എ. എസ്. ഹരിദാസ്
എഴുത്തിലെ ജനാധിപത്യം
സാഹിത്യത്തിന്റെ മലയാള ഭാഷയിലെ സ്വാധീനത്തിന്റെ വളർച്ചയറിയാൻ,
വിശ്വപ്രശസ്തമായ കൃതികൾ ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിച്ചുകൊണ്ടല്ല
വേണ്ടതെന്നാണ് ഇതെഴുതുന്നയാളുടെ അഭിപ്രായം. സമൂഹത്തിൽ എത്രമാത്രം
വ്യാപകമായിട്ടുണ്ട് എന്നതായിരിക്കണം അതിന്റെ അളവുകോൽ. സാധാരണ മനുഷ്യന്റെ
സാധാരണ അനുഭവങ്ങൾ പങ്കുവെയ്ക്കാനായി ഭാഷാസാഹിത്യത്തിന്റെ മാധ്യമം ഇന്ന്
വ്യാപകമായി ഉപയോഗിക്കപ്പെടുന്നു, മലയാളത്തിൽ ഒരു വശത്ത് സമൂഹം
ചിന്താപരമായി ഛിന്നഭിന്നമാവുകയും, വ്യക്തികളായി വിഘടിക്കപ്പെടുകയും
ചെയ്യുമ്പോൾ, മറുവശത്ത് അവരിൽ ഭാഷയെ വലുതായികാണുന്നവർ അവരുടെ അനുഭവങ്ങൾ
സമൂഹവുമായി പങ്കുവെയ്ക്കുവാൻ എഴുത്തിന്റെ വഴി സ്വീകരിക്കുന്നു.
മറ്റൊന്നും ചിന്തിക്കാതെ, കർമ്മ വ്യഗ്രതയിൽ ഏർപ്പെട്ടിരിക്കുന്ന സമൂഹം
ഒറ്റപ്പെട്ടവന്, അവന്റെ അഭിപ്രായങ്ങൾക്ക് ചെവ് കൊടുക്കുന്നില്ല.
പക്ഷേ, അകലങ്ങളിലുള്ള സമാനമനസ്കർ അജ്ഞാതനായ ഏകാന്തപഥികന് പറയാനുള്ളതിന്
ചെവിയോർത്തിരിക്കുന്നുണ്ടാവും.
ഇതാണു വാസ്തവത്തിൽ എഴുത്തിലെ ജനാധിപത്യം. ജനാധിപത്യത്തിന്റെ ശക്തി എങ്ങനെ
ജനങ്ങളാകുന്നുവോ, അതേപോലെ, എഴുത്തിന്റെ ജനാധിപത്യത്തിലും അവർ
തന്നെയാകുന്നു താരങ്ങൾ. എഴുത്തിന്റെ ലംബമായ വളർച്ച
സാഹിത്യത്തിലെ സമുന്നതരായ എഴുത്തുകാരാവുമ്പോൾ, അതിന്റെ തിരശ്ചീന വികാസം ജനങ്ങളുടെ സാഹിത്യ സ്വാധീനമാവുന്നു. ഓരോ
എഴുത്തുകാരനും തന്റെ തന്നെ ചുറ്റുപാടുകളിൽ നിന്ന് ആശയങ്ങൾ
സംഗ്രഹിക്കുകയും അത് എത്ര ശോഷിച്ച വിസ്തീർണ്ണമായാലും ശരി, അവ
അവിഷ്കരിച്ച് സംവാദങ്ങൾക്ക് വഴിതുറക്കുകയും ചെയ്യുന്നു. ഫലത്തിൽ
വെത്യസ്തങ്ങളായ പതിനായിരക്കണക്കിന് മനോവ്യാപാരമേഖലകൾ തുറക്കപ്പെടുന്നു
എന്നർത്ഥം. ഓരോ വ്യക്തിയും എണ്ണാൻ കഴിയാത്ത അളവിൽ വ്യത്യസ്ത മനോമണ്ഡലങ്ങൾ
കൊണ്ടു നടക്കുന്നുണ്ട്. അവ ഓരോന്നും ഭാഷയിലൂടെയോ, മറ്റു
കലാരൂപങ്ങളിലൂടെയോ ആവിഷ്കരിക്കപ്പെടുമ്പോൾ, സമാനമായി ചിന്തിക്കുന്നവർ
ആസ്വാദകരായി എത്തുകയും അവരുടെ അഭിപ്രായങ്ങളുടേയും വികാരങ്ങളുടേയും
ആവിഷ്ക്കാരം അത്തരം കൃതികളിൽ കണ്ടെത്തുന്നു. ഇവിടെയാണ്, ഇങ്ങനെയാണ്
എഴുത്തുക്കാരനും വായനക്കാരനും ജീവിതം സാർത്ഥകമാക്കുന്നത്!
