എം.എൻ.പ്രസന്നകുമാർ
സ്നേഹാര്‍ദ്രമാകുമീയാത്മാവു,നിന്‍ ഉയിര്‍ തിളങ്ങും
മോഹമുദ്രകളൊളി പാര്‍ക്കുമാര്യവേപ്പില്‍ തളച്ചു നിര്‍ത്തുക
ഒരു തിരി വെളിച്ചം കൊളുത്തുകീ സന്ധ്യാനെറുകയി -
ലുരുകി നിറയുന്ന നിന്നഴലിന്റെ താലമര്‍പ്പിക്ക.
തലമുറകളിലെത്രയോ കനി നിറച്ചതിര്‍മറന്നു
തണലിട്ട പുളിമാവ്, ശിഖരമടര്‍ത്തിച്ചിത നിറയ്ക്കുമ്പോ -
ളണ പൊട്ടിയൊഴുകും കണ്ണുനീര്‍ച്ചാലുക -
ളിണചേര്‍ത്തു നീയൊരു നദിയൊരുക്ക .
ദാഹിച്ചു നില്‍ക്കുമീ മണ്ണിന്റെ നാവിലേക്കിറ്റും
നീരായി നിറയട്ടെ നിന്റെ കണ്ണീര്‍ക്കണങ്ങള്‍
ചാവുഭയമലട്ടുമീ ഹരിതരേണുക്കള്‍ നേരിനാ -
ലാവോളമുയിരാലുയരട്ടെ ,വേരുറയ്ക്കട്ടെ .
കരളിന്റെ യാര്‍ദ്രാതകളരുമയ്ക്ക് പങ്കു വയ്ക്കുമ്പോ -
ലരികത്തെയാത്മ ബന്ധങ്ങള്‍ക്ക് നീ കണ്ണുമേക .
അരികത്തെയാതുരതകള്‍ക്കൊരു വിരല്‍ത്തുമ്പു നല്‍കി
നിറയുന്ന ഹൃദയക്കുളിരില്‍ നിന്റെ ജീവനര്‍പ്പിക്ക .
ചിതക്കൊള്ളി വാ പിളര്‍ന്നുറയാനൊരുങ്ങുമ്പോ -
ളിടംതോള്‍ ചുമക്കും കടപ്പാടിന്‍ കലമുടയ്ക്ക .
തീനാവു നീട്ടിത്തിറയാടി നില്‍ക്കുമ്പോളാ
നാവിലാളോഹരിയഹങ്കാരമരച്ചു തേച്ചീടുക
അകലുന്ന ദേഹിയും ചാരമായമരുന്ന ദേഹവു -
മരികത്തു ചേര്‍ക്കാതെ പോയതിലറിവു ചാലിച്ചു കൊള്ളുക
ചാലുകളൊഴുകിപ്പടു വീണ കണ്‍തടത്തിലുയിര്‍ -
ചേര്‍ന്ന വിരല്‍ത്തുമ്പിന്‍ ചൂടു പകര്‍ന്നു നല്‍ക.
ഇലക്കോണിലാ വെള്ളരിച്ചോറുരുളയില്‍
ബലിക്കാക്ക കൊത്താനിനിനിന്നഴലിന്‍ തിലമണികള്‍ തൂക
വിരലിന്റെ ചോട്ടിലായണിയും ദര്‍ഭക്കുടുക്കില്‍
വയര്‍ കാളി നില്‍പ്പോര്‍ തന്നലമുറകള്‍ കൊരുക്ക