19 Aug 2012

ശ്രീമുത്തപ്പന്റെ അനുഗ്രഹം

 ഡോക്ടർ (മേജർ)നളിനി ജനാർദ്ദനൻ

        പറശ്ശിനിക്കടവിലെ ഭഗവാൻ ശ്രീമുത്തപ്പനെക്കുറിച്ച്‌ ഞാൻ കേൾക്കാനിടയായത്‌
കല്യാണത്തിനുശേഷമാണ്‌. സുപ്രസിദ്ധ എഴുത്തുകാരനായ കാവുമ്പായി ജനാർദ്ദനനെ
(ഡോക്ടർ (കേണൽ)ജനാർദ്ദനൻ) കല്യാണം കഴിച്ച്‌ കാവുമ്പായി എന്ന
ചരിത്രപ്രധാനമായ ഗ്രാമത്തിൽ ഞാനെത്തി. ഒരു ലേഡീ ഡോക്ടറായ ഞാൻ ആർമിയിൽ
ചേർന്ന്‌ ഭർത്താവിനോടൊപ്പം വടക്കേയിന്ത്യയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.
ഞങ്ങൾക്ക്‌ രണ്ടോ മൂന്നോ വർഷങ്ങളിലൊരിക്കൽ ഒരു സ്ഥലത്തുനിന്നും മറ്റൊരു
സ്ഥലത്തേക്ക്‌ ട്രാൻസ്ഫർ ആയി പോകേണ്ടിവരാറുണ്ട്‌. എങ്കിലും
വർഷത്തിലൊരിക്കൽ നാട്ടിലെത്തി. അച്ഛനമ്മമാരെയും ബന്ധുക്കളെയും
കണ്ടുമടങ്ങിപ്പോകാറുണ്ട്‌.
        എന്റെ അമ്മായിയമ്മ വളരെ സ്നേഹവും അനുകമ്പയും നിറഞ്ഞ നിഷ്കളങ്കമനസ്സുള്ള
ഒരു സ്ത്രീയായിരുന്നു. എന്നോടവർക്ക്‌ പ്രത്യേകവാത്സല്യമുണ്ടായിരുന്നു
.
എന്റെ അമ്മയുടെ തറവാട്‌ പാലക്കാടാണ്‌. അതുകൊണ്ട്‌ കണ്ണൂരിലെ ഭാഷ
ആദ്യമൊന്നും എനിക്ക്‌ മനസ്സിലാവുമായിരുന്നില്ല. വിടർന്ന കണ്ണുകളുമായി
കൗതകത്തോടെ ഞാൻ കേട്ടുനിൽക്കുമ്പോൾ അമ്മായിയമ്മ ക്ഷമയോടെ
പറഞ്ഞുമനസ്സിലാക്കിത്തരും. കാവുമ്പായി വീട്ടിൽ പലപ്പോഴും ഞാൻ ശ്രദ്ധിച്ച
ഒരു കാര്യമുണ്ടായിരുന്നു. അമ്മയ്ക്ക്‌ എന്തെങ്കിലും വിഷമം നേരിട്ടാലും
ഏതെങ്കിലും സാധനങ്ങൾ കാണാതെവന്നാലുമെല്ലാം ഉടനെ 'എന്റെ മുത്തപ്പാ,
രക്ഷിക്കണേ, ഞാൻ പറശ്ശിനിക്കടവ്‌ ക്ഷേത്രത്തിൽ വെള്ളാട്ടവും തിരുവപ്പനയും
നടത്തിക്കൊള്ളാം!' എന്ന മനമുരുകി പ്രാർത്ഥിക്കും. പലപ്പോഴും അമ്മയുടെ
പ്രാർത്ഥന സഫലമാകുന്നതും കണ്ടിട്ടുണ്ട്‌. അമ്മയുമായി സംസാരിച്ചപ്പോഴാണ്‌
പറശ്ശിനിയിലെ ശ്രീമുത്തപ്പനെക്കുറിച്ച്‌ കൂടുതൽ അറിയാൻ കഴിഞ്ഞത്‌. അതോടെ
മുത്തപ്പനോട്‌ എനിക്കും ഭക്തിതോന്നി. ഓരോപ്രാവശ്യം ലീവിൽവരുമ്പോഴും ഞങ്ങൾ
മുത്തപ്പസന്നിധിയിലെത്തി പ്രാർത്ഥിക്കും. അച്ഛനമ്മമാരുടെയും മറ്റെല്ലാ
ബന്ധുക്കളുടെയും പേരിൽ വഴിപാട്‌ നടത്താറുമുണ്ട്‌. വീട്ടിൽ തിരിച്ചെത്തി
ഞാനെല്ലാം വിസ്തരിച്ചു പറയുന്നതുകേൾക്കുമ്പോൾ അമ്മയുടെ കണ്ണിലെ ഭക്തിയുടെ
തിളക്കം കണ്ട്‌ എന്റെ മനസ്സിൽ സന്തോഷം തോന്നാറുണ്ട്‌.
