19 Aug 2012

കൽപവൃക്ഷത്തിൽ കിനിയുന്ന മധുരം, തിരുമധുരം


ബീന എസ്‌

നാളികേരത്തിന്റെ വിലയിടിവ്‌ കേരകർഷകർക്കെന്നും വെല്ലുവിളിയാണ്‌.  കർഷകന്‌
ലഭിക്കുന്ന വിലയിൽ മാത്രമേ കുറവുണ്ടാകാറുള്ളൂവേന്നതും വിപണിയിൽ
നാളികേരത്തിന്‌ താരതമ്യേന നല്ല വില കൊടുക്കേണ്ടിവരുന്നുവേന്നതും മറ്റൊരു
വസ്തുത. വിളയുന്ന നാളികേരത്തിന്റെ അധികപങ്കും മലയാളികൾ ഉപയോഗിച്ച്‌
തീർക്കുകയാണ്‌ ചെയ്യുന്നത്‌. മിച്ചമുള്ളവ കൊപ്രയും വെളിച്ചെണ്ണയുമായി
വിപണിയിലെത്തുന്നു. വളരെ തുച്ഛമായ ഒരു പങ്ക്‌ മാത്രമാണ്‌ തൂൾതേങ്ങ,
വെർജിൻ വെളിച്ചെണ്ണ, ചിപ്സ്‌, തേങ്ങപ്പാൽ, തേങ്ങപ്പാൽപൊടി തുടങ്ങിയ
മൂല്യവർദ്ധിത ഉൽപന്നങ്ങളായി മാറുന്നത്‌. ചെറിയൊരു ശതമാനം കരിക്കായും
വിപണിയിലെത്തുന്നു.
മറ്റേതൊരു നാളികേരോത്പാദക രാജ്യത്തേയും സ്ഥിതി ഇതിൽ നിന്നും
വ്യത്യസ്തമല്ല. ഫിലിപ്പീൻസ്‌, ഇന്തോനേഷ്യ, തായ്‌ലന്റ്‌ എന്നിവിടങ്ങളിലും
വിളയുന്ന നാളികേരത്തിന്റെ ഭൂരിഭാഗവും ആഭ്യന്തര ഉപഭോഗത്തിനായി
ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്‌. തായ്‌ലന്റിൽ 60 ശതമാനത്തോളം നാളികേരം
തേങ്ങപ്പാലായി പാചക ആവശ്യത്തിന്‌ ഉപയോഗിക്കുകയാണെന്നാണ്‌ ഇക്കഴിഞ്ഞ
ജൂലായ്‌ മാസത്തിൽ കൊച്ചിയിൽ നാളികേര വികസന ബോർഡ്‌ ആതിഥ്യമരുളിയ
കൊക്കോടെക്‌ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത തായ്‌ലന്റ്‌ പ്രതിനിധി
വ്യക്തമാക്കിയത്‌. പക്ഷേ; ഇവിടങ്ങളിൽ നിന്നെല്ലാം തന്നെ വൈവിധ്യമാർന്ന
നാളികേരോൽപന്നങ്ങൾ അനവധി വിദേശരാജ്യങ്ങളിലേക്ക്‌ കയറ്റുമതി
ചെയ്യുന്നുണ്ട്‌. ഇവയിൽ ശ്രദ്ധേയമായത്‌ 'കോക്കനട്ട്‌ ഷുഗർ'
എന്നറിയപ്പെടുന്ന നമ്മുടെ തെങ്ങിൻ ചക്കരയാണ്‌. അക്ഷരാർത്ഥത്തിൽ തന്നെ 45-
‍ാമത്‌ കൊക്കോടെക്കിലെ താരം കോക്കനട്ട്‌ ഷുഗർ ആയിരുന്നു.
