Skip to main content

ചില ദാമ്പത്യ രഹസ്യങ്ങൾ !


കെ. സുദർശനൻ

‍്യൂഞ്ഞായറാഴ്ച വൈകുന്നേരങ്ങളിൽ മുമ്പ്‌ ഞാനൊരു സുഹൃത്തിനെ കാണാൻ
പോകുമായിരുന്നു. ആൾ എന്നെക്കാൾ ഒരുപാട്‌ സീനിയറാണ്‌. എങ്കിലും ഞങ്ങൾ
ഇടപെടുന്നത്‌ സുഹൃത്തുക്കളെപ്പോലെത്തന്നെ.
നോ സേൻസറിംഗ്‌! വിഷയമേതായാലും...
ഒരു ടി വി പ്രോഗ്രാമിലൂടെയാണ്‌ ഞങ്ങൾ പരിചയപ്പെടുന്നത്‌. എന്റെ അവതരണശൈലി
അദ്ദേഹത്തിന്‌ ഇഷ്ടമായത്രെ. അങ്ങനെ നമ്പറുകൾ കൈമാറി. മെല്ലെമെല്ലെ ആ ഫോൺ
ബന്ധം ഹൃദയബന്ധമായി.
പ്രശസ്തനായ ഒരു ശാസ്ത്രകാരനാണദ്ദേഹം.  വിദേശത്തെ വിവിധ
യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ്‌ പ്രോഫസറായിരുന്നു. ഇംഗ്ലീഷ്‌ ജേർണലുകളിൽ
ഇടയ്ക്കിടെ ഇന്റർവ്യൂകൾ വരാറുണ്ട്‌. പുരസ്കാരങ്ങൾ ലഭിച്ചതായുള്ള വാർത്തകൾ
കൂടെക്കൂടെ കാണാം. ഇനി വിശ്രമജീവിതം നയിക്കാവുന്നതേയുള്ളു. പക്ഷേ,
ഇപ്പോഴും ആക്ടീവ്‌ ആണ്‌.
പുതിയ പ്രോജക്ടുമായി ബന്ധപ്പെട്ട്‌ മിക്കവാറും തിരക്കിലായിരിക്കും.
ഇടയ്ക്കൊന്ന്‌ ഫ്രീ ആകുമ്പോൾ എന്നെ വിളിക്കും...
"ഒത്തിരി നാളായല്ലോ കൂടിയിട്ട്‌. ഒന്നിറങ്ങിക്കൂടെ?"
നഗരമദ്ധ്യത്തിൽ വിശാലമായ ഒരു ഓഫീസുണ്ട്‌ അദ്ദേഹത്തിന്‌.
സെക്രട്ടറിയുമുണ്ട്‌. ഒരു എം.ബി.എ.ക്കാരി.
വേറെയുമുണ്ട്‌ സ്റ്റാഫ്‌. അധികവും പെൺകുട്ടികളാണ്‌.
ഡ്രൈവറാണെങ്കിലോ, അംഗരക്ഷകനെപ്പോലെയും!
സ്ഥലത്തുള്ളപ്പോൾ വിസിറ്റേഴ്സിന്റെ റഷാണ്‌.
സെവന്റിയായി എന്ന്‌ സ്വയം ഓർമ്മപ്പെടുത്താറുണ്ട്‌, ഇടയ്ക്ക്‌. എങ്കിലും
കണ്ണട നിർബന്ധമില്ല.
മധുരം ഇരട്ടിവേണം. ബി.പിയോ കൊളസ്ട്രോളോ ഒന്നുമില്ല. പല്ലുകൾക്കാണെങ്കിൽ
പാമ്പൻപാലത്തിന്റെ ബലവും. കടിച്ചുമുറിക്കുന്നത്‌ കാണണം ഓരോന്ന്‌....
എന്തിന്‌ പറയുന്നു... 'ഷോർറൂം കണ്ടീഷൻ തന്നെ' ഇപ്പോഴും. പക്ഷേ ഒരു
കാര്യം... എവിടെപ്പോയാലും ഭാര്യാസമേതനായേ പോകൂ; സ്വദേശത്തായാലും
വിദേശത്തായാലും. അല്ലെങ്കിലും പുരുഷൻമാരുടെ വിജയത്തിനു പിന്നിൽ ഒരു
സ്ത്രീ ഉണ്ടാവുമെന്നാണല്ലോ. സംശയിക്കേണ്ട. ഇവിടെ ഭാര്യ തന്നെയാണ്‌ ആ
സ്ത്രീ.
