19 Jul 2012

പഴയ മീനച്ചിലാറ്‌ എന്റെ ഓർമ്മയിൽ


അമ്പാട്ട്‌ സുകുമാരൻനായർ
pho.9495395312
മീനച്ചിലാറിന്റെ തീരത്താണ്‌ എന്റെ തറവാട്‌. വർഷങ്ങൾക്കുശേഷം
കുടുംബക്ഷേത്രത്തിലെ ഉത്സവം കൂടാനാണ്‌ ഞാനവിടെ എത്തിയത്‌.
ആറാട്ടിന്റന്ന്‌ പ്രസാദമൂട്ടുണ്ടായിരുന്നു. പ്രസാദമൂട്ടിൽ പങ്കെടുത്തശേഷം
പുഴയോരത്തെ കൽപ്പടവിൽ ചെന്നിരുന്നു. അവിടെയിരുന്നപ്പോൾ
പത്തമ്പതുവർഷങ്ങൾക്കപ്പുറമുള്ള ഓർമ്മകൾ എന്റെ മനസ്സിൽ ഒന്നൊന്നായി
തെളിഞ്ഞുവന്നു. കാലത്തിന്റെ പുകക്കറപുരളാത്ത ചിത്രങ്ങൾ.
അതിരാവിലെ ഉണർന്ന്‌ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ്‌ പുഴയിൽ ചെന്ന്‌
മുങ്ങിക്കുളിക്കണം. ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്ന പുഴ. കണ്ണാടിപോലെ
തെളിഞ്ഞവെള്ളം. മുട്ടോളം വെള്ളത്തിൽ കൽപ്പടവിലിറങ്ങി നിൽക്കുമ്പോൾ
പരൽമീനുകൾ വന്നു മുത്തമിടും. ഉടലിന്റെ ഇരുവശവും ചുവന്ന രേഖയുള്ള
പരൽമീനുകൾ. അവമുത്തമിടുമ്പോൾ ദേഹമാകെ കോരിത്തരിക്കും. പുഴയിൽ നിന്ന്‌
നീരാവി ഉയരുന്നതുകാണാം. ഏതു തണുപ്പുകാലത്തും അതിരാവിലെപുഴയിലെ
വെള്ളത്തിന്‌ ഇളംചൂടാണ്‌. ആ വെള്ളത്തിൽ മുങ്ങിക്കുളിക്കാനെന്തു സുഖമാണ്‌.
ഏതു വേനലിലും വെള്ളത്തിനു നല്ല ഒഴുക്കുണ്ടായിരിക്കും.

രാവിലെ തന്നെ മണൽ വാരുന്ന വള്ളങ്ങൾ നിരനിരയായി അങ്ങ്‌ താഴെ നിന്നു
വരുന്നത്‌ കാഴ്ചയാണ്‌. അധികം വൈകാതെ തന്നെ ഈ വള്ളങ്ങൾ നിറയെ മണലുമായി
തിരിച്ചുവരുന്നതു കാണാം. ഈ മണൽ കുട്ടനാടൻ പ്രദേശങ്ങളിലെ നിർമ്മാണ
പ്രവർത്തനങ്ങൾക്കുവേണ്ടിയാണ്‌ കൊണ്ടുപോകുന്നത്‌. ഒരു നദിയുടെ ചങ്കും
കരളുമാണ്‌ ഇവർ മാന്തിക്കൊണ്ടുപോകുന്നതെന്ന്‌ അന്ന്‌
മനസ്സിലാക്കിയിരുന്നില്ല.  കിഴക്കു നിന്ന്‌ വള്ളം നിറയെ മണലുമായി
മടങ്ങിവരുന്ന കാഴ്ച ഒരത്ഭുതക്കാഴ്ച തന്നെയാണ്‌. വള്ളത്തിന്റെ വക്കിനു
മുകളിൽ വരെ ഈ മണൽ കൂനകൂട്ടിവയ്ക്കും. വള്ളത്തിന്റെ വക്കും വെള്ളവും
സമംസമമായി നിൽക്കുന്നതുപോലെ തോന്നും.