ഇന്തോനേഷ്യയിൽ നിന്നെത്തിയ ബഞ്ചമിൻ റിപ്പിൾ, തായ്‌ലന്റിൽ നിന്നുവന്ന
സാരാപീ യുവോ ഡിയോംഗ്‌ എന്നിവർ കോക്കനട്ട്‌ ഷുഗർ അന്നാട്ടിലെ കേരകർഷകന്‌
നൽകുന്ന വരുമാന മെച്ചത്തെക്കുറിച്ച്‌ കണക്കുകൾ നിരത്തി. നമ്മുടെ
രാഷ്ട്രപിതാവ്‌ മഹാത്മജി ദശാബ്ദങ്ങൾക്ക്‌ മുമ്പ്‌ തന്നെ കോക്കനട്ട്‌ ഷുഗർ
ഇന്ത്യയുടെ ദാരിദ്രനിർമ്മാർജ്ജനത്തിന്‌ മുതൽക്കൂട്ടാകുമെന്ന്‌
ദീർഘവീക്ഷണം ചെയ്തിരുന്നു. കഷ്ടപ്പാടുകൾക്ക്‌ അറുതി വരുത്തുന്ന
മറുമരുന്നായാണ്‌ ഗാന്ധിജി തെങ്ങിൻ ചക്കരയെ വിശേഷിപ്പിച്ചതു. നമ്മുടെ
നാട്ടുകാർ മറവിയിലേക്ക്‌ തള്ളിയ ഈ ആപ്തവാക്യം മറുനാട്ടുകാർക്ക്‌
വേദവാക്യമാകുന്നു. കോക്കനട്ട്‌ ഷുഗർ ഉത്പാദകരുടെ ഭൂരിഭാഗം
വെബ്സൈറ്റുകളിലും മഹാത്മജിയുടെ സന്ദേശം ഉദ്ധരിച്ചിട്ടുള്ളതായി കാണാം.
പ്രവാസി അമേരിക്കന്റെ മഹനീയ ദൗത്യം
മലയാളി പിറന്ന്‌ വീഴുമ്പോൾതന്നെ പറന്നുപോകാൻ ആഗ്രഹിക്കുന്ന വാഗ്ദത്ത
ഭൂമിയായ അമേരിക്കയിൽ നിന്ന്‌ ഇന്തോനേഷ്യയിലെ ദ്വീപുകളിലെത്തി, ചെറുകിട
കേരകർഷകരുടെ ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിക്കുന്നതിലൂടെയാണ്‌
ബിഗ്ട്രീ ഫാംസ്‌ സ്ഥാപകനും ചീഫ്‌ എക്സിക്യുട്ടീവ്‌ ആഫീസറുമായ ബഞ്ചമിൻ
റിപ്പിൾ ശ്രദ്ധേയനാകുന്നത്‌.1996 ൽ ഇന്തോനേഷ്യയിലെ ബാലിയിൽ ആരംഭിച്ച
ബിഗ്‌ ട്രീ ഫാംസ്‌ ഇന്തോനേഷ്യ ഒട്ടാകെയുള്ള ചെറുകിട കേരകർഷകരെ
സംരക്ഷിക്കുന്നു.
കേരകർഷകരുമായും കേരകർഷക സമൂഹവുമായും നല്ല സാമൂഹ്യബന്ധം പുലർത്തുന്ന ബിഗ്‌
ട്രീ ഫാംസ്‌ കർഷകരുടെ ആവശ്യങ്ങളും അവരുടെ ആശകളും ആശങ്കകളും സ്വപ്നങ്ങളും
സ്വന്തമാക്കി പ്രവർത്തിക്കുന്നു.
ഇന്തോനേഷ്യയിലെത്തിയ സമയത്ത്‌ തുണ്ടുഭൂമിയിൽ പച്ചക്കറികൃഷി ആരംഭിച്ച
ബിഗ്ട്രീഫാംസ്‌ 10 ഏക്കറിലധികം ഭൂമിയിൽ വിവിധയിനം വിളകൾ കൃഷി ചെയ്ത്‌
ഇന്തോനേഷ്യയാകെ പടർന്ന്‌ പന്തലിച്ച്‌ നിൽക്കുന്നു. കശുമാവ്‌, കൊക്കോ,
തെങ്ങ്‌ എന്നീ വിളകളിൽ നിന്ന്‌ മൂല്യവർദ്ധിതോൽപന്നങ്ങൾ
വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച്‌ വിപണനം നടത്തുന്ന വൻ വിപണന ശൃംഖല
തന്നെ കമ്പനിക്ക്‌ സ്വന്തമായുണ്ട്‌.
ഇന്തോനേഷ്യയിലെ കേരകർഷകരുടെ ദുരിതങ്ങൾക്ക്‌ അറുതി വരുത്തുന്നതിനായി
മഹാത്മജിയുടെ വാക്കുകളിൽ നിന്ന്‌ പ്രചോദനമുൾക്കൊണ്ടാണ്‌ കോക്കനട്ട്‌ ഷുഗർ
സംസ്ക്കരണത്തിലേക്ക്‌ തിരിഞ്ഞതെന്ന്‌ റിപ്പിൾ പറയുന്നു. ലോകത്തെ ഏറ്റവും
പുരാതനമായ മധുരമാണ്‌ കോക്കനട്ട്‌ ഷുഗർ. ഇന്തോനേഷ്യയിൽ പാചകാവശ്യങ്ങൾക്കും
നാട്ടുമരുന്നുകളിലും ഇത്‌ ഒരുപോലെ ഉപയോഗിച്ച്‌ വരുന്നു.
