19 Aug 2012

വിചിന്തനങ്ങൾ


  സുധാകരൻ ചന്തവിള

സാഹിത്യവും നീതിന്യായവും

മലയാളസാഹിത്യത്തിന്‌ നീതിന്യായ വകുപ്പുമായി അഭേദ്യമായ ബന്ധമുണ്ട്‌.
പ്രഗത്ഭരായ നോവലിസ്റ്റുകൾ, കവികൾ, കഥാകാരന്മാർ നിരൂപകർ ഒക്കെ ഈ
വകുപ്പുമായി ഉദയം കൊണ്ടിട്ടുണ്ട്‌. മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ
നോവലെന്ന്‌ എല്ലാവരാലും പ്രകീർത്തിക്കപ്പെടുന്ന 'ഇന്ദുലേഖ'യുടെ കർത്താവായ
ഒ. ചന്തുമേനോൻ തുടങ്ങി സി. വി. ശ്രീരാമൻ വരെ നീണ്ടുനിൽക്കുന്നു ആ വലിയ
നിര.
         നോവൽ എന്നത്‌ മലയാളത്തിൽ അത്യപൂർവ്വ്വമായിരുന്ന കാലത്താണ്‌ ഒയ്യാരത്ത്‌
ചന്തുമേനോൻ (1847-1899) ഇന്ദുലേഖ എഴുതിയത്‌.  ഒരുപക്ഷേ, ഒരു
നോവലെഴുതണമെന്ന മുൻവിധിയോടെയായിരുന്നില്ല അദ്ദേഹത്തിന്റെ അത്തരം ശ്രമം.
നോവലുൾപ്പെടെയുള്ള പല ആധുനിക സാഹിത്യ ശാഖകളും മലയാളത്തിലേക്കു
കടന്നുവന്നത്‌ പശ്ചാത്യസാഹിത്യത്തിൽ നിന്നാണല്ലോ. ചന്തുമേനോന്‌ ഇംഗ്ലീഷ്‌
സാഹിത്യത്തിൽ നല്ല വ്യുൽപത്തിയുണ്ടായിരുന്നുതാനും. നിരന്തരം പാശ്ചാത്യ
നോവലുകൾ വായിക്കുമായിരുന്ന അദ്ദേഹത്തിന്‌ നോവലെന്ന
സാഹിത്യരൂപത്തെക്കുറിച്ചും അതിന്റെ ഘടനാപരമായ സവിശേഷതകളെക്കുറിച്ചും
വേണ്ടുവോളം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രിയതമയ്ക്ക്‌
ഇംഗ്ലീഷ്‌ വശമായിരുന്നില്ലെന്നും മലയാളത്തിൽ എന്തെങ്കിലും കഥാപുസ്തകങ്ങൾ
കിട്ടിയിരുന്നെങ്കിൽ വായിക്കാമായിരുന്നുവേന്നും അവർ അദ്ദേഹത്തോടു
നിരന്തരം പറഞ്ഞിരുന്നതിന്റെ ഫലമായിട്ടാണ്‌ ചന്തുമേനോൻ ഇന്ദുലേഖ
എഴുതപ്പെട്ടതെന്നും പറയപ്പെടുന്നു.
        ചന്തുമേനോൻ നീതിന്യായവകുപ്പിൽ  ക്ലാർക്കായി ഔദ്ദ്യോഗികജീവിതം
ആരംഭിച്ചയാളാണ്‌. തുടർന്ന്‌ പ്രമോഷൻ കിട്ടി മഞ്ചേരി, പാലക്കാട്‌,
കോഴിക്കോട്‌, ഒറ്റപ്പാലം, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ മുൻസിഫായും 1892-ൽ
തിരുനെൽവേലിയിൽ ആക്റ്റിംഗ്‌ അഡീഷണൽ സബ്‌ ജഡ്ജിയായും നിയമിതനായി. 1893-ൽ
മംഗലാപുരത്തേയ്ക്ക്‌ മാറപ്പെട്ടു. തുടർന്ന്‌ 1897-ൽ കോഴിക്കോട്‌ സബ്ബ്‌
ജഡ്ജിയായി ചുമതലയേറ്റു. 1899-ൽ മരണം വരെയും ആ സ്ഥാനം തുടർന്നു.