എഴുത്തിലെ ഈ 'സാധാരണത്വം' നിലനിർത്തുന്ന വലിയ എഴുത്തുകാരുമുണ്ട്.
ജീവിതത്തിന്റെ നുള്ളുനുറുങ്ങനുഭവങ്ങൾ ഉന്നതമായ സൈദ്ധാന്തികതലത്തിൽ
എത്തിച്ചുകൊണ്ടെഴുതുന്ന ശ്രീ. സി.രാധാകൃഷ്ണൻ 'ജനാധിപത്യപരമായയി എഴുതി
കൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചാലറിയാം. എന്നാൽ അദ്ദേഹത്തിന്റെ മനസ്സ്
എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് തത്വചിന്തയുടെ ഉയർന്ന
മണ്ഠലങ്ങളിലാണ്. 'മലയാള സമീക്ഷ'യിലെ ജൂലൈ ലക്കത്തിലെ 'വാരിക്കെട്ടിയ
ഭാരങ്ങൾ ഇറക്കുകയുമാവാം' എന്ന തലക്കെട്ടിൽ എഴുതിയതു വായിക്കൂ!
അതിസാധാരണമായ അനുഭവങ്ങളെ അദ്ദേഹം തന്റേതായ തത്വചിന്തയോടാണു ഇവിടേയും
ഘടിപ്പിച്ചിരിക്കുന്നത്.
പി. രവികുമാറിന്റെ രചന, ഇന്ത്യൻ സംഗീത പാരമ്പര്യത്തിൽ ആകൃഷ്ട്ടനായ ജോൺഡി.
ഹിഗിൻസിനെ വായനക്കാർക്കു പരിചയപ്പെടുത്തുന്നു. അറിവിന്റെ
കടൽത്തീരത്തണയുന്ന ഇത്തരം ചിപ്പികളേയും മുത്തുകളേയും അടുത്തറിയാൻ ഇത്തരം
രചനകൾ വായനക്കാരെ സഹായിക്കുന്നു. മീരാകൃഷ്ണയുടെ പുസ്തകപരിചയക്കുറിപ്പ്
"മനുഷ്യൻ ഭാഷയിലാണു ജീവിക്കുന്നത്", ശ്രദ്ധേയം. ചിലേടത്ത് മീരാകൃഷ്ണ
കാട്ടുന്ന വിയോജനങ്ങൾ, വായനക്കാരനെ അഭിപ്രായങ്ങൾക്കു
പ്രേരിപ്പിക്കുന്നതാണ്. നിരൂപണത്തിന്റെ ആത്മാവ് വിമർശനമാണെന്ന സത്യം
മലയാളികൾ മറന്നുപോയ കാലമാണിന്നത്തേത്! എല്ലാറ്റിനേയും "പോസിറ്റീവാ"യി
കാണണമെന്ന നിർദ്ദേശത്തിൽ വിയോജിക്കാനുള്ള അവകാശം ഹനിക്കപ്പെടുന്നു.
വിമർശനം നിഷേധമല്ല, 'നേഗറ്റീവ്' ആയ പലതിനോടും സ്വയം പൊരുത്തപെടാൻ ഉള്ള
അധികാരവർഗ്ഗത്തിന്റെ ആജ്ഞാപനത്തിന്റെ തുടർച്ച തന്നെയാണ്
'പോസിറ്റീവിസ'ത്തിനു പിന്നിലുള്ളത്. ഇത് അറിയാവുന്നതിനാൽ തന്നെയാവാം
മീര വിയോജനം ഉയർത്തുന്നത്!