തെങ്ങിൻ പഞ്ചസാരയുടെ ഗ്ലൈസമിക്‌ ഇൻഡക്സ്‌ (അതിലെ അന്നജത്തിന്റെ സ്വാധീനം
ഭക്ഷണത്തിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ തോതിൽ വരുത്തുന്ന മാറ്റം) വളരെ
കുറവാണ്‌. അത്‌ 35 ആണെന്ന്‌ കണക്കാക്കപ്പെട്ടിരിക്കുന്നു. സൂക്രോസാണ്‌
ഇതിൽ ഭൂരിഭാഗവും. ചെറിയ തോതിൽ ഗ്ലൂക്കോസും ഫ്രക്ടോസും അടങ്ങിയിട്ടുണ്ട്‌.
പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്‌, ഇരുമ്പ്‌ എന്നിവയ്ക്കു പുറമെ വിറ്റാമിൻ
ഡിയുടെയും സിയുടെയും സമൃദ്ധമായ സ്രോതസ്‌ ആണ്‌ കോക്കനട്ട്‌ ഷുഗർ.
ഇന്തോനേഷ്യയിലെ ജാവ കേന്ദ്രീകരിച്ചാണ്‌ ബിഗ്‌ ട്രീ ഫാംസിന്റെ കോക്കനട്ട്‌
ഷുഗർ ഉത്പാദനം. ഇവിടെ കേരകർഷകരുടെ ശരാശരി കൃഷി സ്ഥലം ഒരു ഹെക്ടറോളം വരും.
തെങ്ങിൻ തോട്ടങ്ങളിലെ 40 മുതൽ 50 വരെ തെങ്ങുകൾ നീര ചെത്തുന്നതിനായി
മാറ്റി നിർത്തുന്നു. ബാക്കി തെങ്ങുകളിൽ നിന്നാണ്‌ തേങ്ങ ഇട്ട്‌
എടുക്കുന്നത്‌. ജാവയിൽ കർഷകർ തന്നെയാണ്‌ തെങ്ങിൽ കയറി തെങ്ങ്‌ ചെത്തി നീര
ശേഖരിക്കുന്നത്‌. മറ്റു പ്രദേശങ്ങളിൽ ഭൂവുടമകൾ തെങ്ങ്‌ ചെത്താൻ
തൊഴിലാളികളെ നിയോഗിക്കാറാണ്‌ പതിവേന്ന്‌ റിപ്പിൾ പറഞ്ഞു.
ബിഗ്ട്രീ ഫാംസ്‌ കർഷകരെ ജൈവരീതിയിൽ തെങ്ങുകൃഷി ചെയ്യാൻ
പരിശീലിപ്പിക്കുന്നു. അതിനായി കമ്പനിയ്ക്ക്‌ പ്രത്യേകവിഭാഗം
തന്നെയുണ്ട്‌. കർഷകർ ശേഖരിക്കുന്ന നീര സ്വന്തം വീടുകളിൽതന്നെ
സംസ്ക്കരിക്കുകയായിരുന്നു പതിവ്‌. ഉൽപന്നം വിപണിയിൽ സ്വീകാര്യമാകണമെങ്കിൽ
ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. അതിനാൽ
ബിഗ്ട്രീഫാംസ്‌ അതിനായി സംസ്ക്കരണ കേന്ദ്രങ്ങൾ ഉണ്ടാക്കി. 50 മുതൽ 70 വരെ
കർഷകർ ഉൾപ്പെട്ട കർഷക കൂട്ടായ്മകളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന
സംസ്ക്കരണ കേന്ദ്രങ്ങളിൽ നീരയിൽ നിന്ന്‌ അവർ തെങ്ങിൻ
ചക്കരയുണ്ടാക്കുന്നു. ഇതിനായി കർഷകരുമായി കമ്പനി കരാറിൽ ഏർപ്പെടുന്നു.
സംസ്ക്കരണ സൗകര്യങ്ങൾ സ്വന്തമാക്കുന്നതിനായി കർഷക സമൂഹം ഒരു നിശ്ചിത
കാലയളവിലേക്ക്‌ കുറഞ്ഞ വിലയ്ക്ക്‌ തെങ്ങിൻ ചക്കര കമ്പനിക്ക്‌
നൽകാമെന്നതാണ്‌ കരാർ.