        മലയാളത്തിലും ഇംഗ്ലീഷിലും നല്ല ഗദ്യരചനാപാടവം പ്രദർശിപ്പിച്ചിരുന്ന
ചന്തുമേനോൻ ഒരു മികച്ച പ്രഭാഷകൻ കൂടിയായിരുന്നു. അദ്ദേഹം പരപ്പനങ്ങാടി
മുൻസിഫായിരുന്ന കാലത്ത്‌ എഴുതപ്പെട്ടതാണ്‌ 'ഇന്ദുലേഖ'. തനിക്കുചുറ്റും
സംഭവിച്ചുകൊണ്ടിരുന്ന നായർ-നമ്പൂതിരി ബാന്ധവത്തെ വളരെ മനോഹരമായി
ആവിഷ്കരിച്ച 'ഇന്ദുലേഖ'യും വ്യവഹാരസംബന്ധമായി എഴുതി പൂർത്തിയാക്കാത്ത
'ശാരദ'യുമാണ്‌ അദ്ദേഹത്തിന്റെ നോവലുകൾ. 1891-ൽ കോഴിക്കോട്‌ മുൻസിഫായി
ജോലിചെയ്ത കാലഘട്ടത്തിൽ എഴുതിത്തുടങ്ങിയതാണ്‌ ശാരദ. 1892-ൽ അതിന്റെ
ഒന്നാം ഭാഗം എഴുതിത്തീർത്തു. അത്‌ പൂർത്തീകരിക്കുന്നതിനുമുമ്പ്‌
അദ്ദേഹത്തെ മരണം അപഹരിച്ചു. അങ്ങനെ ഒന്നര നോവലുകളും ചില ഗദ്യലേഖനങ്ങളും
കൊണ്ട്‌ മലയാളസാഹിത്യത്തിൽ ലബ്ധപ്രതിഷ്ഠ നേടിയ ചന്തുമേനോൻ ഒരു
ഉദ്യോഗസ്ഥനെന്ന നിലയിലും ജുഡീഷ്യൽ ആഫീസർ എന്ന രീതിയിലും ഏറെ
സമർത്ഥനായിരുന്നു. എന്നാൽ അദ്ദേഹം ഒരെഴുത്തുകാരൻ എന്ന നിലയിലാണ്‌
പിൽക്കാലത്ത്‌ കൂടുതൽ അറിയപ്പെടുന്നത്‌. അദ്ദേഹത്തിൽ നിന്നുണ്ടായ
വിധിന്യായങ്ങൾ ജനം മറന്നുപോയാലും ഇന്ദുലേഖയും, സൂരിനമ്പൂതിരിപ്പാടും
മാധവനും ലക്ഷ്മിക്കുട്ടിയും ശാരദയും രാമൻമേനോനുമെല്ലാം ജനഹൃദയങ്ങളിൽ
ജീവിച്ചുകൊണ്ടിരിക്കും.
        മലയാളിക്ക്‌ ഒരിക്കലും മറക്കാൻ കഴിയാത്ത സാഹിത്യ ചക്രവർത്തിയാണ്‌ ഇ. വി.
