സുമേഷ് വാസു
തേജസ്സ്വിനിപുഴയ്ക്കരികിലൂടെ കുഞ്ഞിക്കണാരൻ നടന്നു.
ഇട്ട്യേരിയമ്പുവിന്റെ ചായപ്പീടികയിൽ രാവിലെ ഒരു ചൂട് ചായ എന്നും ശീലമാണയാൾക്ക്.
പ്രായത്തിന്റെ അവശതകൾ അതിൽ നിന്ന് പിന്തിരിപ്പിച്ചിട്ടേയില്ല.
ചെത്തിനു പോകുമ്പോളേ ഉള്ള ശീലമായിപ്പോയി.
പണ്ടൊക്കെ,കള്ള് അളവു കഴിഞ്ഞാൽ പാർട്ടി പരിപാടിയോ കല്യാണം പോലെ സഹായപരിപാടിയോ ഇല്ലെങ്കിൽ, വൈകുന്നേരം വരെ അവിടെ തന്നെയായിരുന്നു.
എന്തൊരാവേശമായിരുന്നു...
പത്രം അരിച്ച് തീർത്ത്, ചർച്ചകളിൽ മുഴുകി.. കുട്ട്യാലിയും, ചെറായി രാഘവനും ഒക്കെ കൂടെ ഒരു കൂട്ടം!
വൈകുന്നേരം വായനശാലയിൽ നിന്ന് ഒരു പുസ്തകവുമെടുത്ത് പുരയിലേക്ക്,
കൈയ്യിലെ പക്കാവടയുടെ പൊതിക്ക് കൊച്ചുചെറുക്കനും, ലീലയും,ചന്ദ്രികയുമൊക്കെ കാത്ത് നിൽക്കണുണ്ടാവും.
അവരൊക്കെ വല്ലതെ വളർന്ന് പോയി,
കൊച്ചുചെറുക്കന്റെ പെണ്ണ് രാവിലെ തന്നെ തുടങ്ങിയിട്ടുണ്ട്, പ്രായമായെന്ന് വച്ച് ഒരിടത്ത് അടങ്ങിയിരുന്നില്ലേൽ ഇവൾക്കെന്താണു.
പീടികയിൽ പോയിരുന്നാൽ വീട്ടിൽ ഒന്നും കൊടുക്കാറില്ലെന്ന് ആൾക്കാർ പറയുമത്രേ.
പറയുന്നവർ എന്ത് വേണമെങ്കിലും പറയട്ടെ.
സമപ്രായക്കാരിൽ ആരുമില്ല കൂട്ടീനു, എന്നാലും എങ്ങിനെയാണു രാവിലെ ഒന്നവിടെ പോയിരിക്കാതിരിക്കുക ? കട്ടിലിൽ ചുരുണ്ടുകൂടിയിരിക്കുമ്പോൾ മരണത്തിലേക്ക് നോക്കിയിരിക്കുന്നതു പോലെ തോന്നും,
ചെറുമക്കളാണെങ്കിൽ അടുത്ത് വരണ്ടേ? മൂത്തപെണ്ണ് എപ്പോഴും പഠിക്കുന്ന മുറിയിൽ നിന്ന് ഇറങ്ങാറേയില്ല. വിളിച്ചാൽ കുട്ടൻ ചെക്കൻ വല്ലപ്പോഴും അടുത്ത് വന്നിരിക്കും.
മുത്തശ്ശന്റെ കഥകൾ അവനു വേണ്ട. കൊച്ചുചെറുക്കന്റെ പഴയ മൊബൈൽ അവൻറ്റെ കയ്യിലാണു, അതിലവൻ ഓരോ കളികൾ കളിക്കുന്നത് കണ്ട് വെറുതേ ഇരിക്കാം,എത്ര ശ്രമിച്ചിട്ടൂം എന്തോ, ആ കുന്ത്രാണ്ടത്തിൽ എങ്ങിനെയാ ഫോൺ വിളിക്കുകാന്ന് പോലും വശമായില്ല.
ഇപ്പോഴത്തെ കുട്ടികൾക്ക് കയ്യിൽ മണ്ണ് പുരളാറില്ല.