സംസ്ക്കരണകേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ കർഷകരെ
പ്രാപ്തരാക്കുകയും ചെയ്യുന്നുണ്ട്‌ കമ്പനി. തെങ്ങിൻ ചക്കര
നിർമ്മാണത്തിന്റെ പരമ്പരാഗത അറിവ്‌ കർഷകർക്ക്‌ സ്വന്തമാണ്‌. പരമ്പരാഗത
രീതിയിലാണ്‌ തെങ്ങിൻ ചക്കര നിർമ്മാണമെങ്കിലും ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങൾ
പാലിക്കുന്നതിനാൽ വിപണിയിൽ ഉൽപന്നത്തിന്റെ സ്വീകാര്യതയും ഡിമാന്റും
വർദ്ധിക്കുന്നു.
7000 കേര കർഷകർ ഉൾപ്പെട്ട കൂട്ടായ്മകളോടൊത്താണ്‌ കമ്പനി
പ്രവർത്തിക്കുന്നത്‌. തെങ്ങിൻ ചക്കരയുടെ മൂല്യവർദ്ധന നടത്തി തരികൾ
(ഗ്രാന്യൂൾസ്‌) ആയി പഞ്ചസാര രൂപത്തിൽ ബിഗ്‌ ട്രീ ഫാംസ്‌ 'സ്വീറ്റ്‌ ട്രീ'
ബ്രാൻഡിൽ തെങ്ങിൻ പഞ്ചസാര വിപണിയിലെത്തിക്കുന്നു.
കർഷകരിൽ നിന്ന്‌ കമ്പനി നേരിട്ട്‌ ഉൽപന്നം വാങ്ങുകയാണ്‌ ചെയ്യുന്നത്‌.
തെങ്ങിൻ ചക്കര ഇരുണ്ട നിറത്തിൽ പശിമയുള്ള ഉൽപന്നമായാണ്‌ ലഭിക്കുന്നത്‌. ഈ
ഉൽപന്നം ബിഗ്‌ ട്രീ ഫാംസിന്റെ ഫാക്ടറിയിൽ ആധുനിക യന്ത്രസഹായത്തോടെ
സംസ്ക്കരിച്ചാണ്‌ തെങ്ങിൻ പഞ്ചസാരയാക്കി മാറ്റുന്നത്‌. ചക്കരയിലെ ഈർപ്പം
അകറ്റുന്നതിനായി വാട്ടർ ജാക്കറ്റ്‌ ടണലുകളിലൂടെ കടത്തിവിട്ട്‌
ഉരുക്കുന്നു. വളരെ താഴ്‌ന്ന താപനിലയിൽ ചൂടുവെള്ളം നിറഞ്ഞ ആവരണമുള്ള
ടണലുകളിലൂടെ കടന്നു പോകുന്ന ചക്കരയിലെ ഈർപ്പാംശം ആവിയായി പോകുന്നു.
പിന്നീടുള്ള സംസ്ക്കരണം പൂർണ്ണമായും മനുഷ്യസഹായത്തോടെ മാത്രമേ
സാദ്ധ്യമാകൂ. ഉരുകിയ ചക്കര യന്ത്രസഹായമില്ലാതെ വലിയ പാത്രങ്ങളിൽ നീളമുള്ള
പിടിയുള്ള ബൗൾ (യീംഹ) ഉപയോഗിച്ച്‌ തിരിച്ചും മറിച്ചും ഇളക്കി തിരുമ്മി
തണുപ്പിച്ച്‌ പരലുകളാക്കിയെടുക്കുന്നു. പിന്നീട്‌ പലതരം ഡ്രയറുകളുടെ
സഹായത്തോടെ ഉണക്കിയെടുക്കുന്ന ഉൽപന്നം പഞ്ചസാര തരികളായി  പായ്ക്ക്‌
ചെയ്യുന്നു. ഉൽപന്നത്തിന്റെ പായ്ക്കിംഗ്‌ മറ്റ്‌ ഫാക്ടറികളിലാണ്‌
ചെയ്യുന്നത്‌. നൂറ്‌ ശതമാനവും ജൈവോൽപന്നങ്ങളാണ്‌ ബിഗ്‌ ട്രീ ഫാംസ്‌
ഉത്പാദിപ്പിക്കുന്നത്‌.