എന്താ അവർ തമ്മിലുള്ള ഒരു സ്നേഹം! ഏതു വിഷയം ചർച്ചചെയ്താലും ഉടൻ അവർ
കടന്നുവരും. പിന്നെ പുള്ളിക്ക്‌ നൂറുനാവാണ്‌. ചിലപ്പോൾ ഞാനും ലീഡുചെയ്ത്‌
സംസാരിക്കും. ഈ കഥകളൊക്കെ കേൾക്കുന്നത്‌ അദ്ദേഹത്തിന്‌ വലിയ ഇഷ്ടമാണ്‌.
അങ്ങനെ കേട്ട്‌ രസിച്ചിരിക്കുമ്പോൾ ചില ഷോർട്ട്‌ ബ്രേക്കുകൾ വന്നുകേറും.
പലപ്പോഴും ക്ലൈമാക്സിൽ എത്തുമ്പോഴായിരിക്കും ഈ 'ഷോക്ക്‌'.
എനിക്ക്‌ അത്‌ സഹിക്കാനാവാത്ത കാര്യമാണെന്ന്‌ പുള്ളിക്കും അറിയാം.
എങ്കിലും ക്ഷമാപണത്തോടെ തന്നെ ആ ഫോണെടുക്കും.
അടുത്ത നിമിഷം മുതൽ കക്ഷി വേറൊരു ലോകത്താണ്‌.
"ങാ.. മോളൂ.. എന്തു ചെയ്യുന്നു കുട്ടാ അവിടെ! ങേ.. കണ്ടോ... വല്ല
കാര്യവുമുണ്ടോ? ഞാൻ പറഞ്ഞിട്ടില്ലേ, ഒറ്റയ്ക്ക്‌ അതൊന്നും
ചെയ്യരുതെന്ന്‌. അതൊക്കെ ആ തള്ള വന്നിട്ട്‌ ശരിയാക്കുമല്ലോ...
"ങേ... വേണ്ട വേണ്ട... എന്താ ബാലരമയോ... ഞാൻ വാങ്ങിക്കൊണ്ടുവരാം.
മോൾക്ക്‌ വേറെന്തു വേണം? ശരി... ശരി... ങാ, പിന്നേ... ഫിലിമിനു ബുക്കു
ചെയ്തു കേട്ടോ... സെക്കന്റ്ഷോ. നാളെ ഓർമ്മിച്ചോണേ. ശരി... ഞാനിപ്പോൾ
വരും... ഉം..മ്മ..!!"
ഫോൺ വച്ചപ്പോഴാണ്‌ ഞാൻ മുന്നിലിരിക്കുന്ന കാര്യം അറിയുന്നത്‌.
"സോറി..."
"കൊച്ചുമോളായിരിക്കും..."
"ഹേയ്‌... ശ്രീമതിയാ. മൂപ്പത്തിക്ക്‌ ഇടയ്ക്കിടയ്ക്ക്‌ എന്റെ ശബ്ദം കേൾക്കണം."
അതുകൊള്ളാം - അങ്ങോട്ട്‌ 'മോളേ'ന്ന്‌ വിളിച്ചിട്ട്‌ ഇങ്ങോട്ട്‌ 'മൂപ്പത്തി' എന്നോ!
അതൊക്കെ ആശാന്റെ ഒരു സ്റ്റൈലാണ്‌. സ്വീറ്റ്‌ ടംഗാണ്‌. എല്ലാവരോടും.
ജീവിതവും മധുരമയംതന്നെ. അവസാനിക്കാത്ത മധുവിധുവിലാണ്‌ രണ്ടാളും.
യെസ്‌, ആൾവേയ്സ്‌ ഇൻ എ ഹെവൻലി മൂഡ്‌! എന്തുകൊണ്ട്‌ ആയിക്കൂടാ? മക്കളൊക്കെ
ആകാശത്തോളം ഉയരത്തിൽ. അകലത്തിൽ. സൗകര്യങ്ങളും സൗഭാഗ്യങ്ങളും വേണ്ടുവോളം.
പിന്നെ, അസാധാരണമായ ആരോഗ്യവും.
ദൈവം അങ്ങനെയാണ്‌. കൊടുക്കുന്നവർക്ക്‌ കൊടുത്തുകൊണ്ടേയിരിക്കും;
സുഖമായാലും ദുഃഖമായാലും.
ഒരു സന്ധ്യയ്ക്ക്‌ എന്നോടദ്ദേഹം പറയുകയാണ്‌.
"കേട്ടേ ഇന്നു രാവിലെ ശ്രീമതി എന്നെ ഉമ്മവച്ചാണ്‌ ഉണർത്തിയത്‌.
