നീയില്ലാതെ എങ്ങനെ ഞാനുണ്ടാവും.

എം.കെ.ഖരീംമീരാ, ഉറങ്ങുന്ന ഹൃദയത്തിന് ഉണര്‍വായി നീ പെയ്യുന്നു... പരിസരത്തു നീ വീശി തുടങ്ങിയാല്‍ പിന്നെ എനിക്ക് വെളിച്ചമായി. ധ്യാനം കലര്‍ന്ന നയനങ്ങള്‍ എനിക്ക് പാതയൊരുക്കുകയും.
കാലത്തിനു പിന്നാമ്പുറത്തേക്കും നീ നയിക്കുന്നു.
നിന്റെ പഴയ കത്തുകള്‍ ഒന്നോടിച്ചു നോക്കുമ്പോള്‍ നക്ഷത്രം നൃത്തം ചെയ്യുന്ന പ്രതീതി... ഹൃദയത്തില്‍ നിന്നും ഒഴുകിയ തെളിനീരിനെ കാലത്തിനു തടയാനോ, നിറം കെടുത്താനോ ആവില്ലല്ലോ. കടലാസ്സുകള്‍ പലതും മങ്ങിയും പൊടിഞ്ഞും. പക്ഷെ അക്ഷരങ്ങള്‍ക്കെന്തു തിളക്കം.
ഇരട്ടകള്‍ ഇല്ലാത്ത മഴയില്‍ ആരവത്തോടെ ഹൃദയം. മഴയുടെ പുകമറയിലൂടെ നിന്നിലേക്ക്‌ ഞാന്‍ എത്തുന്നത് അറിയുന്നില്ലേ...
നമ്മുടെ ഇല്ലിക്കാടിന്റെ സംഗീതം. നീയിപ്പോഴും അവിടെ ചെന്നിരിക്കാറുണ്ടോ? പുഴയുടെ ചിറ്റോളങ്ങള്‍ നിന്റെ ഹൃദയമിടിപ്പ്‌ ഏറ്റുവാങ്ങുന്നോ.. ജലമായി നിന്നെ അലിയിച്ചു കൊണ്ട് ഞാന്‍ ...
ഈ മണല്‍ക്കാട്ടില്‍ നിന്നും ക്ഷണ നേരം കൊണ്ട് അവിടെയെത്തി എനിക്കത് അനുഭവിക്കാന്‍ ആവുന്നു. അപ്പോള്‍ എന്റെ ഇദ്രിയങ്ങള്‍ ചിറകു വിരിക്കുന്നു. പരിസരങ്ങളിലേക്ക് പറക്കാന്‍ ..
ആരെങ്കിലും ഓടക്കുഴല്‍ വായിച്ചു പോകുന്നുണ്ടോ? സഞ്ചാരികള്‍ പലരും ഓടക്കുഴല്‍ വായിക്കുന്നതെന്തേ? മുളങ്കാട്ടിലേക്ക് മടങ്ങിപോകാനുള്ള മുളന്തണ്ടിന്റെ പിടച്ചിലിലൂടെ സ്വന്തം ആത്മാവിന്റെ സാന്നിധ്യം അറിയുകയോ...
സംഗീതം ഏതു ഉപകരണത്തിലൂടെ ഒഴുകട്ടെ, അതെനിക്ക് നീയാണ്.
ഏതു കടലില്‍ പെയ്യുന്ന മഴയിലും എനിക്ക് നിന്നെ ദര്‍ശിക്കാന്‍ ആവുന്നത് പോലെ...
മഴയോ മഞ്ഞോ, കാറ്റോ വെയിലോ... ഏതുമാകട്ടെ, നീയെനിക്ക് പെയ്ത്താണ്...
ഇല്ലിക്കാടാണ് സംഗീതത്തിനെ ഉറവിടമെന്ന്. അത് തിരിച്ചറിഞ്ഞിട്ടാണ് മുളന്തണ്ടില്‍ ദ്വാരമിട്ട് മനുഷ്യര്‍ ഊതാന്‍ തുടങ്ങിയതെന്ന്. വിസമ്മത കുറിപ്പോടെ കാറ്റ്.. കാറ്റുണ്ടായത് കൊണ്ടാണ് ഇല്ലിക്കാടിനു മൂളാന്‍ ആവുന്നതെന്ന്.
തെരുവിലോ, ഗോപുരങ്ങളിലോ പാടുന്ന ഓരോ ഓടക്കുഴലിലും വായു സഞ്ചാരം.
എങ്കില്‍ കാറ്റില്ലാതെ എങ്ങനെ മുളന്തണ്ടിനു പാടാനാവും...
പ്രണയമേ, നീയില്ലാതെ എങ്ങനെ ഞാനുണ്ടാവും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