19 Aug 2012

യെരുശലേം വീഥിയിൽ കണ്ടു ഞാൻ.....



.
തോമസ്‌ പി കൊടിയൻ

‍മുട്ടവിരിഞ്ഞു പുറത്തുവന്ന പക്ഷിക്കുഞ്ഞിന്റെ നനവോടെ പ്രഭാതം
വിറച്ചുവിറച്ചെഴുന്നേൽക്കാൻ ബദ്ധപ്പെടുകയായിരുന്ന ആ സമയത്ത്‌, ഉപരിതലം
ശാന്തമെങ്കിലും അന്തഃക്ഷോഭം കൊണ്ടു വിങ്ങുന്ന രണ്ടു സമുദ്രങ്ങൾ പോലെ
സഖറിയാസും ഭാര്യ നിർമ്മലയും വീടുവിട്ടിറങ്ങി. പോർച്ചിൽ അവരുടെ കാർ
കിടന്നിരുന്നു. മനുഷ്യഹൃദയത്തിന്റെ നിറമുള്ള ഒരു മാരുതി ആൾട്ടോ. അതു
സ്റ്റാർട്ടു ചെയ്ത്‌ ഗെയ്റ്റു കടന്നു റോഡിലേക്കിറങ്ങുമ്പോൾ മക്കൾ
രണ്ടുപേരും പിന്നിൽ നിന്ന്‌ കൈകളുയർത്തിവീശുന്നതു തിരിഞ്ഞു
നോക്കുവാൻപോലും ശേഷിയില്ലാത്തവരെപ്പോലെ അവർ കുഴഞ്ഞിരുന്നു.
കാറിന്റെ ചില്ലുപാളികളെല്ലാം ഉയർത്തി ബാഹ്യലോകത്തെ ജീവന്റെ ശബ്ദങ്ങളെ
കാറിനുള്ളിലെ മൗനത്തിൽ നിന്നും അവർ വേർതിരിച്ചു. തിരക്കേറിവരുന്ന പാതയിലെ
ശബ്ദപ്രളയത്തിൽ മൗനത്തിന്റെ ഒരു ചെറുതുരുത്തുപോലെയും ഓട്ടപ്പന്തയത്തിൽ
തോറ്റുകൊണ്ടിരിക്കുന്ന പന്തയക്കാരന്റെ ആത്മവിശ്വാസക്കുറവോടെയും അതു
മുന്നേറിക്കൊണ്ടിരുന്നു.
കാറിനകത്തെ മൂകതയെ ഇടയ്ക്കിടെ മുറിവേൽപ്പിച്ചുകൊണ്ട്‌ അയാൾ
സ്റ്റിയറിംങ്ങ്‌ തിരിക്കുമ്പോൾ വസ്ത്രങ്ങളുരസ്സുന്ന ശബ്ദമുയർന്നു.
ചിലപ്പോൾ, ഗിയറുകൾ മാറുമ്പോൾ ചെറുലോഹമർമ്മരങ്ങളുയർന്നു. മറ്റു ചിലപ്പോൾ
ചെറിയ ഇടവേളകളിൽ ഇരുവരുടേയും ദീർഘനിശ്വാസങ്ങൾ പൊള്ളുന്ന ഒരു വാൾ പോലെ
കാറിനകത്തെ മൗനം പിളർത്തി. അപ്പോൾ മാത്രം അവർ പരസ്പരം നോക്കുകയും
സാന്ത്വനിപ്പിക്കുന്നതുപോലെ പുറത്തോ തുടയിലോ മൃദുവായി കൈകൾ കൊണ്ടു തട്ടി
ആശ്വസിപ്പിക്കുകയും ചെയ്തു. തിക്തമായ മൗനം തളം കെട്ടിക്കിടന്ന
കാറിനകത്ത്‌ ഈ ശബ്ദങ്ങളൊഴികെ, ജീവൻ മുളപൊട്ടുന്ന ഒരു ഗർഭപാത്രത്തിനകത്തെ
സാന്ദ്രമൗനവും പ്രാർത്ഥനയും കനത്തു കിടന്നു.