ഭൂമിയെ അറിയാത്ത കുഞ്ഞുങ്ങൾ! പക്ഷേ അവരിതൊക്കെ കൈകാര്യം ചെയ്യണ വേഗത കാണണം...
ഇട്ട്യേരിയമ്പു മരിച്ചിട്ടും, പീടികയ്ക്കാവിളിപ്പേരു മാറിയിട്ടില്ല.
ഓൻറ്റെ ചെറ്യോനാണു ഇപ്പോ കട നടത്തുന്നത്. കൊറച്ച് പരിഷ്കാരങ്ങളൊക്കെ വരുത്തിയിട്ടുണ്ട് പീടികയ്ക്ക് .
എന്തോ,ഓൻ കാര്യായിട്ട് വർത്തമാനം ഒന്നും പറയില്ല.താൻ വെർതേ ഇരിക്കുമ്പൊ , ഈ തന്തക്ക് എഴുന്നേറ്റ് പൊയ്ക്കുടേന്ന് തോന്നണ ഒരു നോട്ടം നോക്കണത് കാണാം!
മുൻപ് കാരംസും ചെസ്സും കളിക്കണ കൂട്ടരുണ്ടായിരുന്നു , കൊച്ചുചെറുക്കന്റെ പ്രായക്കാർ, ഇപ്പോ സ്ഥിരമായി അവരും വരാറില്ല. സ്വന്തം പെരേലെക്ക് എല്ലാരും ഒതുങ്ങി, എന്തെങ്കിലും സമയം കിട്ടിയാൽ ആ വിഡ്ഡിപ്പെട്ടി തുറന്ന് വെച്ചിരിക്കും.
പിന്നെ ഇപ്പോഴത്തെയൊക്കെ കൊച്ചു പിള്ളെർ ! കാര്യപ്പെട്ട ജോലി ഇല്ലാത്തോർ പോലും റിയൽ എസ്റ്റേറ്റ് എന്നൊക്കെ എന്തോ പറഞ്ഞ് മോട്ടോർബൈക്കെടുത്ത് പായണ കാണാം!
വല്യ പത്രാസൊക്കെയാണേലും നല്ലതന്നെ,കുട്ടികൾ ചെറുപ്പത്തിലേ കായിയുണ്ടാക്കുന്നു.
ഉണ്ടാക്കട്ടെ, എന്നാലും ഒരു കല്യാണപ്പുരക്ക് പോയാലോ, മരണ വീട്ടിൽ സഹായത്തിനോ, നാട്ടിലെ വായനശാല പരിപാടികൾക്കോ ഈ കുട്ട്യോളെ കാണാത്തപ്പോൾ ഒരു നീറ്റൽ.....
പണ്ടതിനൊക്കെ ഈ നാട് മുഴുവനുണ്ടായിരുന്നു.... പാർട്ടിയുണ്ടായിരുന്നു.
പാർട്ടി.......
രക്തത്തിലലിഞ്ഞു ചേർന്ന് പോയതാണത്.
ജനിച്ചപ്പോളേ കേട്ട ചരിത്രങ്ങൾ!
ഏറ്റുവിളിച്ച മുദ്രാവാക്യങ്ങൾ!
ചൊല്ലിയ വിപ്ലവഗാനങ്ങൾ!
വായനശ്ശാലയിൽ വായിച്ച പുസ്തകങ്ങൾ!
കൂടെ മഞ്ഞിലേരി രാമൻ എന്ന തന്റെ അച്ഛൻ പറഞ്ഞ് തന്ന കഥകളും...
കയ്യൂർ സമരത്തിൽ മഠത്തിൽ അപ്പുവിന്റെ പുറകിൽ അച്ഛനുമുണ്ടായിരുന്നത്രേ.! മുദ്രാവാക്യങ്ങൾ ഏറ്റ് വിളിച്ച്!
മദ്യലഹരിയിൽ ജാഥയെ വെല്ലുവിളിച്ച സുബ്ബരായൻ എന്ന പോലീസുകാരൻ പുഴയിൽ കൊല്ലപ്പെട്ട സംഭവം അച്ഛൻ വിവരിച്ച് തന്നതോർത്തു.
