17 Jun 2012

ഓർമ്മയുടെ മേഘങ്ങൾ


  ഡോ.[മേജർ]നളിനി ജനാർദ്ദനൻ

മഴമേഘങ്ങൾ ഉരുണ്ടുകൂടുന്ന ആകാശം-സന്ധ്യാദീപങ്ങൾ തെളിഞ്ഞു. ജനലിലൂടെ
വെറുതെ പുറത്തേക്കു നോക്കിയപ്പോൾ കണ്ടു അടഞ്ഞുകിടക്കുന്ന ആ വീട്‌ - എന്റെ
അയൽക്കാരിയായ മിസ്സിസ്‌ ഗീതാറാവുവിന്റെ വീട്‌ - ഒരു തേങ്ങൽ നെഞ്ചിൽ
നിന്നുയരവേ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട്‌ ഞാനോർത്തുപോയി, എന്നെ ഒരു
കൂട്ടുകാരിയെപ്പോലെ സ്നേഹിച്ചിരുന്ന ഗീതാറാവു എന്ന
വൃദ്ധയെക്കുറിച്ച്‌...പുതിയ വീട്ടിൽ ഞങ്ങൾ വാടകക്കാരായി താമസം
തുടങ്ങിയപ്പോൾ പരിചയപ്പെടാനായി അവർ കയറിവന്നതോർത്തു. ഏകദേശം 79
വയസ്സുണ്ടായിരുന്ന അവർക്ക്‌ എന്റെ അമ്മയാവാനുള്ള
പ്രായമുണ്ടായിരുന്നുവേങ്കിലും ആർമിയിലെ ശീലമനുസരിച്ച്‌ ഞാനവരെ മിസ്സിസ്‌
റാവു എന്നാണു വിളിച്ചിരുന്നത്‌. അവരുടെ ഭർത്താവ്‌ പ്രഭാകർറാവു നേവിയിൽ
നിന്നു റിട്ടയർ ചെയ്ത ഉദ്യോഗസ്ഥനായിരുന്നു. "വിജയയ്ക്ക്‌
വീടുശരിയാകുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോടു പറഞ്ഞാൽ മതി.
വീട്ടുസാധനങ്ങൾ തുറക്കുന്നതുവരെ പാത്രങ്ങളോ പ്ലേറ്റുകളോ വേണമെങ്കിൽ ഞാൻ
തരാം"-എന്നു പറഞ്ഞുകൊണ്ട്‌ വളരെ വിഷമിച്ച്‌ കാൽമുട്ടിൽ കൈവച്ചുകൊണ്ട്‌
അവർ പടികളിറങ്ങിപ്പോയത്‌ ഞാനിന്നും ഓർക്കുന്നു. പ്രമേഹരോഗിയായ അവർക്ക്‌
വാർദ്ധക്യസഹജമായി രണ്ടു കാൽമുട്ടുകളിലും വാതരോഗവും ഉണ്ടായിരുന്നു. പക്ഷേ
അതൊന്നും കണക്കാക്കാതെ മനസ്സിൽ യൗവ്വനം കാത്തുസൂക്ഷിച്ചിരുന്ന ഗീതാറാവു
എന്ന നല്ല സ്ത്രീ ക്രമേണ എന്നോട്‌ ഒരു സുഹൃത്തിനെപ്പോലെ അടുത്തു. അവരുടെ
ഭർത്താവിന്‌ ഏകദേശം 84 വയസ്സായി. അദ്ദേഹത്തിന്‌ ഒന്നു രണ്ടു വർഷങ്ങളായി
'അൽഷീമേഴ്സ്‌' രോഗം ബാധിച്ചിരിക്കുകയാണ്‌. ഒരിക്കൽ നാട്ടിൽപോയി