ഇവിടെ സംരഭകർതന്നെ ഉൽപന്ന വിപണനത്തിനും സൗകര്യമൊരുക്കുന്നു. അതോടൊപ്പം
ശൃംഖലയിലെ ഏറ്റവും താഴെയുള്ള കണ്ണിയായ കർഷകന്‌ മൂല്യവർദ്ധനവിലൂടെ
മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുകയും ചെയ്യുന്നു. ഇന്തോനേഷ്യയിലെ പത്ത്‌
ദ്വീപുകളിലായി വ്യാപിച്ചുകിടക്കുന്ന കർഷക ശൃംഖലയാണ്‌ ഇവർക്ക്‌ ചക്കര
നൽകുന്നത്‌.
തുടക്കത്തിൽ ഒരുമാസം അമ്പത്‌ കിലോഗ്രാം തെങ്ങിൻ പഞ്ചസാരയായിരുന്നു. ബിഗ്‌
ട്രീ ഫാംസിന്റെ ഉത്പാദനം അത്‌ പിന്നീട്‌ 150 മുതൽ 200 ടൺ വരെയായി
വളർന്നു.
കർഷകർ ശേഖരിക്കുന്ന നീരയിൽ നിന്ന്‌ കമ്പനി സിറപ്പും
ഉത്പാദിപ്പിക്കുന്നുണ്ട്‌. പരമ്പരാഗത രീതിയിലും യന്ത്രസഹായത്തോടെയുമാണ്‌
ഉത്പാദനം. ഒരു വർഷം 12000 ടൺ നീരയിൽ നിന്നാണ്‌ സിറപ്പ്‌
ഉത്പാദിപ്പിക്കുന്നത്‌. ഇതിൽ നിന്ന്‌ 2000 ടൺ സിറപ്പ്‌ ലഭിക്കുന്നു.
ഉത്പാദിപ്പിക്കുന്ന തെങ്ങിൻ പഞ്ചസാരയുടെ 90 ശതമാനവും
ആഭ്യന്തരവിപണിയിലാണ്‌ വിൽപ്പന നടത്തുന്നതെന്ന്‌ റിപ്പിൾ പറഞ്ഞു; 10
ശതമാനം മാത്രമാണ്‌ കയറ്റുമതി ചെയ്യുന്നത്‌. സിറപ്പാകട്ടെ 90 ശതമാനവും
കയറ്റുമതി ചെയ്യപ്പെടുന്നു. നൂറ്‌ ശതമാനവും ജൈവോൽപന്നമായ തെങ്ങിൻ
പഞ്ചസാരയ്ക്കും സിറപ്പിനും വൻവിപണിയാണുള്ളത്‌. യുഎസ്‌എ, യൂറോപ്പ്‌,
ജപ്പാൻ, ആസ്ത്രേലിയ എന്നിവിടങ്ങളിൽ ഇവയ്ക്ക്‌ വൻ ഡിമാന്റാണുള്ളതെന്ന്‌
റിപ്പിൾ വ്യക്തമാക്കി.
ഇവയ്ക്കു പുറമെ, 'കൊക്കോ ഹൈഡ്രോ' എന്ന പേരിൽ ഇളനീർ പൗഡർ വിപണനം
ചെയ്യുന്നുണ്ട്‌. കരിക്കിൻ വെള്ളത്തിലെ ജലാംശം ബാഷ്പീകരിച്ച്‌
കളഞ്ഞതിനുശേഷം അവശേഷിക്കുന്ന ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ പൗഡറാണ്‌
കൊക്കോ ഹൈഡ്രോ. ഇതും പൂർണ്ണമായും ജൈവോൽപന്നമാണ്‌. ഓർഗാനിക്‌
സർട്ടിഫിക്കേഷനുള്ള തെങ്ങുകളിൽ നിന്നാണ്‌ കരിക്ക്‌ ശേഖരിക്കുന്നത്‌.
കൊപ്ര ഉത്പാദിപ്പിക്കുന്നതിനെ അപേക്ഷിച്ച്‌ തെങ്ങിൻ ചക്കര
ഉത്പാദനത്തിലൂടെ കേരകർഷകന്‌ 16 ഇരട്ടി മൂല്യവർദ്ധനയാണ്‌
ഉണ്ടാകുന്നതെന്നാണ്‌ റിപ്പിളിന്റെ അഭിപ്രായം.  'സീറോ' നിക്ഷേപത്തിൽ
നിന്നാരംഭിച്ച കമ്പനിയുടെ വാർഷിക വിറ്റുവരവ്‌ 7 മില്ല്യൺ അമേരിക്കൻ
ഡോളറാണ്‌.