ഏകദേശം ഒരു മണിക്കൂറോളമോടിയ കാർ നഗരത്തിലേക്കു പ്രവേശിക്കുന്ന വലിയ
കവലയിൽ വച്ച്‌ ഒരു ട്രാഫിക്‌ പോലീസുകാരൻ കൈകാണിച്ചു നിർത്തിച്ചു.
"സർ ഒരഞ്ചു മിനിറ്റിനു ശേഷം പോകാം. ഒരപകടം നടന്നിരിക്കുന്നു." അത്രയും
പറഞ്ഞ്‌ അയാൾ തിരക്കിട്ട്‌ അടുത്തുവരുന്ന മറ്റൊരു വാഹനം
നിറുത്തിക്കുന്നതിനുവേണ്ടി അതിനു നേരെ നടന്നു.
സഖറിയാസ്‌ വണ്ടി പാതയരികിലൊതുക്കി. വാഹനത്തിന്റെ ഗ്ലാസ്സുകൾ താഴ്ത്തി.
വാഹനത്തിനകത്തേയ്ക്ക്‌ ബാഹ്യലോകത്തിന്റെ ശബ്ദങ്ങളും അടയാളങ്ങളും
വ്യക്തത്തയോടെ ഇരമ്പിക്കയറിവന്നു. മുന്നിലും പാതയുടെ മറുവശത്തും ധാരാളം
വാഹനങ്ങൾ ചിറകുകളൊതുക്കി, വേഗങ്ങളൊതുക്കി വിനയാന്വിതരായിക്കിടക്കുന്നത്‌
അയാൾ കണ്ടു.
എന്തപകടം? എവിടെ? എങ്ങനെ? ~ഒരേസമയം ഇരമ്പി വന്ന അനേകം ചോദ്യങ്ങളിൽ
മനസ്സുടക്കിയ അയാൾ മറുപടിക്കുവേണ്ടി കാറിലെ എഫ്‌.എം.റേഡിയോ ഓൺ ചെയ്തു.
ഇതുപോലുള്ള സാഹചചര്യങ്ങളിൽ നഗരത്തിലെ എഫ്‌.എം.റേഡിയോകൾ ചെയ്യുന്ന സേവനം
അതുല്യമാണെന്ന്‌ അനുഭവങ്ങൾ കൊണ്ട്‌ അയാൾ മനസ്സിലാക്കിയിരുന്നു.
റേഡിയോ സംസാരിച്ചു തുടങ്ങി. "സുഹൃത്തേ, താങ്കൾ എത്ര തിരക്കിലാണെങ്കിലും
ഒരഞ്ചുമിനിറ്റ്‌ വാഹനം ഒതുക്കിയിട്ടു സഹകരിക്കുക. അഞ്ചുമിനിറ്റിനുള്ളിൽ
അറ്റുപോയൊരു പിഞ്ചുകാൽ അതിന്റെ ഉടമയെത്തേടി ഇതുവഴി കടന്നുപോകും. രാവിലെ
ഏഴുമണിക്കു നടന്ന ഒരു വാഹനാപകടത്തിൽ അമ്മയെ നഷ്ടമായ ഒരു കുഞ്ഞിനെ
നല്ലവരായ കുറച്ചു പേർ ചേർന്ന്‌ ഈ നഗരത്തിലെ ഒരു
ആശുപത്രിയിലെത്തിച്ചിട്ടുണ്ട്‌. അമ്മയോടൊപ്പം സ്ക്കൂട്ടറിൽ
സഞ്ചരിക്കുകയായിരുന്ന അവളെ ആശുപത്രിയിലെത്തിച്ച രക്ഷാപ്രവർത്തകർക്ക,​‍്‌
അവളുടെ മുറിഞ്ഞുപോയ പിഞ്ചുപാദം എടുക്കുവാൻ അപ്പോൾ കഴിഞ്ഞിരുന്നില്ല.
