ദീപ്തി ആർ.
ടെക്നിക്കൽ ഓഫീസർ,
നാളികേര വികസന ബോർഡ് കൊച്ചി -11
മാതൃ പിതൃ വൃക്ഷങ്ങളേക്കാൾ മികച്ച വിളവും രോഗപ്രതിരോധശേഷിയുമുള്ള
തെങ്ങിനങ്ങളാണ് ഹൈബ്രിഡുകൾ (സങ്കരയിനങ്ങൾ). മലേഷ്യയിലെ ചില ഹൈബ്രിഡുകളെ
നമുക്ക് പരിചയപ്പെടാം. എപിസിസിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ വെച്ച്
നടന്ന കൊക്കോടെക് സമ്മേളനത്തിൽ പങ്കെടുത്ത ക്രിസ്റ്റഫർ ജോൺ ബിയായിയാണ്
മലേഷ്യൻ ഹൈബ്രിഡുകളെ പരിചയപ്പെടുത്തിയത്. മലേഷ്യയിലെ കൃഷിവകുപ്പിനെ
പ്രതിനിധീകരിച്ചെത്തിയ അദ്ദേഹം വർഷങ്ങളായി തെങ്ങ് കൃഷി മേഖലയിൽ പുതിയ
ഹൈബ്രിഡുകളുടെ രൂപീകരണത്തിൽ പങ്ക് വഹിക്കുന്നു.
മലേഷ്യയിൽ പന്ത്രണ്ടോളം തെങ്ങിനങ്ങളാണ് സാധാരണ കൃഷി ചെയ്തു വരുന്നത്.
മലേഷ്യൻ നെടിയയിനം, മലയൻ കുറിയ മഞ്ഞ, മലയൻ കുറിയൻ പച്ച, വെസ്റ്റ്
ആഫ്രിക്കൻ നെടിയയിനം, താഗ്നാൻ, റെന്നൽ മുതലായവ അവയിൽ ചിലതാണ്.
MATAG യും MAWA യും മലേഷ്യയിലെ പ്രധാനപ്പെട്ട ഹൈബ്രിഡ് തെങ്ങിനങ്ങളാണ്.
മലയൻ കുറിയ മഞ്ഞയുടെയും താഗ്നാൻ പച്ച കുറിയയിനത്തിന്റേയും
വർഗ്ഗസങ്കരണത്തിലൂടെ ഉരുത്തിരിച്ചെടുത്ത ഹൈബ്രിഡാണ് MATAG .
മാതൃവൃക്ഷമായ മലയൻ കുറിയ മഞ്ഞയിനം മലേഷ്യയിലെത്തന്നെ പ്രാദേശിക
തെങ്ങിനമാണ്. എന്നാൽ പിതൃവൃക്ഷമായ താഗ്നാൻ ഇനം ഫിലിപ്പൈൻസിൽ നിന്നും
ഉത്ഭവിച്ചതാണെന്ന് കരുതപ്പെടുന്നു.
പിതൃവൃക്ഷത്തിൽ നിന്നും ശേഖരിക്കുന്ന പരാഗം മാതൃവൃക്ഷത്തിലെ പെൺപൂക്കളുടെ
കീലാഗ്രത്തിൽ നിക്ഷേപിച്ച് പരാഗണം നടത്തുന്നു. കൃത്രിമ പരാഗണം നടത്തിയ
പെൺപൂക്കളെ നേർത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് കെട്ടിവെയ്ക്കും.
വിജയകരമായി പെൺപൂക്കൾ പിടിച്ചുകിട്ടിയെന്ന് ഉറപ്പായിക്കഴിഞ്ഞ് ആ ആവരണം
നീക്കം ചെയ്യാം. മാതൃവൃക്ഷത്തിന്റെ ആരോഗ്യം, കൃത്യസമയത്ത് നടത്തുന്ന
പരാഗണം, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് മുതലായവ പരാഗണത്തിന്റെ
വിജയശതമാനത്തെ തീരുമാനിക്കുന്ന ഘടകങ്ങളാണെന്ന് ഈ ശാസ്ത്രജ്ഞൻ
അഭിപ്രായപ്പെടുന്നു.
MAWA എന്നത് മറ്റൊരു പ്രധാന ഹൈബ്രിഡാണ്. MATAG യിൽ നിന്നും
വ്യത്യസ്തമായി, പിതൃവൃക്ഷമായി തെരഞ്ഞെടുക്കുന്നത് വെസ്റ്റ് ആഫ്രിക്കൻ
നെടിയ ഇനത്തെയാണ്. ഈ രണ്ട് ഹൈബ്രിഡുകളും നട്ട് നാലാംവർഷം മുതൽ വിളവ്
നൽകിത്തുടങ്ങും. ഇവ വികസിപ്പിച്ചെടുത്ത മലേഷ്യയിലെ യൂണൈറ്റഡ്
പ്ലാന്റേഷന്റെ കണക്കുകൾ അനുസരിച്ച് 36-ാം മാസത്തിൽ ഈ തെങ്ങുകൾ പൂക്കാൻ
ആരംഭിക്കും. 48-ാം മാസം മുതൽ സ്ഥിരമായി വിളവെടുപ്പും നടത്താനാകും.
ഇളനീരായും വിവിധ മൂല്യവർദ്ധിത ഉൽപന്നങ്ങളായ തൂൾതേങ്ങ, തേങ്ങപ്പാലും
ക്രീമും മുതലായവയുടെ നിർമ്മാണത്തിനും ഈ ഹൈബ്രിഡുകളെ ഉപയോഗപ്പെടുത്താം.
പൊതിച്ചെടുത്ത MATAG ഹൈബ്രിഡ് തേങ്ങയ്ക്ക് ശരാശരി 1085 ഗ്രാം
തൂക്കമാണുള്ളത്. MAWA ഇനത്തിന് ഇത് 750 ഗ്രാം ആണ്. 66 മുതൽ 67.5
ശതമാനം വരെ എണ്ണയുടെ അളവുമുണ്ട്.
ഇന്ന് മലേഷ്യയിൽ ഏറെ പ്രചാരത്തിലുള്ള ഈ ഇനങ്ങൾക്ക് ആവശ്യക്കാരും
ഏറെയാണ്. മലേഷ്യൻ മാർക്കറ്റിൽ ഈ തെങ്ങിൻ തൈകൾക്ക് 210 രൂപ മുതൽ 280 രൂപ
വരെ വിലയുണ്ട്.