പിതൃ തര്‍പ്പണംഹരീഷ്കൃഷ്ണ
തൂശനിലത്തുമ്പില്‍ ബലിച്ചോറുരുളകള്‍
എള്ളുംപ്പൂവും ദര്‍ഭരൂപങ്ങളും 
നെറ്റിയില്‍ ചാര്‍ത്താന്‍ ചന്ദനവും 
ഭസ്മവും പിന്നെ ദാഹനീരും 
അണിവിരലിലണിയുവാന്‍ കറുകയില്‍ 
തീര്‍ത്ത മോതിരങ്ങള്‍.

നിങ്ങള്‍ ദാനമായി തന്നയീ ജീവിതത്തിനു 

പകരം തരാന്‍ ആത്മശുദ്ധിയോടുള്ള
ഈ ബലി തര്‍പ്പണം മാത്രം.

ജന്മങ്ങള്‍ തീറെഴുതി തന്നു
ബന്ധങ്ങളുടെ എഴുത്തോലകളില്‍
കര്‍മ്മങ്ങളും അവയുടെ വിശകലനങ്ങളും
പകര്‍ത്തി തന്നു വെളിച്ചംകാട്ടി
യാത്രക്കിടയില്‍ എവിടെയോ വെച്ചു
നിങ്ങള്‍ ഓരോരുത്തരായി
ഞങ്ങളെ തനിച്ചാക്കിപ്പിരിഞ്ഞു.

വിശ്വാസങ്ങളുടെ സുതാര്യതയും
ധര്മ്മധര്‍മ്മങ്ങളും കാട്ടിത്തന്നു
ജീവിതത്തിന്റെ നേരും നെറിയും
പറഞ്ഞു തന്ന മുന്‍ഗാമികള്‍.

നിങ്ങളുടെ പരലോകവാസത്തിനിടയില്‍
കിട്ടുന്ന ഒരു ദിവസത്തെ ആഗമനത്തില്‍
ഈ കറുത്തവാവിന്റെ മറപറ്റിയെത്തി
അദൃശ്യാരായി നിന്നു ഞങ്ങളെക്കാണാന്‍
ഈ ജീവിതങ്ങളെ വിലയിരുത്താന്‍
വരുന്ന സത്യാത്മാക്കളെ നിങ്ങള്‍ക്കായി
ഇതുമാത്രം എന്റെ കൈയില്‍.

ആത്മദാഹത്തിനും ശാന്തിക്കുമായി
പ്രാര്‍ത്ഥനാ മനസ്സോടെ ഞങ്ങളോരുക്കിയ
തര്‍പ്പണങ്ങള്‍ ഏറ്റുവാങ്ങുക നിങ്ങള്‍.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