ടിപ്പറിനടിയിൽപ്പെട്ടു വല്ലാതെ പരിക്കേറ്റ ആ പിഞ്ചുപാദവുമായി ഒരു
ആമ്പുലൻസ്‌ ഉടൻ തന്നെ നിങ്ങളെ കടന്നുപോകും. അതുവരെ മാത്രം നിങ്ങൾ
ക്ഷമിക്കുക. നിങ്ങളുടെ ഇത്തിരി ക്ഷമ ചിലപ്പോൾ ഒരു പിഞ്ചുകുഞ്ഞിന്‌ അവളുടെ
പിഞ്ചുകാൽ തിരികെ നൽകിയേക്കും. അവളും നമ്മുടെ കുഞ്ഞുങ്ങളെപ്പോലെ ഭൂമിയിൽ
നടന്നേക്കും. മനുഷ്യ മനഃസാക്ഷിയുടെ അലിവിൽ കുതിരുന്ന ഈ നിമിഷങ്ങളിൽ രണ്ടു
ജില്ലകളിലെ ഗതാഗതനിയമങ്ങളും, നമ്മുടെ പല ലിഖിതനിയമങ്ങളും അവയുടെ
കടുംപിടുത്തങ്ങളൊഴിവാക്കി, ഈ കുഞ്ഞുപാദത്തിനുവേണ്ടി വിനയാന്വിതരായി
പ്രാർത്ഥനാഭരിതമായ നിമിഷങ്ങളാണു ചിലവഴിച്ചു കൊണ്ടിരിക്കുന്നത്‌.
ഒരുപാടാളുകളും അവരുടെ പ്രയത്നവും പ്രാർത്ഥനകളും ആ കുഞ്ഞിനോടൊപ്പമുണ്ട്‌.
നിങ്ങളും ഇപ്രകാരം ഒരൽപനേരം സഹകരിക്കുക. ഈ സഹകരണമാണ്‌ അവൾക്കു വേണ്ടി
                                            2
യുള്ള നിങ്ങളുടെ പ്രാർത്ഥന...... ഇത്‌ റേഡിയോ എഫ്‌.എം........."
ഒരു പിഞ്ചുകുഞ്ഞിന്റെ വലിയ വേദന ആ ദമ്പതികളുടെ മനസ്സിന്റെ ആകാശങ്ങളെ ഇരുൾ
കൊണ്ടു മൂടി. അർത്ഥഗർഭങ്ങളായ നോട്ടങ്ങളോടെയും സ്തോഭം കൊണ്ട മുഖത്തോടെയും
സ്വയം നഷ്ടപ്പെട്ടവരായി അവർ അൽപ നേരം തരിച്ചിരുന്നു. കാട്ടുതീ പടരുന്ന
ഒരു വനാന്തരം അവരുടെ മുഖത്തു തിളങ്ങി. അവർ പാതയിലേക്കു നോക്കി. വിജനമായ
രാജപാത ഒരു പിഞ്ചുപാദത്തിന്‌ അതിന്റെ പൂർണ്ണത നൽകേണ്ടുന്ന പ്രാർത്ഥനയിൽ
മുഴുകിക്കിടക്കുകയാണ്‌. പാതയോരങ്ങളിലെ എല്ലാ കണ്ണുകളും കാതുകളും
അരുതാത്തതും അനിവാര്യവുമായൊരു കാഴ്ചയ്ക്കും കേൾവിയ്ക്കും വിധേയമാവേണ്ടി
വരുന്നതിലെ വേദനയോടെ, പാതയുടെ കാണാവുന്നത്ര ദൂരം മിഴിനട്ടുനിൽക്കുകയാണ്‌.
ഒടുവിൽ ആ നിമിഷം വന്നു. സൈറണുകളുടെ മുഴക്കത്തോടെ അവർ കാത്തിരുന്ന വാഹനം
അതിശീഘ്രം അവരെ കടന്നുപോയി.