നാട്ടറിവുകളെ അനശ്വരമാക്കുന്ന ഷിവാഡി
പുരാതനമായ നാട്ടറികവുകൾ അന്യം നിന്നു പോകുന്നതിൽ നിന്ന്‌ അവയെ
രക്ഷിച്ചെടുത്ത്‌ വരും തലമുറയിലേയ്ക്ക്‌ കൈമാറ്റം ചെയ്യുക എന്നതാണ്‌
ഷിവാഡിയുടെ ദൗത്യമെന്ന്‌ മാനേജിംഗ്‌ ഡയറക്ടർ സരാപീ യുവോ ഡിയോംഗ്‌.
തായ്‌ലന്റ്‌ ജനതയുടെ ഭക്ഷണത്തിലെ അഭിവാജ്യ ഘടകമായ കോക്കനട്ട്‌ ഷുഗറി
(തെങ്ങിൻ പഞ്ചസാര)ന്റെ നിർമ്മാണവിദ്യ മൺമറഞ്ഞു പോകുന്ന
ഘട്ടത്തിലായിരുന്നു. പഞ്ചസാര ഉണ്ടാക്കാൻ അറിയാവുന്നവരെല്ലാം തന്നെ പ്രായം
ചെന്നവർ; പുതുതലമുറയാകട്ടെ ഈ വിദ്യയെക്കുറിച്ച്‌ അജ്ഞരും. ഈ പ്രവണത
തുടർന്നാൽ അടുത്ത ദശാബ്ദത്തിനുള്ളിൽ ഈ അമൂല്യ വിദ്യ മൺമറയുമോ എന്നവർ
ഭയപ്പെട്ടു. തെങ്ങിൻ പഞ്ചസാരയെ രക്ഷിക്കാനായി അവർ ഇറങ്ങി പുറപ്പെട്ടു.
അടിസ്ഥാനപരമായി സരാപീ ഒരു ഫുഡ്‌ ടെക്നോളജിസ്റ്റ്‌ ആണ്‌. വർഷങ്ങൾ നീണ്ട
ഔദ്യോഗിക ജീവിതത്തിനുശേഷം പ്രകൃതിയിലേക്ക്‌ മടങ്ങാൻ തീരുമാനിച്ച സരാപീ
ഗ്രാമങ്ങളിൽ ചെന്ന്‌ പാർത്തു. ഗ്രാമങ്ങളിലെ ഉർവ്വര ഭൂമി വരും
തലമുറയ്ക്കായി കാത്തു സൂക്ഷിക്കുന്നതിനുള്ള പ്രയത്നങ്ങൾ ആരംഭിച്ചു.
ഭക്ഷ്യ മാലിന്യനിർമ്മാർജ്ജനം പ്രശ്നമായി മാറിയിരുന്ന ഗ്രാമീണ ജനതയുടെ,
ചകിരിച്ചോറിൽ സൂക്ഷ്മജീവികളെ വളർത്തി ഭക്ഷ്യമാലിന്യങ്ങളുമായി കലർത്തി
ജീർണ്ണിപ്പിച്ച്‌ ജൈവവളം നിർമ്മിച്ച്‌ മാലിന്യ പ്രശ്നത്തിന്‌ പരിഹാരം
കണ്ടെത്തി. പിന്നീട്‌, സാമുതസോംഗ്‌ ക്രാം പ്രവിശ്യയിലെ കേരകർഷകർക്കിടയിൽ
പ്രവർത്തനം ആരംഭിച്ച സരാപീ തെങ്ങിൻചക്കരയുടെ നാട്ടറിവ്‌ നൂതനമായ
സാങ്കേതിക വിദ്യയിലൂടെ ആധുനിക ജീവിത ശൈലിക്കനുരൂപമായി രൂപപ്പെടുത്താൻ
പരിശ്രമിച്ചു. അതിന്റെ ഫലമായി തന്മാത്രകളുടെ പുനർവിന്യാസത്തിലൂടെ തെങ്ങിൻ
ചക്കരയെ സിറപ്പ്‌ ആക്കി മാറ്റി.
സിറപ്പ്‌ രൂപത്തിലുള്ള തെങ്ങിൻ പഞ്ചസാര, ഉപയോഗിക്കാൻ അനായാസകരവും ഏത്‌
ആഹാര പദാർത്ഥത്തിലും ഉപയോഗിക്കാൻ സൗകര്യപ്രദവുമാണ്‌. തായ്‌ പാചകത്തിലെ
അനിവാര്യഘടകമാണ്‌ തെങ്ങിൻ പഞ്ചസാര. തെങ്ങിൻ പഞ്ചസാരയില്ലാതെ
പാചകമേയില്ലതന്നെ. ഏത്‌ വീട്ടിലും ഒഴിച്ചുകൂടാനാവാത്തഒന്നാണ്‌ തെങ്ങിൻ
പഞ്ചസാര. ഉയർന്ന പോഷകഗുണമുള്ള പഞ്ചസാര ജീവകങ്ങളാലും ധാതുക്കളാലും
സമ്പുഷ്ടമായ ഉൽപന്നമാണ്‌.