കിഴക്കോട്ടുപോയാൽ ആറ്റുതീരത്ത്‌ ധാരാളം പാറമടകളുണ്ട്‌. പായ്കെട്ടിയ
പത്തേമാരികൾ കുട്ടനാടൻപ്രദേശത്തുനിന്ന്‌ പാറമടകളിലേക്ക്‌ പോകുന്ന
കാഴ്ചയും ഏറെ കൗതുകമുളവാക്കുന്നതാണ്‌. ഓരോ പത്തേമാരിയിലും നാലും അഞ്ചും
ആളുകൾ പണിക്കാരായുണ്ടാകും. പാറകയറ്റിക്കൊണ്ടുപോകാൻ രണ്ടും മൂന്നും ദിവസം
പാറമടയ്ക്കു സമീപം ആറ്റുതീരത്ത്‌ കാത്തുകിടക്കേണ്ടി വരും. അത്രയും ദിവസം
വള്ളത്തിൽ തന്നെ താമസിക്കാനുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്‌. ഓരോ
വള്ളത്തിലും ഒന്നും രണ്ടും കൊച്ചു മാടങ്ങൾപോലുള്ള വളവരകൾ കാണും.
ആമാടത്തിൽ ഭക്ഷണം പാകം ചെയ്യാനുള്ള അടുപ്പും അരകല്ലും ആട്ടുകല്ലും
തുടങ്ങി എല്ലാവിധ സംവിധാനങ്ങളും ഉണ്ടായിരിക്കും. ഈ വള്ളത്തിൽ പാകം
ചെയ്യുന്ന ആഹാരം വളരെയധികം രുചികരമാണെന്നാണ്‌ പറയുന്നത്‌. കുടിക്കാനും
ഭക്ഷണം പാകം ചെയ്യാനും ആറ്റിലെ വെള്ളം തന്നെയാണുപയോഗിക്കുന്നത്‌.
കറിവയ്ക്കാൻ ആറ്റിൽ നിന്നുതെന്നെ ചൂണ്ടയിട്ട്‌ മീൻ പിടിക്കും.
പാറമടയിലെ പാറമുഴുവൻ വേമ്പനാട്ടുകായലിൽ കായൽ നിലങ്ങൾ പൊക്കിയെടുക്കാനുള്ള
ബണ്ട്‌ നിർമ്മിക്കാനാണുപയോഗിക്കുന്നത്‌
.
വേമ്പനാട്ടുകായലിലെ നെല്ലറകളായിരുന്ന റാണി,ചിത്തിര, മാർത്താണ്ടം,
ആർ.ബ്ലോക്ക്‌ എന്നീ കായൽ നിലങ്ങൾ കായലിന്റെ അടിത്തട്ടിൽ
നിന്നുപൊക്കിയെടുത്തത്‌ ഈ കരിങ്കല്ലുപയോഗിച്ചാണ്‌. പിൽക്കാലത്ത്‌ ഞാനൊരു
പത്രപ്രവർത്തകനായിരുന്നപ്പോൾ ഈ കായൽ നിലങ്ങൾ സന്ദർശിക്കാൻ എനിക്കവസരം
ലഭിച്ചു. സമൃദ്ധമായി നെല്ലു വിളഞ്ഞു കിടക്കുന്ന ആ പാടങ്ങളെക്കുറിച്ച്‌
ഞാൻ ഫീച്ചറുകൾ തയ്യാറാക്കി. അപ്പോഴും വലിയ പത്തേമാരികളിൽ കരിങ്കല്ല്‌
കയറ്റിക്കൊണ്ടു കുട്ടനാട്ടിലേക്ക്‌ പോകുന്ന രംഗം എന്റെ മനസ്സിൽ തെളിഞ്ഞു.
പുഴക്കരയിലെ കൽപ്പടവിലിരുന്നപ്പോൾ വേറെയും ഒട്ടേറെ കാഴ്ചകൾ മനസ്സിന്റെ
തിരശ്ശീലയിൽ ചിത്രങ്ങൾ രചിച്ചു. കായലിന്റെ അടിത്തട്ടിൽ നിന്ന്‌
പൊൻതളികപോലെ ഉയർത്തിക്കൊണ്ടുവന്ന ആനിലങ്ങളുടെ ഇന്നത്തെ അവസ്ഥ
എത്രശോചനീയമാണ്‌. റാണി,ചിത്തിര,മാർത്താണ്ടം കായലുകളുടെ സമീപത്തുകൂടി
ബോട്ടിൽ സഞ്ചരിച്ചപ്പോഴാണ്‌ ഹൃദയഭേദകമായ ആ കാഴ്ച കണ്ടത്‌. കായലും വയലും
തമ്മിൽ വേർതിരിച്ചറിയാൻ വയ്യാത്ത അവസ്ഥ. എല്ലാം പായൽകയറി
മൂടിക്കിടക്കുകയാണ്‌. അങ്ങിങ്ങ്‌ ചില ഭാഗങ്ങളിൽ ബണ്ടിന്റെ അവശിഷ്ടങ്ങൾ
കാണാം. അവിടെ ഓല കരിഞ്ഞു നിൽക്കുന്ന ഒരു ചൊട്ടപോലുമില്ലാത്ത തെങ്ങിന്റെ
ചില വികൃതരൂപങ്ങൾ നിൽപ്പുണ്ട്‌. ചില തെങ്ങുകൾക്ക്‌ മണ്ട പോലുമില്ല.
