സി.രാധാകൃഷ്ണൻ
ഇഷ്ടമില്ലെങ്കിൽ കഷ്ടം സ്വാഭാവികം. ഇഷ്ടമുണ്ടെങ്കിലോ? പിന്നെ,
എന്തുവന്നാലും കഷ്ടമായി തോന്നില്ല. അമ്മയ്ക്ക് കുട്ടിക്കുവേണ്ടി
ചെയ്യുന്ന ഒന്നും കഷ്ടപ്പാടായി തോന്നാറില്ല. കുട്ടി എന്ത് അഹിതം
ചെയ്താലും കഷ്ടമായി അനുഭവപ്പെടുകയുമില്ല. ഇതിന്റെ മറുവശമാണ്
'ഇഷ്ടമില്ലാത്ത അച്ചിക്ക് തൊട്ടതൊക്കെ കുറ്റം!' എന്ന അവസ്ഥ.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആൾ അയാൾക്കുവേണ്ടി ഒന്നുംതന്നെ ചെയ്യാൻ
എന്നെ അനുവദിക്കാഞ്ഞാലാണ് എനിക്ക് സങ്കടം. അതുപോലെത്തന്നെ എനിക്ക്
വളരെ ഇഷ്ടപ്പെട്ട ഒരാൾ എന്നോടു കാണിക്കുന്ന ചെറിയ അപ്രിയം പോലും, അതയാൾ
മനഃപൂർവ്വം ചെയ്തത്താണെന്ന് എനിക്കു തോന്നിയാൽ, എനിക്ക്
മഹാസങ്കടമായിരിക്കും, മഹാവിദ്വേഷമായിപ്പോലും തീരുന്നു.
അറിയാതെ ആളെ ഇഷ്ടപ്പെടാൻ കഴിയും, പക്ഷെ, ഇഷ്ടമേ ഇല്ലാത്ത ആളെ
ഒരളവിനപ്പുറം അറിയാൻ കഴിയില്ല. ചെയ്യാനറിയാത്ത പണിയും ചെയ്തുനോക്കാൻ
സാധിച്ചേക്കാം, പക്ഷേ, ഇഷ്ടമില്ലാത്ത പണി ചെയ്യാൻ അതിലേറെ പ്രയാസമാണ്.
ഇതുകൊണ്ടാണ് മോക്ഷസാധനസാമഗ്രികളിൽ ഭക്തിയെ ജ്ഞാനത്തിനും കർമ്മത്തിനും
എല്ലാം മുൻസ്ഥാനത്ത് വച്ചിരിക്കുന്നത്. (മോക്ഷസാധനസാമഗ്ര്യം ഭക്തിരേവ
ഗരീയസി-നാരദഭക്തിസൂത്രം) അറിയാതെ അടുക്കാനാവില്ല. അടുക്കാതെ അറിയാനോ
തന്മയീഭാവം പ്രാപിക്കാനോ പറ്റില്ല. ഭാവൈക്യം വരാതെ സാരൂപ്യം
സാധിക്കയുമില്ല.
കുടുംബജീവിതം താറുമാറാകുമ്പോൾ ഇരുപക്ഷവും ഒരുപോലെ വിചാരിക്കുകയും
പറയുകയും ചെയ്യുന്ന ഒരു കാര്യമുണ്ട്. ഒരുനിമിഷം എന്റെ സ്ഥാനത്ത്
താനാണെന്ന അവൾ/അദ്ദേഹം കരുതിയിരുന്നെങ്കിൽ...!
ഏതൊരാളെയും മുഴുവനായി അറിയാനുള്ള എളുപ്പവഴി അയാളുടെ സ്ഥാനത്ത് സ്വയം
അവരോധിക്കുകയാണ്. ഇതൊരുതരം പരകായപ്രവേശം തന്നെയാണ്. ഇതോടെ രണ്ടു
ജീവനുകൾക്ക് താളപ്പൊരുത്തം കൈവരുന്നു. പിന്നെ ഇതുരണ്ടിനും തമ്മിൽ
അന്യത്വമില്ല. ഈ പരകായപ്രവേശം എത്രത്തോളം ആഴത്തിലും പരപ്പിലും
സാധിക്കുന്നുവോ അത്രയും അധികമാണ് ആനന്ദവും സുകൃതവും.