പെട്ടെന്ന്‌ കാറിനരുകിലെ ഒരു ഹോട്ടലിന്റെ വരാന്തയിൽ നിന്നൊരു നിലവിളി കേട്ടു.
"അമ്മാ, തായേ, ആണ്ടവനേ.... അന്ത കൊഴന്തൈയ്ക്കു ഗുണമാകണുമേ.... അന്ത
കൊഴന്തൈയ്ക്കു ഗുണമാകണുമേ...." തെരുവോരത്ത്‌ അന്തിയുറങ്ങുന്ന ഒരു
തമിഴ്ക്കാരി സ്ത്രീ ആകാശങ്ങളിലേയ്ക്കു കൈയുയർത്തി പ്രാർത്ഥിക്കുകയാണ്‌.
പ്രാദേശികമോ, ഭാഷാപരമോ ആയ അതിർവരമ്പുകളില്ലാത്ത അമ്മ മനസ്സുകളിലൊന്നിനു
തീ പിടിച്ചിരിക്കുന്നു. ആരോ പെറ്റ ആരുടെയോ കുഞ്ഞിനുവേണ്ടി വേറൊരമ്മ - ഒരു
പരദേശക്കാരി അമ്മ ഉറക്കെക്കരയുകയാണ്‌. അവരുടെ പ്രാർത്ഥന ആകാശങ്ങളുടെ
ആഴങ്ങളെ കീറിപ്പിളർത്താൻ തക്ക വേദനയിൽ തീട്ടിയെടുത്തത്തായിരുന്നു.
ആ സ്ത്രീയുടെ ഭർത്താവ്‌ അവരെ അടുക്കിപ്പിടിച്ച്‌ അടുക്കിപ്പിടിച്ച്‌
കടത്തിണ്ണയിലിരുത്തി. അവരാവട്ടെ കരച്ചിൽ നിറുത്താതെ തന്നെ
അടുത്തുനിന്നിരുന്ന മകളെ ചേർത്തുനിർത്തി അപകടം പറ്റിയത്‌ അവൾക്കാണെന്ന
വിധം ഉമ്മ വയ്ക്കുകയും പതം പറഞ്ഞു കരയുകയും ചെയ്തു. അപ്പോഴാണ്‌ ഹോട്ടലിലെ
ടി.വി.യിൽ ആ അപകടത്തിന്റെ ലൈവ്‌ ടെലക്കാസ്റ്റിങ്ങ്‌
നടന്നുകൊണ്ടിരിക്കുന്നത്‌ സഖറിയാസ്‌ ദമ്പതികളുടെ കണ്ണിൽപ്പെട്ടത്‌.
മരിച്ചുപോയ അമ്മ.... പാദമറ്റ കുഞ്ഞിന്റെ വിളറിയ ചന്ദ്രമുഖം...  ചോര തളം
കെട്ടിക്കിടക്കുന്ന റോഡിൽ തകർന്നുകിടക്കുന്ന സ്കൂട്ടർ. മരണത്തിന്റെ
നിർദാക്ഷിണ്യതയുമായി ടിപ്പറിന്റെ പിൻചക്രങ്ങൾ...
തമിഴ്ക്കാരി സ്ത്രീ അതിൽനിന്നാവാം കാര്യങ്ങൾ മനസ്സിലാക്കിയത്‌.
സഖറിയാസ്‌ കണ്ണുകൾ പിൻവലിച്ചു, സ്റ്റിയറിങ്ങിൽ മുഖം താഴ്ത്തി. അയാൾ
വിചാരിക്കുകയായിരുന്നു ആമ്പുലൻസിൽ ഏതോ ഒരുതരം പെട്ടിയിൽ, ഐസിൽ, അറ്റുപോയ
അവളുടെ പൂമ്പാദമുണ്ടായിരിക്കും. ഞെരിഞ്ഞ പാദത്തിലെ പാദസരങ്ങൾ ചോരയിലും
മാംസത്തിലും കുതിർന്നിരിക്കും.... ദൈവമേ.... ദൈവമേ....