സ്വന്തം ഭാഷയോടുള്ള വികാരോത്തേജകമായ രചനയാണ് പി.സുരേഷിന്റെ "മലയാളം
മരിച്ചാൽ ആർക്കാണ് ചേതം'
ഭാഷയേയും സംസ്കാരത്തേയും സംരക്ഷിക്കേണ്ടത് വികാരത്തിന്റെ പേരിലല്ല.
സാമൂഹ്യസംവിധാനത്തിന്റെ അടിത്തറ സമ്പട്ഘടനയെന്തോ അതാണ്.
അപ്പോൾ, ഭാഷയും സംസ്കാരവും ജ്വലിച്ചുനിൽക്കണമെങ്കിൽ, നാടിന്റെ സമ്പട്ഘടന
ശക്തമാവണം. ഇന്ന് കേരളത്തിൽ എന്താണ്? സ്വാതന്ത്ര്യാനന്തരം തുടങ്ങി വച്ച
കുറച്ച് വ്യവസായസ്ഥാപനങ്ങളൊഴിച്ചാൽ എന്താണ് കേരളത്തിന്റെ
സാമ്പത്തികാടിത്തറ ഭദ്രമാക്കാൻ നമുക്ക് സ്വന്തമായുള്ളത്?
അതതുകാര്യങ്ങളിൽ സ്വയം പര്യാപ്തത്ത നേടാതെ നമ്മുടെ ഭാഷയേയും
സാഹിത്യത്തേയും സംസ്കാരത്തേയും സംരക്ഷിക്കാനും വളർത്താനുമാവില്ല. ആര്
നമുക്ക് അന്നം തരുന്നുവോ അവരോടാവും ജനങ്ങൾക്ക് ആഭിമുഖ്യമുണ്ടാവുക.
തൊഴിലില്ലായ്മയുടെ നാടായ കേരളത്തിൽ ശക്തമായ സാമ്പത്തികാടിത്തറ
കെട്ടിപ്പടുക്കാനായില്ലെങ്കിൽ ഭാഷയും തകരും, സംസ്കാരവും നശിക്കും. ഈ
അർത്ഥത്തിലുള്ള രാഷ്ട്രീയമാണ് ഇന്ന് കേരളത്തിനാവശ്യം.
എസ്. ഭാസുരചന്ദ്രനുമായുള്ള ഇരവിയുടെ അഭിമുഖം എഴുത്തിന്റെ
ക്രാഫ്ടിനെക്കുറിച്ച് കൂടുതൽ അറിയാൻ സഹായകമാകും. സി.പി. രാജശേഖരന്റെ ഈ
ലക്കം ഡയറിക്കുറിപ്പ് ശ്രദ്ധേയം. എന്നാൽ, ഒരു പാർട്ടിയെന്ന പരാമർശം
ചർച്ചചെയ്യണം. അങ്ങനെയൊരു 'പാർട്ടി' ഇന്നുണ്ടോ? സാങ്കേതികമായി
ഉണ്ടായിരിക്കാം. പൊതുവായ ഒരു ലക്ഷ്യത്തിലേക്ക്, നിശ്ചിതമായ ഒരു
പ്രത്യയശാസ്ത്രത്തെ ഉള്ളിൽ വഹിച്ച് ഏകമനസ്സോടെ മുന്നേറുന്ന
രാഷ്ട്രീയപ്രസ്ഥാനമാണല്ലോ, ഒരു 'പാർട്ടി'? ഇന്ന് ഏത് പാർട്ടിയാണ്
അങ്ങനെയുള്ളത്? എല്ലാ പാർട്ടികളിലും മിതവാദികളും തീവ്രവാദികളുമുണ്ടാവും.
ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു പാർട്ടിയും ഏകമനസ്സോടെ ഉള്ളവരുടെ
കൂട്ടായ്മയല്ല. തന്റെ മുൻതലമുറയുടെ രാഷ്ട്രീയമെന്തോ, അത് തുടരുന്നവരാണ്
തൊണ്ണൂറു ശതമാനവും പാർട്ടി പ്രവർത്തകരും അനുഭാവികളും. അങ്ങനെയൊരു പോക്ക്
എന്നല്ലാതെ, പലതും പഠിച്ചും അറിഞ്ഞും തെരഞ്ഞെടുക്കുന്ന ഒരു സംസ്ക്കാരം
എന്നേ അന്യമായിരിക്കുന്നു!