എന്നിട്ട്‌ പറയുവാണ്‌... ഇന്ന്‌ ചേട്ടന്റെ ജന്മനാളാണെന്ന്‌! ഞാൻ പക്ഷേ
മറന്നുപോയി. പക്ഷേ മൂപ്പത്തി ഇന്നുവരെ അത്‌ മിസ്സു ചെയ്തിട്ടില്ല. പതിവ്‌
പൂജകളെല്ലാം നേരത്തെ ഏർപ്പാട്‌ ചെയ്തിരുന്നു."
അന്നുനടന്ന കാര്യങ്ങൾ അദ്ദേഹം ഒന്നൊന്നായി വർണ്ണിച്ചുകൊണ്ടേയിരുന്നു.
ഞാൻ പെട്ടെന്ന്‌ എന്റെ ബർത്ത്ഡേകളെക്കുറിച്ച്‌ ഓർമ്മിച്ചുപോയി. ഉമ്മ
പോയിട്ട്‌ ഒരു ഉണ്ണിയപ്പം പോലും...
ങേഹേ!
എപ്പോഴും ഞാൻ പറഞ്ഞാണ്‌ മറ്റേ 'അദ്ദേഹം' അറിയുന്നതുപോലും...
ങാ....!
അവിടെ, അപ്പോഴും വിസ്താരം തുടരുകയാണ്‌.
"ജീവിതം തുടങ്ങുമ്പോൾ ഞങ്ങൾ ഒറ്റയ്ക്കാണ്‌. രണ്ടു വീട്ടുകാരും കൈവിട്ട
അവസ്ഥ. ഏതാനും ഫർണീച്ചർ, ഏതാനും പാത്രങ്ങൾ. പക്ഷേ അന്നും എന്റെ മോള്‌
സന്തോഷവതിയായിരുന്നു. ഒരു പക്ഷേ ഇന്നത്തേക്കാൾ! ആ മനസ്സിന്റെ നിറവിൽ
നിന്നാണ്‌ ഇന്നു കാണുന്ന നിറവെല്ലാം ഉണ്ടായത്‌."
അന്നു രാത്രി വീട്ടിലേക്ക്‌ തിരിക്കുമ്പോൾ എന്റെ മനസ്സിലും സ്നേഹത്തിന്റെ
കാറ്റുവീശുന്നു; പ്രണയത്തിന്റെ സുഗന്ധവും.
കണ്ടില്ലേ - ഈ പ്രായത്തിൽപ്പോലും എത്ര 'ഫോഴ്സോടെ' ഇവർ സ്നേഹിക്കുന്നു!
സല്ലപിക്കുന്നു.
പിന്നെ താമസിച്ചില്ല. ഞാൻ അനുരാഗാർദ്രനായി മൊബെയിലെടുത്തു.
"ഹലോ, ങാ, എന്തു ചെയ്യുന്നവിടെ? ങേ... പിന്നേ... നിനക്ക്‌ ബാലരമയോ മറ്റോ
വാങ്ങിക്കൊണ്ടു വരണോ?"
തിരിച്ചു കേട്ടത്‌:
"ബാലരമയോ? അയ്യടാ! കൊഞ്ചാൻ കണ്ട നേരം! ആ ഗ്യാസിനു ബുക്കു ചെയ്യണമെന്ന്‌
പറഞ്ഞിട്ടെന്തായി? ദേ, ഒരു കാര്യം ഞാൻ പറയാം. ഇത്തവണ ഗ്യാസു തീർന്നാൽ,
അമ്മയാണെ സത്യം..."
ഞാൻ ഫോൺ കട്ട്‌ ചെയ്തു.
മതി, ആവശ്യത്തിനായി.
ഓരോരുത്തർക്കും ദൈവം ഓരോന്നു പറഞ്ഞിട്ടുണ്ട്‌.
മലയാളത്തിലെ പ്രശസ്തമായ ഒരു എഴുത്തുകാരിയോട്‌ ഒരിക്കൽ ഈ കാര്യം പറഞ്ഞു.
അവരുടെ നിഗമനം മറ്റൊന്നായിരുന്നു.
"ഈ പറയുന്ന സ്നേഹമൊന്നും അവർ തമ്മിൽ കാണില്ല. ഇതൊക്കെ അഭിനയമാണ്‌.
രണ്ടുപേരും പരസ്പരം അറിഞ്ഞുകൊണ്ടുള്ള ഒരു തരം വഞ്ചന. സത്യത്തിൽ നിങ്ങൾ
തമ്മിലുള്ള ജീവിതമാണ്‌ ആത്മാർത്ഥമായ ജീവിതം. അതിൽ നാട്യവുമില്ല.