കർഷകർക്കിടയിലേക്ക്‌ ഇറങ്ങിച്ചെന്ന സരാപീ അവർക്കൊപ്പം തൊഴിൽ ചെയ്തു.
തെങ്ങിൻ ചക്കര ശരിയായ രീതിയിൽ തയ്യാറാക്കുന്ന വിധവും സൂക്ഷിപ്പ്‌
രീതികളും കർഷകർക്ക്‌ പകർന്ന്‌ നൽകി. ഭക്ഷ്യ സുരക്ഷമാനദണ്ഡങ്ങൾ
പാലിക്കുവാനും ശാസ്ത്രീയ രീതിയിൽ രൂപകൽപന ചെയ്ത ഉപകരണങ്ങളും യന്ത്രങ്ങളും
ഉപയോഗിക്കുവാനും അവരെ പഠിപ്പിച്ചു. കർഷകർ വീട്ടിൽ തന്നെ താമസിച്ച്‌
തെങ്ങിൻചക്കരെ ഉത്പാദിപ്പിക്കുവാനും കൃഷിഭൂമി സംരക്ഷിക്കാനും
ശ്രദ്ധിച്ചു.
തെങ്ങിൽ നിന്ന്‌ ദിവസം രണ്ടു തവണ ശേഖരിക്കുന്ന നീര കർഷക കുടുംബങ്ങൾ
ഒരുമിച്ചുചേർന്ന്‌ സംസ്ക്കരിച്ച്‌ തെങ്ങിൻ ചക്കര നിർമ്മിക്കുന്നു.
സരാപിയുടെകൂടെ 15 കർഷക കൂട്ടായ്മകൾ പ്രവർത്തിക്കുന്നു. ഓരോ
കൂട്ടായ്മയിലും 4 മുതൽ 10 വരെ കർഷകർ ജോലി ചെയ്യുന്നു. പൊക്കം കുറഞ്ഞയിനം
തെങ്ങ്‌ (ടംശ) ചെത്തിയാണ്‌ നീര ശേഖരിക്കുന്നത്‌. നീര ശേഖരിക്കുന്ന
മുളംപാത്രത്തിൽ ചന്ദനതടിക്കഷണങ്ങൾ ഇട്ടു വെയ്ക്കുന്നു. നീര
പുളിച്ചുപോകാതിരിക്കുന്നതിനുള്ള നാട്ടറിവാണിത്‌. ഒരു തെങ്ങിൽ നിന്ന്‌ ഒരു
ദിവസം രണ്ട്‌ ലിറ്റർ നീരയാണ്‌ രാവിലേയും വൈകുന്നേരവുമായി
ശേഖരിക്കുന്നത്‌. ഒരു കർഷകന്‌ ശരാശരി അര ഏക്കർ തെങ്ങിൻ തോട്ടമാണുള്ളത്‌;
അമ്പതോളം തെങ്ങുകളും.
നീര സംസ്ക്കരിച്ച്‌ ചക്കര ഉണ്ടാക്കുമ്പോൾ പാലിക്കേണ്ട ലഘുവായ ഗുണമേന്മാ
ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ സ്വീകരിക്കാനുള്ള സൗകര്യം കർഷക കൂട്ടായ്മകളിൽ
ഒരുക്കിയിട്ടുണ്ട്‌. ഉയർന്ന തോതിലുള്ള ഗുണമേന്മ നിയന്ത്രണ
പരിശോധനകൾക്കുള്ള സൗകര്യം ഫാക്ടറിയിലും സജ്ജീകരിച്ചിട്ടുണ്ട്‌.
ജൈവരീതിയിലാണ്‌ ഉൽപന്ന നിർമ്മാണം. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പൂർത്തീകരിച്ച
ഉൽപന്നം പായ്ക്ക്‌ ചെയ്ത്‌ വിപണിയിലെത്തിക്കുന്നു.
'ഷിവാഡി'യുടെ പ്രവർത്തനഫലമായി കർഷകരുടെ ജീവിതത്തിൽ പരിവർത്തനങ്ങളുണ്ടായി.