എസ്.ഭാസുരചന്ദ്രൻ |
'പ്രണയ' ത്തെക്കുറിച്ചുള്ള സുധാകരൻ ചന്തവിളയുടെ ലേഖനം ശ്രദ്ധേയം. ഇന്ത്യൻ
സമൂഹത്തിന്റെ കുടുംബസങ്കൽപങ്ങളാൽ ഭരിക്കപ്പെടുന്നവർക്ക് ഇത്
സ്വീകാര്യമാവുമോ എന്ന പ്രശ്നമേയുള്ളൂ. അതു കൂടി ഈ ലേഖനത്തിന് ഒരു
തുടർച്ച ചേർക്കാമായിരുന്നു.
ജ്യോതിർമയി ശങ്കരന്റെ സ്ത്രീധനത്തെക്കുറിച്ചുള്ള വേവലാതികൾ സംബന്ധിച്ച
ലേഖനത്തിൽ വിഷയത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചു കൂടി പരാമർശിക്കാൻ
ശ്രമിക്കണമായിരുന്നു. പണത്തിന് ആർത്തി കൂടുന്ന സമൂഹം, ചൂഷണത്തെ
മേന്മയായികാണുന്നതുകൂടിയാണ്. മുതലാളിത്തം വളർന്നുവരുന്ന
ഇന്ത്യയാണിന്നത്തേത്. അതിന്റെ സ്വാധീനം എല്ലാറ്റിനേയും
ദുഷിപ്പിക്കുമെന്നതുപോലെ കുടുംബബന്ധങ്ങളേയും ഇല്ലാതാക്കുന്ന തരത്തിൽ
വളരുമെന്ന തിരിച്ചറിവുണ്ടാവണം.
പി.രവികുമാർ |
ഫൈസൽ ബാവയുടെ പംക്തി (വാടിക്കരിഞ്ഞമുല്ലപ്പൂ)കുറച്ചു കൂടി വിശദമായിപ്രശ്നത്തെ പരിശോധിക്കണം. പ്രത്യേകമായ തത്വചിന്താഭിമുഖ്യമോ, രാഷ്ട്രീയമോ
ഇല്ലാതെയാണ് 'മുല്ലപ്പൂ വിപ്ലവം ' നടന്നത്തെന്നത് വാസ്തവമാണ്. എന്നാൽ
ജനങ്ങളുടെ വികാരം ഭരണകൂടത്തെ വിറപ്പിക്കുന്നതു തന്നെ വലിയ കാര്യമാണ്.
ഇന്നത്തെ സമൂഹം ആവശ്യപ്പെടുന്ന തരത്തിൽ സമഗ്രമായൊരു മാറ്റമുണ്ടാവാൻ
സർവ്വദേശീയതലത്തിലുള്ള ജനകീയ ഐക്യത്തിലൂടെ മുന്നേറ്റമുണ്ടാവണം.
സമയമെടുത്തിട്ടാണെങ്കിലും അതുണ്ടാവുമെന്നത് നിസ്തർക്കമാണ് .
ആർ. ശ്രീലതാവർമ്മയുടെ 'അക്ഷരരേഖയ്ക്കു' പ്രത്യേക വിശകലനം ആവശ്യമില്ല.
ശ്രീപാർവ്വതിയുടെ യാത്രാവിവരണത്തിന്റെ രണ്ടാം ഭാഗവും, ആദ്യത്തേതിന്റെ
നിലവാരം പുലർത്തി. എന്നാൽ ഒപ്പിയെടുക്കേണ്ട ഒട്ടേറെ കാഴ്ചകൾ
വിശദീകരിക്കാഞ്ഞത് ഇഛാഭംഗമുണ്ടാക്കിയെന്ന് പറയാതെ വയ്യ. നല്ല ഭാഷ
കൈവശമുള്ള എഴുത്തുകാരിയുടെ പുതിയ യാത്രാവിവരണങ്ങൾക്കായി കാത്തിരിക്കാതെ
വയ്യ.
ജനങ്ങളുടെ വികാരം ഭരണകൂടത്തെ വിറപ്പിക്കുന്നതു തന്നെ വലിയ കാര്യമാണ്.
