17 Jun 2012

നവാദ്വൈതം : നിരാസവും നിർമ്മാണവും


ഡോ.എം.എസ്‌.പോൾ

     
  ''എം.കെ.ഹരികുമാറിന്റെ നവാദ്വൈത ചിന്താപദ്ധതി പുതിയ ഘട്ടത്തെ
വ്യാഖ്യാനിക്കാൻ പര്യാപ്തമാണ്‌. ഭൗതികം ആധ്യാത്മികം എന്നിങ്ങനെ
ചേരിതിരിഞ്ഞു നിലകൊള്ളുന്ന ചിന്താപദ്ധതികളിൽ നിന്ന്‌ വ്യത്യസ്തമാണിത്‌.''



മൗലികദർശനങ്ങളുടെയും സ്വതന്ത്രചിന്തയുടെയും അഭാവം നൂറ്റാണ്ടുകളായി
കേരളസമൂഹത്തിനുണ്ട്‌. പതിനഞ്ചാം ശതകത്തിനുശേഷം യൂറോപ്യൻ അധിനിവേശത്തിന്റെ
വ്യത്യസ്തമുഖങ്ങളെ കേരളസമൂഹം അഭിമുഖീകരിച്ചിട്ടുണ്ട്‌. ആധ്യാത്മിക
ചിന്തകളിൽപോലും അധിനിവേശത്തിന്റെ വിഴുപ്പുചുമക്കാൻ കേരളജനത
നിർബന്ധിതരായിട്ടുണ്ട്‌. നവോത്ഥാനകാലത്ത്‌ ദർശനങ്ങളെ ദർശനങ്ങളായിത്തന്നെ
നിലനിർത്തിക്കൊണ്ട്‌ മനുഷ്യകേന്ദ്രീകൃത ചിന്താപദ്ധതികളിലൂടെ
ലോകമെങ്ങുമുള്ള സമത്വാദർശങ്ങളെ ഭാരതം സ്വീകരിച്ചിട്ടുണ്ട്‌ നവോത്ഥാന
കേരളീയ സമൂഹവും ഇത്തരത്തിൽ നിരവധി ചിന്താപദ്ധതികളെ പിൻപറ്റിയിട്ടുണ്ട്‌.
എന്നാൽ ഇതിന്റെ തുടർച്ചയെന്നവണ്ണം സിദ്ധാന്തങ്ങളുടെ ഇറക്കുമതി തുടരുന്ന
നാടാണ്‌ നമ്മുടേത്‌. ആവശ്യമില്ലാത്തവയും സാധുതയില്ലാത്തവയുമായി നിരവധി
ദർശനങ്ങളെ വിവർത്തനം ചെയ്തും ചർച്ച ചെയ്തും സമയം വ്യയം ചെയ്യുന്നതിൽ
നമുക്ക്‌ പ്രത്യേക താൽപര്യമുണ്ട്‌. ചുറ്റുപാടുകളോട്‌ സംവദിക്കാനോ തനതു
ദർശനങ്ങളെ പരിവർത്തനപ്പെടുത്താനോ പുതിയ സിദ്ധാന്തങ്ങൾ സ്വരൂപിക്കാനോ
കഴിയാത്തത്തരം അലസമനോഭാവം മലയാളിക്കുണ്ട്‌. ഇതിനിടയിലും പുതിയ
സിദ്ധാന്തങ്ങളിലേക്കും മൗലികച്ചിന്തയിലേക്കും കടക്കുവാനുള്ള ശ്രമങ്ങൾ
കാണാറുണ്ട്‌. അത്തരം ഒരു അന്വേഷണമാണ്‌ എം.കെ.ഹരികുമാറിന്റെ നവാദ്വൈത
ദർശനം. നവാദ്വൈതചിന്തയുടെ ചർച്ചകളും സമീപനങ്ങളുമുള്ള ഹരികുമാറിന്റെ
കൃതികളാണ്‌ 'എന്റെ മാനിഫെസ്റ്റോ, മറവിയുടെ നിർമ്മാണം,
ഉത്തര-ഉത്തരാധുനികത, എന്റെ ജ്ഞാനമുകുളങ്ങൾ തുടങ്ങിയവ. ഈ കൃതികളിലൂടെയുള്ള
സഞ്ചാരമാണ്‌ ഈ ലേഖനം.

       എം.കെ.ഹരികുമാറിന്റെ നവാദ്വൈത ചിന്താപദ്ധതി പുതിയ ഘട്ടത്തെ
വ്യാഖ്യാനിക്കാൻ പര്യാപ്തമാണ്‌. ഭൗതികം ആധ്യാത്മികം എന്നിങ്ങനെ
ചേരിതിരിഞ്ഞു നിലകൊള്ളുന്ന ചിന്താപദ്ധതികളിൽ നിന്ന്‌ വ്യത്യസ്തമാണിത്‌.
ലോക ദാർശനിക ചരിത്രം പരിശോധിച്ചാൽ ഇത്തരത്തിലൊരു മഹാവിഭജനം ദൃശ്യമാണ്‌.
സമഗ്രജീവിതത്തെ ഉൾക്കൊള്ളുന്നതിൽ നിന്ന്‌ നമ്മുടെ തത്വചിന്തകളൊക്കെ
പുറത്താകുന്നത്‌ ഇതിലേതെങ്കിലും ഒന്നിൽ മാത്രം നിലനിൽക്കുന്നതിലാണ്‌. ഈ
മഹാവിഭജനത്തെ അപ്രധാനീകരിക്കുന്നതാണ്‌ ഹരികുമാറിന്റെ നവാദ്വൈത ചിന്ത.
ഭൗതിക ആത്മീയ ധാരകൾ ഇവിടെ സമന്വയിക്കപ്പെടുകയോ ശിഥിലമാക്കപ്പെടുകയോ
ചെയ്യുന്നു. അതിലുപരി കേവലമനുഷ്യൻ എന്ന സങ്കൽപത്തെ നിരാകരിച്ച്‌
വിശ്വപ്രകൃതിയെയും സമസ്തജീവകണങ്ങളെയും ഈ ചിന്താപദ്ധതി
സ്വാംശീകരിക്കുന്നു. അങ്ങനെ വർത്തമാനകാലത്തെ സംബന്ധിച്ച നിരവധി
സന്ദേഹങ്ങൾക്ക്‌ ലളിത വ്യഖ്യാനം നൽകാൻ ഈ സിദ്ധാന്തത്തിന്‌ കഴിയുന്നു.