മദ്രാസിൽനിന്ന്‌ ഔറംഗാബാദിലേക്കു മടങ്ങിവരുമ്പോൾ ഏതോ ചെറിയ
റെയിൽവേസ്റ്റേഷനിലെ വെയിറ്റിംഗ്‌ ർറൂമിലിരിക്കുമ്പോഴാണത്രെ അദ്ദേഹത്തിന്‌
ഓർമ്മക്കുറവിന്റെ ലക്ഷണം ആദ്യമായിക്കണ്ടത്‌. "ഞാനിതെവിടെയാണ്‌? ഗീതാ,
എനിക്കൊന്നും മനസ്സിലാവുന്നില്ല, ഇതെന്റെ നാടല്ലല്ലോ-വരൂ, നമുക്ക്‌
ഇവിടെനിന്നു പോകണം. ഞാനിവിടെയിരിക്കില്ല"-എന്നു പിച്ചും പേയും
പറയുന്നതുപോലെ പറയാനും എഴുന്നേറ്റു നടക്കാനും തുടങ്ങി. ഇതുകണ്ട്‌
മിസ്സിസ്‌ റാവു വളരെയധികം പരിഭ്രമിച്ചു. ഒറ്റയ്ക്ക്‌ ഭർത്താവിനെയുംകൂട്ടി
ഔറംഗാബാദിലെത്താൻ അവർ വളരെ പാടുപെട്ടു. അതിനുശേഷം ചികിത്സ
തുടങ്ങിയെങ്കിലും അൽഷീമേഴ്സ്‌ രോഗം പൂർണ്ണമായി ചികിത്സിച്ചു
മാറ്റാനാവില്ലല്ലോ.
       അയൽവാസികളെ പരിചയപ്പെടണമല്ലോ എന്നുകരുതി ഞാനും ഭർത്താവും ചെന്നപ്പോൾ
മിസ്റ്റർ റാവുവിനോട്‌ സംഭാഷണം നടത്തി ഞങ്ങളും ബുദ്ധിമുട്ടിയെന്നു പറയാം.
"കേണൽ ഗോപി ഇപ്പോഴെവിടെയാണു ജോലിചെയ്യുന്നത്‌? നാടെവിടെയാണ്‌? മകൻ
എന്തുചെയ്യുന്നു? മകൾ എന്തുകോഴ്സാണു ചെയ്യുന്നത്‌? എന്നീ നാലുചോദ്യങ്ങൾ
മാത്രം വീണ്ടും വീണ്ടും ഞങ്ങളോട്‌ ചോദിച്ചുകൊണ്ടിരുന്നു. മറുപടി
അപ്പോൾത്തന്നെ മറന്നുപോകുന്നതുകൊണ്ട്‌ അദ്ദേഹം ഓരോ ചോദ്യവും ഏകദേശം അഞ്ചോ
പത്തോ പ്രാവശ്യം ഞങ്ങളോട്‌ ചോദിച്ചിരിക്കും. "ഗോപിയേട്ടാ,
ഭയങ്കരകഷ്ടമാണ്‌ ഇവരുടെ കാര്യം, അല്ലേ? മിസ്സിസ്‌ റാവുവിന്റെ ക്ഷമ
അപാരംതന്നെ. ഓർമ്മക്കുറവുള്ള ഭർത്താവിനെ ശ്രദ്ധിക്കാൻ വിഷമമുണ്ടാവും,
അതും ഈ വയസ്സുകാലത്ത്‌"-എന്നു ഞാൻ ഭർത്താവിനോട്‌ അടക്കം പറഞ്ഞു.
       പലപ്പോഴും അവരുടെ വീട്ടിൽ നിന്ന്‌ വഴക്കിടുന്ന ശബ്ദം കേൾക്കാം.
മിസ്സിസ്‌ റാവു ഉറക്കെ ദേഷ്യപ്പെടുന്നതു കേട്ട്‌ ഞാൻ
അത്ഭുതപ്പെടാറുണ്ട്‌.