കൃഷ്ണപിള്ള. (1894-1938) ചിരിയും ചിന്തയും ഇടകലർത്തിയ നിരവധി കൃതികൾ
സമ്മാനിച്ച അദ്ദേഹം വളരെ പ്രഗത്ഭനായ ഒരു അഭിഭാഷകനായിരുന്നു. 1894-ൽ
അടൂരിൽ ജനിച്ച ഇ. വി. ഗവൺമന്റ്‌ സെക്രട്ടറിയേറ്റിലും പിന്നീട്‌
തഹസീൽദാറുമായി ഉദ്ദ്യോഗം വഹിച്ചുവേങ്കിലും 1923-ൽ ബി. എൽ. ജയിച്ച്‌
തിരുവനന്തപുരം ജില്ലാകോടതിയിൽ പ്രാക്ടീസ്‌ ആരംഭിച്ചു. ഒരുവർഷം കഴിഞ്ഞ്‌
1924-ൽ പ്രാക്ടീസ്‌ കൊല്ലത്തേയ്ക്കു മാറ്റുകയും തുടർന്ന്‌ 'മലയാളി'യുടെ
പത്രാധിപത്യം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട്‌ നിയമസഭാസാമാജികനായും
മലയാള മനോരമയുടെ ആദ്യ പത്രാധിപരായും സേവനമനുഷ്ഠിച്ചു.
        എം. എൽ. സി. കഥകൾ, കവിത കേസ്‌, പോലീസ്‌ രാമായണം, ഇ. വി. കഥകൾ, ചിരിയും
ചിന്തയും, രസികൻ തൂലികാചിത്രങ്ങൾ ഉൾപ്പെടെ നോവൽ, ചെറുകഥ, നാടകം,
സാഹിത്യപ്രബന്ധം, ഹാസ്യകൃതികൾ, ബാലസാഹിത്യം, ആത്മകഥ എന്നീ വിഭാഗങ്ങളിലായി
മുപ്പത്തിയഞ്ചോളം കൃതികൾ ഇ. വി. കൃഷ്ണപിള്ള രചിച്ചിട്ടുണ്ട്‌. ചിരിയിലൂടെ
ചിന്തയും ചിന്തകളിലൂടെ ചിരിയും ഇടകലർത്തി പ്രയോഗിക്കുന്നതിൽ
സമർത്ഥനായിരുന്ന ഇ. വി. പ്രസിദ്ധ സിനിമാനടൻ അടൂർ ഭാസിയുടെ പിതാവാണ്‌.
        മലയാളസാഹിത്യനിരൂപണ ശാഖയുടെ അടിത്തറ പാകിയ എഴുത്തുകാരനാണ്‌
സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ള.  അദ്ദേഹം അറിയപ്പെടുന്ന  വ്യാകരണ
പണ്ഡിതൻ കൂടിയായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ  ആദ്യ
പ്രസിഡന്റും തിരുവിതാംകൂർ ലെജിസ്ലേറ്റീവ്‌ അസംബ്ലി മെമ്പറുമായിരുന്ന പി.
കെ. നാരായണപിള്ള പ്രസിദ്ധനായ അഭിഭാഷകനും ഹൈക്കോടതി ജഡ്ജിയുമായിരുന്നു.
പാശ്ചാത്യസാഹിത്യത്തിന്റെ ചുവടുപിടിച്ച്‌ എഴുത്തച്ഛനെയും ചെറുശ്ശേരിയേയും
ഉണ്ണായിവാര്യരേയും കുറിച്ച്‌ അദ്ദേഹമെഴുതിയ നിരൂപണങ്ങൾ
മലയാളസാഹിത്യനിരൂപണത്തിൽ ഇന്നും ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്‌.