വസ്തുവിനെ അതിൽ നിന്ന്‌ മോചിപ്പിക്കുക എന്ന സാഹസവൃത്തി ഇവിടെയുണ്ട്‌.
പ്രാതിഭാസിക ലോകത്തെ സംബന്ധിച്ചാകുമ്പോൾ വസ്തുവിൽ നിന്നുള്ള മോചനം എന്ന
സങ്കൽപം അഭ്യൂഹപരമാണ്‌. 'മാറ്റം' എന്ന സംജ്ഞ അതിനെ പൂർണ്ണമായി
ഉൾക്കൊള്ളുന്നില്ല. ഒന്ന്‌ മറ്റൊന്നാകുന്നു. എന്നു പറയുന്നിടത്തെ യുക്തി
വിശദീകരണക്ഷമവുമല്ല നവാദ്വൈതം അതാണ്‌ ഉൾക്കൊള്ളുന്നത്‌. 'അത്‌
മറ്റൊന്നാണ്‌' എന്ന ദർശനം. അതു നീയാകുന്നു. ഞാൻ ബ്രഹ്മത്തിന്റെ
അംശമാകുന്നു. എന്നിങ്ങനെയുള്ള സങ്കൽപങ്ങളോടടുത്ത്‌ നിൽക്കുന്നതുകൊണ്ടാണ്‌
ഹരികുമാർ തന്റെ ദർശനത്തെ നവാദ്വൈതം എന്ന്‌ വിശേഷിപ്പിക്കുന്നത്‌.
അതിനപ്പുറത്ത്‌ നവാദ്വൈതത്തെ ശങ്കരന്റെ ദർശനവുമായി
ചേർത്തുവായിക്കേണ്ടതില്ല. എന്നിരുന്നാലും അദ്വൈതത്തിൽ നിന്ന്‌
നവാദ്വൈതത്തിലേക്ക്‌ ഒരു സിദ്ധാന്ത പരിണാമം വ്യാഖ്യാനിച്ചെടുക്കാനാവും.
അത്‌ അദ്വൈതം എന്ന പദത്തിന്റെ ആർത്ഥികതലത്തിലുള്ള അന്വേഷണത്തിലാണ്‌
സാധ്യമാകുന്നത്‌. അത്‌ മറ്റൊന്നാകുന്നുവേന്ന ചിന്തയ്ക്ക്‌ ജൈവികതയുണ്ട്‌.
എവിടെയോ വച്ച്‌ വളർച്ച നിന്നുപോവുകയും പിന്നീട്‌ മുസോളിയങ്ങളിലേക്ക്‌
മാറ്റിവയ്ക്കുകയും ചെയ്യുന്ന ചിന്താ പദ്ധതികളിൽ നിന്ന്‌ ഇത്‌
വ്യത്യസ്തമാണ്‌. കാരണം പ്രതിക്ഷണം നവീകരിക്കപ്പെടുന്ന ആശയമാണിത്‌. ഏതു
വസ്തുവും അതിൽ നിന്നുതന്നെ സ്വയം മോചിക്കുകയും നിരന്തര നവീകരണത്തിലേക്ക്‌
നീങ്ങുകയും ചെയ്യുകയാണ്‌. ഇങ്ങനെ ഓരോന്നും ഭൂതകാലത്തിൽ നിന്നും
വർത്തമാനത്തിലേക്കും അവിടെ നിന്നും ഭാവിയിലേക്കും പരിവർത്തനപ്പെടുകയാണ്‌.


       മൗലികച്ചിന്തകൾക്കും വസ്തു സ്വത്വവാദങ്ങൾക്കും അപ്പുറത്താണ്‌ ഈ ദർശനം
നിലകൊള്ളുന്നത്‌. 'സ്വയം നിരാസം' എന്ന സംജ്ഞയിലൂടെ നവാദ്വൈതത്തിന്‌
വിശദീകരണം ലഭിക്കുന്നുണ്ട്‌. സ്വയം നിരാസം എന്ന പദം ഇവിടെ
സാന്ദ്രമാകുന്നു. സ്വയം തള്ളിക്കളഞ്ഞുകൊണ്ട്‌ മറ്റൊന്നിനെ
സാക്ഷാത്കരിക്കാനുള്ള ശ്രമം സ്വയം നിരാസത്തിനുണ്ട്‌. ഒരുതരത്തിലുള്ള
പ്രേരണയും ഇതിൽ ഇടപെടുന്നില്ല. തനിയെ സംഭവിക്കുകയാണ്‌. ആന്തരികമായ
നിശ്ചലാവസ്ഥയ്ക്ക്‌ എതിരായിട്ടുള്ള സഞ്ചാരമാണിത്‌. നിരന്തര
നവീകരിച്ചുകൊണ്ടുള്ള ഈ പരിവർത്തനത്തിൻ ചലനാത്മകതയും സജീവതയുമുണ്ട്‌.
വസ്തുക്കളെയും ആശയങ്ങളെയും നിരന്തരം പുനർജനിപ്പിക്കുകയും ആന്തരികമായി
നവീകരിക്കുകയും ചെയ്യുകയാണിവിടെ. എല്ലാവിധ മൗലികതയെയും നിഷേധിക്കുന്ന ഈ
ദർശനം ഒട്ടേറെ വ്യാഖ്യാനസാധ്യതകൾ നൽകുന്നു. എം.കെ.ഹരികുമാർ 'എന്റെ
മാനിഫെസ്റ്റോ' എന്ന പുസ്തകത്തിൽ നവാദ്വൈതചിന്ത അവതരിപ്പിക്കുമ്പോൾ സ്വയം
നിരാസം, ജലാത്മകത എന്നിവയെക്കുറിച്ചുള്ള വിശദീകരണം നൽകുന്നുണ്ട്‌.