മൊറാഴയിലെ ധീരൻ രൈരു നമ്പ്യാരെക്കുറിച്ച് പറഞ്ഞപ്പോഴും കൊച്ച് കണാരന്റെ കണ്ണ് പുറത്തേക്ക് തള്ളി,അന്നവന്റെ നെഞ്ചിൽ ആവേശം അലതല്ലി.
പിന്നീട് ഒറ്റയ്ക്കിരിക്കുന്ന സമയങ്ങളിൽ അവന്റെ മുഷ്ടികൾ അവരെഓർത്ത് ആകാശത്തേക്കുയർന്നു.
ഇങ്കിലാബ് സിന്ദാബാദ്!!!!!
തൂക്കിലേറ്റപ്പെടാൻ പോവുമ്പോഴും പതറാതെ നിന്ന്, കാണാൻ വന്ന സുന്ദരയ്യയോടും,പി സി ജോഷിയോടും അവർ നാലുപേർ പറഞ്ഞ വാക്കുകൾ കുഞ്ഞിക്കണാരൻ ശരിക്കും മനസ്സിൽ കേൾക്കുകയായിരുന്നു.
" ഞങ്ങളുടെ കടമ നിറവേറി.... ലക്ഷ്യത്തിലേക്ക് ഉറച്ചമനസ്സോടെ നീങ്ങാൻ സഖാക്കളോട് പറയണം"
ജന്മിത്വത്തിൻറ്റെയും, വാഴുന്നോർമാരുടെയും കരങ്ങളിൽ നിന്ന് ഒരു തുണ്ട് ഭൂമി വീതമെങ്കിലും അടിയാന്മാരിലേക്കെത്തിയതിൻറ്റെയും, അവർ സാക്ഷരത നേടിയതിൻറ്റെയും ചരിത്രം അയാളെ ആവേശം കൊള്ളിച്ചു.
കോൺഗ്രസിനൊപ്പം ബ്രട്ടിഷുകാരിൽനിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കാൻ പ്രവർത്തിച്ചവർ അതോടൊപ്പം കർഷകൻറ്റെയും അടിയാൻറ്റെയും അവകാശത്തിനായി പട നയിച്ച് തുടങ്ങിയപ്പോൾ വിറങ്ങലിച്ചത് ഒരേ ശക്തിയായിരുന്നു.
കണ്ണൂർ ജയിലിൽ തുടക്കം കുറിക്കപ്പെട്ട പ്രസ്ഥാനം കൊളച്ചേരി പോലുള്ള കർഷക സംഗമങ്ങളിലൂടെയും, തൊഴിലാളി യൂണിയനുകളിലൂടെയും വളർന്ന് പാർട്ടിയെന്ന പ്രസ്ഥാനമായപ്പോൾ സ്വതന്ത്രഭാരതത്തിൽ പുതിയമുതലാളിത്വം സഖാക്കളെ വേട്ടയാടിയത്രേ.
അതിനെ സധീരം നേരിട്ട പി ക്യഷ്ണപ്പിള്ളയും, ഇ എം എസ്സും,നായനാരും, എൻ സി ശേഖറും, ഇങ്ങേയറ്റത്ത് അഴീക്കോടൻ രാഘവനുമൊക്കെ കുഞ്ഞിക്കണാരന്റെ ആരാധനാപുരുഷന്മാരായി.
കമ്മ്യൂണിസത്തിനെ അങ്ങിനെ കുഞ്ഞിക്കണാരനും മനസ്സിലാക്കുകയായിരുന്നു!
അയാളതിനെ കാവിലെ തെയ്യങ്ങൾക്കൊപ്പമോ അതിലധികമോ സ്നേഹിച്ചു.
കെ ദാമോദരന്റെ പാട്ടബാക്കിയും, കെ പി എ സിയുടെ നാടകങ്ങളും അയാളിൽ ആവേശം നിറച്ചു..
അങ്ങനെയൊക്കെയാണു, കൊച്ചുചെറുക്കനു പോലും സ്കൂളിൽ ലെനിൻ എന്ന് പേരിട്ടത്!
