17 Jun 2012

എന്തിന്‌ ഭയപ്പെടണം? നാം ഈശ്വരന്റെ കൈകളിലാണ്‌


അമ്പാട്ട്‌ സുകുമാരൻനായർ
pho 8943875081

       ഞാൻ നിരീശ്വരവാദിയല്ല. ദൃഢമായ ഈശ്വരവിശ്വാസമുണ്ട്‌, പക്ഷേ, ആ വിശ്വാസം
ആരെയെങ്കിലും ബോധ്യപ്പെടുത്താനോ അത്‌ പ്രകടിപ്പിക്കാനോ ശ്രമിക്കാറില്ല.
അമ്പലങ്ങളോടെനിക്കാഭിമുഖ്യമുണ്ട്‌. അമ്പലങ്ങളിൽ പോകാറുമുണ്ട്‌. ഈശ്വരനെ
ദർശിക്കാൻ വേണ്ടിയോ ഈശ്വരനെ ഭജിക്കാൻ വേണ്ടിയോ അല്ല ഞാനമ്പലത്തിൽ
പോകുന്നത്‌. അവിടത്തെ ഏകാന്തത്തയും പരിശുദ്ധമായ അന്തരീക്ഷവും
ഞാനിഷ്ടപ്പെടുന്നു. വേണ്ടുവോളം ശുദ്ധവായു ലഭിക്കാനുള്ള
നിർമ്മാണരീതിയാണമ്പലത്തിനുള്ളത്‌. ശ്രീകോവിലിലും അതിനുചുറ്റുമുള്ള എണ്ണ
വിളക്കുകളും ആ അന്തരീക്ഷത്തെ രോഗാണു വിമുക്തമാക്കുന്നു.
നാലമ്പലത്തിനുചുറ്റുമുള്ള ആയിരക്കണക്കിനു വിളക്കുകൾ വിശേഷാവസരങ്ങളിലും
ഉത്സവവേളകളിലും കത്തിക്കുന്നതുകൊണ്ട്‌ എത്രയായിരം ജനങ്ങൾ
മതിൽക്കെട്ടിനുള്ളിൽ തിങ്ങിക്കൂടിയാലും ഒരുരോഗാണുപോലും
നാലമ്പലത്തിനുള്ളിൽ പ്രവേശിക്കില്ല. ഇത്രയും ശുദ്ധവും ശുചിത്വവുമുള്ള
ഒരന്തരീക്ഷം മറ്റെങ്ങും കാണാൻ സാധിക്കില്ല. അതുകൊണ്ടാണ്‌ ഞാൻ അമ്പലത്തെ
ഏറെ ഇഷ്ടപ്പെടുന്നത്‌. അവിടെ പോകാൻ ആഗ്രഹിക്കുന്നതും.

       പക്ഷേ അമ്പലങ്ങളിൽ കാട്ടിക്കൂട്ടുന്ന പല കാര്യങ്ങളും ദൈവത്തിനു
നിരക്കുന്നതല്ല. അവിടത്തെ ജാതി വിവേചനത്തെ ഞാൻ ശക്തിയായി എതിർക്കുന്നു.
അവിടത്തെ ഓരോപ്രവൃത്തികളിലും ജാതി വിദ്വേഷം തുളുമ്പി നിൽക്കുന്നു.
ശ്രീകോവിലിനുള്ളിൽത്തന്നെ ഇലക്ട്രോണിക്‌ സംവിധാനങ്ങൾ ഏർപ്പെടുത്തി
ദേവനെയും ഭക്തജനങ്ങളെയും പൊറുതിമുട്ടിക്കുന്ന ചില അനിഷ്ടകാര്യങ്ങളും
ഇന്നു നടക്കുന്നുണ്ട്‌. ഇതൊക്കെ അമ്പലത്തോടുള്ള ആഭിമുഖ്യം
ഇല്ലാതാക്കുകയും ചെയ്യുന്നു.