"അപരലോകങ്ങൾ, മറ്റു പ്രമാണികൾ, മനുഷ്യജീവികൾ, എല്ലാം നമ്മുടെ മൗലികവാദം
വിട്ട്‌ സാക്ഷാത്ക്കാരം നേടാനുള്ള ഇടങ്ങളാണ്‌. സ്വയം നിരസിക്കാത്ത ആശയം.
സംസ്കാരത്തിന്‌ തടസമാണ്‌. അത്‌ യാഥാസ്ഥിതികമായിത്തീരുകയാണ്‌
ചെയ്യുന്നത്‌. എന്നാൽ സ്വത്വവാദം വിഘടനവാദമാണ്‌ സംയുക്തത്തിലേക്ക്‌
വരുന്നതിൽ നിന്ന്‌ അത്‌ ഓരോ വ്യക്തിയെയും തടസ്സപ്പെടുത്തുന്നു. (എന്റെ
മാനിഫെസ്റ്റോ പേജ്‌-58) സ്വയം നിരസിച്ചുകൊണ്ടാണ്‌ തത്വങ്ങൾ
വികസിക്കേണ്ടത്‌ എന്നവാദം ഇവിടെയുണ്ട്‌. മൗലികമായിരിക്കുന്നതെന്തും
ഭീഷണമാണ്‌ എന്ന്‌ ഹരികുമാർ ഓർമ്മിപ്പിക്കുന്നു. മൗലികവാദങ്ങളിൽ നിന്ന്‌
സ്വയം നിരസിച്ചുകൊണ്ട്‌ പുറത്തുവരാനും മറ്റൊന്നാകാനും കഴിയുക എന്ന
വിപ്ലവചിന്ത മനുഷ്യനിന്നോളം ചെന്നൈത്തിയിട്ടുള്ള ദർശനങ്ങളുടെ നിർമ്മിതിയെ
നിരാകരിക്കുന്നതാണ്‌. ഈ തത്വാവതരണത്തിനിടയിലാണ്‌ ജലാത്മകതയെക്കുറിച്ച്‌
ഹരികുമാർ വിശദീകരിക്കുന്നത്‌. സ്വന്തം നിശ്ചലതയെ എല്ലായ്പ്പോഴും
നിരാകരിക്കുന്നതാണ്‌ ജലത്തിന്റെ സവിശേഷത. ഒഴുക്ക്‌ അതിന്റെ സ്വയം
നവീകരണവും പരിവർത്തനങ്ങളുമാണ്‌. അനേകം സ്വയം നവീകരണങ്ങളും നിരാസങ്ങളും
പരിവർത്തനങ്ങളും വെള്ളത്തിനുണ്ട്‌. എന്ന്‌ ഹരികുമാർ അഭിപ്രായപ്പെടുന്നു.
പരന്നൊഴുകാനും രൂപം മാറാനും അലിഞ്ഞുചേരാനുമുള്ള ജലത്തിന്റെ ഈ കഴിവിൽ
നിത്യപരിവർത്തനത്തിന്റെ സാധ്യതയുണ്ട്‌. ജലത്തിന്റെ ഈ സവിശേഷത
നവാദ്വൈതചിന്തയോട്‌ ചേർത്തുവയ്ക്കുകയാണ്‌ ഹരികുമാർ. "സ്വന്തം
മൗലികവാദങ്ങളിൽ നിന്ന്‌, ചരിത്രത്തിൽ നിന്ന്‌, ഉറച്ചുപോയ ചിന്തകളിൽ
നിന്ന്‌ അപരിചിതവും അനാവൃതവുമായ ലോകങ്ങളിലേക്ക്‌ സ്വന്തം
ആഗ്രഹങ്ങളില്ലാതെ കടന്നു പോകുകയാണ്‌ ജലം. ഇത്‌ നവാദ്വൈതമാണ്‌ (എന്റെ
മാനിഫെസ്റ്റോ പേജ്‌-73) എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. മത്സ്യങ്ങളുടെ
സഞ്ചാരലോകത്തെ ഇതുമായി ചേർന്നു നിൽക്കുന്ന മറ്റൊരനുഭവമായി ഹരികുമാർ
കാണുന്നു. "മത്സ്യമാകട്ടെ മൂല്യങ്ങളുടെ കേന്ദ്രീകരണത്തെ ജലത്തിന്റെ
മീഡിയത്തിൽ അസ്ഥിരമാക്കി കളയുന്നു നടന്നുപോയ വഴികൾ അവ രഹസ്യമാക്കുകയോ
വിസ്മൃതമാക്കുകയോ ചെയ്യുന്നു. ഒരിടത്തു തന്നെ ചുറ്റിത്തിരിഞ്ഞ്‌ അവ അനേകം
വഴികളുണ്ടാക്കുന്നു. സഞ്ചരിക്കുന്നതോടെ വഴികൾ അപ്രത്യക്ഷമാവുകയും വീണ്ടും
സഞ്ചാരങ്ങൾക്കായി ആ വഴികൾ അപ്രത്യക്ഷമാകുകയും വീണ്ടും സഞ്ചാരങ്ങൾക്കായി ആ
വഴികൾ തന്നെ പലരീതിയിൽ നിർമ്മിച്ചെടുക്കുയും ചെയ്യുന്നു.
