എന്റെ ഹിമാലയ യാത്രാനുഭവങ്ങൾ-6

പ്രഫുല്ലൻ തൃപ്പൂണിത്തുറ

ഉത്തരകാശി

        കാശി; എല്ലാംകൊണ്ടും കാശി തന്നെ. കാശിവിശ്വനാഥന്റെയും വിവിധ
സംസ്കാരങ്ങളുടേയും ആസ്ഥാനം! എന്നാൽ ദക്ഷിണകാശി എന്നവകാശപ്പെടുന്ന നിരവധി
ക്ഷേത്രങ്ങൾ ദക്ഷിണേന്ത്യയിലും പ്രത്യേകിച്ച്‌ കേരളത്തിലുമുണ്ട്‌. പക്ഷേ
ഉത്തരകാശി ഒന്നേയുള്ളൂ.
        കേദാർനാഥ്‌, ബദരിനാഥ്‌ യാത്രയ്ക്കിടയിൽ എത്തിപ്പെട്ട "ഉത്തരകാശി"
പ്രത്യേകം എടുത്തുപറയേണ്ട, വീണ്ടും വീണ്ടും ഓർത്തുപോവുന്ന ഒരു
പുണ്യതീർത്ഥാടനകേന്ദ്രമാണ്‌; തിരക്കുള്ള നഗരവും ജില്ലാകേന്ദ്രവും.
        ഉത്തരകാശി നഗരത്തിലേയ്ക്കു പ്രവേശിച്ചതു മലതുരന്നുണ്ടാക്കിയ ഒരു
കൃത്രിമഗുഹയിലൂടെയാണ്‌. ആ ടണലിന്റെ മുകളിലൂടെ ഇടയ്ക്കിടെ ജലം
ഒലിച്ചിറങ്ങുന്നതു കാണാമായിരുന്നു. യമുനോത്രിയിൽ നിന്നും
മടങ്ങിയെത്തിയപ്പോഴും ഗംഗോത്രിയിലേയ്ക്ക്‌ പുറപ്പെട്ടപ്പോഴും
ഉത്തരകാശിയിലാണു ഞങ്ങൾ തങ്ങിയത്‌, 2011 സെപ്തംബർ 21, 22 തീയതികളിൽ.
        ഉത്തരകാശിയിൽ പല ദേവാലയങ്ങളുണ്ട്‌. അവിടെ നഗരത്തിനകത്തുള്ള
വിശ്വനാഥന്റെയും ഭഗവതിയുടെയും ക്ഷേത്രങ്ങൾ മിക്കവാറും തീർത്ഥാടകർ
ദർശിയ്ക്കുന്നു. ഭഗവതിയുടെ ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠയുടെ
സ്ഥാനത്തുള്ളത്‌ വലിയൊരു ശൂലമാണ്‌. അസുരനിഗ്രഹശേഷം ഭഗവതിയുടെ ശൂലം
വന്നുതറച്ചതു ഇവിടെയാണത്രെ! ആശൂലമാണു നാം ദർശിച്ചു വണങ്ങുന്നത്‌. അതിന്റെ
അടിഭാഗം എവിടെയാണെന്നു കണ്ടെത്താൻ ജിയോളജി സർവ്വെ ഓഫ്‌ ഇന്ത്യയുടെ
ഗവേഷണോത്സുകരായ ഉദ്യോഗസ്ഥർ 2000 അടി താഴ്ചവരെ അന്വേഷിച്ചിട്ടും താഴെയറ്റം
കണ്ടെത്താനായില്ലത്രെ! നല്ലപോലെ തലയുയർത്തിമുകളിലേക്കു നോക്കിയപ്പോൾ
അഗ്രഭാഗം കാണാൻ സാധിച്ചു. ശൂലത്തിൽ ഒന്നുതൊട്ടുനോക്കി. ഇളകുന്നുണ്ട്‌.
താഴെ ഭദ്രമായി ഉറപ്പിച്ചിട്ടുണ്ടെങ്കിലും നീളക്കൂടുതൽ ഉള്ളതുകൊണ്ടാവാം
ഇളകുന്നത്‌.