കാപട്യവുമില്ല."
അത്‌, അവിടുന്നും പോയി!
*                      *              *                           *
ഓഫീസിൽ വച്ചാണ്‌ ഞാൻ ആ വാർത്ത അറിയുന്നത്‌. ഉടനേ കുതിക്കുകയായിരുന്നു
അങ്ങോട്ട്‌. ഞാൻ എത്തുമ്പോൾ ബോഡി കൊണ്ടുവന്നിട്ടില്ല.
വളരെ പെട്ടെന്നായിപ്പോയി.
ആക്സിഡന്റ്‌, അതും അമ്പലത്തിൽ പോയിട്ട്‌ മടങ്ങുമ്പോൾ.
എന്തായാലും പുണ്യമരണമാണ്‌.
ചടങ്ങ്‌, മക്കൾ വന്നിട്ടേ ഉള്ളൂ.
ആ മനുഷ്യന്റെ കാര്യമാണ്‌ കഷ്ടം. ഏതാണ്ട്‌ അബോധാവസ്ഥയിലാണ്‌.
എങ്ങനെ സഹിക്കും? എനിക്ക്‌ നേരിട്ട്‌ അറിയാവുന്നതല്ലേ..
ദിവസങ്ങൾ കഴിഞ്ഞു...
ആഴ്ചകൾ കഴിഞ്ഞു. ചടങ്ങുകൾ കഴിഞ്ഞു. മക്കളും ഒന്നൊന്നായി പിരിഞ്ഞു.
ആ ഒഴിഞ്ഞ വീട്ടിൽ ഒഴിഞ്ഞ മനസ്സുമായി അദ്ദേഹം ഇരിക്കുന്നു.
ആളിന്റെ രൂപം പോലും മാറിപ്പോയി....
ദീക്ഷയൊക്കെ വളർന്ന്‌... കന്യാകുമാരിയിൽ വച്ച്‌ അസ്ഥി ഒഴുക്കാൻ
സമുദ്രത്തിലേക്ക്‌ ഇറങ്ങിയങ്ങ്‌ പോവുകയായിരുന്നത്രെ!
പിന്നെ ഒരു വിധം കരയ്ക്കെത്തിക്കുകയായിരുന്നു.
എപ്പോഴും പ്രിയതമയെ അടക്കിയ ആ ഭാഗത്തുതന്നെയുണ്ടാവും. ഷാജഹാൻ ചെയ്തതുപോലെ
അവിടെ ഒരു മഹൽ പണിയാനുള്ള ഒരുക്കത്തിലാണെന്നു തോന്നുന്നു.
ഇതും ഞാൻ എഴുത്തുകാരിയോടു പറഞ്ഞു.
"പിന്നേ മഹൽ! അയാൾക്ക്‌ കുറ്റബോധമായിരിക്കും. ജീവിച്ചിരുന്നപ്പോൾ അവരോടു
കാണിച്ച ക്രൂരതകൾ ഓർത്തുള്ള ദുഃഖം; അല്ലാതെന്താ?"
ഫോണിൽ ആയത്‌ നന്നായി.
ഇത്ര 'കണ്ണിൽ ചോര'യില്ലാതെ സംസാരിക്കരുത്‌; ആരായാലും. നോവലിസ്റ്റാണു പോലും!
മാസങ്ങൾ കഴിഞ്ഞു. ഒരുവിധം നോർമലായി വരികയാണ്‌ അദ്ദേഹം. വീണ്ടും ക്ലീൻ
ഷേവായി. ഒരു ദിവസം വീട്ടിൽ ചെന്നപ്പോൾ എന്നോടു പറഞ്ഞു.
"അറിയാമല്ലോ... അന്നെനിക്ക്‌ ഒരു ബോധവുമില്ലായിരുന്നു. ആരോ പറഞ്ഞു.
കേരളകൗമുദിയിൽ മിസ്സിസ്സിന്റെ വാർത്തയും ഫോട്ടോയും ഒക്കെ നന്നായിട്ട്‌
കൊടുത്തിരുന്നെന്ന്‌. ഞാൻ കണ്ടില്ല. ഒന്നു കൊണ്ടുവരാമോ?"
ഞാൻ ഏറ്റു... അതെങ്കിലും.... നമ്മൾ ചെയ്യണമല്ലോ.
പെട്ടെന്ന്‌ അൽപ്പ വസ്ത്രാംഗിയായ ഒരു മദാമ്മ പുറത്തേക്കുവന്നു.
