കര്‍ത്താവും ഭര്‍ത്താവും


  • കുഞ്ഞൂസ് 

സാമ്പത്തീക പരാധീനതകള്‍ കാരണം വിവാഹം നീണ്ടുപോയ മോളിക്ക് ഒരു ദിവസം ജ്ഞാനോദയം ഉണ്ടായി....
ഒരുനാള്‍ അതിരാവിലെ മോളിയുടെ വീട്ടില്‍ നിന്നും ഉച്ചത്തിലുള്ള പ്രാര്‍ത്ഥന കേട്ടാണ് അയല്‍വാസികള്‍ ഉണര്‍ന്നത്. എന്തോ അത്യാപത്ത് സംഭവിച്ചു എന്നോര്‍ത്താണ് അവരെല്ലാം മോളിയുടെ വീട്ടിലേക്കു ഓടിയത്. 

ഓടുന്നതിനിടയില്‍ പരസ്പരം വിളിച്ചു ചോദിക്കാനും അറിയാത്തവരെ അറിയിക്കാനും അവര്‍ മറന്നില്ല. അങ്ങിനെ മോളിയുടെ വീട്ടില്‍ ചെന്നപ്പോള്‍ , കണ്ട കാഴ്ചയോ...? മുട്ടിന്മേല്‍ നിന്ന് ഉറക്കെയുറക്കെ പ്രാര്‍ത്ഥിക്കുന്ന മോളിയെ...!!! പ്രാര്‍ത്ഥനയല്ലേ എന്തിനെന്നറിയാതെ അവരും കൂടി... പെട്ടന്നാണു മോളിയുടെ പ്രഖ്യാപനമുണ്ടായത്,

"ഇന്നലെ സ്വപ്നത്തില്‍ കര്‍ത്താവു പ്രത്യക്ഷപെട്ടു പറഞ്ഞു, മോളീ നിന്നെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു. അതെ ഇന്ന് മുതല്‍ കര്‍ത്താവിനു വേണ്ടിയാണ് എന്റെ ജീവിതം. എനിക്ക് ഇനി കര്‍ത്താവു മതി. ഹാലേലൂയാ ഹാലേലൂയാ..."

ഒന്നും മനസിലാകാതെ അവരും ഏറ്റു പറഞ്ഞു

" ഹാലേലൂയാ  ഹാലേലൂയാ"

വാര്‍ത്ത‍ നാടെങ്ങും പടര്‍ന്നു...ദിവസങ്ങളും ആഴ്ചകളും കടന്നു പോയി. മോളി അങ്ങിനെ മോളി മാതാവായി മാറി.

പ്രാര്‍ത്ഥനക്കായി ഓലമേഞ്ഞ ഒരു ചെറിയ ഷെഡ്‌  ഭക്തരുടെ  ശ്രമഫലമായി ആ മുറ്റത്തുയര്‍ന്നു. ഇരുപത്തിനാലു   മണിക്കൂറും അവിടെ നിന്നു പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു കേട്ടു. അയല്‍ക്കാരുടെ പരാതിയും കൂടി വന്നു.

മോളിമാതാവിന്റെ പ്രശസ്തി ഗ്രാമത്തിന്റെ അതിരുകള്‍ കടന്നു.
ഭക്തരുടെ ഒഴുക്കായി, ഓലമേഞ്ഞ ഷെഡിന്റെ സ്ഥാനത്ത് കോണ്‍ക്രീറ്റില്‍ വാര്‍ത്ത‍ വലിയ ഹാള്‍ . മോളിയുടെ വീടിരുന്ന സ്ഥലത്ത് മോളിമാതാവിന്റെ വിശ്രമത്തിനായി ഇരുനില ബംഗ്ളാവ് ...! 

അയല്‍നാട്ടില്‍ നിന്നും വന്ന ഒരു ഭക്തന്‍ , മോളിയുടെ അരുമശിഷ്യനായി മാറി. ഊണും ഉറക്കവുമെല്ലാം അവിടെ തന്നെ.

ഒരുനാള്‍ രാവിലെ പ്രാര്‍ത്ഥനയ്ക്ക് വന്ന ജനം മാതാവിനെയും ശിഷ്യനെയും  കാണാതെ അമ്പരന്നു. എന്തു   സംഭവിച്ചുവെന്നറിയാതെ ഊഹാപോഹങ്ങളുമായി നിന്ന അവര്‍ക്കടുത്തേക്കു കയ്യില്‍ വരണ്യമാലയുമായി മോളിമാതാവും ശിഷ്യനും കാറില്‍ വന്നിറങ്ങി, മിഴിച്ചു നിന്ന ഭക്തജനത്തിനോടായി മോളിമാതാവ് പറഞ്ഞു,

 "എനിക്കിനി കര്‍ത്താവു വേണ്ടാ, ഭര്‍ത്താവു മതി"

ശിഷ്യന്റെ കയ്യും പിടിച്ചു വീടിനകത്തേക്ക് കയറിപ്പോയ മോളിയെ നോക്കി ജനം വാ പൊളിച്ചു നിന്നു.


"and here after they lived happily ever" എന്നു പറയാറായിട്ടില്ല...!!!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