        നഗരഹൃദയത്തിലെ തൂക്കുപാലത്തിലൂടെയും പലവട്ടം നടന്നു പുഴയുടെ ഭംഗി ആസ്വദിച്ചു.
        എവിടെയും തിരക്ക്‌. എല്ലാവരും ഹിന്ദിമാത്രം പറയുന്നു.
കേരളത്തിലേപ്പോലത്തെ എല്ലാ പച്ചക്കറികളും ഫലവർഗ്ഗങ്ങളുമുള്ള കടകളുടെ
നീണ്ടനിരതന്നെ അങ്ങാടിയെവർണ്ണപൂർണ്ണമാക്കുന്നു
. എല്ലായിടത്തും പാകത്തിനു
വേവിയ്ക്കാത്ത ഗോതമ്പു ചപ്പാത്തിയും മസാലചേർത്ത സബ്ജി എന്ന
പച്ചക്കറിക്കൂട്ടും മാത്രം ഒരുപോലെ സുലഭമായി ലഭിയ്ക്കുന്നു. മിക്കവാറും
കടകളിൽ നല്ല ജ്യൂസുകൾ ലഭിച്ചു. വലിയജാറുകൾ പോലത്തെ ചില്ലുഗ്ലാസുകളിൽ,
മൂസാംബി, ഓറഞ്ച്‌, മാമ്പഴം, ക്യാരറ്റ്‌, കുക്കുമ്പർ തുടങ്ങിയ എല്ലാ നല്ല
പഴച്ചാറുകളും ലഭ്യം. പക്ഷേ ഒരു കാര്യം അവിടുത്തുകാരുടെ നിരക്കും
വിലയുമല്ല തീർത്ഥാടകരോടു വാങ്ങുന്നത്‌. (ഭാഷകൊണ്ടും വേഷം കൊണ്ടും നാം
അവിടത്തുകാരല്ലെന്നു അവർ തിരിച്ചറിയുന്നു) ചായയ്ക്കാണെങ്കിൽ
അവിടത്തുകാർക്കു രണ്ടെല്ലെങ്കിൽ മൂന്നു രൂപ. പുറമേ നിന്നും
എത്തുന്നവർക്കു എട്ടു മുതൽ 10 രൂപ വരെ!
        അങ്ങിനെ നടക്കുമ്പോൾ തിരക്കുള്ള ഉത്തരകാശി പട്ടണത്തിനകത്തു തന്നെ ഒരു
ബോർഡുകണ്ടു. "ഇഡ്ഡലി, ദോശ, മസാലദോശ, നെയ്യ്‌റോസ്റ്റ്‌ -റെഡി ഹോട്ടലിന്റെ
മുകളിൽ 'സൗത്ത്‌ ഇന്ത്യൻ ഫുഡ്‌' എന്നും എഴുതിവെച്ചിരിയ്ക്കുന്നു. ഞാനും
ജോബ്ബ്സാറും, കായംകുളത്തുകാരൻ രാജേന്ദ്രനും കൂടി ആ ഹോട്ടലിൽ കയറി.
ദിവസങ്ങൾക്കു ശേഷം മലയാളി ഭക്ഷണം അവിടെ നിന്നും ഞങ്ങൾക്കു ലഭിച്ചു.
ഇതേപോലെ മലയാളി ഭക്ഷണം ലഭിയ്ക്കുന്ന ഹോട്ടലുകൾ മിക്കവാറും വലിയ
നഗരങ്ങളിലുണ്ടാകാം. പക്ഷേ തിരക്കുള്ള യാത്രകളുടെ ഇടയിൽ അവിടെ
ഇറങ്ങിച്ചെന്നു അന്വേഷിയ്ക്കാനും അവിടെ എത്തിപ്പെടാനും ആകില്ലല്ലോ?
        വിസയില്ലാതെയും വിസയുടെ കാലാവധി കഴിഞ്ഞും നിൽക്കുന്നവർക്ക്‌ തൽക്കാലം
രക്ഷപ്പെടാൻ ഗൾഫിൽ ഇറാൻകാരുടെ ഒരു ദ്വീപുണ്ടത്രെ! സുന്ദരമായ ഒരു
പച്ചപ്പിന്റെ ഗ്രാമം! എന്റെ മറ്റൊരു സുഹൃത്ത്‌ ശ്രീ.ജോയ്‌
അവിടെചെന്നപ്പോൾ അവിടെയും ഒരു മലയാളി ഹോട്ടൽ കണ്ടുവത്രെ! ചന്ദ്രനിൽ
ചെന്നാലും അവിടെയും ഒരു മലയാളിയുടെ ഹോട്ടൽ കാണും!
        അന്നു വൈകീട്ട്‌ ഞങ്ങൾ താമസിച്ച ലോഡ്ജിലെ മുറിയിൽ ടിവിയിൽ ഒരു
ന്യൂസ്കണ്ടു. അവിടെ നിന്നും ഹിമാലയത്തിലേയ്ക്കുള്ള വഴിയിൽ മണ്ണിടിച്ചിൽ!
തൽക്കാലം ആ വഴിയിൽ ഗതാഗതം നിരോധിച്ചിരിക്കുന്നു. അങ്ങിനെ ഉത്തരകാശിയിൽ
ഒരു ദിവസം കൂടി തങ്ങേണ്ടി വന്നു. അവിടത്തെ ഉദയവും സന്ധ്യയും ഒന്നുകൂടി
മതിവരുവോളം ആസ്വദിച്ചു; മലയാള ഭക്ഷണവും!

തുടരും.....

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