ഇടശ്ശേരി

        മുകളിൽ പറഞ്ഞവർ ജഡ്ജിമാരായിരുന്നെങ്കിൽ, ഇതാ വക്കീൽ ഗുമസ്തനായ ഒരു
മഹാകവിയെ പരിചയപ്പെടാം. മലയാള കവിതയ്ക്ക്‌ ഏക്കാളവും അഭിമാനിക്കാവുന്ന
ഇടശ്ശേരി ഗോവിന്ദൻ നായരാണദ്ദേഹം (1906?1974). മലയാളകവിത കാൽപനികതയിൽ
നിന്നും വഴിമാറി ചലിക്കാൻ കാരണക്കാരായ വൈലോപ്പിള്ളിക്കും പി. കുഞ്ഞിരാമൻ
നായർക്കും ഒപ്പം സഞ്ചരിച്ച ഇടശ്ശേരി പൊന്നാനിയിലും കോഴിക്കോട്ടും
എറണാകുളത്തും ആലപ്പുഴയിലും മാറിമാറി പല വക്കീലന്മാരുടെ കീഴിൽ ഗുമസ്തനായി
ജോലിചെയ്തിട്ടുണ്ട്‌. ഒരു വെറും നാട്ടുമ്പുറത്തുകാരനായ, തനി
പൊന്നാനിക്കാരനായ 'ഇടശ്ശേരി' പരുക്കൻ ജീവിതയാഥാർത്ഥ്യങ്ങളെ
കവിതയിലാവാഹിച്ച മനുഷ്യസ്നേഹിയായിരുന്നു. ഒരിക്കലും
കമ്മ്യൂണിസ്റ്റുകാരനല്ലാതിരുന്ന അദ്ദേഹമാണ്‌ കേരളത്തിന്റെ യഥാർത്ഥ
വിപ്ലവകവി എന്നുപോലും വിലയിരുത്തപ്പെട്ടിട്ടുണ്ട്‌. അദ്ധ്വാനിക്കുന്ന
മനുഷ്യന്റെ തൊണ്ട നനയ്ക്കുന്ന കരിമ്പിൻ തോട്ടമായി തന്റെ കവിതകളെ സ്വയം
വിശേഷിപ്പിച്ച ഇടശ്ശേരിയാണ്‌
         "കുഴിവെട്ടി മൂടുക വേദനകൾ
         കുതികൊൾക ശക്തിയിലേക്കു നമ്മൾ"-എന്ന  ഏക്കാളത്തേയ്ക്കുമുള്ള
മുദ്രാവാക്യകവിത എഴുതിയത്‌. പുത്തൻ കലവും അരിവാളും, പണിമുടക്കം,
കാവിലെപ്പാട്ട്‌, പൂതപ്പാട്ട്‌, കറുത്ത ചെട്ടിച്ചികൾ, കുങ്കുമപ്രഭാതം,
ഒരുപിടി നെല്ലിക്ക തുടങ്ങിയ കവിതാസമാഹാരങ്ങളും 'കൂട്ടുകൃഷി' എന്ന
അതിമഹത്തായ നാടകവും ഉൾപ്പെടെ നിരവധി കൃതികൾ രചിച്ച  ഇടശ്ശേരി വെറും
വക്കീൽ ഗമുസ്തനായിരുന്നു എന്നു വിശ്വസിക്കാൻ പലർക്കും ഇന്ന്‌
കഴിയുകയില്ല.  കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ ഉൾപ്പെടെയുള്ള
അംഗീകാരങ്ങൾ നേടിയ അദ്ദേഹം ആധുനിക മലയാളകവിതയുടെ അന്തസ്സുയർത്തിയ
കവിശ്രേഷ്ഠനാണ്‌.
പി.കുഞ്ഞിരാമൻനായർ

        കഥകൾ മാത്രം എഴുതി സാഹിത്യരംഗത്ത്‌ ശ്രദ്ധേയനായ ടി. പത്മനാഭൻ
മലയാളിക്ക്‌ സുപരിചിതനാണ്‌. സാധാരണ കഥാകൃത്തുക്കൾ നോവലെഴുതുക
പതിവാണെങ്കിൽ അതിന്‌ അപവാദമാണ്‌ ടി. പത്മനാഭൻ. ആകെ 160-ൽപ്പരം കഥകളെഴുതിയ
അദ്ദേഹം കഥാരചനയിൽ, ആഖ്യാന ഭാഷയിൽ പുതിയ വഴിവെട്ടിയ കഥാകൃത്താണ്‌. ടി.