       ഇപ്പറഞ്ഞ കാര്യങ്ങൾ യാദൃശ്ചികമായി പറഞ്ഞുവേന്നേയുള്ളു. എന്റെ ഇത്രയും
കാലത്തെ ജീവിതത്തിനുള്ളിൽ ഞാൻ ഈശ്വരനെ നേരിൽ കണ്ടിട്ടുള്ള ചില
അനുഭവശത്ത്യങ്ങൾ ബോധ്യപ്പെടുത്താനാണ്‌ ഇതെഴുതുന്നത്‌.
       1955-ൽ ഹൈദരാബാദിൽ വച്ചുണ്ടായ ഒരു സംഭവം പറയാം. ഞാൻ ഹൈദരാബാദിൽ
എത്തിയിട്ട്‌ ഒരു മാസം കഴിഞ്ഞതേയുള്ളു. എന്റെ ഒരു ബന്ധുവിന്റെ കൂടെയാണ്‌
താമസം. ഹൈദരാബാദ്‌ - സിക്കന്ദ്രാബാദ്‌ റൂട്ടിൽ 'ചാർമിനാർ' എന്നൊരു
കവലയുണ്ട്‌. പ്രസിദ്ധമായ 'ചാർമിനാർ ചൗരാസ്ത'യല്ല. ചാർമിനാർ സിഗരറ്റ്‌
ഫാക്ടറിയുടെ സമീപത്തായി ഒരു കവലയുണ്ട്‌. ആ കവലയ്ക്കും ചാർമിനാർ എന്ന
പേരിലാണറിയപ്പെടുന്നത്‌. ആ കവലയിൽ നിന്ന്‌ മൂന്നോ നാലോ കിലോമീറ്റർ അകലെ
വിദ്യാനഗർ എന്നൊരു സ്ഥലമുണ്ട്‌. അവിടെ റെയിൽവേസ്റ്റേഷന്‌ ഏറെക്കുറെ
സമീപത്തായാണ്‌ ഞാൻ താമസിക്കുന്നത്‌.
       സിക്കന്ദ്രാബാദിൽ എന്റെ ഒരു ആത്മസുഹൃത്ത്‌ കുടുംബസമേതം
താമസിക്കുന്നുണ്ട്‌. ആ സുഹൃത്തിന്റ ക്ഷണം സ്വീകരിച്ചുകൊണ്ട്‌ ഒന്നു
രണ്ട്‌ ദിവസത്തെ അതിഥിയായി ഞാൻ ആ വീട്ടിൽപോയി. രണ്ടു ദിവസം കഴിഞ്ഞാണ്‌
തിരിച്ചുപോന്നത്‌. ചാർമിനാർ കവലയിൽ വന്ന്‌ ബസ്സിറങ്ങിയപ്പോൾ രാത്രി
ഒമ്പതുമണിയോടടുത്തു. വിജനമായ ആ സ്ഥലത്ത്‌ വന്ന്‌ ബസ്സിലിറങ്ങിയപ്പോൾ
എനിക്കൽപം ഭയം തോന്നി. പ്രായവും വളരെ കുറവ്‌. കൈയിൽ സാമാന്യം ഭേദപ്പെട്ട
ഒരു ബാഗുണ്ട്‌.
       ഒമ്പതുമണി കഴിഞ്ഞതുകൊണ്ട്‌ ബസ്സുകളൊന്നും ആ വഴിക്കില്ല. വിജനമായ
നിരത്തിലൂടെ മൂന്നുനാല്‌ കിലോമീറ്റർ ഒറ്റയ്ക്കു നടന്നുപോകാനുള്ള
ധൈര്യവുമില്ല.
       എന്താണു വേണ്ടതെന്നാലോചിച്ചു കൊണ്ടു നിൽക്കുമ്പോൾ ഒരു ഓട്ടോറിക്ഷാ എന്റെ
മുമ്പിൽ വന്നുനിന്നു. എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഞാൻ
ഓട്ടോറിക്ഷായിൽ കയറി വിദ്യാനഗർ എന്നുമാത്രം പറഞ്ഞു. കുറച്ചുദൂരം ഓടിയ
ഓട്ടോറിക്ഷ മറ്റൊരു വഴിക്കു തിരിഞ്ഞു. ആ വഴി എനിക്കൊരു
പരിചയവുമില്ലാത്തതുപോലെ തോന്നി.
