ചരിത്രരേഖ


ഡോ.എം.എസ്‌.ജയപ്രകാശ്‌


ആണും പെണ്ണും കാറിലിരുന്നാൽ
അനാശാസ്യമാകുമോ?
അനാശാസ്യത്തിന്‌ പിടിയിലായ രാഷ്ട്രീയനേതാവും സ്ത്രീയും റിമാന്റിലായതായി
ഇക്കഴിഞ്ഞ ഫെബ്രുവരി-പതിനാറാം തീയതിയിലെ പത്രങ്ങളിൽ വാർത്തവന്നിരുന്നല്ലോ.
കാറിൽ ഒളിഞ്ഞുനോക്കി 'സദാചാരം' നടപ്പിലാക്കാനുള്ള പുറപ്പാടിനെ
തെമ്മാടിത്തം എന്നല്ലാതെ, മറ്റെന്താണ്‌ വിളിക്കേണ്ടത്‌? ഇങ്ങനെ 'സദാചാരം'
നടപ്പാക്കാൻ എന്തുനിയമമാണ്‌ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നത്‌? കാറിന്റെ
ഗ്ലാസ്‌ ഷട്ടറുകൾ അടച്ച്‌ അതിനകത്തിരിക്കുന്നവർ എന്ത്‌
പ്രവൃത്തിചെയ്താലും അത്‌ തുറന്നുനോക്കി "അയ്യേ അനാശാസ്യം" എന്നു
വിളിച്ചുകൂവാൻ ആർക്കാണധികാരമുള്ളത്‌? കാറിനുള്ളിൽ നടന്നതായി പറയപ്പെടുന്ന
കാര്യം പൊതുജനമധ്യത്തിൽ പ്രദർശിപ്പിച്ചുകൊണ്ടുള്ളതായിരു
ന്നെങ്കിൽ അത്‌ അനാശാസ്യമാകുമായിരുന്നു. കാറിനുള്ളിൽ അനാശാസ്യം നടന്നതായി നാട്ടുകാർ
പറയുക, പുരുഷനേയും സ്ത്രീയേയും തടഞ്ഞുവയ്ക്കുക, പോലീസിനെ വിവരമറിയിക്കുക,
പോലീസ്‌ 'പ്രതികളെ' സ്റ്റേഷനിലേക്കു കൊണ്ടുപോകുക, കേസെടുക്കാതിരുന്ന
പോലീസിന്റെ പക്വമായ സമീപനത്തിനെതിരെ നാട്ടുകാർ പ്രതികരിക്കുക, അതിന്റെ
പേരിൽ കേസെടുക്കുക, ഇതൊക്കെ ഒരു പരിഷ്കൃതസമൂഹത്തിനും ഭൂഷണമായ കാര്യമല്ല.
ഭാര്യാഭർത്താക്കന്മാരായാലും കമിതാക്കളായാലും കാറിനുള്ളിലെ സ്വകാര്യതയിൽ
സംഭവിക്കുന്നത്‌ ഒളിഞ്ഞുനോക്കി കണ്ടുപിടിച്ചേ! കണ്ടുപിടിച്ചേ! എന്നു
പറയുന്ന കൊഞ്ഞാണന്മാരും നികൃഷ്ടജീവികളും പൗരധർമ്മമല്ല പുലർത്തിയത്‌,
നേരെമറിച്ച്‌ തികഞ്ഞ അനാശാസ്യ പ്രവൃത്തിയാണ്‌ ചെയ്തത്‌. ഭരണകൂടം ഇത്തരം
നെറികെട്ട കപടസദാചാരത്തിന്‌ കൂട്ടുനിൽക്കുന്നതിനെതിരെ സാംസ്കാരിക കേരളം
പ്രതികരിക്കുകതന്നെ വേണം. ഇക്കാര്യത്തിൽ മൗനം വിദ്വാനു വിദുഷിക്കും
ഭൂഷണമല്ല.
       കുറച്ചുകാലം മുമ്പ്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കുതന്നെ ഇത്തരമൊരു
സദാചാരപൊയ്മുഖത്തിനെ നേരിടേണ്ടിവന്നകാര്യം ഓർക്കുക. അദ്ദേഹം
സഞ്ചരിച്ചിരുന്ന ട്രെയിനിൽ ഒരു സ്ത്രീ ഒപ്പം ഉണ്ടായിരുന്നുപോലും! ഇതൊരു
'നീറുന്ന പ്രശ്നമാക്കി' മാറ്റിയവരുടെ രണ്ടു ചെള്ളക്കും പ്രഹരിക്കുന്ന
തരത്തിൽ ഉമ്മൻചാണ്ടി തന്നെ പത്രക്കാരെ വിളിച്ച്‌ പറഞ്ഞത്‌ തന്റെ കൂടെ ഒരു
സ്ത്രീ ഉണ്ടായിരുന്നതു ശരിതന്നെ, അത്‌ അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു,
എന്നായിരുന്നു. ഇത്തരം നാറുന്ന സദാചാരവൃണവുമായി നടക്കുന്ന മലയാളികളുടെ
മനസ്സിലെ ചണ്ടിഡിപ്പോകളാണ്‌ ആദ്യം വൃത്തിയാക്കേണ്ടത്‌.