മറ്റു സഖാക്കളെപ്പോലെ സോവിയറ്റ് യൂണിയൻ അന്ന് അയാൾക്കും ഒരു പ്രതീകമായിരുന്നു.
കാലം കഴിയുമ്പോൾ അടിച്ചമർത്തപ്പെടുന്നവന്റെ ശബ്ദമായി മാറുന്ന കമ്മ്യൂണിസ്റ്റ് ഇന്ത്യയെ കുഞ്ഞിക്കണാരനും സ്വപ്നം കണ്ടു.
ആ പാർട്ടിക്കെന്താണു സംഭവിക്കുന്നത്???!!!
ഇട്ടേരിയമ്പുവിന്റെ ചായപ്പീടികയിൽ പലരും പരസ്പരം പറയുന്നത് അയാളും കേട്ടു....
പാർട്ടിയാണത്രേ കൊന്നത്!!
പിടിയിലായവർ പാർട്ടി നേതാക്കളാണെന്ന്!
കൂരമ്പുകൾ പതിച്ചത് പോലെ അയാൾക്ക് വേദനിച്ചു.
പാർട്ടിക്കെങ്ങിനെയാണു അതിനു സാധിക്കുക ?
മുതലാളിത്തത്തിനും അടിച്ചമർത്തലിനും എതിരെ മാത്രം ശബ്ദിക്കുന്ന പാർട്ടിയല്ലേ ഇത്?!
" ഇപ്പോ ഈ പ്രസ്ഥാനം മുഴുവൻ കള്ളന്മാരാണു... എല്ലാത്തിനേം അടിച്ചോടിക്കണം"
ആ ചന്ദ്രന്റെ ചെറുക്കൻ ഷാജു ആണതു,
രോഷം കൊണ്ട് എഴുന്നേറ്റ് നിന്ന് പറഞ്ഞു പോയി...
" പാർട്ടിയെക്കുറിച്ച് മനസ്സിലക്കാതെ വായിട്ടലക്കരുത്... ഈ പ്രസ്ഥാനമില്ലായിരുന്നെങ്കിൽ ഒരു കീറിയ തോർത്തുമുണ്ടും ഉടുത്ത് വാഴുന്നോരുടെയോ, നീലേശ്വരം രാജാവിൻറ്റെ തലമുറയുടെയോ മണ്ണിൽ ഇന്നും പണിയ്എടുക്കുന്നുണ്ടാകും ഇയ്യൊക്കെ.... "
ഇറങ്ങി നടന്നു....
തേജസ്സ്വിനിപ്പുഴയ്ക്കരികിലൂടെ, കശുമാവിൻ ചില്ലകൾ മാറ്റി പുരയിലേക്ക് നടക്കുമ്പോൾ കുഞ്ഞിക്കണാരനു കണ്ണ് നിറഞ്ഞിരുന്നു.
ഇനി പാർട്ടി അങ്ങിനെ ചെയ്തിട്ടുണ്ടാകുമോ ?
എവിടെയോ വായിച്ചിരുന്നു.
പഴയകാലത്ത് രൂപം കൊണ്ട മതങ്ങൾ ദുഷിച്ചത് പോലെ,
അധികാരത്തിന്റെയും പണത്തിനെയും ദുർഭൂതങ്ങൾ പിടികൂടുമ്പോൾ ഏത് പ്രസ്ഥാനവും ദുഷിക്കുമത്രേ!!!
കൂത്തുപറമ്പിൽ അഞ്ച് ജീവൻ ബലി കഴിച്ച് നടത്തിയ സമരത്തിൽ ഉയർത്തിപ്പിടിച്ച ആശയം എന്ത് കൊണ്ടാണു അധികാരത്തിലേറിയപ്പോൾ മറന്ന് പോയത്... ഓരോ തിരഞ്ഞെടുപ്പുകളിലും, ജാതിമത ശക്തികളുടെ വാലാട്ടികളായത്!! ഒരിക്കലുമില്ലാതിരുന്ന അഴിമതിക്കഥകൾ കേൾപ്പിച്ചത്.