ഒരമ്മയുടെ അലിവിന്റെ കാരുണ്യമഴ പെയ്തിറങ്ങുന്നതു പോലെ അയാളുടെ ശിരസ്സിനു
പിന്നിൽ  നിർമ്മലയുടെ കൈ മൃദുവായൊഴുകുന്നതറിഞ്ഞ്‌ അയാൾ
ശിരസ്സുയർത്തിനോക്കി. അയാളപ്പോൾ പെയ്തിറങ്ങിയ ഒരു മേഘമായിരുന്നു.
അവരും....
നിർമ്മല സാവധാനം പറഞ്ഞു. "വേണ്ട. നമുക്കതു ചെയ്യണ്ട. നമുക്കു മടങ്ങിപ്പോകാം."
അവർക്കിടയിൽ എപ്പോഴും അതങ്ങനെയായിരുന്നു. രണ്ടുപേരും ഒരു
കാര്യത്തെപ്പറ്റി ഒരേപോലെ ചിന്തിയ്ക്കും. അവർക്കിടയിലെ പൊരുത്തം
അത്രമാത്രമുണ്ടായിരുന്നു. അവർ ഒരേ നാട്ടിൽ ജനിച്ചവരാണ്‌. ഇപ്പോൾ ഒരേ
സ്കൂളിലെ അദ്ധ്യാപകരും. ഓർമ്മവച്ച കാലം മുതൽ ഒരേ പള്ളിയിലെ കാസയിലേയും
പീലാസയിലേയും ദൈവസ്നേഹമുണ്ടിരുന്ന അവർ സ്നേഹിച്ചു വിവാഹിതരായവരാണോ എന്ന്‌
അവരോടു ചോദിച്ചാൽ 'അതേയല്ല' എന്ന്‌ അവർ പറയും. വീട്ടുകാർ ആലോചിച്ചു
തീരുമാനിച്ചതാണെന്നും പറയും. പക്ഷേ ആ 'അതേയല്ലയിൽ' അതേ എന്നും അല്ല
എന്നും രണ്ടു പദങ്ങളുണ്ടെന്നും, ആ ദാമ്പത്യ സഫലതയ്ക്കുവേണ്ടി അവർ
അനുഷ്ഠിച്ച നോമ്പുകളും പ്രാർത്ഥനകളും ബോധപൂർവ്വമായ ഇടപെടലുകളും
എത്രമാത്രമായിരുന്നുവേന്നും തിരിച്ചറിഞ്ഞിരുന്ന ക്രിസ്തു,
സക്രാരിയിലിരുന്ന്‌ കുസൃതിയോടെയും വാത്സല്യത്തോടെയും ഗോ‍ൂഢമായി
ചിരിക്കും.
നിർമ്മലയുടെ ആ മറുപടിയ്ക്കു കാത്തിരുന്ന ഒരാളെപ്പോലെ അയാൾ സാവധാനം വണ്ടി
തിരിച്ചു. രാജപാത അതിന്റെ സ്വാഭാവിക തിരക്കുകളിലേക്കു മടങ്ങിയിരുന്നു.
കൂട്ടിലേയ്ക്കു മടങ്ങി വരുന്ന ഒരു പക്ഷിയുടെ പരമശാന്തിയോടെ തിരികെയെത്തിയ
വാഹനം കണ്ട്‌ മക്കൾ അമ്പരന്നു. സ്റ്റെപ്പുകൾ കയറിവന്ന അമ്മയോടായി അവർ
ചോദിച്ചു. "അപ്പോ, വൈകുന്നേരമേ
                                                  3
വരികയുള്ളുവേന്നു പറഞ്ഞിട്ട്‌...."
