എങ്ങനെ ഞാനൊന്നു മിണ്ടുമെന്റീശ്വരാ...!

ഷാജി നായരമ്പലം

എങ്ങനെ ഞാനൊന്നു മിണ്ടു,മെന്റീശ്വരാ
മര്‍മ്മങ്ങളാണല്ലോ  നാലുപാടും!
കൊല്ലും, കൊലയും നടപ്പുകാലത്തിന്റെ -
യല്ലലാണെന്നതില്‍ കണ്ണടയ്ക്കാം.
എങ്കിലും കൊല്ലുമോയിങ്ങനെ? ഞാന്‍ കവി
സങ്കടം കൊള്ളുന്നു കാത്തിടേണേ.
എങ്ങനെ ഞാനൊന്നു മിണ്ടു,മെന്റീശ്വരാ
മര്‍മ്മങ്ങളാണല്ലോ നാലുപാടും!

കൊന്നതും, കൊല്ലിച്ചതും, കൊല്ലുവാനിനി
ചുണ്ണാമ്പു തേച്ചൂഴമോര്‍ക്കുന്നതും,
വായിട്ടലച്ചാര്‍ത്തു കൂവിയാലും ശരി,
മര്‍മ്മങ്ങളാണല്ലോ നാലുപാടും!

നാരായ മൂര്‍ച്ചക്കു മങ്ങലു,ണ്ടൊട്ടുനാള്‍
നാവേറു പാടുവാനുള്ളതല്ലേ,
ഏറെത്തുരുമ്പിച്ചു; തേച്ചുരച്ചീടുവാന്‍
നീറുന്ന കാഴ്ച്ചകള്‍ കണ്ടു ഞാനി,-
ന്നെങ്കിലും മിണ്ടുന്ന,തെങ്ങനെയീശ്വരാ
മര്‍മ്മങ്ങളാണല്ലൊ നാലുപാടും.

ഇങ്ങനേ, സങ്കടത്തീക്കടല്‍ ചുറ്റി ഞാന്‍
വല്ലപാടും പാളിനോക്കി നില്‍ക്കേ,
കണ്ടൂ അരും കൊല! ശ്യാമവര്‍ണ്ണന്‍ കൃഷ്ണ-
നുണ്ടു ഹാ ! രക്തസാക്ഷിക്കു തുല്യന്‍
വെട്ടിത്തമസ്കരിച്ചാട്ടിയകറ്റി
പോല്‍
കഷ്ട!മീമട്ടില്‍ വധിച്ചിടാമോ?
തിട്ടം മുകില്‍ വര്‍ണ്ണ! രക്ഷിച്ചു നീ കുലം-
കുത്താ,തെനിക്കിന്നു പാട്ടുപാടാന്‍!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