ചരിത്രത്തെമായ്ച്ചുകളയുകയും ജീവിതത്തെ പ്രശോഭിപ്പിക്കുകയും അതേസമയം സ്വയം
നിരാകരിച്ച്‌ ഭാവിയിലേക്ക്‌ പോകുകയുമാണ്‌ മത്സ്യങ്ങളുടെ ധർമ്മം"
(മറവിയുടെ നിർമ്മാണം പേജ്‌ -57, 58)

       നവാദ്വൈതചിന്തയെ സാഹിത്യവിമർശനം സാംസ്കാരിക വിശകലനം എന്നീ
മേഖലകളിലേക്ക്‌ വികസിപ്പിക്കുന്ന എം.കെ.ഹരികുമാറിന്റെ കൃതികളാണ്‌ എന്റെ
മാനിഫെസ്റ്റോ, മറവിയുടെ നിർമ്മാണം, ഉത്തര-ഉത്തരാധുനികത എന്നിവ. സ്വകീയമായ
ഒരു സാഹിത്യസിദ്ധാന്തത്തെ അവതരിപ്പിക്കുകയും അത്‌ പ്രയുക്ത
വിമർശനത്തിനുപയുക്തമാക്കുകയും ചെയ്യുകയാണ്‌ ഹരികുമാർ. നമ്മുടെ
സാഹിത്യത്തെ സിദ്ധാന്തപരമായിട്ടും പ്രസ്ഥാനപരമായും വിലയിരുത്തുമ്പോൾ അത്‌
ആധുനികതയെ പിന്നിട്ട്‌ ഉത്തരാധുനികതയിലും ഉത്തര-ഉത്തരാധുനികതയിലും
എത്തിനിൽക്കുന്നു. ആധുനികതയിലും ഉത്തരാധുനികതയിലും സാഹിത്യനിർമ്മിതികളെ
നിയതമായ ഇടം കൽപ്പിച്ചു നൽകുകയും ചെയ്തിരുന്നു. ഈ പരിമിതികളിൽ നിന്ന്‌
സാഹിത്യത്തെയോ ആസ്വാദനരീതികളെയോ മോചിപ്പിക്കാൻ നമ്മുടെ സാഹിത്യ
സൈദ്ധാന്തികർ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. ഈ പരിമിതി
ഉല്ലാഖിക്കുകയാണ്‌ എം.കെ.ഹരികുമാർ. സാഹിത്യത്തെ പരിവർത്തനങ്ങൾക്കും,
പരിണാമങ്ങൾക്കും വിധേയമാകുന്ന ജൈവ സമഗ്രതയിലൂടെയാണ്‌ ഇവിടെ
സമീപിക്കുന്നത്‌. ഭാവുക്ത്വം, മൗലികത, സ്വത്വം എന്നിങ്ങനെ നമ്മുടെ
സാഹിത്യമണ്ഡലത്തിൽ നിരന്തരം ചർച്ച ചെയ്യുന്ന സംവർഗങ്ങളെ എം.കെ.ഹരികുമാർ
ശക്തമായി നിഷേധിക്കുന്നുണ്ട്‌. ഇവയെല്ലാം സാഹിത്യപ്രവർത്തനത്തിന്റെ
അനുസ്യൂതമായ ഒഴുക്കിന്‌ വിഘാതമായി നിലകൊള്ളുന്ന തടശിലകളാണെന്ന നിഗമനമാണ്‌
അദ്ദേഹത്തിനുള്ളത്‌. ഏതെങ്കിലും ഒരു കാലയളവിൽ സാഹിത്യത്തിന്റെ ഗതി
തടഞ്ഞുനിർത്തിക്കൊണ്ട്‌ യൂണിവേഴ്സിറ്റികളും അക്കാദമിക്‌ നിരൂപകരും
പൈന്തുടരുന്ന സാഹിത്യസമീപനരീതികൾ അസംബന്ധമാണെന്നിവിടെ വിലയിരുത്തുന്നു
കലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം ഇങ്ങനെയാണ്‌. "ഏതു വസ്തുവാണോ
അതായിത്തന്നെ നിലനിൽക്കുന്നത്‌, അത്‌ യാഥാർത്ഥ്യത്തിന്റെ വീക്ഷണത്തിൽ
സാഹിത്യപരമല്ല. ഒരു പൂർണ്ണ യഥാർത്ഥവസ്തുവില്ല. അതുകൊണ്ട്‌ പൂർണ്ണ
യഥാർത്ഥവസ്തുവേന്ന നിലയിൽ ഒന്നും സാഹിത്യത്തിൽ നിൽക്കാൻ പാടില്ല. ഇതിന്‌
അനുഭവ സാധ്യതയില്ല. ഏതു വസ്തുവിനെയും അതിന്റെ മൗലികവാദത്തിൽ നിന്ന്‌
അതായിരിയ്ക്കുന്ന അവസ്ഥയിൽ നിന്ന്‌ മാറ്റി, അതിനു പ്രത്യക്ഷത്തിൽ
അപരിചിതമായ വിതാനത്തിലേക്ക്‌ ഉയർത്തുമ്പോഴാണ്‌ കലയുണ്ടാകുന്നത്‌". (എന്റെ
മാനിഫെസ്റ്റോ പേജ്‌-43) ഇങ്ങനെയാകുമ്പോൾ നിലവിലുള്ള സിദ്ധാന്തങ്ങളെ
പിൻപറ്റിയുള്ള സാഹിത്യനിരൂപണ സമ്പ്രദായങ്ങളെല്ലാം പരിമിതമാണെന്നു
വരുന്നു. നവാദ്വൈത സമീപനം കൊണ്ട്‌ 'വീണപൂവ്‌' എന്ന കൃതി വിലയിരുത്തുമ്പോൾ
ഈ വിഷയം കടന്നുവരുന്നുണ്ട്‌. ഒരു വസ്തുവിന്‌ അതായിരിക്കാൻ കഴിവില്ല.
