19 Aug 2012

ഒളിമങ്ങാത്ത മൈലാഞ്ചിച്ചിത്രങ്ങള്‍

ഷീജ സി.കെ


ഭൂതകാലത്തിന്റെ ഗൃഹാതുരമായ ഓര്‍മകളിലേക്കുള്ള മടക്കയാത്രകളാണ്, ഒരോ പെരുന്നാള്‍ക്കാലവും. പെരുന്നാളാഘോഷങ്ങളുടെ നിറപ്പൊലിമയ്ക്കപ്പുറത്ത്
ഖുറാന്‍ സൂക്തത്തിന്റെ വിശുദ്ധിയോടെ ഓരോ പെരുന്നാളിനും മനസ്സില്‍ പെരുന്നാളമ്പിളി പോലെ ഉദിച്ചുയരുന്ന ഒരു മുഖം മാത്രമേയുള്ളു-ഉമ്മച്ചി എന്നു ഞങ്ങള്‍ പേരക്കുട്ടികകള്‍ ഏറെയിഷ്ടത്തോടെ വിളിക്കുന്ന ഞങ്ങളുടെ വല്യുമ്മ.

പെരുന്നാളാകുമ്പോഴേക്കും ഒരുക്കങ്ങള്‍ കൂട്ടാന്‍ എല്ലാവരേക്കാളും ധൃതി ഉമ്മച്ചിക്കായിരുന്നു. ഞങ്ങള്‍ക്കൊക്കെ പുത്തനുടുപ്പുകള്‍ വാങ്ങാനും പെരുന്നാള്‍്‌ വിഭവങ്ങളൊരുക്കാനുമെല്ലാം തിരക്കു പിടിച്ച് ഉമ്മച്ചി തറവാട്ടു വീട്ടില്‍ സദാ ഓടിനടക്കും
വെവ്വേറെ വീടുകളിലാണു താമസമെങ്കിലും പെരുന്നാള്‍ രാവിന്, എല്ലാവരും തറവാട്ടില്‍ ഒത്തു കൂടണമെന്നത് ഉമ്മച്ചിക്കു നിര്‍ബന്ധമായിരുന്നു.ഞങ്ങളുടെ കൈകളിലൊക്കെ ഉമ്മച്ചിയുടെ കൈകൊണ്ടു തന്നെ മൈലാഞ്ജിയണിയിക്കണമെന്നതും. എല്ലാം സ്വയം ചെയ്താലേ ഉമ്മച്ചിയ്ക്ക് തൃപ്തിയാകൂ
പെരുന്നാളിന്,ഒരാഴ്ച മുന്നേ തന്നെ മൈലാഞി തേടിയുള്ള അലച്ചിലാണ്, ഇടവഴി വക്കിലും വേലിപ്പൊന്തയിലുമെല്ലാം അന്ന് ധാരാളം മൈലാഞ്ജിചെടികള്‍ ഉണ്ടാകും. മൈലാഞ്ജി കമ്പോടെ ഒടിച്ചെടുത്ത് വെയിലത്തുണക്കാനിടും. രണ്ടാം ദിവസമാകുമ്പോഴേക്ക് ഇലകള്‍ കമ്പില്‍ നിന്നടര്‍ന്നു വീഴും.ഉണങ്ങിയ മൈലാഞ്ജിയില ഉരലിലിട്ട് ഇടിച്ചു പൊടിയാക്കും.

