19 Jul 2012

ഓര്‍മ്മയിലെ ഒരു തീവണ്ടി യാത്ര…

അഭി

തീവണ്ടിയാത്ര..അതെന്നും എനിക്ക് ഹരമുള്ളതായിരുന്നു.
നാല് വര്ഷം കര്‍ണാടകയിലെ ഭട്കളിലെ എഞ്ചിനീയറിംഗ് കോളേജിലേക്കുള്ള നേത്രാവതി എക്സ്പ്രസ്സിലെ തൂങ്ങിപ്പിടിച്ചുള്ള യാത്ര.ഒരു കയ്യില്‍ ബാഗും
മറ്റേ കൈ കമ്പിയിലും പിടിച്ചുള്ള ഒറ്റക്കാലില്‍ നിന്നുള്ള ആ യാത്രകള്‍
എങ്ങനെ മറക്കും. പിന്നീട് തിരുവനന്തപുരത്തെ ജോലി സ്ഥലത്തേക്കും
തിരിച്ചുമുള്ള മാവേലി,മലബാര്‍ എക്സ്പ്രേസ്സുകളിലെ ഒരുപാട് യാത്രകള്‍.ആ
യാത്രകള്‍ എനിക്കൊരുപാട് പുതിയ സൌഹൃദങ്ങള്‍ നല്‍കി. പുതിയ
അനുഭവങ്ങളും.നല്ലതും ചീത്തയുമായ ഓര്‍മ്മകളും.
ഒരുപാട് മുഖങ്ങള്‍.
CET യില്‍ പഠനത്തിനു വന്നിരുന്നു സുന്ദരികളിലും സുന്ദരന്മാരിലും ഞാന്‍ കണ്ടത് യുവത്വത്തിന്റെ പ്രസരിപ്പായിരുന്നു.
ശരീരത്തില്‍ അര്‍ബുദത്തിന്റെ അണുക്കള്‍ പേറി റീജിയണല്‍ കാന്‍സര്‍
സെന്റെറിലെ ചികിത്സ തേടാന്‍ പോവുന്നവരും തിരിച്ചു വരുന്നവരും.അവരുടെ
മുഖത്ത് ഞാന്‍ എന്നും കണ്ടത് നിരാശയായിരുന്നു..വളരെ ചുരുക്കം പേരില്‍
പ്രതീക്ഷയും.
തിരുവനന്തപുരത്ത് നിന്നും കാസറഗോടിലെക്കുള്ള മാവേലി എക്സ്പ്രസ്സിലെ
അന്നത്തെ ആ യാത്ര..അതെന്നും എന്റെ ഓര്‍മ്മയില്‍ ഉണ്ടാവും ..തീര്‍ച്ച…
എന്നത്തേയും പോലെ ട്രെയിനിനു പുറത്ത് ഒട്ടിച്ചു വെച്ചിരിക്കുന്ന
യാത്രക്കാരുടെ ലിസ്ടിലായിരുന്നു ആദ്യ നോട്ടം.തൊട്ടടുത്ത സീറ്റില്‍
ആരായിരിക്കുമെന്നൊരു ആകാംക്ഷ…NIMYA 17 F …
S5 ബോഗിയിലെ എന്റെ സീറ്റും ലക്ഷ്യമാക്കി ഞാന്‍ നടന്നു..
തൊട്ടടുത്തിരിക്കുന്നത് തലയില്‍ തട്ടമിട്ട ഒരു സുന്ദരി..
“പേര് ?”
“നിമ്യ.”.
“എവിടെ പോകുന്നു?”
“കണ്ണൂര്‍”.
റിസര്‍വേഷന്‍ ചാര്‍ട്ടില്‍ കണ്ട അതേ നിമ്യ..CET യിലെ വിദ്യാര്‍ഥിനി
ആയിരിക്കും എന്നാണു ആദ്യം കരുതിയത്.അവള്‍ എന്നോടും പേരും നാടും
ജോലിയുമൊക്കെ അന്വേഷിച്ചു.ഞാന്‍ ചോദിച്ചു..
“ഒറ്റയ്ക്കാണോ?”
എതിര്‍വശത്തെ സീറ്റില്‍ ഇരുന്നിരുന്ന ക്ഷീണിച്ച ഒരാളെ കാണിച്ചു അവള്‍ പറഞ്ഞു..”അച്ഛന്‍”