കലയും സാഹിത്യവും സംസ്കാരവുമെല്ലാം ഈ താദാത്മ്യം സാധിക്കാനും അത്
സാധിച്ചാലുള്ള ആനന്ദം അനുഭവിപ്പിക്കാനുമുള്ള മാർഗ്ഗങ്ങളാണ്. അമ്പേറ്റ
കിളിയോട് ഈ താദാത്മ്യം സാധിച്ചാണ് ആദികവി മാ നിഷാദ എന്ന് ശബ്ദിച്ചതു.
വേദനിക്കുന്ന ഏതിന്റെയും സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചാണ് ആ വേദന കവി
അറിയുന്നത്.
ഈ പരകായപ്രവേശത്തിലെ അദ്യപടി നാം നാമല്ലാതാകലാണ്. നാമല്ലാതാകുന്നത്
ആനന്ദകരമായ ഒരു അവസ്ഥയത്രെ. എല്ലാ നടന്മാരും നടികളും ഈ അവസ്ഥ
അനുഭവിക്കുന്നു. കുട്ടികൾ കളിക്കുന്നുതു നോക്കുക. അവർ, അച്ഛനായും
അമ്മയായും മാഷായും ടീച്ചറായും ആനയായും ഒക്കെ കളിക്കുന്നു. പക്ഷെ,
നാമല്ലാതാകുമ്പോഴും നമ്മിലെ എന്തോ ഒന്ന് നമ്മോടൊപ്പം ഉണ്ട്. അതിനാലാണ്
നാമല്ലാത്ത അവസ്ഥ നമുക്ക് അനുഭവിക്കാൻ കഴിയുന്നത്. ഗാഢനിദ്രയിലും
ഉണർന്നിരിക്കുന്ന ആ എന്തോ ഒന്നുതന്നെയാണ് ഇതും. അതായത്, ശുദ്ധബോധം.
ഒരു കഥ പറയുമ്പോഴോ കേൾക്കുമ്പോഴോ ആകട്ടെ, തുടരെത്തുടരെ നാം പലതായും
പലരായും മാറിക്കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് മണ്ണാങ്കട്ടയും കരിയിലയും
കൂടി കാശിക്കുപോയ മുത്തശ്ശിക്കഥ നോക്കുക (മറ്റൊരാളായോ മറ്റൊന്നായോ
മാറാനുള്ള നമ്മുടെ ഉത്സാഹത്തിന് യുക്തിരാഹിത്യം പോലും തടസ്സമാകാറില്ല.
ഒരു മണ്ണാങ്കട്ടയും ഒരു കരിയിലയും ഒരിക്കലും കാശിക്കുപോയിട്ടില്ലെന്ന്
നമുക്കറിയാം. ഇതു രണ്ടും ചങ്ങാതികളാകുന്നതോ സംസാരിക്കുന്നതോ യാത്ര
പോകുന്നതോ ഒക്കെ അയുക്തികമാണെന്നും തീർത്തും അയഥാർത്ഥമാണെന്നും ബോധ്യവും
ഉണ്ട്. എന്നിട്ടും ഒരേ സമയം നാം മണ്ണാങ്കട്ടയും കരിയിലയും രണ്ടും
ആയിത്തീരുന്നു. കഥയിൽ ഇവയ്ക്ക് സംഭവിക്കുന്ന യാതനകളെല്ലാം
അനുഭവിക്കുന്നു. എന്നിട്ട് അതിൽ ആനന്ദം കാണുകയും ചെയ്യുന്നു.
ഈ പരകായപ്രവേശം കഥ പറയുന്ന ആളുടെ സ്ഥിരം വിദ്യയാണ്. പറയുന്ന കഥയിലെ
എല്ലാ കഥാപാത്രങ്ങളുമായും ഒരേസമയം താദാത്മ്യം പ്രാപിച്ചാണ് കഥ
പറയുന്നത്. അങ്ങനെ പറഞ്ഞാലേ നല്ല കഥയാവൂ. ഈ കഥാപാത്രങ്ങളിലൂടെ ഒരു പുതിയ
ലോകം സൃഷ്ടിക്കുന്നു. അതിനാലാണ്, അപാരേ കാവ്യസംസാരേ കവിരേഖ പ്രജാപതി
എന്ന ചൊല്ലുണ്ടായത്.