തകൃതിയായി നെൽകൃഷി നടന്നുകൊണ്ടിരുന്ന കാലത്ത്‌ ചിറയിൽ നിരനിരയായി
അമൃതകുംഭങ്ങളുമായി നിൽക്കുന്ന തൈതെങ്ങുകളുണ്ടായിരുന്നു. ഭൂമിയിലെ
കൽപവൃക്ഷങ്ങൾ. ദേവാമൃതം പകർന്നു തരുന്ന സുരതരുക്കൾ. ആ സുര തരുക്കളാണ്‌
കരിഞ്ഞുണങ്ങിയ ഓലയും നീട്ടി കായലിന്റെ നടുക്ക്‌ അനാഥ പ്രേതങ്ങളെപ്പോലെ
നിലകൊള്ളുന്നത്‌.
വേമ്പനാട്ടു കായലിന്റെ നടുക്ക്‌ പൊൻതളികകൾ തീർക്കാൻ പാറകളുമായെത്തിയ
അന്നത്തെ പത്തേമാരികളാണ്‌ ഇന്ന്‌ സുരകന്യകകളായി സുരതക്രീഡയ്ക്ക്‌
സുഖസൗകര്യങ്ങളൊരുക്കി കായലിൽ സ്വൈര്യവിഹാരം നടത്തുന്ന ഹൗസ്ബോട്ടുകൾ!
കിഴക്കൻ മലകളിൽ നിന്ന്‌ പനിനീരുമായെത്തിയ കല്ലോലിനികളെ അത്യാഹ്ലാദത്തോടെ
വാരിപ്പുണർന്ന വേമ്പനാട്ടുകായൽ ഇന്ന്‌ ഈ ഹൗസ്ബോട്ടുകൾ പുറന്തള്ളുന്ന
വിസർജ്ജ്യങ്ങൾ കൊണ്ട്‌ കുട്ടനാടൻ പ്രദേശത്തെ ജീവിതം ദുസ്സഹവും
ദുർഗ്ഗന്ധപൂരിതവുമായിരിക്കുകയാണ്‌. എന്തൊരു വിധിവൈപരീത്യം!
ഞാൻ മീനച്ചിലാറിനെക്കുറിച്ചാണ്‌ പറഞ്ഞു വന്നത്‌. പറഞ്ഞു പറഞ്ഞ്‌ അന്നത്തെ
ആ പത്തേമാരി ഇന്നത്തെ ഹൗസ്‌ ബോട്ടായി മാറിയ അവസ്ഥവരെ പറഞ്ഞു. വീണ്ടും
ഓർമ്മകളുടെ പൂവിളി മനസ്സിൽ മുഴങ്ങി.
"അരകല്ലാട്ടുകല്ല്‌ തിരികകല്ലുരലേ..."
വേനൽക്കാലമായാൽ പലപ്പോഴും ഉയർന്നുകേൾക്കുന്ന ശബ്ദമാണത്‌. പുഴക്കരയിലെ
വീടുകളുടെ അകത്തളങ്ങളിൽ ആ ശബ്ദം ചെന്നു മുഴങ്ങും. പുഴയോരത്തുള്ളവർ ഇവരിൽ
നിന്നാണ്‌ വീട്ടു സാമാനങ്ങൾ വാങ്ങുന്നത്‌. സഞ്ചരിക്കുന്ന ഒരു തൊഴിൽശാല!
പണിതീർന്ന ആട്ടുകല്ലും അരകല്ലുമൊക്കെ ആവള്ളത്തിലുണ്ടാവും.
ഒരു കുടുംബം മുഴുവൻ ആ വള്ളത്തിലാണ്‌ ജീവിതയാത്ര നടത്തുന്നത്‌. വള്ളത്തിൽ
അവർക്കു താമസിക്കാനുള്ള വളവര(കൊച്ചുകൂര)യുണ്ടായിരിക്കും. മിക്കവാറും
അതിനുള്ളിലാണ്‌ തുണിത്തൊട്ടിൽ കെട്ടി കുഞ്ഞുങ്ങളെ കിടത്തിയുറക്കുക. ആഹാരം
പാകം ചെയ്യുന്നതും ആ വള്ളത്തിൽ വച്ചു തന്നെ. സ്ത്രീകളും പ്രായമായ
കുട്ടികളും കൊത്തുപണിയിൽ വ്യാപ്രതരായിരിക്കും. അവർക്ക്‌ വിശ്രമം
എന്നൊന്നില്ല. വേനൽക്കാലം മുഴുവൻ അവരിങ്ങനെ പുഴകളിൽ നിന്ന്‌
പുഴകളിലേക്ക്‌ . ഇതിനിടയിൽ ചില വീടുകളിൽ ചെന്ന്‌ പഴയ തേഞ്ഞുതുടങ്ങിയ
ആട്ടുകല്ലുകളും അരകല്ലുകളുമൊക്കെ കൊത്തിക്കൊടുക്കുകയും ചെയ്യും. ആർക്കും
പണിയില്ലെന്നൊരു പരാതിയുമില്ല.