        "നളിനീ, നീ മുത്തപ്പന്റെ ആട്ടം കണ്ടില്ല, അല്ലേ? വളരെ വിശേഷമാണു കുട്ടീ.
അടുത്തപ്രാവശ്യം വരുമ്പോൾ തീർച്ചയായും കുറച്ചുനേരം അമ്പലത്തിലിരുന്ന്‌
മുത്തപ്പന്റെ ആട്ടം കാണണം" എന്ന്‌ ഒരിക്കൽ അവർ പറഞ്ഞത്‌
വ്യക്തമായോർക്കുന്നു. പക്ഷേ പലപ്പോഴും സമയക്കുറവു കാരണം ഞങ്ങൾ അമ്പലത്തിൽ
വേഗം ദർശനം നടത്തി മടങ്ങാറായിരുന്നു പതിവ്‌.
        എന്റെ പ്രിയപ്പെട്ട അമ്മ (അമ്മായിയമ്മ) മരിച്ചിട്ട്‌ രണ്ടുവർഷം കഴിഞ്ഞു.
ഈ വർഷം ഒക്ടോബറിൽ എന്റെ കഥാസമാഹാരം (പഞ്ചനക്ഷത്രസ്വപ്നങ്ങൾ) "സമയം
പബ്ലിക്കേഷൻസ്‌" പ്രകാശനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാനായി ഞങ്ങൾ
കണ്ണൂരിലെത്തി. ലീവില്ലാത്തതുകൊണ്ട്‌ രണ്ടുദിവസം മാത്രമേ
കണ്ണൂരിലുണ്ടാവുകയുള്ളു. ബന്ധുക്കളെ കാണുകളും വേണം. എങ്കിലും ഇപ്രാവശ്യം
എന്തായാലും പറശ്ശിനിക്കടവിൽ പോയി. തൊഴണമെന്ന്‌ ഞാൻ ഭർത്താവിനോടു പറഞ്ഞു.
അദ്ദേഹം സന്തോഷപൂർവ്വം സമ്മതിക്കുകയും ചെയ്തു.

പുസ്തകപ്രകാശച്ചടങ്ങിനുശേഷം ഞാനും മകളും ഭർത്താവും
പറശ്ശിനിക്കടവിലെത്തിയപ്പോൾ നേരം സന്ധ്യയായിരുന്നു. ശാന്തസുന്ദരമായ
അന്തരീക്ഷം പ്രകൃതിഭംഗിയുള്ള സ്ഥലം. മുത്തപ്പനാമ ജപ്പാങ്ങൾ പാവനമാക്കിയ
ക്ഷേത്രാങ്കണം. സന്ധ്യാപൂജ തുടങ്ങുകയായി. "ഇന്നു ധൃതിയൊന്നുമില്ല.