പിന്നീടു സംസാരം അയാളോടായി..
“ഇവിടെ തിരുവനന്തപുരത്ത് എന്തിനു വന്നതാ?”
“റീജിയണല്‍ കാന്‍സര്‍ സെന്റെര്‍”
ആ ഉത്തരവും അയാളുടെ മുഖവും എല്ലാം പറയുന്നുണ്ടായിരുന്നു.മുമ്പ് ഞാന്‍ കണ്ട
RCC രോഗികളുടെ അതേ മുഖ ഭാവം..ഒന്നിനോടും ഒരു താല്പര്യം ഇല്ലാത്ത
പ്രകൃതം..അയാള്‍ സീറ്റില്‍ നിന്നും എണീറ്റ്‌ ഡോര്‍ ലക്ഷ്യമാക്കി നടന്നു..
ഞാന്‍ നിമ്യയോടു സംസാരം തുടര്‍ന്നു..
“പഠനം?”
“+2 കഴിഞ്ഞു”
“അച്ഛന്റെ പേര്?”
“കൃഷ്ണന്‍”
കൃഷ്ണന്?‍..ചിലപ്പോള്‍ മിശ്ര വിവാഹമായിരിക്കും..
ഞാന്‍ സംശയം നീക്കാന്‍ വേണ്ടി ചോദ്യം തുടര്‍ന്നു..
“അമ്മ?”
അവള്‍ പറഞ്ഞ പേര് മുസ്ലിം പേരായിരുന്നില്ല…എന്റെ മുഖത്ത് കണ്ട സംശയ ഭാവം മനസ്സിലാക്കിയിട്ടെന്നോണം അവള്‍ പറഞ്ഞു..
“ഞാന്‍ മുസ്ലിമല്ല..”..
“അപ്പോള്‍ ഈ തട്ടം?”
“അത്..ഈ RCC യിലെ രോഗിയായത് കൊണ്ടാ ഇങ്ങനെ”
അത് പറയുമ്പോളും അവളുടെ മുഖത്ത് പ്രത്യാശയുണ്ടായിരുന്നു..എന്തിനെയും നേരിടാനുള്ള നിശ്ചയം..
അപ്പോള്‍ എന്റെ മനസ്സില്‍ ഓടിയ വികാരം .അതെനിക്ക് വിവരിക്കാന്‍
കഴിയില്ല..ഒരു തരം മരവിപ്പ്..ഈ പോസ്റ്റ്‌ എഴുതുമ്പോളും എനിക്ക അതേ മരവിപ്പ്
തന്നെ..
ഞാനും മെല്ലെ എന്റെ സീറ്റില്‍ നിന്നും എണീറ്റ്‌..അവളുടെ അച്ഛനോട് പോയി കാര്യങ്ങള്‍ അന്വേഷിച്ചു..
“നിമ്യക്ക് രക്താര്‍ബുദം..ഇഞ്ചെക്ഷന്‍ എടുക്കാന്‍ വന്നതാ..”
“സീരിയസ്സാണോ?”
“പ്രശ്നമില്ല..ശെരിയാവും..”
അത് പറയുമ്പോളും അയാള്‍ക്ക്‌ അതേ വിഷാദ ഭാവമായിരുന്നു..ഒരച്ഛന്റെ ആകുലത..
പിന്നീടുള്ള ഓരോ ട്രെയിന്‍ യാത്രകളിലും ഞാന്‍ നിമ്യയുടെ ആ ചിരിക്കുന്ന മുഖം തിരഞ്ഞു..
ഇന്നലെ മത്രാ കോര്‍ണിഷിലെ ഇളം കാറ്റ് കൊണ്ട് നടക്കുമ്പോള്‍ മനസ്സ് വീണ്ടും നിമ്യയിലെക്ക് ഓടി.
നിമ്യ കൃഷ്ണന്‍….അവള്‍ ഇന്നെവിടെയായിരിക്കും..കാന്‍സറിനെ അവള്‍ ചിരിച്ചു തോല്‍പ്പിച്ചു കാണും..തീര്‍ച്ച..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...