ഇന്നത്തെ സമൂഹം ആവശ്യപ്പെടുന്ന തരത്തിൽ സമഗ്രമായൊരു മാറ്റമുണ്ടാവാൻ
സർവ്വദേശീയതലത്തിലുള്ള ജനകീയ ഐക്യത്തിലൂടെ മുന്നേറ്റമുണ്ടാവണം.
സമയമെടുത്തിട്ടാണെങ്കിലും അതുണ്ടാവുമെന്നത് നിസ്തർക്കമാണ് .
ആർ. ശ്രീലതാവർമ്മയുടെ 'അക്ഷരരേഖയ്ക്കു' പ്രത്യേക വിശകലനം ആവശ്യമില്ല.
ശ്രീപാർവ്വതിയുടെ യാത്രാവിവരണത്തിന്റെ രണ്ടാം ഭാഗവും, ആദ്യത്തേതിന്റെ
നിലവാരം പുലർത്തി. എന്നാൽ ഒപ്പിയെടുക്കേണ്ട ഒട്ടേറെ കാഴ്ചകൾ
വിശദീകരിക്കാഞ്ഞത് ഇഛാഭംഗമുണ്ടാക്കിയെന്ന് പറയാതെ വയ്യ. നല്ല ഭാഷ
കൈവശമുള്ള എഴുത്തുകാരിയുടെ പുതിയ യാത്രാവിവരണങ്ങൾക്കായി കാത്തിരിക്കാതെ
വയ്യ.
സുധാകരൻ ചന്തവിള |
"ഉത്തര- ഉത്തരാധുനികത"യെക്കുറിച്ചുള്ള അരുൺ കുമാറിന്റെ പരിചയക്കുറിപ്പ്,
ആധുനികമായ ഭാഷയുടെ തേജസ്സ് വെളിവാക്കുന്നു. ഇന്നത്തെ ഉത്തരാധുനിക
സാഹിത്യലോകം നേരിടുന്ന നിലനിൽപിന്റെ ഭീഷണിയെക്കുറിച്ച് ശ്രീ. എം.കെ.
ഹരികുമാറിനുള്ള അഭിപ്രായങ്ങളുടെ അന്ത:സത്ത വെളിവാക്കുന്നതാണ്,
ഹ്രസ്വമെങ്കിലും അരുൺകുമാറിന്റെ അവലോകനം. ആനുകാലികകേരളത്തിന്റെ ധൈഷണികത
എത്തിനിൽക്കുന്ന അമ്പരപ്പിക്കുന്ന ശൂന്യതയെക്കുറിച്ച് ശ്രീ.
ഹരികുമാറിന്റെ നിരീക്ഷണങ്ങൾ ആരെയും ചിന്തിപ്പിക്കുമെന്ന പ്രസക്തമായ
ആശയമാണ്പുസ്തകകുറിപ്പിന്റെ ഉള്ളടക്കമെന്നു പറയാം.
ചെറുകഥ:
തോമസ് പി.കൊടിയന്റെ 'പിൻ പുറക്കാഴ്ചകൾ' ഇനിയും തുടരുന്ന മലയാളചെറുകഥാ
സാഹിത്യത്തിന്റെ പാരമ്പര്യത്തെ ഓർമ്മിപ്പിച്ചു. പള്ളികൾ വീണ്ടും
മണിമേടകളാവുകയും അവിടെ ഗുണ്ടാപ്പിരിവുകാരും ചുങ്കക്കാരും താവളമടിക്കുകയും
ചെയ്യുന്ന ഇക്കാലത്ത് ആ 'പഞ്ചക്ഷതധാരി' ചാട്ടവാറുമായി
ഉയിർക്കൊള്ളുകതന്നെവേണം.
വ്യത്യസ്തമായ പ്രമേയം പ്രതിപാദിക്കുന്ന സണ്ണിതായങ്കരിയുടെ
കഥ'ഗൗളിപുരാണം', ശ്രീജിത്ത് മുത്തേത്തിന്റെ 'അപ്രിയങ്ങളിൽ
മഞ്ഞുറയുമ്പോൾ' എന്നിവ നന്നായി. മറ്റുള്ള കഥകളും 45ഓളം കവിതകളും കഴിഞ്ഞ ലക്കം
മലയാള സമീക്ഷയിലുണ്ട്.