       "എന്തുചെയ്യാനാണ്‌ വിജയലക്ഷ്മീ, എന്റെ ഭർത്താവിന്‌ ഓർമ്മപ്പിശകിന്റെ
അസുഖത്തിന്‌ ഒരു കുറവുമില്ല. ബാത്ത്‌ർറൂമിൽപ്പോയാൽ പൈപ്പ്‌ തുറന്നിട്ട്‌
കുളിക്കാതെ വരിക, വിളമ്പിവച്ച ഭക്ഷണം കഴിക്കാൻ മറക്കുക, വീട്‌
തുറന്നിട്ടു പുറത്തുപോവുക എന്നിങ്ങനെ ദിവസവും എനിക്കു പ്രശ്നങ്ങൾതന്നെ.
ചോദിക്കാനോ പറഞ്ഞുമനസ്സിലാക്കാനോ ശ്രമിച്ചാൽ എന്നോട്‌ ദേഷ്യപ്പെടും. കുറേ
ക്ഷമിക്കുമെങ്കിലും പിന്നെ എനിക്കും ദേഷ്യം വരുന്നത്‌ സ്വാഭാവികമല്ലേ?
ഓരോ ചെറിയ കാര്യങ്ങളും ശ്രദ്ധിച്ച്‌ ശ്രദ്ധിച്ച്‌ ഞാൻ മടുത്തുപോയി.
ദിവസവും ഓരേ ചോദ്യങ്ങൾ തന്നെ ചോദിച്ചുകൊണ്ടിരിക്കും. എല്ലായിടത്തും എന്റെ
കണ്ണെത്തണമല്ലോ. എനിക്കും ചെറുപ്പമൊന്നുമല്ല. വയസ്സായ ഞാൻ എന്റെ
വേദനയുള്ള കാൽമുട്ടും കൊണ്ട്‌ നടന്നുപോയി പച്ചക്കറികളും പാലും
വാങ്ങിക്കൊണ്ടുവരണം. പണിക്കാരികളെ കിട്ടാൻ വിഷമമാണ്‌. പാത്രം കഴുകാൻ
വരുന്ന സ്ത്രീ അഡ്വാൻസ്‌ പണം വാങ്ങിയിട്ട്‌ ഇപ്പോൾ 15 ദിവസമായി
വന്നിട്ടില്ല. നാട്ടിൽപോയിരിക്കുകയാണത്രെ. അതുകൊണ്ട്‌ പാത്രം കഴുകളും
തുണി തിരുമ്പലും അടിച്ചുവാരലും കൊണ്ട്‌ ഞാൻ ബുദ്ധിമുട്ടുകയാണ്‌.
ഭർത്താവ്‌ കാർ ഡ്രൈവ്‌ ചെയ്യുമെങ്കിലും എനിക്ക്‌ കൂടെപ്പോകാനും
ഒറ്റയ്ക്കുവിടാനും ധൈര്യമില്ല.അതുകൊണ്ട്‌ ദൂരെയൊന്നും പോകാറില്ല.
ഒന്നിച്ച്‌ ബാങ്കിൽ മാത്രം പോയിവരും. അത്‌ അടുത്തുതന്നെയാണല്ലോ. പിന്നെ
ഷോപ്പിംഗിന്‌ 'പ്രോസോൺ മാൾ'ഉണ്ടെങ്കിലും അവിടെ ഇദ്ദേഹത്തെ കൊണ്ടുപോയാൽ
പ്രശ്നമാണ്‌. അതുകൊണ്ട്‌ ഞാൻ ഓട്ടോപിടിച്ചുപോയിട്ടാണ്‌ വീട്ടുസാധനങ്ങൾ
വാങ്ങിക്കൊണ്ടുവരുന്നത്‌. നമ്മുടെ ഈ കോളനിയിലാണെങ്കിൽ ഓരോട്ടോ കിട്ടാൻ
എത്രദൂരം നടക്കണം - പോട്ടെ, എല്ലാം എന്റെ തലവിധി! ഡ്രൈവർമാരെ
കിട്ടാനില്ല. പറയുന്നത്രെ പൈസ ശമ്പളമായി കൊടുത്താലും വിശ്വസിക്കാൻ
പറ്റാത്ത വർഗ്ഗമാണ്‌. രാത്രി ഉറങ്ങുമ്പോൾ മാത്രമല്ല പുറത്തുപോകുമ്പോഴും
ഞാൻ വാതിൽ പൂട്ടിയിട്ടും. ഭർത്താവ്‌ എപ്പോഴാണ്‌ പുറത്തിറങ്ങിപ്പോവുക
എന്നു പറയാൻ പറ്റില്ലല്ലോ. എല്ലാം അദ്ദേഹത്തിന്റെ രോഗംകൊണ്ടാണെന്ന്‌
എനിക്കറിയാമെങ്കിലും ചിലപ്പോൾ വല്ലാതെ മനസ്സുമടുത്തുപോവും. ഇവിടെ ജീവിതം
ബോറടിക്കുമ്പോഴാണ്‌ ഞങ്ങൾ ബോംബെയിൽ മകളുടെ അടുത്തുപോകുന്നത്‌.
