള അതിരുകടന്ന ശത്രുത അവരുടെ വംശനാശത്തിനു കാരണമാവും
പ്രകൃതി ദുരന്തം, യുദ്ധം, പകർച്ചവ്യാധികൾ, കുടുംബാസൂത്രണം മുതലായവ മൂലം
ജനസംഖ്യാ വർദ്ധനവ്‌ ക്രമാതീതമായി കുറയുകയാണ്‌. ഇങ്ങനെ പോയാൽ
ഭൂമുഖത്തുനിന്നും മനുഷ്യവർഗ്ഗം തന്നെ അപ്രത്യക്ഷമാകും.
ചെകുത്താന്മാർക്ക്‌ തൊഴിൽ ഇല്ലാതാവുകയും അരക്ഷിതാവസ്ഥ ഉടലെടുക്കുകയും
ചെയ്യും. നമ്മുടെ വർഗ്ഗത്തിന്റെ ഭാവിതന്നെ അപകടത്തിലാവും. മനുഷ്യരോടുള്ള
ശത്രുതയിൽ അൽപം അയവുവരുത്തി കുടുംബാസൂത്രണ പരിപാടിയിൽ
കുത്തിത്തിരുപ്പുണ്ടാക്കി വംശവർദ്ധനവിനെ പ്രോത്സാഹിപ്പിച്ചാൽ അവരുടെ
സാമ്പത്തിക ബുദ്ധിമുട്ടുകൾ നിലനിർത്താനാവുകയും, നമ്മുടെ ഭാവിതലമുറയ്ക്ക്‌
തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുവാൻ സാധിക്കുമെന്നുള്ള ഒരു വൃദ്ധസാത്താന്റെ
ബദൽ രേഖ തള്ളപ്പെടുകയും അയാളെ എറിഞ്ഞുകൊല്ലുവാൻ
വിധിക്കപ്പെട്ടിരിക്കുകയുമാണ്‌.
ചെകുത്താന്റെ അടിസ്ഥാനധർമ്മം മനുഷ്യനെ പരമാവധി ഉപദ്രവിക്കുക എന്നതാണ്‌.
അതിനെതിരെ പ്രവർത്തിച്ചാൽ ദൈവകോപമുണ്ടാകും. ഇതായിരുന്നു എതിർവാദം.
ചെകുത്താന്മാർ ഒന്നടങ്കം ബദൽ രേഖക്കാരനെ കൂക്കി വിളിക്കുകയും
കല്ലെറിയുകയും തെരവിൽ ഉപേക്ഷിക്കുകയും ചെയ്തു. അവശനായ വൃദ്ധ സാത്താൻ
തന്റെ സിദ്ധാന്തം തന്നെയാണ്‌ ശരിയെന്ന്‌ ഉറക്കെ പറയുകയും ഇതിനുമുമ്പ്‌
പ്രതിവിപ്ലവകാരികളായി ബദൽ രേഖകളുമായി രംഗത്തുവന്ന്‌ ഇതേ അനുഭവമുണ്ടായി
ഒറ്റപ്പെട്ട്‌ ഒതുങ്ങിക്കൂടിയവരുടെ ഇടങ്ങളിലേക്ക്‌ വേച്ച്‌ വേച്ച്‌
നടന്നുപോയി.
ഇവിടെ കാണുവാൻ കഴിഞ്ഞ മറ്റൊരു പ്രത്യേകത ചെകുത്താന്മാർ രാസവളങ്ങളും
കീടനാശിനികളും ഉപയോഗിച്ച്‌ അവരുടെ മണ്ണോ വിണ്ണോ മലിനീകരിക്കുന്നില്ല
എന്നതാണ്‌. ഭാവിതലമുറയെ കരുതി പ്ലാസ്റ്റിക്‌ ഉപയോഗിക്കുന്നതേയില്ല.
എന്നാൽ ഇവയൊക്കെ ഉൽപാദിപ്പിക്കുന്നുമുണ്ട്‌. മനുഷ്യർക്കുവേണ്ടി.
കറുത്ത സൂര്യൻ ഉദിച്ചുയരുകയാണ്‌. ഇരുട്ടു പരന്നുതുടങ്ങി എന്റെയും കാലുകൾ
ഭൂമിയിൽ സ്പർശിക്കാതെ ആയി തുടങ്ങി. രക്തം കാണുമ്പോൾ വായിൽ വെള്ളം
ഊറുന്നു. ഉയിർപ്പു കുർബാനയുടെ മണിയൊച്ച ദേവാലയങ്ങളിൽ നിന്നും ഉയർന്നു
തുടങ്ങി. ഞാനീ കോട്ടയിൽ നിന്നും വേഗം പുറത്തുകടക്കട്ടെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...