ഒരുവസ്തു അല്ലെങ്കിൽ ആശയം അതിനെത്തന്നെ സ്വയം നിരസിച്ച്‌ മറ്റൊന്നാകുന്നു
എന്ന വാദം വീണപൂവിന്റെ കാര്യത്തിൽ ശരിയാകുന്നു. വീണപൂവിനെ സംബന്ധിച്ചുള്ള
പ്രതീകവാദവും പ്രതിനിധാനവുമെല്ലാം ഇത്തരത്തിലാണ്‌ ഹരികുമാർ
വിലയിരുത്തുന്നത്‌. ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ പുനർവായനയിൽ
ഹരികുമാർ ഈ ദർശനം കൊണ്ടു വരുന്നുണ്ട്‌. " ഒരാശയവും പ്രസക്തി നേടണമെന്ന്‌
നോവലിസ്റ്റ്‌ വിചാരിക്കുന്നില്ല. ഏതൊന്നാണോ പ്രസക്തി നേടേണ്ടത്‌
അതിനുള്ളിൽത്തന്നെ അതിനെ എതിർക്കുന്ന, കളിയാക്കുന്ന അനേകം
ഘടകങ്ങളുണ്ടായിരിക്കും (അർത്ഥവത്തായ ആശയങ്ങളുടെ ശൂന്യത) ഇങ്ങനെ
ഒരാദർശത്തിലും അടിയുറയ്ക്കാത്ത നോവലിന്റെ ഗതി പ്രകൃതിയുടെ തന്നെ സ്വയം
നിരാസത്തെയും പുനർനിർമ്മിതിയെയും ഓർമ്മിപ്പിക്കുന്നു. ആത്മീയമായ
ഭൗതികഘടകങ്ങളിലൊന്നും ശാശ്വതികത്വം നേടാതെ നോവൽ വികസിക്കുകയും
ചുരുങ്ങുകയും ചെയ്യുന്നു. കേവലം അസ്തിത്വവ്യഥയുടെ പരിധിയിൽ
നിന്നുകൊണ്ടുള്ള വായനയ്ക്ക്‌ നൽകാനാകാത്ത വിശദീകരണം നവാദ്വൈതത്തിന്‌
നൽകാൻ കഴിയുന്നതിവിടെയാണ്‌. പരസ്പരബന്ധമില്ലാത്തവയെ ഒത്തു ചേർത്ത്‌
നിർമ്മിക്കുന്ന ഇത്തരം സാഹിത്യനിർമ്മിതികളിൽ നിരന്തരപരിണാമിയായ
പ്രകൃതിയുടെ സാദൃശ്യമുണ്ടെന്ന്‌ വരുന്നു.

       സാഹിത്യവായനകൾക്കപ്പുറത്ത്‌ നവാദ്വൈത ദർശനത്തെ
സംസ്ക്കാരപഠനമേഖലകളിലേക്ക്‌ വ്യാപരിപ്പിക്കുന്ന ലേഖനങ്ങളാണ്‌ 'മറവിയുടെ
നിർമ്മാണം' എന്ന കൃതിയിലുള്ളത്‌ ഭാവുകത്വം മരിച്ചെന്നും
അതിവേഗജീവിതത്തിന്റെ പുതിയകാലത്തെ സംബന്ധിച്ച്‌ കലയുമായി ബന്ധപ്പെട്ട
നിഗോ‍ൂഡാനുഭൂതികൾ ഒന്നും തന്നെ നിലനിൽക്കുന്നില്ലെന്നും ഹരികുമാർ
സാക്ഷ്യപ്പെടുത്തുന്നു. ടെലിവിഷൻ, ഇന്റർനെറ്റ്‌ എന്നിവയുടെ
സഹായത്തോടെയാണ്‌ ഭാവുകത്വത്തിന്റെ മരണം വേഗത്തിലായതെന്നും ഇവിടെ
പറയുന്നുണ്ട്‌. എഴുത്തുകാരന്റേതെന്ന്‌ അവകാശപ്പെട്ടിരുന്ന പ്രത്യേകമായ
ബൗദ്ധികത വൈകാരികമായ ഉത്കർഷത, ബുദ്ധിപരമായ ഉണർവ്വ്‌ ആധികാരികത
തുടങ്ങിയവയെല്ലാം പുതിയകാലം നിരാകരിക്കുന്നു. വിർച്വൽ റിയാലിറ്റിയുടെ
പുതിയ ലോകം സാഹിത്യത്തെയും എഴുത്തിനെയും അപമാനവീകരിക്കുന്നതെങ്ങനെയെന്നു

'കവിത' എന്ന സാഹിത്യരൂപത്തിന്‌ ഇക്കാലത്ത്‌ വന്നുചേരുന്ന ദുരവസ്ഥ
എന്താണെന്നും ഇവിടെ അന്വേഷിക്കുന്നുണ്ട്‌. യാതൊന്നും വിനിമയം
ചെയ്യാനാകാതെ കവിത ബുദ്ധിമുട്ടുന്ന കാഴ്ച വർത്തമാനകാലത്തുണ്ട്‌. ഇതര
സാഹിത്യരൂപങ്ങൾക്കുള്ള സജീവത കവിതയിൽ കാണുന്നില്ല." ഈ കാലങ്ങൾ
ഉത്പാദിപ്പിക്കുന്ന ജീവിത സമീപനങ്ങൾ കവിതയെക്കാൾ വലിയ പ്രതിഛായയുള്ള
ജീവിതത്തെ എങ്ങനെ സ്വാംശീകരിക്കണമെന്ന്‌ കവിക്കറിയില്ലെന്നും ഹരികുമാർ
പറയുന്നു.
       ഓർമ്മ/മറവി എന്നീ ദ്വന്ദ്വങ്ങൾ തമ്മിൽ നിലനിന്നിരുന്ന വിഭജനം
പുതിയകാലത്ത്‌ മാഞ്ഞുപോകുന്നു. ഓർമ്മകളുടെ ആവശ്യം ഇല്ലാതായിരിക്കുന്നു.
അറിവ്‌ ആവശ്യത്തിനുപയോഗിക്കുകയും തിരികെ വയ്ക്കുകയും ചെയ്യാവുന്ന ഒന്നായി
മാറുന്നു. ഓർമ്മയിൽ സംഭരിച്ചു സൂക്ഷിക്കേണ്ടുന്ന യാതൊരറിവും
ഇല്ലാത്തതിനാൽ ഓർമ്മ മറവി എന്നിങ്ങനെയുള്ള പ്രതിസന്ധികളെ ആരും തന്നെ
അഭിമുഖീകരിക്കുന്നില്ല. കണ്ടതിനെ മറന്ന്‌ അതിനെത്തന്നെ പുതുതാക്കാമെന്ന്‌
ആഹ്ലാദിക്കുന്ന മറവിയുടെ വിചിത്രമായ മാനസികാവസ്ഥയാണ്‌ ടെലിവിഷൻ
ഉദ്പാദിപ്പിക്കുന്നതെന്ന്‌ ഹരികുമാർ കണ്ടെത്തുന്ന പുതിയ മാധ്യമങ്ങൾ
ഓർമ്മകളെക്കാൾ മറവിയെയാണ്‌ നിർമ്മിക്കുന്നതെന്നും മറവി ഒരേ സമയം
മാധ്യമങ്ങളുടെ അസംസ്കൃതവസ്തുവും ഉത്പന്നവുമാണ്‌ എന്നും എഴുതുമ്പോൾ പുതിയ
കാലത്തിന്റെ സംസ്കാരിക ജീവിതത്തെ സൂക്ഷ്മമായി പരിശോധിക്കുന്ന ഒരു സാമൂഹിക
ശാസ്ത്രത്തിനെ ഇവിടെ നമുക്ക്‌ കാണാൻ കഴിയും. മറവിയിലൂടെ
ദൈനംദിനാവശ്യങ്ങളുടെ ഇത്തിരിവെട്ടത്തിലേക്ക്‌ ചുരുങ്ങിഭാരം
കുറയ്ക്കാമെന്ന്‌ കരുതുന്ന ബഹുഭൂരിപക്ഷം നിർമ്മിക്കുന്ന പുതിയ സംസ്കാരം
ഇവിടെ അപഗ്രഥന വിധേയമാകുന്നു.