മകനാണെങ്കിൽ അമേരിക്കയിലാണ്‌. പിന്നെ വർഷത്തിലൊരിക്കൽ പഞ്ചാബിലെ ബിയാസ്‌
എന്ന സ്ഥലത്തുള്ള രാധാസ്വാമിസത്സംഗ്‌ എന്ന ആശ്രമത്തിച്ചെന്ന്‌ ധ്യാനവും
പ്രാർത്ഥനയുമായി ഒരു മാസം താമസിക്കും- ഇതാണീ കുട്ടീ എന്റെ ജീവിതം"
       അവരുടെ കഥ കേട്ടപ്പോൾ എനിക്കു സഹതാപവും ദുഃഖവും തോന്നി.
       "മിസ്സിസ്സ്‌ റാവു. നിങ്ങളൊന്നും തന്നെ വിഷമിക്കേണ്ട. ഞങ്ങൾ
അടുത്തുതന്നെയില്ലേ? രാത്രിയായാലും പകലായാലും എന്തു വിഷമംവന്നാലും ഞങ്ങളെ
വിളിക്കാമല്ലോ"- എന്നു പറഞ്ഞുകൊണ്ട്‌  ഞങ്ങളുടെ മൊബെയിൽ നമ്പറുകൾ
കൊടുത്തിട്ടാണ്‌ ഞാൻ വീട്ടിലേക്കു തിരിച്ചുവന്നത്‌.
       പലപ്പോഴും ബോംബെയിലോ പഞ്ചാബിലോ പോകുന്നതിനുമുമ്പ്‌ മിസ്സിസ്‌ റാവു എന്നെ
കാണാൻ വരാറുണ്ട്‌. "വീട്‌ നോക്കാൻ വാച്ച്മാനെ നിർത്തിയിട്ടുണ്ടെങ്കിലും
ഒന്നു ശ്രദ്ധിക്കണം, കേട്ടോ"-എന്നു പറഞ്ഞിട്ടാണ്‌ തിരിച്ചുപോവുക.
മടങ്ങിയെത്തിയാൽ ഞാൻ അവരെ കാണാൻ പോകും. വിശേഷങ്ങൾ ചോദിച്ചറിയും. നൊണ്ടി
നടന്നുകൊണ്ട്‌ അവർ അടുക്കളയിൽച്ചെന്ന്‌ എനിക്ക്‌ കാപ്പിയുണ്ടാക്കിത്തരും.
ചിലപ്പോൾ മധുരപലഹാരങ്ങളും തരും"നിങ്ങൾക്ക്‌ പ്രമേഹമല്ലേ? എന്തിനാണ്‌
സ്വീറ്റ്സ്‌ വാങ്ങിവെക്കുന്നത്‌?" - എന്നു ഞാൻ ചോദിക്കുമ്പോൾ അവർ ഒരു
പുഞ്ചിരിയോടെ പറയും: "വിജയാ, എന്നായാലും ഒരു ദിവസം മരിക്കണം.
