മണികണ്ഠൻ തവനൂർ
അര്‍ജുന, രണഭൂമിയില്‍ ഞാന്‍
നിനക്കേകിയ എന്നുപദേശം വ്യര്‍ത്ഥമായോ
സത്യം ജയിക്കാനായ് ഞാന്‍ തേരാളിയായ് നീ
എന്‍ വാക്കിനാല്‍ ശത്രുവിന്‍ തലയറുത്തു .
കടുകിനോളം നാം നുണ പറഞ്ഞു
ആ അസത്യം സത്യമാവാന്‍
എന്നിട്ടും ഇന്നു ഞാനെവിടെ എന്‍ കുലമെവിടെ
എന്‍ വാക്കെവിടെ എന്‍ ഉപദേശമെവിടെ
അര്‍ജുന , തോറ്റു നില്‍ക്കുന്നു ഞാനീതീരത്ത്
നിണമൊഴുകും പുഴയോരത്ത്
കാല്‍ തെന്നി വീഴുന്നു ബ്രഹ്മസ്വരൂപങ്ങള്‍
ചുഴിയില്‍ പുതയുന്നു അവരുടെ ശ്വാസവും
ആര്‍ക്കായ് ആരു ചെയ്യുന്നു ഈവിധം
ദുഷ്ക്കര്മങ്ങള്‍ ഇനിയുമീ സന്ധ്യയില്‍
പേടിപ്പെടുത്തുന്നു രാത്രിയില്‍ രാക്ഷസര്‍
രക്താഭിഷേകം നടത്തുന്നു കല്പിതര്‍
കൊലവെറി പൂണ്ടവര്‍ തല്ലിക്കെടുത്തുന്നു
മാനവ ജീവന്റെ ഇത്തിരിനാളത്തെ
ഗര്ജിക്കുന്നു, അട്ടഹസിക്കുന്നു,
തലയറക്കുന്നു അവര്‍ രാഷ്ട്രീയ കോമരങ്ങള്‍
പേറ്റുനോവിന്റെ രോദനം നിലക്കുന്നു
കൊലവിളിയുടെ കാഹളം തീര്‍ക്കുന്നു.
ഓമനച്ചുണ്ടില്‍ രുധിരം ചുവയ്ക്കുന്നു
വെല്ലുവിളിക്കുന്നു അമ്മിഞ്ഞപ്പാലിനെ
അറിയില്ലെനിക്കിന്ന്‍ അവതാരമേതെന്ന്
അറിയില്ലെനിക്കിന്ന്‍ ആരായി തീരണം
ഇടതോ വലതോ കറുപ്പോ പച്ചയോ
വാദിയോ പ്രതിയോ പാഴ്ജന്മമോ
അര്‍ജുന നിസ്സഹായന്‍ ഞാന്‍
കഴിയില്ലെനിക്കീ നാടിനെ രക്ഷിക്കാന്‍
മാപ് നല്‍കീടുക മര്‍ത്ത്യരെ നിങ്ങള്‍തന്‍ രക്ഷ
നിങ്ങളാല്‍ കൈക്കൊള്‍ക