       യാഥാർത്ഥ്യങ്ങളെ അനിയാഥാർത്ഥ്യങ്ങൾകൊണ്ടും പ്രതീതിയാഥാർത്ഥ്യങ്ങൾ
കൊണ്ടും അപ്രസക്തമാക്കുന്ന വ്യാജയാഥാർത്ഥ്യങ്ങളുടെ കാലത്തെക്കുറിച്ചുള്ള
എം.കെ.ഹരികുമാറിന്റെ അന്വേഷണമാണ്‌ വ്യാജ യാഥാർത്ഥ്യങ്ങൾ,
പൂർവ്വജീവിതത്തിന്റെ അദൃശ്യത എന്നീ ലേഖനങ്ങൾ (മറവിയുടെ നിർമ്മാണം)
അതിയാഥാർത്ഥ്യം (........) എന്നത്‌ പുതിയ മാധ്യമകാലത്തിന്റെ
സവിശേഷതയാണ്‌. വ്യാജയാഥാർത്ഥ്യങ്ങളുടെ ഉടമസ്ഥനാവുക എന്നത്‌ വർത്തമാനകാലം
മനുഷ്യന്‌ നൽകുന്ന കടുത്ത ശിക്ഷയാണ്‌. പുതുമുതലാളിത്തം പ്രാക്തന
സംസ്കൃതികളെ വിപണിയുടെയും പരസ്യത്തിന്റെയും തന്ത്രങ്ങളാകുമ്പോൾ
യാഥാർത്ഥ്യം എന്നത്‌ കൂട്ടിക്കുഴയ്ക്കപ്പെടുകയും കാലവിഛേദം
അനുഭവിക്കപ്പെടുകയും ചെയ്യുന്നു. "മാധ്യമം, പൊതുസിനിമ, വിർച്വൽ ലോകം
എന്നിവയെല്ലാം ചേർന്ന്‌ പുതിയ അയഥാർത്ഥ്യത്തിന്റെ
സ്ക്രിപ്റ്റുണ്ടാക്കുന്നു. ഇത്‌ പുതിയ പ്രവണതയാണ്‌. ഈ സ്ക്രിപ്റ്റ്‌
എഴുതപ്പെടുന്നത്‌ ഒറ്റയ്ക്ക്ക്കൊറ്റയ്ക്കാണെങ്കിലും കൂടിചേർന്ന്‌
എഴുതപ്പെടാത്ത അയഥാർത്ഥ്യവബോധത്തിന്റെ പുതിയ സ്ക്രിപ്റ്റുണ്ടാകുന്നു.
കലയും സാഹിത്യവും ഇത്തരം അയഥാർത്ഥ്യലോകത്തെയാണ്‌ ഉണ്ടെന്ന്‌ വിശ്വസിപ്പാൻ
ശ്രമിക്കുന്നത്‌ (മറവിയുടെ നിർമ്മാണം. പേജ്‌ -94) എന്നിവിടെ
എഴുതിക്കാണുന്നു.
       ഉത്തര- ഉത്തരാധുനികതയെക്കുറിച്ച്‌ മലയാളത്തിലുണ്ടായിട്ടുള്ള ആദ്യ പഠന
ഗ്രന്ഥമാണ്‌ 'ഉത്തര ഉത്തരാധുനികത' യൂറോപ്പിന്റെ സംസ്കാരിക ഭൗതിക
സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രൂപംകൊണ്ട ആധുനികതയും ഉത്തരാധുനികതയും
യൂറോ കേന്ദ്രീകൃതമായിരിക്കുന്നു. എന്നാൽ ഉത്തര-ഉത്തരാധുനികതയ്ക്ക്‌ ഒരു
വികേന്ദ്രീകൃത സ്വഭാവമുണ്ട്‌. അത്‌ ആഗോള ജീവിത സാഹചര്യങ്ങളെയും
സംസ്കൃതികളെയുമാണ്‌ ഉന്നംവയ്ക്കുന്നത്‌. ഒരു തുറന്ന സംസ്കാരിക ലോകമാണ്‌
ഇന്നുള്ളത്‌. അർത്ഥമോ അറിവോ ആർക്കും എല്ലാവർക്കും ലഭ്യമാകാതെ ഒഴിഞ്ഞുമാറി
നിന്ന ഉത്തരാധുനികതയും ആധുനികതയുമല്ല ഇവിടെയുള്ളത്‌. ഡിജി-മോഡേണിസം,
സഹയോഗ സൗന്ദര്യശാസ്ത്രം (........)പെർഫോമാറ്റിസം, ഓട്ടോ മോഡേണിസം എന്നീ
ഉത്തര-ഉത്തരാധുനിക പ്രതിഭാസങ്ങളെ ഈ പുസ്തകത്തിൽ എം.കെ.ഹരികുമാർ
പരിചയപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഉത്തര-ഉത്തരാധുനിക ചിന്തകനും
ഡിജിറ്റൽ മോഡേണിസത്തിന്റെ വക്താവുമായ അലൻ കിർബി, ഫ്രഞ്ച്‌ ചിന്തകനായ ജീൻ
ലിപോവെറ്റ്ക്സി, നിക്കോളാസ്‌ ബോറിയാദ്‌, പെർഫോമാറ്റിസം എന്ന
ചിന്താപദ്ധതിയുടെ ഉപജ്ഞാതാവായ റയോൾ ഇഷൽമാൻ, ഓട്ടോ മോഡേണിസത്തിന്റെ
വക്താവായ റോബർട്ട്‌ സാമുവൽസ്‌ എന്നിവരുമായി ഗ്രന്ഥകാരൻ നടത്തിയ
സംവാദങ്ങളുടെ പൂർണ്ണരൂപം ഈ പുസ്തകത്തിലുണ്ട്‌.