എത്രകാലമെന്നു വച്ചാണ്‌ മധുരം കഴിക്കാതിരിക്കുക? എനിക്ക്‌ മധുരം കഴിക്കാൻ
ആഗ്രഹം തോന്നുമ്പോൾ വല്ലപ്പോഴും ഇത്തിരി സ്വീറ്റ്സ്‌ വാങ്ങും,
അത്രയേയുള്ളൂ" - എന്ന്‌.
       മിസ്സിസ്സ്‌ റാവു ഭർത്താവിനോപ്പം പഞ്ചാബിലെ ആശ്രമത്തിലേക്കു
പോയിരിക്കുകയാണ്‌. ഇപ്രാവശ്യം അവർ എന്നെക്കണ്ട്‌ യാത്ര പറയാൻ വന്നില്ല.
സമയക്കുറവുകൊണ്ടായിരിക്കും. എന്റെ ഭർത്താവിന്റെ ഫോണിൽ വിളിച്ചു വിവരം
പറയുകയാണു ചെയ്തത്‌.
       അന്നൊരു മദ്ധ്യാഹ്നവേളയിൽ ഭർത്താവ്‌ ജനലിലൂടെ പുറത്തേക്കു
നോക്കിക്കൊണ്ട്‌ എന്നോടു പറഞ്ഞു: "ആരാണാവോ ഒരു സ്ത്രീ മിസ്സിസ്സ്‌
റാവുവിന്റെ ഗേറ്റിൽനിന്നുകൊണ്ട്‌ വിളിക്കുന്നു. വാച്ച്മാനോട്‌ എന്തോ
പറയുന്നുമുണ്ട്‌. ഞാനൊന്നു പോയിനോക്കട്ടെ" എന്നു പറഞ്ഞ്‌ അദ്ദേഹം
പുറത്തേക്കു നടന്നു. ഞാനും പുറകെചെന്ന്‌ നോക്കി. ആ സ്ത്രീയോട്‌
സംസാരിച്ചുകൊണ്ട്‌ നടന്നുവരുമ്പോൾ ഭർത്താവിന്റെ മുഖത്ത്‌
വിഷാദമുണ്ടായിരുന്നു. നവാഗതയെ ഞാൻ പുഞ്ചിരിയോടെ സ്വീകരിച്ചിരുത്തി.
അവർക്ക്‌ വെള്ളവും തണുത്ത പാനീയവും നൽകി. ഒന്നും സംസാരിക്കാതെ
ദുഃഖത്തോടെയിരിക്കുന്ന ആ സ്ത്രീയെ ഞാൻ ശ്രദ്ധിച്ചുനോക്കി.
       ഭർത്താവാണ്‌ പറഞ്ഞത്‌:"വിജയാ, ഇത്‌ മിസ്സിസ്സ്‌ ജോൺ ആണ്‌. നമ്മുടെ
മിസ്സിസ്സ്‌ റാവു മരിച്ചുപോയത്രെ! ഇവർക്ക്‌ ഫോണിൽ വിവരം കിട്ടിയെന്നു
പറയുന്നു!"
       "എന്ത്‌?        ! അവർ മരിക്കാനോ? ഇല്ല ഗോപിയേട്ടാ, വെറുതെ പറയല്ലേ-മിസ്സിസ്സ്‌
റാവു മരിച്ചൂന്നോ?" പെട്ടെന്ന്‌ അന്ധാളിച്ചുപോയ ഞാൻ, കേട്ടതിലെന്തോ
തെറ്റുപറ്റിയതുപോലെ, വിശ്വസിക്കാനാവാതെ പറഞ്ഞുകൊണ്ടിരുന്നു-"ഏയ്‌, അതു
ശരിയാവില്ല. അവർക്ക്‌ കാര്യമായ അസുഖമൊന്നുമുണ്ടായിരുന്നില്ലല്
ലോ.
