19 Jul 2012

വ്യാമോഹം

 അജയ്മേനോൻ

പോകണം പിന്നിട്ടൊരാ -
വീഥികള്‍തോറും വീണ്ടും,
ഏറിവന്നീടും മോഹം
എന്നുള്ളില്‍നിറയവേ,
കാലത്തെ വെല്ലാനാര്‍ക്കും
ആവതല്ലല്ലോ പക്ഷെ,
ഏറിടാം മനോരഥ മേറ്റ-
മുത്സാഹത്തോടെ,
നാവോറു പാടും പാണന്‍,
ആടുന്ന തെയ്യങ്ങളും,
ചോരയും ചിന്തിയാര്‍ത്തു-
തുള്ളുന്ന കോമരവും,
നാഗങ്ങള്‍പിണയുന്ന
കാവുകള്‍, പിന്നെ ച്ചെറു-
മീനുകള്‍പുളക്കുന്ന
നല്ലാമ്പല്‍കുളങ്ങളും,
അന്തിക്കു നിലവിളക്കേന്തി-
ശ്രീരാമ നാമം ചൊല്ലുന്ന
പെണ്കിടാവും, പിന്നെയാ
ത്തൊടിയിലെ മുത്തശ്ശി മാവും,
തെന്നലാലോലമാടി ത്തിമിര്‍-
ത്താര്‍ക്കുന്ന ചെറു വയല്‍
ത്തുമ്പികള്‍, തേന്‍ചുരത്തും
കുഞ്ഞരി ത്തുമ്പപ്പൂവും,
എന്നിനി വീണ്ടും ഞാനാ-
പാടത്തു പൂക്കും കതിര്‍
പൊന്നിന്‍റെ പുതു മണം
മാറാത്ത പൂഞ്ചേലതന്‍
തുമ്പത്തു പിടിച്ചൊന്നു
കുഞ്ഞിളം പല്ലും കാട്ടി
ച്ചിരിച്ചും, നന്ദിനിപ്പയ്യിന്‍
വികൃതി ക്കിടാവിന്‍റെ
താരിളം മെയ്യില്‍കുത്തി
നോവിച്ചും, രസിച്ചൊട്ടു
കളിച്ചും ,പിന്നെയന്നെന്‍
കയ്യിലെ പര്‍പ്പടകം
കവര്‍ന്ന കരിം കാക്ക
ചെന്നിടം നോക്കി, തെല്ലു
കരഞ്ഞും, പിന്നെക്കാണാ
ക്കുയിലിന്‍പാട്ടിന്നെതിര്‍
പാട്ടുമായ് മരച്ചോട്ടില്‍
തളര്‍ന്നു മയങ്ങവേ
അമ്മ വന്നുണര്‍ത്തിയ
ക്കരങ്ങള്‍രണ്ടും പിടിച്ചു
മ്മറക്കോലായിലെത്തിണ്ണയില്‍
കിടത്തിയിട്ടഞ്ചാറു പറഞ്ഞതും
ഉമ്മറക്കഴുക്കോലില്‍
അന്തിക്കു കൊളുത്തിയ
പുകഞ്ഞു കത്തും റാന്തല്‍
വിളക്കിന്‍ചുറ്റും പാറും
ചിതല്‍പാറ്റകള്‍, പിന്നെ
ചൊരിയും പേമാരിയില്‍
കരയും തവളകള്‍,
ചീവീടും മേല്‍ക്കുമേലെ,
മഴതോരുമ്പോള്‍ക്കാണു
മാകാശക്കീറില്‍വന്നു
ചിരിക്കും താരങ്ങളും,
വരുമോ വീണ്ടും നിങ്ങള്‍?
ഓര്‍ത്തു ഞാന്‍ വിലപിപ്പൂ
തരുമോ സുഖദമാം കരുണാ
വര്‍ഷം വീണ്ടും ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...