       എഴുത്തിലും സംവേദനശീലത്തിലും വന്നു ചേർന്ന കാതലായ പരിവർത്തനങ്ങളും
വായനക്കാരൻ ഉൾപ്പടെയുള്ള അനുവാചകന്‌ ലഭ്യമായ സ്വാതന്ത്ര്യവും അധികാരവും
ഉത്തര-ഉത്തരാധുനിക സാഹചര്യങ്ങളുടെ സവിശേഷതയാണ്‌. പൊതുമണ്ഡലത്തിലാകട്ടെ
ഉത്പാദകനെക്കാൾ ഉപഭോക്താവിന്‌ ലഭിക്കുന്ന സ്വാതന്ത്ര്യവും അധികാരവും
പ്രധാനവിഷയമാകുന്നു. അനുവാചകൻ, ഉപഭോക്താവ്‌ എന്നിങ്ങനെയുള്ള ഭൂരിപക്ഷ
സമൂഹം തങ്ങളുടെ ഇച്ഛയ്ക്കൊത്ത്‌ നിർമ്മിച്ചുകൊണ്ടിരിക്കുന്ന സംവേദന
ശീലങ്ങളിലാണ്‌ പുതിയലോകക്രമം നിലകൊള്ളുന്നത്‌. സോഷ്യൽ നെറ്റ്‌
വർക്കുകളുടെയും ഇന്റർനെറ്റ്‌ കൂട്ടായ്മകളുടെയും പുതിയ കാലം
മാധ്യമങ്ങൾക്കുണ്ടായിരുന്ന അധീശത്വത്തെ തകർത്തുകൊണ്ട്‌ പുതിയ മാധ്യമ
സംസ്കാരം നിർമ്മിക്കുന്നു. ഒളിച്ചുവയ്ക്കാനും ഗോ‍ൂഢാലോചന നടത്താനുമുള്ള
എല്ലാ മാധ്യമശ്രമങ്ങളെയും അവ പരാജയപ്പെടുത്തുന്നു.
       ഉത്തര- ഉത്തരാധുനിക ചിന്തകളെയും നവാദ്വൈത ചിന്തകളെയും
കൂട്ടിയോജിപ്പിക്കുകയാണ്‌ എം.കെ.ഹരികുമാർ. രാഷ്ട്രീയവും കലയും വാണിജ്യവും
ഒന്നു ചേർന്ന്‌ നിർമ്മിക്കുന്ന പുതിയ സാംസ്കാരിക പരിസരം നിരന്തരമായ
നവീകരണത്തിന്‌ വിധേയമാകുന്നുണ്ടിന്ന്‌. ടെക്നോളജി, ആത്മീയ ഭൗതിക
വേർതിരിവുകളെ അപ്രത്യക്ഷമാകുന്നു. സ്വയം നിരസിക്കുന്ന ജീവിതസന്ദർഭങ്ങളുടെ
ബഹുലതയിൽ ഒരു പുതിയ സാംസ്കാരിക മണ്ഡലം രൂപപ്പെടുന്നു. സാങ്കേതികത
സൃഷ്ടിക്കുന്ന അതിവേഗവും ഉപഭോഗ സമൂഹം നിർമ്മിക്കുന്ന
സ്വാതന്ത്ര്യത്തിന്റെ അപാരലോകവും ഇവിടെയുണ്ട്‌. എഴുത്ത്‌ വായന സംസ്കാര
രൂപീകരണം എന്നിവയിൽ വന്നു ചേർന്നിട്ടുള്ള മാറ്റങ്ങൾ ഈ പശ്ചാത്തലത്തിൽ
നിന്നുകൊണ്ട്‌ വിലയിരുത്തേണ്ടതുമുണ്ട്‌. നിലനിൽക്കുന്നവയെ
നിരാകരിച്ചുകൊണ്ട്‌ പുതിയ ആസ്വാദന രീതികളും നിരൂപണ സമ്പ്രദായങ്ങളും
കടന്നുവരികയാണ്‌. ഇവിടെ നവാദ്വൈത ദർശനം പുതിയ കാലത്തിന്റെ സാംസ്കാരിക
പരിസരത്തെ വ്യാഖ്യാനിക്കാൻ പര്യാപ്തമാകുംവിധം അവതരിപ്പിക്കുകയാണ്‌
എം.കെ.ഹരികുമാർ.
       മാനവികതയെക്കുറിച്ചും പ്രപഞ്ച സമഗ്രതയെക്കുറിച്ചുമുള്ള ഗാഡമായ
അന്വേഷണങ്ങളിലാണ്‌  എം.കെ.ഹരികുമാറിന്റെ തത്വചിന്ത രൂപപ്പെടുന്നത്‌.
ചെറുവാക്യ(........)ങ്ങളുടെ ധ്വന്യാത്മകതയിലൂടെ അറിവിന്റെ അഗാധസ്പർശം
അനുഭവിപ്പിക്കാൻ ഹരികുമാറിന്‌ കഴിയുന്നു. ഈവാക്യങ്ങളിൽ മനുഷ്യന്റെ
അർത്ഥത്തെക്കുറിച്ചും ഇതരജീവിവർഗത്തെക്കുറിച്ചുള്ള അന്വേഷണമുണ്ട്‌.
നാൽക്കാലികളും പക്ഷികളും ഉരഗങ്ങളും പരാദങ്ങളും ഇവിടെ കടന്നുവരുന്നു.