പിന്നെയെന്തു പറ്റി ഈശ്വരാ!" -എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
       "ആശ്രമത്തിൽ വച്ച്‌ ഹൃദയസ്തംഭനം വന്നതിനാൽ ഗീതാറാവു മരണമടഞ്ഞു എന്ന്‌
ഇപ്പോൾ എനിക്ക്‌ ഫോണിൽ വിവരം കിട്ടി. അവരുടെ മരുമകനാണ്‌ വിളിച്ചതു. മകളും
മരുമകനും അവിടെയെത്തിയിട്ടുണ്ട്‌. മൃതദേഹം ആശ്രമത്തിൽത്തന്നെ അടക്കം
ചെയ്യുമത്രെ"- എന്ന്‌ ആ സ്ത്രീ പറഞ്ഞു. അതുകേട്ട്‌ ഞാനറിയാതെ
തേങ്ങിക്കരഞ്ഞു. മിസ്സിസ്സ്‌ ജോൺ യാത്ര പറഞ്ഞിറങ്ങി. ഞാൻ ദുഃഖപൂർവ്വം
ഓർക്കുകയായിരുന്നു അപ്രതീക്ഷിതമായ ഈ വേർപാടിനെക്കുറിച്ച്‌. മിസ്സിസ്സ്‌
റാവു മരിച്ചുവേന്ന്‌ എനിക്ക്‌ വിശ്വസിക്കാൻ പ്രയാസം തോന്നി. അവരുടെ
ഭർത്താവിന്‌ ഈ വേർപാട്‌ എത്ര ദുഃഖം നൽകിയിരിക്കും! അൽഷിമേഴ്സ്‌ രോഗം
ബാധിച്ച അദ്ദേഹം ഒരു കുട്ടിയെപ്പോലെ ഭാര്യയുടെ ആശ്രയത്തിലായിരുന്നല്ലോ.
ഇനി അദ്ദേഹത്തെ ആരാണു നോക്കുക? എല്ലാമോർത്തപ്പോൾ എനിക്ക്‌ അതിയായ വിഷമം
തോന്നി.
       പഞ്ചാബിൽ പോകുന്നതിനുമുമ്പ്‌ ഒരു ദിവസം വൈകുന്നേരം ഞാൻ മിസ്സിസ്സ്‌
റാവുവിനെ കാണാൻ പോയിരുന്നു. "വിജയയ്ക്കറിയുമോ, ഈ വർഷം അമേരിക്കയിൽ പോകാൻ
കഴിഞ്ഞില്ല എന്നകാര്യമോർത്ത്‌ എനിക്ക്‌ നിരാശയും ദുഃഖവുമുണ്ട്‌" - അവർ
എന്നോട്‌ മനസ്സുതുറക്കുകയായിരുന്നു.
       മകന്റെ ഭാര്യയുടെ ആദ്യപ്രസവത്തിന്‌ സഹായത്തിനായി മിസ്സിസ്സ്‌ റാവു
ഭർത്താവിനോടൊപ്പം അമേരിക്കയിലേക്കു പോയിരുന്നു. മരുമകളുടെ പ്രസവശുശ്രൂഷ
കഴിഞ്ഞതിനുശേഷം അവർ മടങ്ങിയെത്തി. പക്ഷേ മരുമകൾ സ്വാർത്ഥതയുള്ള ഒരു
സ്ത്രീയായിരുന്നു. അടുത്ത പ്രസവത്തിന്‌ മിസ്സിസ്സ്‌ റാവു പോകാൻ
തയ്യാറായിരുന്നിട്ടും അവരെ വിളിക്കാതെ അവൾ സ്വന്തം അമ്മയെയാണ്‌
വിളിച്ചുവരുത്തിയത്‌. ഹൃദ്രോഗിയായ ആ സ്ത്രീക്ക്‌ തണുപ്പുസഹിക്കാൻ
കഴിഞ്ഞില്ല. അവിടെയെത്തി കുറച്ചുദിവസങ്ങൾക്കകം നെഞ്ചുവേദനയുണ്ടായി
ആശുപത്രിയിൽ അഡ്മിറ്റായി. പിന്നെ അവരുടെ ചികിത്സയ്ക്കുവേണ്ടി ഒരു വലിയ
തുക മകൻ ചെലവാക്കിയത്രെ. അതിനുശേഷം കുറേ വർഷങ്ങൾ കഴിഞ്ഞു. കുട്ടികൾ
വലുതായി.
