19 Aug 2012

തേൻ ഒരു സർവ്വരോഗ സംഹാരി


ജോൺ മുഴുത്തേറ്റ്‌


അതിപുരാതനകാലം മുതൽ മനുഷ്യൻ തേനിന്റെ അത്ഭുതകരമായ ഔഷധ ഗുണങ്ങൾ
മനസിലാക്കിയിരുന്നു. തേനിന്റെ ഔഷധ ഗുണങ്ങളെപ്പറ്റി ബൈബിളിൽ
പ്രതിപാദിക്കുന്നുണ്ട്‌. തേൻ ഒരുസമ്പൂർണ്ണ ആഹാരവും ഉത്തമ ഔഷധവുമാണെന്ന്‌
ഖുറാൻ വ്യക്തമാക്കുന്നു. 'തേൻ എല്ലാ രോഗങ്ങൾക്കും പരിഹാരമാണ്‌.' എന്ന്‌
മുഹമ്മദ്‌ നബി തന്റെ അനുയായികളെ  ഉപദേശിച്ചിരുന്നു.
പേർഷ്യയിലേയും ചൈനയിലേയും ഈജിപ്തിലേയും, ഇന്ത്യയിലേയും പുരാതന വിശുദ്ധ
ഗ്രന്ഥങ്ങൾ എല്ലാം തന്നെ തേനിന്റെ ഗുണങ്ങൾ വ്യക്തമാക്കുന്നു. ഒന്നാം
നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക്‌ ഭിഷഗ്വരനായിരുന്ന ഡയോസ്കോറൈഡ്സ്‌
(Dioscorides) ന്റെ 'മെറ്റീരിയ മെഡിക്ക' ൽ തേനിന്റെ ഔഷധ ഗുണങ്ങളെപ്പറ്റി
പ്രതിപാദിക്കുന്നു. ബിസി 320-ൽ ജീവിച്ചിരുന്ന അരിസ്റ്റോക്സേനസ്‌
(Aristoxenus) തേനും ഉള്ളിയും ബ്രെഡും ദിവസവും പ്രഭാതഭക്ഷണത്തിൽ
ഉൾപ്പെടുത്തിയാൽ ജീവിതകാലം മുഴുവൻ രോഗരഹിതനായിരിക്കാമെന്ന്‌
വ്യക്തമാക്കിയിട്ടുണ്ട്‌.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റിസ്‌
തേനിന്റെ ഔഷധ വീര്യം ഇങ്ങനെ വിശദമാക്കുന്നു. 'തേൻ ചൂടു നൽകുന്നു,
പഴുപ്പുകൾ വൃത്തിയാക്കുന്നു. ചുണ്ടുകളിലെ വ്രണങ്ങൾ ഭേദമാക്കുന്നു,
കുരുക്കളെയും ഒലിക്കുന്ന വ്രണങ്ങളെയും സുഖപ്പെടുത്തുന്നു.'
ശ്വാസതടസത്തിനും മറ്റുപല രോഗങ്ങൾക്കും പ്രതിവിധിയായി തേൻ ഉപയോഗിക്കുവാൻ
അദ്ദേഹം തന്റെ രോഗികൾക്ക്‌ നിർദ്ദേശം നൽകിയിരുന്നു.
തേൻ ആയുർവേദത്തിൽ
ആയുർവേദത്തിലെ ഔഷധ നിർമ്മാണത്തിനു തേൻ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു.
പലഅഷധങ്ങളും തേൻ ചേർത്തുകഴിക്കുവാൻ നിർദ്ദേശിക്കുന്നു. മരുന്ന്‌
ശരീരത്തിലേയ്ക്ക്‌ അതിവേഗം ആഗീരണം ചെയ്യപ്പെടുവാൻ തേൻ സഹായിക്കുന്നു.
എല്ലാ കോശങ്ങളിലും പേശികളിലും ഔഷധം വേഗം എത്തിച്ചേരുന്നു.
അഷ്ടാംഗ ഹൃദയത്തിൽ തേനിന്റെ ഔഷധഗുണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്‌. അതിൽ
പ്രധാനമായത്‌ താഴെപ്പറയുന്നു.
*       കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചയ്ക്കും വളരെ നല്ലതാണ്‌ തേൻ
*       ദാഹത്തെ ശമിപ്പിക്കുന്നു.
*       കഫത്തെ ലയിപ്പിച്ചുകളയുന്നു.
*       വിഷാദരോഗങ്ങളെ ശമിപ്പിക്കുന്നു.
*       എക്കിൾ നിർത്തുന്നു.
*       മൂത്രാശയരോഗങ്ങളെ ശമിപ്പിക്കുന്നു.
*       ആസ്തമ, ചുമ, ഛർദ്ദി, ഡയറിയ തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കുന്നു.
*       മുറിവുകളെ അണുവിമുക്തമാക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു.
*       കോശവളർച്ചയെ സഹായിക്കുന്നു.
*       പഴകിയ തേൻ ദഹനപ്രക്രിയയെ സഹായിക്കുകയും കഫത്തെ കുറയ്ക്കുകയും ചെയ്യുന്നു.