കാവുമ്പായിയിൽ ഇന്നെത്താൻ കഴിയില്ലല്ലോ. രാത്രി കണ്ണൂരിലെ
ബന്ധുവീട്ടിലെത്തിയാൽ മതി. നീയെത്രനേരം വേണമെങ്കിലും പ്രാർത്ഥിച്ചോളൂ"-
എന്നു ഭർത്താവു പറഞ്ഞപ്പോൾ എനിക്കു സന്തോഷമായി. മുത്തപ്പൻ അണിഞ്ഞൊരുങ്ങി
വരുന്നത്‌. ഒരു കൊച്ചുകുട്ടിയുടെ കൗതുകം നിറഞ്ഞ മനസ്സോടെ ഞാൻ
നോക്കിക്കണ്ടു. അമ്പലത്തിനകത്ത്‌ ഒരു സൈഡിൽ ഇരിക്കാൻ നോക്കിയപ്പോൾ"
അവിടെയിരിക്കേണ്ട. അത്‌ നടക്കാനുള്ള വഴിയാണ്‌!" എന്നു പറഞ്ഞ്‌
ആരോവിലക്കി. ഞാൻ കുറച്ചു കൂടി മുമ്പിലേക്കുചെന്നു നിന്നു. "മാറി നിൽകൂ,
ഒന്നും കാണുന്നില്ല" എന്നു പുറകിലെ സ്ത്രീ പറഞ്ഞു. അവിടെനിന്നും മാറി
തായമ്പക നടത്തുന്ന വാദ്യക്കാരുടെ തൊട്ടുപിന്നിൽ നിന്നപ്പോൾ മുത്തപ്പനെ
എനിക്കു വ്യക്തമായി കാണാൻ കഴിഞ്ഞു. പക്ഷേ നല്ല തിരക്കുള്ളതുകൊണ്ട്‌
ക്ഷേത്രഭാരവാഹികൾ അവിടെയുമെത്തി" പുറകിലേക്കു നീങ്ങി നിൽകൂ"- എന്നു
പറഞ്ഞു. എന്റെ കണ്ണുനിറഞ്ഞു. എന്റെ മനസ്സ്‌ പലപ്പോഴും ഇങ്ങിനെയാണ്‌-
നിസ്സാരകാര്യത്തിനുപോലും ദുഃഖിക്കും. "എന്റെ മുത്തപ്പാ, എന്താണിത്‌? ഞാൻ
വളരെ ദൂരെ നിന്നെത്തിയതല്ലേ? ഒന്നു നന്നായി കാണാൻപോലും കഴിയുന്നില്ലല്ലോ.
കൊല്ലത്തിലൊരിക്കൽ മാത്രം വരുന്ന എനിക്ക്‌ അവിടത്തെ ദർശനഭാഗ്യം
കിട്ടിയില്ലല്ലോ മുത്തപ്പാ!" എന്ന്‌ മനസ്സു തേങ്ങി. പൂജയും മുത്തപ്പന്റെ
ആട്ടവുമെല്ലാം തിരക്കിലൂടെ വളരെ വിഷമിച്ചു നോക്കിക്കണ്ടു.

ഉയരമില്ലാത്തതിൽ എനിക്കു വിഷമം തോന്നി. മുത്തപ്പൻ ആണുങ്ങളുടെ തലയിൽ
കൈവച്ച്‌ അനുഗ്രഹിച്ചു. മറുഭാഗത്ത്‌ നിന്ന വൃദ്ധകളായ സ്ത്രീകളെയും
അനുഗ്രഹിച്ചു. "എന്നെയും അനുഗ്രഹിക്കൂ എന്റെ മുത്തപ്പാ! എന്നെ
അറിയപ്പെടുന്ന ഒരെഴുത്തുകാരിയും ഗായികയുമാക്കിയതിന്‌ ഒരായിരം നന്ദി.