       കഴിഞ്ഞ വർഷം മിസ്സിസ്സ്‌ റാവുവും ഭർത്താവും അമേരിക്കയിൽച്ചെന്ന്‌
പേരക്കുട്ടികളെ കണ്ട്‌ അവരോടൊപ്പം കുറച്ചുദിവസം താമസിച്ചു തിരിച്ചുവന്നു.
രണ്ടുപേരുടെയും യാത്രാച്ചിലവുകൾ തന്നെ ഒരു വലിയ തുകയാണെന്നു മനസ്സിലാക്കി
അവർ മകന്‌ അതിന്റെ പകുതി പൈസ കൊടുത്തിരുന്നു. ഈ വർഷം ഒന്നുകൂടി മകന്റെ
കുടുംബത്തോടൊപ്പം കുറച്ചുദിവസം ചെലവഴിക്കണമെന്ന്‌ അവർ ആഗ്രഹിച്ചിരുന്നു.
പക്ഷേ മകൻ വിലക്കിയെന്നു പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു. "അച്ഛന്റെ
മെഡിക്കൽ ഇൻഷ്വറൻസിന്റെ ചില പേപ്പറുകളിൽ പ്രശ്നമുള്ളതുകൊണ്ട്‌ ക്ലിയറൻസ്‌
കിട്ടില്ല. അമ്മയ്ക്കു മാത്രം വേണമെങ്കിൽ വരാം. മെഡിക്കൽ ഇൻഷ്വറൻസ്‌
ഇല്ലാതെ ഇങ്ങോട്ടു വന്നാൽ വലിയ പ്രശ്നമാണ്‌. പെട്ടെന്ന്‌ അസുഖം വന്നാൽ
വലിയ തുക ആശുപത്രിയിൽ ചികിത്സയ്ക്കായി കൊടുക്കേണ്ടിവരും." എന്നു മകൻ
പറഞ്ഞത്രേ. പക്ഷേ ഓർമ്മപ്പിശകുള്ള ഭർത്താവിനെ വിട്ട്‌ എങ്ങിനെ
അമേരിക്കയിലേക്കു പോകും എന്നതായിരുന്നു മിസ്സിസ്സ്‌ റാവുവിന്റെ പ്രശ്നം.
       ബോംബെയിൽ ഉദ്യോഗസ്ഥയായ മകളും ഭർത്താവും ജോലിക്കുപോകുമ്പോൾ കുട്ടികളെ
നോക്കാൻ ഒരു വലിയ തുക ശമ്പളംകൊടുത്ത്‌ വേലക്കാരിയെവച്ചിരിക്കുകയാണ്‌.
അതുകൊണ്ട്‌ അച്ഛനെ നോക്കാൻ കഴിയില്ലെന്ന്‌ മകൾ പറഞ്ഞുവത്രെ.
       "കഴിഞ്ഞ പ്രാവശ്യം ഒന്നു നടന്നില്ല. എനിക്ക്‌ അമേരിക്കയിലുള്ള എന്റെ
ഏട്ടന്റെ വീട്ടിലും പോകണമായിരുന്നു. പിന്നെ അമേരിക്ക ഒന്നു നന്നായി
ചുറ്റിക്കറങ്ങി കാണണം. എനിക്കു സ്ഥലങ്ങൾ കാണാൻ നല്ല ഇഷ്ടമാണ്‌. പക്ഷേ
ഇനിയെപ്പോഴാണ്‌ പോകാൻ കഴിയുക? എനിക്കിനി പോകാൻ സാധിക്കുമോ എന്നും
അറിയില്ല. ഇപ്രാവശ്യം മുഴുവൻ യാത്രാച്ചെലവും എന്റെ വകയാണ്‌ എന്നു ഞാൻ
മകനോടു പറഞ്ഞിരുന്നു. പൈസയുടെ കാര്യത്തിൽ ഇപ്പോഴെനിക്ക്‌
പ്രശ്നമൊന്നുമില്ല. ഇന്നെന്റെ കൈവശം വേണ്ടത്രപണമുണ്ടായിട്ടും പോകാൻ
കഴിയുന്നില്ല. എന്തൊരു കഷ്ടം! ഭർത്താവില്ലാതെ ഞാൻ എങ്ങിനെ പോകും?