ഈ വഴികളിലൂടെ പണ്ട് മുദ്രാവാക്യം വിളിച്ച് പോയത് കുഞ്ഞിക്കണാരൻ ഓർത്തു..
"കയ്യൂരിന്റെ കരുത്താണേ , കരിവെള്ളൂരിൻ സ്വത്താണേ ,
അസ്ഥികൾ പൂക്കും വയലാറും, ........ അവിടുന്നാണീ പ്രസ്ഥാനം!!!!"
മഞ്ഞിലേരി രാമനും അയാളുടെ മകൻ കുഞ്ഞിക്കണാരനും എന്നും ചുവന്ന പതാകയ്ക്ക് പുറകിൽ മാത്രമായിരുന്നു നടന്നത്...
മുദ്രാവാക്യങ്ങൾ ഒരിക്കലും അവർ വിളിച്ചുകൊടുത്തിരുന്നില്ല, ഏറ്റുവിളിച്ചതേ ഉണ്ടായിരുന്നുള്ളു.
ആർക്കും ധാർഷ്ട്യത്തോടെ ആജ്ഞകൾ നൽകിയിരുന്നില്ല... പ്രവർത്തിച്ചിട്ടേ ഉണ്ടായിരുന്നുള്ളു.
എന്നിട്ടും.
അയാൾക്ക് കരച്ചിൽ വന്നു...
വീട്ടിലെത്തിയിട്ടും ചിന്തയിൽ മുഴുകി കട്ടിലിൽ ചുരുണ്ട് കൂടി...
ഇനി പാർട്ടിയാവുമോ ?
എങ്കിലേത് പ്രത്യയശാസ്ത്രമോ ലക്ഷ്യമോ ആണതിനെ സാധൂകരിക്കുക
കട്ടിലിൽ നിന്ന് ഇറങ്ങാൻ തോന്നുന്നില്ല, കമ്പിളി എടുത്ത് നന്നായി പുതച്ചു, മനസ്സിനും വാർധക്യമായിരിക്കുന്നു.
മുത്തശ്ശാ.
എന്താ കുട്ടാ.
എന്തിനാ എല്ലാരും കൊല്ലുന്നേ.
ഏത് വിപ്ലവത്തിന്റെ കഥയാണു കുഞ്ഞേ നിന്നോട് ഞാൻ പറയേണ്ടത്?
അറിയില്ല.
കുഞ്ഞിക്കണാരൻ മുഖം തിരിച്ചു... ജനലഴികളിലൂടെ പുറത്തേക്ക് നോക്കി.
അകലെ ആകാശത്തെ നക്ഷത്രങ്ങൾ ഓരോന്നായി കുഞ്ഞികണാരനെ നോക്കി പുഞ്ചിരിക്കുന്നത് കണ്ട് അയാൾക്ക് അത്ഭുതംതോന്നി.
അനന്തരം അതിൽ ഓരോ മുഖങ്ങൾ തെളിഞ്ഞു!
മഠത്തിൽ അപ്പു,കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ, രൈരു നമ്പ്യാർ, സുന്ദരഷെട്ടി, അഴീക്കോടൻ രാഘവൻ,അബു മാസ്റ്റർ.........എണ്ണമറ്റ ഒരുപാട് മുഖങ്ങൾ കഴിഞ്ഞ് കൂത്ത്പറമ്പ് സഖാക്കൾ. അങ്ങിനെ അങ്ങിനെ...........
അതിന്റെയൊക്കെ അറ്റത്ത്...........-ഇടത്തേയറ്റത്ത് ഒരു പുതുനക്ഷ്ത്രം സൂര്യപ്രഭയോടെ ജ്വലിക്കുന്നത് കുഞ്ഞിക്കണാരൻ കണ്ണെടുക്കാതെ കണ്ടു!..
അൻപത്തൊന്ന് മുറിവുകളിൽ നിന്ന് കിരണങ്ങൾ ചൊരിയുന്നത് പോലെതോന്നിക്കുന്ന ഒരു പുതിയ ചുവന്ന നക്ഷത്രം!!!!