       രാജ്മോഹൻ ഉണ്ണിത്താൻ എന്ന കോൺഗ്രസ്സ്‌ നേതാവിനൊപ്പം ഒരു സ്ത്രീ
ഉണ്ടായിരുന്നതും മലയാളി ആഘോഷിച്ചിരുന്നല്ലോ. ഉണ്ണിത്താന്റെ ഭാര്യതന്നെ
സദാചാരപോലീസുചമയുന്ന മലയാളികൾക്ക്‌ ഉചിതമായ മറുപടിയും നൽകിയിരുന്നു.
ഇതിനുപിന്നിലെ സത്യാവസ്ഥ എന്തായാലും ഇത്തരം സദാചാര പോലീസുചമയൽ ഭൂഷണമല്ല.
ഇത്തരം സദാചാര പൊയ്മുഖം വയ്ക്കുന്ന മലയാളിയുടെ നിത്യജീവിതത്തിലെ
ലൈംഗീകവൈകൃതങ്ങൾ ദിനേന അങ്ങാടിയിൽപാട്ടാകുന്ന അരമനരഹസ്യങ്ങളാണല്ലോ.
അച്ഛനാൽ വർഷങ്ങളായി പീഡിപ്പിക്കപ്പെടുന്ന പെൺമക്കൾ, കുരുന്നുകുട്ടികളെ
പീഡിപ്പിക്കുന്ന അദ്ധ്യാപകന്മാർ, ലൈംഗീക ചൂഷണത്തിനു വിധേയരാകുന്ന
യുവതിയുവാക്കൾ, ഗവേഷണ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പീഡനങ്ങൾ, ബസിലും,
ട്രെയിനിലും മറ്റും സ്ത്രീജനങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ തുടങ്ങിയ
കാര്യങ്ങൾ ഒരുഭാഗത്ത്‌ അരങ്ങുതകർക്കുമ്പോഴാണ്‌ അടച്ചിട്ട കാറിലെന്തു
നടക്കുന്നു എന്ന്‌ നോക്കി ചില മാന്യന്മാർ സദാചാര മുഖം മൂടി
എടുത്തണിയുന്നത്‌. സ്വകാര്യതയിലെ സ്ത്രീപുരുഷബന്ധത്തിന്‌ കടിഞ്ഞാണുമായി
ഇറങ്ങുന്നതിന്റെ തിക്തഫലമാണ്‌ മുകളിൽ പറഞ്ഞ ലൈംഗീക അരാജകത്വം എന്നുകൂടി
പറയാതിരിക്കാൻ കഴിയുന്നില്ല.
       ചുരുക്കത്തിൽ സ്വന്തം അമ്മയോടും സഹോദരിയോടും ഭാര്യയോടുമൊപ്പം
സഞ്ചരിച്ചാലും ഈ അനുഭവം വരുമെന്ന സാഹചര്യമാണ്‌ മലയാളിയുടെ
സദാചാരവിഭ്രാന്തിയിൽ തെളിയുന്നത്‌. കാറിന്റെ ഷട്ടർ തുറന്ന്‌ അനാശാസ്യം
കാണാൻ പോകുന്ന നേരംകൊണ്ട്‌ ണല്ലോരു സിനിമകണ്ട്‌ കിടന്നുറങ്ങാൻ ഇവരെ
ഉപദേശിക്കാം. ഇവർക്ക്‌ ശുഭരാത്രികൾ നേരാം. പാതിരായ്ക്ക്‌
സൂര്യനുദിക്കാതിരിക്കുന്നത്‌ ഇത്തരക്കാരുടെ ഭാഗ്യമായിട്ടും കരുതാം.
"തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ",തൂവൽകിടക്കകൾ വിരിച്ചോട്ടെ" എന്നൊരു
സിനിമാഗാനം പണ്ട്‌ കേട്ടതായി ഓർക്കുന്നു. ഇന്നു ഈപാട്ട്‌ അയൽവീട്ടിൽ
കേട്ടാൽ അയ്യോ അപ്പുറത്ത്‌ അനാശാസ്യം നടക്കുന്നേ എന്നുപറഞ്ഞ്‌ പോലീസിനെ
വിളിക്കുന്ന സദാചാര പ്രിയന്മാരാണ്‌ നാട്ടിലുള്ളതെന്ന തോന്നുന്നു.
എന്തായാലും നിയമസഭയിൽ നീലച്ചിത്രം കണ്ട്‌ 'ശ്രദ്ധക്ഷണിക്കൽ പ്രമേയം
അവതരിപ്പിക്കുന്ന' ജനപ്രതിനിധികളുടെ പ്രവൃത്തി അനാശാസ്യംതന്നെ!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