അദ്ദേഹത്തെ ആരും നോക്കാനില്ലല്ലോ!"- എന്നു എന്നോടു പറയുമ്പോൾ അവരുടെ
മുഖത്ത്‌ ദുഃഖവും നിരാശയുമുണ്ടായിരുന്നു.പാവം മിസ്സിസ്സ്‌ റാവു! അവരുടെ
ആഗ്രഹം നടന്നില്ല.
       "പക്ഷേ മകൻ ഈ വരുന്ന മേയ്മാസം ഇന്ത്യയിലേക്കു വരുന്നുണ്ട്‌. അവൻ
തനിച്ചാണു വരിക. എന്റെ കൂടെ ഒരുമാസം താമസിച്ചിട്ടേ തിരിച്ചുപോവുകയുള്ളൂ"
എന്നു പറഞ്ഞ്‌ അവർ പുഞ്ചിരിച്ചതോർക്കുന്നു. മക്കളെത്ര വലുതായാലും
അമ്മമാർക്ക്‌ അവർ കുട്ടികൾ തന്നെയല്ലേ? മകൻ വരുമ്പോൾ അതുചെയ്യണം, ഇതു
ചെയ്യണം അവനു വേണ്ടി ഇഷ്ടപ്പെട്ട ഭക്ഷണമൊരുക്കണം എന്നെല്ലാം
പ്ലാനുകളുണ്ടാക്കിയ ആ അമ്മ അതിനുമുമ്പേ മരിച്ചുപോകുമെന്ന്‌ മകനും
കരുതിയിട്ടുണ്ടാവില്ല.
       "അതെല്ലാം പോകട്ടെ വിജയലക്ഷ്മീ. ഒരിക്കൽ നിന്റെ മകളെയും കൂട്ടിവരൂ.
അവളെക്കാണാൻ വളരെ ഓർമ്മ തോന്നുന്നു"-എന്ന്‌ പറഞ്ഞുകൊണ്ടാണ്‌
അവരെന്നെയാത്രയയച്ചതു. "ശരി, തീർച്ചയായും വരാം"- എന്ന്‌ പുഞ്ചിരിയോടെ ഞാൻ
പറഞ്ഞു. അവർ പഞ്ചാബിൽനിന്നു മടങ്ങി വരുമ്പോൾ മോളേയും കൂട്ടി കാണാൻ
പോകണമെന്നു കരുതി. ഒന്നും നടന്നില്ല. എല്ലാം ദൈവനിശ്ചയം!
       ഇരുട്ട്‌ പതുക്കെ കടന്നുവന്നു. ഞാൻ വീണ്ടും മിസ്സിസ്സ്‌ റാവുവിന്റെ
വീട്ടിലേക്കു നോക്കി. അടഞ്ഞു കിടന്ന ജന്നലിൽ തിരശ്ശീല മെല്ലെയിളകി.
സ്വീകരണമുറിയിൽ മിസ്സിസ്സ്‌ റാവു പതുക്കെ നടന്നു നീങ്ങുന്നതായി എനിക്കു
തോന്നി. അവരുടെ സ്നേഹം നിറഞ്ഞ പുഞ്ചിരി മനസ്സിൽ നീറുന്നോരോർമ്മ
മാത്രമായി. അടഞ്ഞു കിടക്കുന്ന ആ വീട്‌...ആ നല്ല സ്ത്രീയുടെ ഓർമ്മകളുമായി
നെടുവീർപ്പിട്ടുനിൽക്കുന്ന ആ വീട്‌...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...