       "എനിക്കു പോകേണ്ടത്‌ വിദ്യാനഗറിലേക്കാണ്‌"
       ശുദ്ധമായ ഹിന്ദിയിൽ ഞാൻ ഡ്രൈവറോടു പറഞ്ഞു.
       ഞാൻ സ്ഥലവാസിയല്ലെന്ന്‌ എന്റെ ഭാഷകേട്ടപ്പോൾത്തന്നെ അയാൾ
മനസ്സിലാക്കിക്കാണും. ഇനി കുറച്ചു ദൂരമേയുള്ളൂവേന്ന്‌ ഉറുടുകലർന്ന
ഹിന്ദിയിൽ അയാൾ പറഞ്ഞു. വണ്ടി ഓടിക്കൊണ്ടേയിരുന്നു.
       "വഴിഇതല്ല, വഴിതെറ്റി" എന്ന്‌ ഞാനുറക്കെ പറഞ്ഞു. അയാൾ കേട്ടഭാവം
നടിച്ചില്ല. എനിക്കാകെ പരിഭ്രമമായി. ഈ രാത്രിയിൽ ഇയാൾ എന്നെ
എവിടേക്കാണാവോ കൊണ്ടുപോകുന്നത്‌! എന്റെ ബാഗിൽ പണമുണ്ടെന്ന്‌
തെറ്റിദ്ധരിച്ച്‌ അത്‌ തട്ടിയെടുക്കാൻ ഏതെങ്കിലും വിജനസ്ഥലത്തേക്ക്‌
കൊണ്ടുപോവുകയാണോ!
       വിദ്യാനഗറിൽ എത്തേണ്ട സമയമൊക്കെ കഴിഞ്ഞു. ഈ അപരിചിതമായ സ്ഥലത്തുവച്ച്‌
എന്റെ കഥ കഴിഞ്ഞതു തന്നെയെന്നു ഞാൻ തീരുമാനിച്ചു. ഞാൻ ഈശ്വരനിൽ
മനസ്സുറപ്പിച്ചു. വേറൊരാശ്രയവുമില്ലല്ലോ. കണ്ണടച്ച്‌ ആ ഒരു ചിന്തയിൽ
മാത്രം ഞാൻ ലയിച്ചിരുന്നു.
       പത്തിരുപതു മിനിറ്റുനേരം ഓടിക്കഴിഞ്ഞ്‌ ഓട്ടോറിക്ഷ ഒരു നാൽക്കവലയിൽ
നിർത്തി. പടർന്നു പന്തലിച്ച വലിയൊരു മരത്തിനു ചുവട്ടിലാണ്‌ വണ്ടി
നിർത്തിയിരിക്കുന്നത്‌. ഒരു പരിചയവുമില്ലാത്ത സ്ഥലം. സമീപത്തായി ഏതാനും
കടകളുമുണ്ട്‌. എല്ലാവരും കട അടച്ചുപൂട്ടി സ്ഥലം വിട്ടിരുന്നു.
ചുറ്റവട്ടത്തെങ്ങും ഒരൊറ്റ മനുഷ്യനെപോലും കാണാനില്ല. എനിക്കൊരു
പരിചയവുമില്ലാത്ത സ്ഥലം. ഞാൻ വണ്ടിയിൽ നിന്നിറങ്ങാൻ കൂട്ടാക്കിയില്ല.
"ഇത്‌ ഞാൻ പറഞ്ഞ സ്ഥലമല്ല. ദൂരെയുള്ള ഏതോ സ്ഥലമാണ്‌. ഞാനിവിടെയിറങ്ങില്ല.
ഓട്ടോ ഡ്രൈവർ എന്നോടു കയർത്തു.
"മര്യാദയ്ക്ക്‌ എന്റെ കൂലി തന്നിട്ട്‌ ഓട്ടോയിൽ നിന്നിറങ്ങുന്നുണ്ടോ?"