നേരം സന്ധ്യമയങ്ങുമ്പോൾ അവർ ഏതെങ്കിലും കടവിൽ വള്ളംകെട്ടിയിട്ട്‌
ഭക്ഷണവും പാകം ചെയ്തുകഴിച്ച്‌ ആ വഞ്ചിയിൽത്തന്നെ സുഖമായി
കിടന്നുറങ്ങും-സുരക്ഷിതരായി. നേരം പുലരുമ്പഴേ അവർ അവരുടെ യാത്ര തുടങ്ങും.
രാവിലെ തന്നെ മറ്റൊരു നീണ്ട കൂവൽ ഉയർന്നുകേൾക്കാം.
"പൂഹ്‌...പൂഹെയ്‌..."
അത്യുച്ചത്തിലുള്ള ആ കൂവൽ അങ്ങകലങ്ങളിൽ മുഴങ്ങിക്കേൾക്കാം.
മീൻകച്ചവടക്കാരുടെ വിളിച്ചുകൂവലാണത്‌. ആക്കൂവൽ കേട്ടാൽ രണ്ടുകരകളിലുമുള്ള
വീടുകളിൽ നിന്ന്‌ പെണ്ണുങ്ങൾമീൻ വാങ്ങാനെത്തും. കടലിൽ നിന്നും
പിടിക്കുന്ന മത്തിയും അയലയുമൊക്കെ കേടു വരുന്നതിനുമുമ്പ്‌ അതിരാവിലെ
ആൾക്കാരുടെ കൈകളിലെത്തിക്കണം. അതുകൊണ്ടാണ്‌ ഇവർ പുലർച്ചയ്ക്കുതന്നെ
മീനുമായെത്തുന്നത്‌. ചെറുവള്ളങ്ങളിൽ അങ്ങനെ മീൻ വിൽപനക്കാർ
മത്സരിച്ചെത്തും.
അന്ന്‌ ജീവിതത്തിന്‌ ജീവന്റെ തുടിപ്പുണ്ടായിരുന്നു. ഒരു ചലനവും
ചൈതന്യവുമുണ്ടായിരുന്നു. വൃശ്ചികമാസമായാൽ കുമാരണല്ലോ‍ൂരമ്പലത്തിലാറാട്ടു
കഴിയാൻ കാത്തിരിക്കും ഞങ്ങൾ പുഴക്കരയിലുള്ള ചെറുപ്പക്കാർ.
തുലാവർഷംകഴിഞ്ഞ്‌ ആറരമാലിയിൽ ഏക്കൽ ഉണങ്ങിക്കിടക്കും. നല്ല വളക്കൂറുള്ള
മണ്ണ്‌. വിശാലമായ ആ മാലിയിൽ എന്തുനട്ടാലും തഴച്ചുവളരും.
ആറാട്ടുകഴിഞ്ഞാൽ ഞങ്ങൾ മാലികിളച്ചിടും. നേരത്തെ തന്നെ ചാണകമൊക്കെ
ഉണങ്ങിപ്പൊടിച്ച്‌ കരുതിയിട്ടുണ്ടാകും. കിളച്ച മണ്ണൊന്നുണങ്ങിയാൽ
തടമെടുത്ത്‌ അതിൽ ഉണക്ക ചാണകമിട്ടിളക്കും. മാഞ്ചുവട്ടിൽ നിന്ന്‌ ഉണങ്ങിയ
കരിയില വാരി തടങ്ങളിൽ നിറയ്ക്കും. സന്ധ്യയാകുമ്പോൾ ആ തടങ്ങളിൽ തീയിടും.
സന്ധ്യാസമയത്ത്‌ അതങ്ങനെ കത്തിക്കാളുന്നതുകാണാൻ രസമുണ്ട്‌. കൃഷി
നശിപ്പിക്കുന്ന കീടങ്ങൾ ആ തീയിൽ വന്നുചാടി കത്തിച്ചാമ്പലാകും.
