17 Jun 2012

പുറപ്പാട്‌


ശ്രീധരനുണ്ണി

ആരാണുറക്കംകെടുത്താൻ വരുന്നതീ
രാവിൽ, അകത്തുകടന്നിരിയ്ക്കാം
ഇന്നലെയെങ്ങാൻ നിലച്ച കറന്റാണ്‌
വന്നില്ലിതേവരെയെന്തു ചെയ്യാൻ?
പൂട്ടിയിടാറില്ല വാതിലൊരിയ്ക്കലും
കാറ്റുവന്നാലും തുറന്നു പോകും
സൂക്ഷിയ്ക്കുവാനില്ലെനിയ്ക്കു രഹസ്യങ്ങൾ
കൂട്ടുകാരാലും വരാറുമില്ല-
കീറിയ പായയേയുള്ളൂ നമുക്കതു
പോരേ തണുത്തിരിപ്പെങ്കിലെന്തേ?
ആരാണുനിങ്ങൾ മനസ്സിലാകുന്നില്ല
സാരമില്ലാരാകിലെന്ത്‌ ഞാനു-
മാരെന്നെനിയ്ക്കറിയില്ല മുമ്പേ കണ്ടൊ-
രോർമ്മയില്ലെങ്കിലും സൗഖ്യമല്ലേ?
ചോരനാണെങ്കിലും ചാരണാണെങ്കിലും
സ്വാഗതം ഞാനവർക്കുറ്റതോഴൻ
ദൂതനെന്നാലും പറയാം തരാൻ കയ്യി-
ലേതുമേയില്ല ഞാൻ നിസ്വനല്ലേ.
മാടിവിളിയ്ക്കയോ നിങ്ങളെന്നെ, യെന്ത്‌
കൂടെവരാനോ? പുറപ്പെടാനോ ?
ഇല്ലെനിയ്ക്കൊന്നുമൊരുങ്ങാൻ പഴയൊരു
പാദുകം മാത്രമേ ബാക്കിയുള്ളൂ
ഒറ്റിനിമേഷമെൻ ദേഹമീ നീർത്തിയ
കട്ടിലിലൊന്നു കിടത്തിക്കോട്ടെ.
പായകൊണ്ടൊന്നു പൊതിഞ്ഞു വയ്ക്കാം വല്ല
നായയോ പൂച്ചയോ നക്കിയാലോ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...