അയാളുടെ ആൾക്കാർ ഇവിടെയെവിടെയെങ്കിലും കാണും. അവരെ വിളിച്ചു കൂട്ടാനുള്ള
ശ്രമമാണ്‌ ഇയാൾ നടത്തുന്നതെന്നെനിക്കുതോന്നി. ഞാൻ
അപകടത്തിൽപെട്ടിരിക്കുകയാണ്‌. എന്താണ്‌ സംഭവിക്കാൻ പോകുന്നതെന്നറിഞ്ഞു
കൂടാ. എന്തും വരട്ടെയെന്നുറച്ചുകൊണ്ട്‌ ഞാനോട്ടോയിൽത്തന്നെ ഇരുന്നു.
       അയാൾക്കെന്നെ പിടിച്ചിറക്കാനുള്ള ഭാവമാണെന്നു തോന്നി. ഞാൻ മനസ്സുനൊന്ത്‌
ഈശ്വരനെ വിളിച്ചു. പിന്നീട്‌ കണ്ണുതുറന്നപ്പോൾ അകലെ നിന്നൊരാൾ
നടന്നുവരുന്നതുകണ്ടു. ആരാണെന്നറിയില്ല. ചിലപ്പോൾ ഇയാളുടെ
ആൾക്കാരാരെങ്കിലുമായിരിക്കുമോ?
       എന്തായാലും ഞാൻ ഓട്ടോക്കാരനോടു പറഞ്ഞു"
എനിക്ക്‌ വിദ്യാനഗറിലാണ്‌ പോകേണ്ടത്‌. ഇത്‌ വിദ്യാനഗറല്ല.
അയാളും വിടുന്ന ഭാവമില്ല. എന്നോടു കയർത്തുകൊണ്ടേയിരുന്നു. ആ
വഴിയാത്രക്കാരൻ അടുത്തു വന്നപ്പോൾ അയാൾ ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചു.
ഞാൻ ഈ നാട്ടുകാരനല്ല എന്ന്‌ എന്റെ ഭാഷയിൽ നിന്നയാൾക്ക്‌ മനസ്സിലായി.
എന്റെ അടുത്തുവന്ന്‌ ശുദ്ധമായ ഹിന്ദിയിൽ ചോദിച്ചു.
       "നിങ്ങളാരാണ്‌? എന്തു പറ്റി? എവിടെയാണ്‌ നിങ്ങൾക്ക്‌ പോകേണ്ടത്‌?"
       സൗമ്യമായ സംഭാഷണം എനിക്കാശ്വാസമായി. ഞാനദ്ദേഹത്തോട്‌ എല്ലാ വിവരങ്ങളും
ചുരുക്കി പറഞ്ഞു.
"നിങ്ങൾക്കബദ്ധം പറ്റി സുഹൃത്തെ. ഇത്‌ വിദ്യാനഗറല്ല, വിജയനഗറാണ്‌.
വിദ്യാനഗർ ഇവിടെ നിന്ന്‌ വളരെ ദൂരെയാണ്‌."
അദ്ദേഹം ഓട്ടോ ഡ്രൈവറുടെ നേരെ തിരിഞ്ഞ്‌ തെലുങ്കിൽ വളരെ രൂക്ഷമായി
ശകാരിക്കുന്നതു കേട്ടു. എന്താണു പറഞ്ഞതെന്ന്‌ എനിക്കൊന്നു മനസ്സിലായില്ല.
ശബ്ദം കേട്ട്‌ സമീപമുള്ള വീട്ടിലുള്ളവരും ഉണർന്നു. അവർ പുറത്തേക്കുള്ള
ലൈറ്റിട്ടു. അൽപം കഴിഞ്ഞപ്പോൾ ആ വീട്ടിൽ നിന്നൊരു മധ്യവയസ്കൻ ഇറങ്ങി
വന്നു. അദ്ദേഹം കാര്യം തിരക്കിയപ്പോൾ വഴിയാത്രക്കാരനായി വന്നആൾ
അദ്ദേഹത്തോട്‌ തെലുങ്കിൽ സംഗതി വിശദീകരിച്ചു. അദ്ദേഹവും ഓട്ടോഡ്രൈവറെ
കണക്കിനു ശകാരിച്ചു. ശകാരിക്കുക മാത്രമല്ല, അയാളുടെ നേർക്ക്‌
കൈയുയർത്തുകയും ചെയ്തു. ഓട്ടോക്കാരൻ അബദ്ധത്തിലായി. അയാൾ
കൈകൂപ്പിക്കൊണ്ട്‌ അവരോട്‌ അപേക്ഷാസ്വരത്തിൽ എന്തൊക്കെയോ പറഞ്ഞു.