പിന്നെ സുഖമുള്ളൊരു കാത്തിരിപ്പാണ്,പള്ളിയില്‍ നിന്നുയരുന്ന തക്ബീര്‍ ധ്വനികള്‍ക്കു വേണ്ടി. വിദുരങ്ങളീല്‍ നിന്ന് തക്ബീര്‍ ഒഴുകിയെത്തുന്നതോടെയാണ്, എല്ലാവരും പെരുന്നാളുറപ്പിക്കുന്നത്, അതോടെ അടുക്കള സജീവമാകും. പലഹാരങ്ങളുടെയും മസാലക്കൂട്ടുകളുടേയും മനം നിറയ്ക്കുന്ന ഗന്ധമുയരും.
അടുക്കള്യിലെ തിരക്കൊടുങ്ങുന്നതും കാത്ത് ഞങ്ങള്‍ അക്ഷമയോടെ കാത്തിരിക്കും. ഉമ്മച്ചിയുടെ വരവിള്ള കാത്തിരിപ്പ്. ഉമ്മച്ചിയെത്തിയാലേ മൈലാഞ്ജിയിടാന്‍ തുടങ്ങൂ.
ആദ്യം മുറ്റത്തിന്റെ മൂലയ്ക്ക് കല്ലേടുത്തു വച്ചൊരു അടുപ്പു കൂട്ടും. ചക്ക വെളഞ്ഞി ഉരുക്കാന്‍ . വെളഞ്ഞിയുരുക്കുന്നത് പൊട്ടിയ മണ്‍ ചട്ടിയിലാണ്, അത് വൈകുന്നേരം തന്നെ ഉമ്മച്ചി തേടിപ്പിടിച്ചു വച്ചിരിക്കും.ചക്കക്കാലത്ത് തന്നെ വെളഞ്ഞി ഒരു കമ്പില്‍ ചിറ്റി ഓരോ വീട്ടിലും സൂക്ഷിക്കുന്ന പതിവുണ്ട്. പെരുന്നാളിനു മൈലാഞ്ജിപ്പുള്ളി കുത്താനാണത്.
ഉരുക്കിയ വെളഞ്ഞി ഈര്‍ക്കില്‍ കൊണ്ടു തോണ്ടീയെടുത്ത് കൈവെള്ളയില്‍ പുള്ളി കുത്തും....കൂടെ ഒരമ്പിളിക്കലയും ഒരു നക്ഷത്രവും.ഉരുകിയ വെളഞ്ഞിക്ക് ഹൃദയഹാരിയായ മണമാണ്,
കൂട്ടത്തില്‍ പ്രായം കുറഞ്ഞ കുട്ടിക്കാണ്, ആദ്യം മൈലാഞ്ജിയിടുക. ഞാന്‍ മൂത്തയാളായത്തു കൊണ്ട് എന്റെ ഊഴമാകുമ്പോഴേക്ക് രാത്രി വളരെ വൈകിയിട്ടുണ്ടാകും.ഉമ്മച്ചിക്കു ഉറക്കം വന്നു തുടങ്ങിയിരിക്കും. അതുകൊണ്ടു തന്നെ ഉരുകിയ വെളഞ്ഞിയുടെ വലിയ കട്ടകള്‍ വീണു എന്റെ കൈ പലപ്പോഴും
പൊള്ളുകയും ചെയ്യും., വെളഞ്ഞിപ്പുള്ളികള്‍ക്കു മേലെ മൈലാഞ്ജി കട്ടിയില്‍ പൊതിയും. പിന്നെ പായ വിരിച്ചൊരു കിടപ്പാണ്, കുട്ടികളെല്ലാരും ഒരുമിച്ച്.
നേരം വെളുക്കുമ്പോഴേക്ക് കൈകളില്‍ മാത്രമല്ല അടുത്തു കിടന്നവരുടെ മുഖത്തും വെള്ളക്കുമ്മായം തേച്ച ചുമരിലും പലപ്പോഴും മൈലാഞ്ജിച്ചിത്രങ്ങള്‍ വിരിഞ്ഞിട്ടുണ്ടാകും.
രാവിലെ വീണ്ടും ആകാംക്ഷയുടെ നിമിഷങ്ങളാണ്, ഉണങ്ങിപ്പിടിച്ച മൈലാഞ്ജിയും വെളഞ്ഞിയും വെളിച്ചെണ്ണ തൊട്ട് തുടയ്ക്കും...മൈലാഞ്ജിയുടെ കടുത്ത വര്‍ണ്ണത്തിനിടയ്ക്ക് പെരുന്നാള്‍ പിറ പോലെ വെളുത്ത പൊട്ടുകള്‍.
ഉമ്മച്ചി ഒരോ മൈലാഞ്ജിക്കൈക്കളും മൂഖത്തോടടുപ്പിക്കും...എന്നിട്
ട് പതുക്കെപ്പറയും.........ഇതാണ്, പെരുന്നാളിന്റെ മണം.
അന്ന് പെരുന്നാള്‍ രാവുന്‍ കൈകളില്‍ വിരിയുന്ന മൈലാഞ്ജിപ്പൂക്കള്‍ക്കു ഒരുമയുടേയും സൌഹൃദത്തിന്റെയും വാല്‍സല്യത്തിന്റേയും പങ്കു വെയ്ക്കലിന്റേയും നിറമായിരുന്നു,എല്ലാ മനസുകളും ഒന്നായി മാറുന്ന കലര്‍പ്പില്ലാത്ത സ്നേഹത്തിന്റെ ആഘോഷക്കാലം. ഒരായിരം നാവുകളില്‍ നിന്ന് ഒരേ താളത്തില്‍ തക്ബീര്‍ ധ്വനികളുയരുന്ന സമത്വത്തിന്റെ പെരുന്നാള്‍ രാവുകള്‍.
ഞങ്ങളുടെ കൈകളിലൊക്കെ മൈലാഞ്ജിപ്പൂക്കള്‍ വിരിയിച്ച ഒരു പെരുന്നാള്‍ക്കാലത്താണ്, ഉമ്മച്ചിയെ ഞങ്ങള്‍ക്ക് നഷ്ടമായതും. നാട്ടിടവഴിയിലെ മൈലാഞ്ജി മരങ്ങള്‍ ഇല്ലാതായെങ്കിലും എന്റെ ഒരോ പെരുന്നാളിനും ഉമ്മച്ചിയുടെ മണമാണ്, ഒരിക്കലും ഒളിമങ്ങാത്ത മൈലാഞ്ജിച്ചിത്രങ്ങളുടെ മനം നിറയ്ക്കുന്ന അതേ മണം.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...