'ഷിവാഡി' എന്ന വാക്കിന്റെ അർത്ഥം തന്നെ 'നന്മ നിറഞ്ഞ ജീവിതം' എന്നാണ്‌.
അവരുടെ വരുമാനത്തിൽ വളരെയേറെ വർദ്ധനയുണ്ടായി. അവർ ഒരു ദിവസം 500 തായ്‌
ബാത്ത്‌ വരെ സമ്പാദിക്കുന്നു. മൂല്യ വർദ്ധനവിലൂടെ അവരുടെ വരുമാനത്തിൽ 5
ഇരട്ടി വർദ്ധനയാണുണ്ടായത്‌.
ഉപയോഗിച്ചവർ വീണ്ടും പറഞ്ഞുകേട്ടാണ്‌ ഉൽപന്നത്തിന്റെ വിപണനം ഏറിയപങ്കും
നടക്കുന്നത്‌. എൺപത്‌ ശതമാനത്തിലേറെ ഉൽപന്നം ആഭ്യന്തര വിപണിയിലാണ്‌
വിപണനം ചെയ്യുന്നത്‌. ഇരുപത്‌ ശതമാനം ഉൽപന്നം കയറ്റുമതി ചെയ്യുന്നു.
ഇന്തോനേഷ്യയാണ്‌ പ്രധാന വിപണി. യു.എസ്‌.എ, വടക്കേ അമേരിക്ക, യൂറോപ്പ്‌,
കാനഡ എന്നിവയാണ്‌ വിദേശ വിപണികൾ. വാർഷിക വിറ്റുവരവ്‌ 5.5 മുതൽ 6 മില്ല്യൺ
തായ്‌ ബാത്ത്‌ ആണ്‌.
തെങ്ങിൻ പഞ്ചസാരയുടെ പോഷക, ഔഷധ ഗുണങ്ങൾ തെളിയിക്കുന്നതിനായി 'ഷിവാഡി'
ചികിത്സാ പഠനങ്ങളും നടത്താറുണ്ട്‌. തെങ്ങിൻ പഞ്ചസാര ഭക്ഷണശേഷം രക്തത്തിൽ
കലരുന്നത്‌ സാധാരണ പഞ്ചസാരയെ അപേക്ഷിച്ച്‌ മൂന്നിരട്ടി
സാവധാനത്തിലാണെന്ന്‌ അവരുടെ പഠനങ്ങൾ തെളിയിച്ചു.
ഷിവാഡിയുടെ ഭാവി പരിപാടികളിൽ വിന്നാഗിരി സൈഡർ, തെങ്ങിൻ പഞ്ചസാര കലർത്തിയ
പഴച്ചാറുകൾ എന്നിവയുടെ ഉത്പാദനമാണ്‌ ലക്ഷ്യമിടുന്നത്‌. സൈഡർ വിശപ്പ്‌
വർദ്ധിപ്പിക്കുകയും ശരീരത്തിന്‌ പ്രതിരോധശേഷി പ്രദാനം ചെയ്യുകയും യുവത്വം
കാത്തുസൂക്ഷിക്കുകയും ചെയ്യുമെന്ന്‌ സരാപീ പറയുന്നു. ജൈവ തെങ്ങിൻ പഞ്ചസാര
കലർത്തിയ 'ഫ്രൂയി' ബ്രാൻഡിലുള്ള പഴച്ചാറുകൾക്ക്‌ അമേരിക്കയിൽ വൻ
വിപണിയാണുള്ളതത്രേ.  ഇന്തോനേഷ്യയിലേക്കും പ്രവർത്തനം
വ്യാപിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ്‌ സരാപീ. ഷിവാഡിയുടെ
ജൈത്രയാത്രയിൽ സരാപീക്കൊപ്പം എസ്തു സുസാന്തോയും മിഡ മിത്യന്തിയും
സഹചാരികളായുണ്ട്‌.
നമ്മുടെ രാഷ്ട്രപിതാവിന്റെ ദീർഘ വീക്ഷണത്തിന്റെ സാംഗത്യം
അരക്കിട്ടുറപ്പിക്കുന്ന തെളിവുകളാണ്‌ ബിഗ്‌ ട്രീ ഫാമും ഷിവാഡിയും. ആ
ലക്ഷ്യപ്രാപ്തിക്കായി നാം ഇനി എത്ര കാതം സഞ്ചരിക്കണം?
ഇമെയിൽ:
ബെഞ്ചമിൻ റിപ്പിൾ
ripple@bigtreefarms.com
സരാപീ യുവാ ഡിയോംഗ്‌
sarapee. chiwadi@gmail.com

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...