       ഒടുവിൽ ആദ്യം വന്ന ആ വ്യക്തി ഓട്ടോയിൽ കയറി എന്റെ ഒപ്പമിരുന്നു. അദ്ദേഹം
എന്റെ തോളിൽ കൈവച്ചുകൊണ്ടെന്നോടു പറഞ്ഞു:
       "ഭയപ്പെടാനൊന്നുമില്ല. ഞാൻ നിങ്ങളെ നിങ്ങളുടെ സ്ഥലത്തുകൊണ്ടുവിടാം. ഇത്‌
വിജയ്നഗർ എന്ന സ്ഥലമാണ്‌. രാത്രിയിൽ അപരിചിതർ വന്നുപെട്ടാൽ
കുടുങ്ങിയതുതന്നെ. വളരെ അപകടം പിടിച്ച സ്ഥലമാണിത്‌. ഞാൻ
വന്നില്ലായിരുന്നെങ്കിൽ നിങ്ങളുടെ സ്ഥിതി കഷ്ടത്തിലാകുമായിരുന്നു.
       ഞാനദ്ദേഹത്തിനൊരുപാട്‌ നന്ദി പറഞ്ഞു. അദ്ദേഹം നിശ്ശബ്ദനായി
ഇരുന്നതേയുള്ളു. വിദ്യാനഗർ റെയിൽവേസ്റ്റേഷനു സമീപം ഞാൻ
താമസിക്കുന്നവീടിനു സമീപം വണ്ടി നിർത്തി.
       ഞാൻ ഓട്ടോഡ്രൈവറോട്‌ വണ്ടിക്കൂലി എത്രയായെന്നു ചോദിച്ചു. അപ്പോൾ
എന്നോടൊപ്പം വന്ന ആ മാന്യ വ്യക്തി പറഞ്ഞു:
"വേണ്ട. വണ്ടിക്കൂലി ഞാൻ കൊടുത്തോളാം. എനിക്കീ വണ്ടിയിൽത്തന്നെ വിജയനഗറിലെത്തണം."
എന്റെ നന്ദി വാക്കുകൾപോലും കേൾക്കാൻ നിൽക്കാതെ അദ്ദേഹം യാത്രയായി.
ആപൽഘട്ടത്തിൽ സഹായഹസ്തവുമായി അവിടെ വന്ന ആ വ്യക്തി ആരെന്നെനിക്കറിയില്ല.
ഒന്നുമാത്രമറിയാം. അദ്ദേഹം ഒരു സാധാരണവ്യക്തിയല്ല. സാക്ഷാൽ ഭഗവാൻ തന്നെ
ആൾരൂപത്തിലെത്തിയതാണ്‌. അങ്ങനെ ഞാൻ ഈശ്വരനെ നേരിട്ടുകണ്ടു. അദ്ദേഹത്തോട്‌
ചേർന്നിരുന്ന്‌ യാത്ര ചെയ്തു. ആ സ്നേഹവാത്സല്യങ്ങൾ ഞാനനുഭവിച്ചറിഞ്ഞു. ഈ
കലിയുഗത്തിലും നൊന്തുവിളിച്ചാൽ ഈശ്വരൻ വിളിപ്പുറത്തുണ്ട്‌. പിന്നെന്തിനു
നാം ഭയപ്പെടണം.
       ഇതുപോലെ പല പ്രതിസന്ധികളും എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്‌.
ഇനിയെന്തെന്ന ചോദ്യത്തിന്‌ ഒരുത്തരവും ലഭിക്കാത്ത സന്ദർഭങ്ങൾ.
അപ്പോഴൊക്കെ അത്ഭുതകരമായ രീതിയിൽ ഈശ്വരൻ എനിക്ക്‌ സഹായഹസ്തം
നീട്ടിത്തന്നിട്ടുണ്ട്‌.
ambattu sukumaran nair pho. 94953 95312

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...