പത്ഭനാഭനും അറിയപ്പെടുന്ന അഭിഭാഷകനാണ്‌.
        പ്രമുഖ കവിയും ഗാനരചയിതാവും കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റുമായ
യൂസഫലി കേച്ചേരി പ്രശസ്തനായ ഒരു അഭിഭാഷകൻ എന്ന നിലയിൽ പ്രശസ്തനാണ്‌.
ഭാവനയും മൗലികതയും കോർത്തിണക്കിയ നിരവധി മനോഹരമായ കവിതകൾ മലയാളത്തിനു
സമ്മാനിച്ച അദ്ദേഹത്തിന്‌ ചലച്ചിത്രഗാനരചനയ്ക്ക്‌ ദേശീയ പുരസ്കാരം
ലഭിച്ചിട്ടുണ്ട്‌. ഇതിനുപുറമേ മൂന്നു ചിത്രങ്ങളുടെ സംവിധാനവും
നിർവ്വ്വഹിച്ചിട്ടുണ്ട്‌.
        പൊന്തൻമാടയും വാസ്തുഹാരയും ചിദംബരവും പുരുഷാർത്ഥവും ഉൾപ്പെടെ ഒരുപിടി
നല്ല സിനിമകൾ മലയാളിക്ക്‌ ലഭിച്ചതിന്‌ കാരണക്കാരനായ സി. വി. ശ്രീരാമനെ
ആർക്കാണ്‌ മറക്കാൻ കഴിയുന്നത്‌. പോർക്കുളം ഗ്രാമപഞ്ചായത്ത്‌, ചൊവ്വന്നൂർ
ബ്ലോക്ക പഞ്ചായത്ത്‌ എന്നിവിടങ്ങളിൽ പ്രസിഡന്റായി
സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ജീവിതാവസാനം വരെയും ഒരു തികഞ്ഞ
കമ്മ്യൂണിസ്റ്റുകാരനായിരുന്നു.  സജീവമായ രാഷ്ട്രീയപ്രവർത്തനം ഉത്തമമായ
സാഹിത്യസൃഷ്ടിക്ക്‌ ഒരുതരത്തിലും തടസ്സമാവില്ലെന്നു തെളിയിച്ച സി. വി.
ശ്രീരാമൻ ഒരു അഭിഭാഷകവൃത്തിയിലും പേരെടുത്തയാളായിരുന്നു.
        ഇങ്ങനെ കോടതിയും മലയാളസാഹിത്യവുമായി സമ്പന്നമായ ബന്ധമാണുള്ളത്‌
എന്നതിന്‌ ഇനിയും എടുത്തുകാട്ടാൻ നിരവധി ഉദാഹരണങ്ങളുണ്ട്‌. പിൽക്കാലത്തും
നീതിന്യാവകുപ്പുമായി ബന്ധമുള്ള നിരവധി അഭിഭാഷകർ, ഉദ്ദ്യോഗസ്ഥർ,
ന്യായാധിപന്മാർ എന്നിവരെല്ലാം സാഹിത്യ-സാംസ്കാരികരംഗവുമായി
പ്രവർത്തിക്കുന്നവരാണ്‌. കോടതികളുടെ കുറ്റമറ്റ പ്രവർത്തനങ്ങൾക്ക്‌ ഇത്തരം
സാഹിത്യ-സാംസ്കാരികാഭിമുഖ്യമുള്
ളവരുടെ സേവനം തികച്ചും ഗുണപരമായിട്ടുണ്ട്‌
എന്നതുപോലെ ഈ രംഗത്തുപ്രവർത്തക്കുന്ന എഴുത്തുകാരുടെ സേവനവും പേരും
പെരുമയും നീതിന്യവകുപ്പിന്‌ ഏക്കാളവും അഭിമാനിക്കാവുന്നതാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...