"ങാ... ഇത്‌ കാതറിൻ. കാനഡയിലെ നമ്മുടെ കഴിഞ്ഞ പ്രോജക്ടിൽ എന്റെ കൂടെ
ഉണ്ടായിരുന്നു."
എന്നെ അങ്ങോട്ട്‌ പരിചയപ്പെടുത്തുന്നതിന്‌ മുമ്പ്‌ മദാമ ചിരിച്ചുകൊണ്ട്‌
തിരിച്ചുപോയി.
കാതറിൻ...
തെറ്റില്ല.
'ടൈറ്റാനിക്‌' സിനിമയിലെ നായികയുടെ ഒരു ടച്ച്‌! എന്നാലും ലേശം കൂടി ജൗളി
ആകാമായിരുന്നു. കാതറിന്‌.
അന്നുതന്നെ ഞാൻ പത്രം തേടിയെടുത്തു. പതിവുപോലെ അതൊഴികെ ബാക്കി എല്ലാം
ഉണ്ടാവുമെന്നാണ്‌ കരുത്തിയത്‌.
പിന്നെ രണ്ടാഴ്ച ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല. മടങ്ങിവന്നതിനുശേഷം ഒരു
വൈകുന്നേരം ഞാനവിടെ ചെന്നു.
വീടിനു മുന്നിലെ പൂന്തോട്ടത്തിലിരിക്കുകയായിരുന്
നു അദ്ദേഹം. അഭിമുഖമായി
ഞാനും ഇരുന്നു.
അദ്ദേഹത്തിന്‌ ഒരു മൂഡില്ലായ്മ പോലെ. സംഭാഷണം ഇട്‌യ്ക്ക്‌ മുറിയുന്നു.
പഴയൊരു ഒഴുക്ക്‌ കിട്ടുന്നില്ല.
ദൈവമേ! ഓർമ്മയും കിട്ടാതാവുകയാണോ! മനസ്സ്‌ തളർന്നാൽ പ്രായം ഒരു
വ്യാഘ്രത്തെപ്പോലെ ആക്രമിക്കുമെന്ന്‌ കേട്ടിട്ടുണ്ട്‌.
ഞാൻ പത്രമെടുത്ത്‌ കൈയിൽ കൊടുത്തു. നിസ്സംഗതയോടെയാണ്‌ അദ്ദേഹം അത്‌
വാങ്ങിയത്‌. വായിച്ചതും അങ്ങിനെ തന്നെ.
അപ്പോഴും ശ്രദ്ധ പാളുന്നുണ്ട്‌. ആകെ ഒരു അരുതായ്ക. ഇനി, വിഷാദരോഗമോ മറ്റോ ആണോ?
വായിച്ചു കഴിഞ്ഞ്‌ പത്രം എന്റെ കൈയിൽ തിരികെത്തന്നു. ഞാൻ ഞെട്ടിപ്പോയി!
വീടിനെ ഫെയ്സു ചെയ്താണ്‌ അദ്ദേഹം ഇരിക്കുന്നത്‌. ഞാൻ എതിരെയും. എന്നാൽ,
പലപ്പോഴും എന്നെയല്ല നോക്കുന്നതെന്നും തോന്നി. ഐ ലെവൽ ഉയർന്നു
പോകുന്നതുപോലെ.
ഇടയ്ക്ക്‌ ഞാൻ വെറുതെ ഒന്നു തിരിഞ്ഞുനോക്കി.
ഞെട്ടിപ്പോയി!
ടെറസ്സിൽ കാതറിൻ ഇദ്ദേഹത്തെ നോക്കി എന്തോ ആംഗ്യം കാണിക്കുന്നു. (മിനിമം ഡ്രസ്സിൽ)
ആ പഹയനെ പറഞ്ഞുവിടണമെന്നായിരിക്കും! മതി. ഇനി ഇരുന്നാൽ ശോഭിക്കില്ല.
"ഞാൻ ഇറങ്ങട്ടെ ചേട്ടാ.."
"ആയിക്കോട്ടെ!"
അദ്ദേഹവും എഴുന്നേറ്റു കഴിഞ്ഞു.
പുറത്തിറങ്ങിയതും ഞാൻ ആ പത്രം നാലായി കീറി ആദ്യം കണ്ട ഓടയിലെറിഞ്ഞു.
മനസ്സിൽ അപ്പോൾ ആ എഴുത്തുകാരിയായിരുന്നു.
ചുമ്മാതല്ല അവർ നല്ല നല്ല നോവലുകൾ എഴുതുന്നത്‌!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…