*       പുതിയതായി ശേഖരിച്ച തേൻ ശരീരഭാരം വർദ്ധിപ്പിക്കുകയും സുഖശോചന നൽകുകയും
ചെയ്യുന്നു.
തേൻ സൗന്ദര്യവർദ്ധകം
തേൻ ഒരു സൗന്ദര്യ വർദ്ധക ഔഷധമായി പണ്ടുമുതലേ ഉപയോഗിച്ചുവരുന്നു. തേൻ
മുഖത്തുലേപനം ചെയ്ത്‌ അരമണിക്കൂർ കഴിഞ്ഞ്‌ കഴുകികളയുന്നത്‌ മുഖസൗന്ദര്യം
വർദ്ധിപ്പിക്കുന്നു. ക്ലിയോപാട്ര തന്റെ മുഖസൗന്ദര്യം വർദ്ധിപ്പിക്കുവാൻ
തേൻ ഉപയോഗിച്ചിരുന്നത്രെ. ഓട്ട്മീലും തേനും സംയോജിപ്പിച്ച്‌ ഒരു
പേസ്റ്റ്‌ രൂപത്തിലാക്കിയശേഷം മുഖത്തുലേപനം ചെയ്യുക. 15-30 മിനിട്ടിനു
ശേഷം ചൂടു വെള്ളവും തണുത്തജലവും കൊണ്ടു മാറി മാറി മുഖം കഴുകുക. അവസാനം
തണുത്തജലം കൊണ്ട്‌ വേണം മുഖം കഴുകുവാൻ. മുഖപേശികൾ ദൃഢമാകുന്നതിനും
മുഖകാന്തിയും യൗവ്വനവും നിലനിർത്തുന്നതിനും ക്ലിയോപാട്രയെ സഹായിച്ചതു ഈ
തേൻ പ്രയോഗമാണത്രെ.
തേൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
*       തേൻ തീയിൽ വച്ച്‌ ചൂടാക്കാൻ പാടില്ല. വെയിലത്തു വച്ച്‌ ജലാംശം വറ്റിക്കാം.
*       ചൂടു ഭക്ഷണ സാധനങ്ങളുമായി കലർത്തി ഉപയോഗിക്കുവാൻ പാടില്ല.
*       വളരെ ചൂടുള്ള അന്തരീക്ഷത്തിൽ കൂടുതൽ ജോലി ചെയ്യുമ്പോൾ അധികമായി തേൻ
കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
*       മഴവെള്ളം എരിവും പുളിയുമുള്ള ഭക്ഷണം, വിസ്കി, റം, ബ്രാണ്ടി
തുടങ്ങിയവയുമായി കലർത്തി തേൻ കഴിക്കുന്നത്‌ നല്ലതല്ല.
*       തേൻ ഫ്രിഡ്ജിൽ വച്ച്‌ തണുപ്പിക്കേണ്ട ആവശ്യവുമില്ല.
ചിലചികിത്സാരീതികൾ/ഉപയോഗക്രമങ്ങൾ
ആരോഗ്യവും  യൗവ്വനവും നിലനിർത്തുന്നതിന്‌ തേനിന്റെ പതിവായ ഉപയോഗം
സഹായിക്കുമെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു. രണ്ടോ, മൂന്നോ, സ്പൂൺ തേൻ ഒരു
ഗ്ലാസ്‌ ജലത്തിൽ ചേർത്തു കഴിച്ചാൽ ശരീരക്ഷീണം ക്ഷണത്തിലകറ്റാൻ കഴിയും.
അതു മാനസിക ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
രാത്രികിടക്കുന്നതിന്‌ മുമ്പ്‌ രണ്ടു സ്പൂൺ തേൻ വെള്ളത്തിലോ, പാലിലോ
ചേർത്തുകഴിക്കുന്നത്‌ ഉറക്കമില്ലായ്മയ്ക്ക്‌ പ്രതിവിധിയാണ്‌.
ജലദോഷവും തൊണ്ടപഴുപ്പും അകറ്റുവാൻ തേൻ പാലിൽ കലർത്തികഴിക്കുന്നത്‌
പ്രയോജനപ്രദമാണ്‌. തേനും സമം ചെറുനാരങ്ങാനീരും ചേർത്ത്‌ ഓരോ സ്പൂൺ
കഴിക്കുന്നതും തൊണ്ടവേദനയകറ്റാൻ സഹായിക്കുന്നു.
തേനും ഇഞ്ചിനീരും തുല്യഅളവിൽ ചേർത്ത്‌ ഇടക്കിടയ്ക്ക്‌ ഒന്നോ, രണ്ടോ സ്പൂൺ
വച്ച്‌ കഴിക്കുന്നത്‌ ജലദോഷവും ചുമയും, കഫശല്യവും മാറുന്നതിന്‌
സഹായിക്കുന്നു. അത്‌ ദഹനക്കേട്‌ മാറ്റുന്നതിനും സഹായകരമാണ്‌.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഒരു ടിസ്പൂൺ വെളുത്തുള്ളി നീരും രണ്ടു
ടിസ്പൂൺ തേനും ചേർത്തുകഴിക്കുന്നത്‌ ഫലപ്രദമാണ്‌.
അതിരാവിലെ ചെറുചൂടുള്ള ഒരു ഗ്ലാസ്‌ ജലത്തിൽ രണ്ട്‌ ടിസ്പൂൺ തേനും, ഒരു ടി
സ്പൂൺ നാരങ്ങാനീരും, കലർത്തി കഴിച്ചാൽ അജീർണ്ണം കുറയുകയും രക്തം
ശുദ്ധീകരിക്കപ്പെടുകയും ചെയ്യും.