ഈ കൃഷി ഒരു സ്ഥലത്തുമാത്രമല്ല. ആറിന്റെ ഇരുകരങ്ങളിലുള്ള മാലികളിൽ മുഴുവൻ
ഈ കൃഷിക്കുള്ള ഒരുക്കങ്ങൾ നടത്തും. പാവലും പടവലവും പീച്ചിലും പയറും
വെണ്ടയും ചീരയും ആനക്കൊമ്പൻ വഴുതനയും വെള്ളരിയും മത്തനും കുമ്പളവുമൊക്കെ
കൃഷി ചെയ്യും. ഓരോ ദിവസവും നോക്കി നിൽക്കെ അത്‌ വളർന്നുവരുന്നതുകാണാം.
അതുകാണുമ്പോൾ ഞങ്ങൾ കൃഷി ചെയ്യുന്നവർക്കു മാത്രമല്ല ആവേശവും
മത്സരസ്വഭാവവും. പാവലും പടവലവും പന്തലിൽകയറി പിടിക്കാൻ കാണിക്കുന്ന ആവേശം
ഒന്നുകാണേണ്ടതു തന്നെ.
വൈകുന്നേരം സ്കൂളുവിട്ടുവന്നാൽ ഓടുന്നത്‌ ആറ്റുമാലിയിലേക്കാണ്‌.
മനസ്സുനിറയെകൃഷിയാണ്‌. രാവിലേയും വൈകുന്നേരവും തടത്തിൽ വെള്ളമൊഴിക്കണം.
തടത്തിൽ മണ്ണിളക്കിക്കൊടുക്കണം. ചാരവും ചാണകവും കടലപ്പിണ്ണാക്കുമൊക്കെ
കൂട്ടിച്ചേർത്ത്‌ വളമിടണം. ചീരയ്ക്ക്‌ ഗോമൂത്രം തളിക്കണം. പാവലും
പടവലവുമൊക്കെ വള്ളിവീശിത്തുടങ്ങുമ്പോൾ അതിനു പന്തലിടണം.
എന്തൊരാവേശമായിരുന്നു ഉത്സാഹമായിരുന്നു!
എല്ലാം പൂവിട്ട്‌ തിരിയിട്ട്‌ കായ്‌ വളർന്നു തുടങ്ങുമ്പോൾ മനസ്സ്‌
സന്തോഷം കൊണ്ട്‌ തുടികൊട്ടുകയായിരുന്നു. ചെറുപ്പക്കാരെല്ലാവരും
ഒന്നിച്ചുചേർന്നുള്ള കൃഷി. എന്തൊരു സഹകരണം. എത്ര നല്ല കൂട്ടായ്മ.
പടവലപ്പന്തലിലൂടെ നടക്കുമ്പോൾ പടവലങ്ങയിൽ ഒന്നു തൊട്ടാൽമതി, അതിന്റെ
ആസ്വാദ്യകരമായ ഗന്ധം എത്രനേരം നിലനിൽക്കും! അതുകൊണ്ട്‌
കറികളുണ്ടാക്കിയാലോ ആസ്വാദിനെവെല്ലാൻ ഇന്നത്തെ  കൃത്രിമസ്വാദുകൾക്കൊന്നും
സാധ്യമല്ല.
പത്തറുപതുവർഷം മുമ്പുള്ള ആ ഓർമ്മകളിൽ നിന്നുണർന്നപ്പോൾ കൺമുമ്പിൽ
ശവാസനത്തിൽ കിടക്കുന്ന മീനച്ചിലാറിനെയാണ്‌ കണ്ടത്‌. ചലനമറ്റുപോയ
ചൈതന്യമില്ലാത്ത മീനച്ചിലാറ്‌. ആ ആറ്റുമാലികൾ ഇന്നെവിടെപ്പോയി? തീരം
മുഴുവൻ ഇടിഞ്ഞു. അവിടെയൊക്കെ കരിങ്കല്ലുകൊണ്ട്‌ കോട്ടമതിലുകൾ തീർത്തു.
ആറൊരു കനാലായിമാറി. മലിനജലം വഹിക്കുന്ന നാറുന്ന കനാൽ!
എന്റെ ചെറുപ്പത്തിലെ ആ മീനച്ചിലാറും ആ ആറ്റുതീരത്തെ ജനജീവിതവും
സംസ്കാരവുമൊന്നും ഇനി ഒരിക്കൽപോലും തിരിച്ചുവരില്ലല്ലോ എന്ന ദുഃഖത്തോടെ
ഞാൻ അവിടെ നിന്നെഴുന്നേറ്റ്‌ മുഖം തിരിച്ചു നടന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...