അതോടൊപ്പം സാംസ്കാരിക പരിസരത്തെ വിമർശനാത്മകമായി വിലയിരുത്തുന്ന
സൂഷ്മാഭിപ്രായങ്ങളുമുണ്ട്‌. മലയാളിയുടെ മൗലികച്ചിന്ത വികസിക്കാത്ത
മേഖലയിലാണ്‌ എം.കെ.ഹരികുമാർ വ്യാപരിക്കുന്നത്‌. അതുകൊണ്ടുതന്നെ ഇത്‌
വേറിട്ട സഞ്ചാരമാണെന്ന്‌ പറയേണ്ടിയിരിക്കുന്നു.

       മണ്ണിരയെ ശല്യപ്പെടുത്തരുത്‌ അത്‌ ഭൂമിയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയാണ്‌
എന്ന ഹരികുമാറിന്റെ നിരീക്ഷണത്തിൽ പുതിയ കാലത്തിന്റെ സമഗ്രപരിസ്ഥിതി
ദർശനമുണ്ട്‌. മണ്ണ്‌ മണ്ണിരയുടെ നാഗരികതയും ആചാരവുമാണെന്ന്‌ ഇവിടെ
പറയുന്നുണ്ട്‌. അപ്രതിരോധ്യമായ മൗനം ഞാൻ കണ്ടത്‌ അറവുശാലയിലേക്ക്‌
കൊണ്ടുപോകുന്നതിനായി ഒരിടത്തു കെട്ടിയിട്ട പശുക്കളിലാണ്‌. എന്ന്‌
പറയുമ്പോൾ നമ്മുടെ നിരന്തരമായ കാഴ്ചകളിൽ നിന്ന്‌ നാം മനഃപൂർവ്വം
ഒഴിവാക്കിക്കളയുന്ന ഒരു ദൃശ്യത്തെയാണ്‌ ഹരികുമാർ എഴുതുന്നത്‌. അപാരമായ
മറവിയുടെ അനുകൂല്യത്തിൽ നാം അതിനെ അതിജീവിക്കുകയാണ്‌. " ഒരു പാമ്പിനെ
കാണാനിടയായൽ അപ്പോൾത്തന്നെ മനുഷ്യൻ ഭയത്തിന്റെയും കോപത്തിന്റെയും മൈത്രി
തകർക്കുന്നതിനായി ഒരു ഭാഷ തേടിപ്പിടിക്കും" എന്ന കണ്ടെത്തലിൽ മനുഷ്യനും
ഇതര ജീവിവർഗങ്ങളുമായി നിലനിൽക്കുന്ന മൈത്രിയുടെ താളം അന്വേഷണ
വിഷയമാകുന്നു. 'വെള്ളം എപ്പോഴും  അതിനെത്തന്നെ മറന്ന്‌ അനിശ്ചിതമായ
ഭാവിയിലേക്ക്‌ കുതികൊള്ളുന്നു' വേന്നും 'വെള്ളം നിരന്തരമായ സ്വയം
നിരാസമാണെന്നും ഹരികുമാർ പറയുന്നു. വെള്ളത്തെക്കുറിച്ചുള്ള ഈ
നിരീക്ഷണങ്ങളിൽ എല്ലാ ദർശനങ്ങളെയും സമാഹരിക്കുകയാണിവിടെ.
       സാംസ്കാരിക ഇടങ്ങളെക്കുറിച്ചുള്ള ഹരികുമാറിന്റെ നിരീക്ഷണങ്ങൾ
ശ്രദ്ധേയങ്ങളാണ്‌. 'സ്നേഹരഹിതമായ തീവ്രമായ ഏകാന്തത്തയുടെ
യുക്തിരാഹിത്യത്തിന്റെ ഉപനിഷത്‌ ആണ്‌ ഇന്റർനെറ്റ്‌' എന്ന നിരീക്ഷണം
ടെക്നോളജിയുടെ പുതിയ കാലത്തെ സംബന്ധിച്ച്‌ ശരിയാണ്‌. ഗൃഹാതുരത്വം
വ്യാജമായ ദുഃഖമാണെന്നും മലയാളി മനസ്സ്‌ അതിന്റെ തന്നെ കെണിയിലാണെന്നും
വിളിച്ചുപറയുമ്പോൾ നമ്മുടെ  സാംസ്കാരിക ജീവിതത്തെക്കുറിച്ചുള്ള ശരിയായ
അന്വേഷണമായി ഹരികുമാറിന്റെ ചിന്ത പരിണമിക്കുന്നു.

       മൗലികച്ചിന്തകളുടെ വെളിച്ചം ഈ കൃതികളിലുണ്ട്‌. സകലതിനെയും നിരാകരിച്ച്‌
പുതുതാക്കാൻ ശ്രമിക്കുന്ന പുതിയ ലോകക്രമം വായിച്ചെടുക്കാൻ ഹരികുമാറിന്‌
കഴിയുന്നു. സാഹിത്യനിരൂപണം, സാംസ്കാരിക വിമർശനം, നിരീക്ഷണം,
സിദ്ധാന്തപഠനം എന്നിങ്ങനെ വിവിധതല സ്പർശിയാണ്‌ എം.കെ.ഹരികുമാറിന്റെ
കൃതികൾ. സ്വകീയ ചിന്തകളുടെ തുറസ്സായ ഇടങ്ങളാണിത്‌. ചെറുവാക്യങ്ങളിലൂടെ
അവ്യഖ്യേയമായ ഇടങ്ങളെ ലളിതമായി സമീപിക്കുകയാണ്‌ ഹരികുമാർ. ഇത്‌ കേരളീയ
സമൂഹത്തെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമാണ്‌. പ്രകൃതി മനുഷ്യൻ,
സാംസ്കാരിക ജീവിതം എന്നീ മേഖലകളിൽ ശക്തമായ ഇടപെടൽ നടത്താൻ ഹരികുമാറിന്‌
കഴിയുന്നു. നവാദ്വൈത ദർശനം ഗൗരവമായ ചർച്ചകൾക്ക്‌ വിധേയമാകേണ്ടതുണ്ട്‌.
സാഹിത്യനിരൂപണം, സാംസ്കാരിക വിമർശനം എന്നീ മേഖലകളിൽ ഇത്‌ ആഴത്തിലുള്ള
വിശകലന സാധ്യതകൾ അവശേഷിപ്പിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...