അതായത്, എല്ലാ കാവ്യനാടകാദികളും ഇതിഹാസപുരാണങ്ങളും നമ്മെ പരകായപ്രവേശം
പഠിപ്പിക്കുകയും അതിലെ ആനന്ദം നുണയിപ്പിക്കുകയും ചെയ്യുന്നു. ഇത്
അനുഭവിച്ചിട്ടില്ലാത്ത ആളുകളെയാണ് പണ്ടുള്ളവർ 'കഥയില്ലാത്തവർ, കഥയറിയാതെ
ആട്ടം കാണുന്നവർ' എന്നെല്ലാം വിശേഷിപ്പിച്ചതു. കഥാപാത്രമായി
മാറാത്തവർക്ക് ഒരിക്കലും കഥയുണ്ടാവില്ല.
നല്ല എഴുത്ത് ആത്മവിസ്മൃതിയിലേക്കും പരകായപ്രവേശത്തിലേക്കുമുള്ള
പ്രവേശനപരിചയം നൽകുന്നു. ഈ പരിചയം കിട്ടിയാൽ ഈ വിദ്യ സ്വയം ചെയ്യാൻ
സാധിക്കുന്നു. ഇതാണ് കാവ്യാനുശീലനത്തിന്റെ പുണ്യം. കാരണം, ഇത്രയുമായാൽ
അധ്യാത്മവിദ്യയുടെ എൻട്രൻസ് ജയിച്ചു. പ്രപഞ്ചത്തിലെ ഏതുമായും എപ്പോഴും
പരകായപ്രവേശത്തിലൂടെ താദാത്മ്യം പ്രാപിക്കാൻ തുടർന്ന് ശ്രമിക്കാം.
സ്വജീവന്റെ ഇച്ഛാശക്തി ഹിംസ്രമൃഗങ്ങളിലും പ്രകൃതിശക്തികളിലും
പ്രവേശിപ്പിക്കാൻ ഋഷിമാർക്ക് കഴിഞ്ഞിരുന്നുവേങ്കിൽ ഒട്ടും
അത്ഭുതപ്പെടാനില്ല. നിസ്സംഗരും നിരഹങ്കാരരും അഹിംസാധിഷ്ഠരും ആണെങ്കിൽ
നമുക്കുമിത് സാധിക്കും. ചുറ്റുമുള്ള ആളുകളുടെ എന്നല്ല,
മൃഗപക്ഷിസസ്യലതാദികളുടെ മനസ്സറിയാം. മഹാപുരുഷന്മാർ പ്രവർത്തിച്ചതായി
പറയപ്പെടുന്ന അത്ഭുതങ്ങൾ ഇതോടെ അത്ഭുതങ്ങളല്ലാതാകുന്നു.
അത്രത്തോളമൊന്നും പോകാനൊത്തില്ലെന്നാലും നിത്യജീവിതത്തിലെ മഹാസങ്കടങ്ങൾ
ഭൂരിഭാഗവും ഒരൽപം പരകായപ്രവേശശേഷി കൊണ്ട് ഒഴിവായിക്കിട്ടും. വിദ്വേഷങ്ങൾ
അവസാനിക്കുന്നതിനാലാണിത്. നമുക്ക് ആരെയും ഒന്നിനെയും കുറ്റപ്പെടുത്താൻ
പിന്നെ ആവില്ല. എല്ലാ വിഭാഗീയതകൾക്കും അതീതനാവുന്നതിനാൽ അന്യവൽക്കരണം
തീർത്തും ഒഴിവാകും. അന്യവൽക്കരണത്തിന്റെ അന്ത്യമാണ് യോഗത്തിന്റെ
ഫലശ്രുതി. ഇതിനെയാണ് ദുഃഖസംയോഗ വിയോഗം എന്ന് നിർവ്വചിച്ചിരിക്കുന്നത്.
പിന്നെ ദുഃഖവുമായി ഒരിക്കലും സംയോഗം വേണ്ടിവരില്ല.
ഞാൻ നീയാകുമ്പോൾ നീയും ഞാനും ഒന്നാവുന്നു. ആ ഒന്നാകൽ വ്യാപിക്കുമ്പോൾ
പ്രപഞ്ചജീവനുമായുള്ള ലയം കൂടുതൽ സാധിക്കുന്നു. അത്രയേ വേണ്ടൂ. ഞാൻ എന്ന
ബുദ്ധി അഥവാ തോന്നുന്നെങ്കിൽ എല്ലാം ഞാനെന്നു തോന്നുന്നതോടെ ആ പിഴവ്
പരിഹൃതമാകുന്നു.
മനസ്സുകൊണ്ട് അൽപം ആൾമാറാട്ടം കളിച്ചുനോക്കൂ, ബഹുസുഖമാണ്.