ഇനിയും ഉയരങ്ങളിലെത്തിച്ചേരാൻ എനിക്ക്‌ ആശീർവ്വാദം തരൂ. എന്റെ
ഭർത്താവിനെയും മക്കളെയും കാത്തുരക്ഷിക്കൂ" എന്നു ഞാൻ ഹൃദയപൂർവ്വം
പ്രാർത്ഥിച്ചു. അപ്പോഴേക്കും മുത്തപ്പൻ അവിടെനിന്നും തിരിച്ചുനടന്നു.
എനിക്കു നിരാശതോന്നി. ഒരു കുട്ടിയെപ്പോലെ വീണ്ടുമന്റെ മനസ്സു വിതുമ്പി.
അത്ഭുതമെന്നു പറയട്ടെ. മുത്തപ്പൻ പെട്ടെന്നു തിരിഞ്ഞ്‌ എന്റെ ഭാഗത്തേക്കു
വന്നു. ആ കാൽക്കൽ വീണു നമസ്ക്കരിക്കണമെന്നു ഞാനാഗ്രഹിച്ചു. പക്ഷേ അവിടെ
അങ്ങിനെയുള്ള പതിവുണ്ടോ എന്നറിയാത്തതുകൊണ്ട്‌ കൈകൂപ്പി വണങ്ങുകമാത്രം
ചെയ്തു. ഒരു നിമിഷം! എന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കിയ
മുത്തപ്പന്റെ കണ്ണുകളിൽ ദയാവാത്സല്യങ്ങൾ നിറഞ്ഞുതുളുമ്പി. കൈയുയർത്തി
എന്നെ അനുഗ്രഹിച്ചശേഷം മുത്തപ്പൻ തിരിഞ്ഞുനടന്നു. എനിക്കു തൃപ്തിയായി.
"എന്റെ മുത്തപ്പാ, എന്നെ അനുഗ്രഹിച്ചുവല്ലോ! അതുമതി, അതുമാത്രം
മതിയെനിക്ക്‌!" എന്നു മനസ്സിൽ പറഞ്ഞു. കണ്ണൂരിലേക്കുള്ള അവസാനത്തെ
ബസ്സുപിടിക്കണമെന്ന ധൃതിയിൽ നടന്നു നീങ്ങുമ്പോൾ മനസ്സ്‌
സംതൃപ്തമായിരുന്നു. അന്നുരാത്രി ഉറക്കത്തിൽ ഞാൻ കണ്ട സ്വപ്നത്തിൽ എന്റെ
അമ്മായിയമ്മയും ഉണ്ടായിരുന്നു. കാവുമ്പായി വീട്ടിൽ അമ്മ
ചാരുകസേരയിലിരിക്കുന്നു. ആ കാൽക്കലിരുന്ന്‌ എന്റെ ക്ഷേത്രദർശനത്തിന്റെ
വിശേഷങ്ങൾ പറയുന്ന ഞാൻ- ശ്രദ്ധയോടെ, സന്തോഷത്തോടെ എല്ലാം കേൾക്കുന്ന
അമ്മ.
        "ഞാൻ കണ്ടു അമ്മേ, മുത്തപ്പന്റെ ആട്ടം ഞാൻ കണ്ടു-എനിക്കു വളരെ
സന്തോഷമായി. അമ്മയ്ക്കറിയുമോ, മുത്തപ്പൻ എന്നെ പ്രത്യേകം
അനുഗ്രഹിച്ചു!"-എന്നു ഞാൻ ആഹ്ലാദത്തോടെ പറഞ്ഞപ്പോൾ:
        "അതെയോ മോളേ, നീ നന്നായി വരും!" എന്റെ തലയിൽ കൈവെച്ചനുഗ്രഹിച്ച അമ്മയുടെ ശബ്ദം...
        എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഒരു സ്വപ്നമായിരുന്നു അത്‌ എന്നു
വിശ്വസിക്കാൻ പ്രയാസം തോന്നി.
ശ്രീമുത്തപ്പന്റെയും അമ്മയുടെയും അനുഗ്രഹാശിസ്സുകളുണ്ടെങ്കിൽ
ജീവിതസാഫല്യത്തിനു മറ്റെന്താണു വേണ്ടത്‌?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...