ശരീരത്തിൽ തീപ്പൊള്ളലേറ്റാൽ ഉടൻതന്നെ പൊള്ളിയ ഭാഗത്തു തേൻ ലേപനം ചെയ്യുക.
ശരീരത്തിൽ പൊള്ളലിന്റെ പാട്‌ പോലും കാണുകയില്ല.
രണ്ടുസ്പൂൺ തേൻ ചേർത്തു കാരറ്റ്‌ ജ്യൂസ്‌ പതിവായി കഴിച്ചാൽ കാഴ്ചശക്തി
വർദ്ധിക്കും. കമ്പ്യൂട്ടറിന്റെ മുന്നിലിരിന്ന്‌ കൂടുതൽ സമയം
ജോലിചെയ്യുന്നവർക്ക്‌ ഇത്‌ കൂടുതൽ ആശ്വസകരമാണ്‌.
തേൻ ഒരു അണുനാശിനിയാണ്‌. അതുകൊണ്ട്‌ മുറിവിലും വ്രണത്തിലുമൊക്കെ തേൻ
പുരട്ടുന്നത്‌ അണുബാധ തടയുന്നു.

കാരെള്ളു തേൻ ചേർത്തുചവച്ചരച്ചു കഴിക്കുന്നതു ലൈംഗിക ശേഷി
വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.
ദിവസവും രാവിലെ നാലഞ്ച്‌ ബദാം പരിപ്പ്‌ തേൻ ചേർത്ത്‌ കഴിക്കുന്നത്‌
ശരീരക്ഷീണം അകറ്റുവാനും. കായബലം വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു.
ഇതൊരു ബ്രെയ്ൻ ഫുഡ്‌ ആയും കരുതപ്പെടുന്നു.
തേൻ ഒരു ഔഷധവും ടോണിക്കുമാണ്‌. പഞ്ചസാരയ്ക്കും, ജാമിനുമൊക്കെ പകരമായി തേൻ
ഉപയോഗിക്കാം. സർവ്വരോഗസംഹാരിയായ തേനിന്റെ പതിവായ ഉപയോഗം ആരോഗ്യവും,
ദീർഘയാസും നിത്യയൗവ്വനവും പ്രദാനം ചെയ്യും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...