"അമ്മയ്ക്കു പെട്ടന്നൊരു തലവേദന" കരഞ്ഞു കലങ്ങിയ മുഖം മക്കൾ
കാണാതിരിക്കുവാൻ ബദ്ധപ്പെട്ട്‌ അകത്തേക്കു കടക്കുമ്പോൾ അവർ പറഞ്ഞു. പക്ഷേ
അമ്മയ്ക്കെന്തോ വിഷമം തട്ടിയിട്ടുണ്ടെന്നു മനസ്സിലാക്കിയ മക്കൾ അമ്മയുടെ
പിന്നാലെ ചെന്നു. നിർമ്മലയാവട്ടെ നേരെ ചെന്ന്‌ കട്ടിലിലേയ്ക്കു
വീഴുകയാണുണ്ടായത്‌.
സഖറിയാസ്‌ ചുവപ്പു നിറമുള്ള ഷീറ്റുമേഞ്ഞ ടെറസ്സിലേക്കുപോയി.
മക്കൾ അമ്മയുടെ അടുത്തു വന്നിരുന്നു.
"പറ അമ്മേ, എന്താ പറ്റിയേ? ഒന്നു രണ്ടു ദിവസായല്ലോ അമ്മയ്ക്കും
അപ്പയ്ക്കും ഈ മൗനം. ഈ വിഷമം? എന്താണെങ്കിലും ഞങ്ങളോടും പറ." മൂത്തവളായ
റിയ അമ്മയുടെ ശിരസ്സിൽ തലോടിക്കൊണ്ടു ചോദിച്ചു.
നിർമ്മല ശ്വാസം കഴിക്കുവാൻ വിഷമിക്കുന്നതു പോലെയും ഉമിനീരിനു പാടുപെടുന്ന
ഒരുവളെപ്പോലെയും വിഷമിക്കുന്നതു കണ്ട ഇളയവൻ - നിഖിൽ വേഗം പോയി ഒരു
ഗ്ലാസ്‌ വെള്ളം കൊണ്ടുവന്ന്‌ അമ്മയ്ക്കു കൊടുത്തു. എഴുന്നേറ്റിരുന്ന്‌
അവരതു കുടിച്ചുകഴിഞ്ഞപ്പോൾ അവൻ ചോദിച്ചു. "നിങ്ങടെ മക്കളല്ലേ ഞങ്ങൾ.
നിങ്ങൾ വിഷമിച്ചു നടക്കണ കണ്ടാ ഞങ്ങക്കു സങ്കടോന്നും വരൂല്ലാന്നാണോ?"
അവർ മക്കളുടെ മുഖത്തു നോക്കി. അവർക്കു കരച്ചിൽ വരുന്നുണ്ടായിരുന്നു.
എന്നാലും ഇനി ആ സത്യം പറയാതിരിക്കാൻ പറ്റില്ലെന്നു തോന്നിയ ഒരു നിമിഷം
അവർ ചോദിച്ചു.
"എന്റെ മക്കൾടെ മുഖത്തു നോക്കി അമ്മയ്ക്കതു ചോദിക്കാനാവില്ല. എന്നാൽ...
ചോദിക്കാതിരിക്കാനുമാവില്ല. പ്ലസ്‌ ടുവിലും പത്തിലും പഠിയ്ക്കുന്ന
നിങ്ങൾക്ക്‌ ഇനിയൊരു കുഞ്ഞനിയനോ അനുജത്തിയോ ഉണ്ടായാൽ ഞങ്ങടെ മക്കളു
ഞങ്ങളെ വെറുക്കുവോ?" ഒരു കരച്ചിലിന്റെ അകമ്പടിയോടെ ആ ചോദ്യം ചോദിച്ച അവർ
അനേകായിരം കാതം ഓടിത്തളർന്ന ഒരുവളെപ്പോലെ കിതയ്ക്കുകയും കുഴയുകയും
ചെയ്തു. ഒരുനിമിഷം അമ്പരന്നു പോയെങ്കിലും അമ്മയുടെ പാരവശ്യം കണ്ട്‌
അലിവിൽ നിറഞ്ഞവളായി റിയ അമ്മയോടു ചേർന്നിരുന്ന്‌ അമ്മയെ വാത്സല്യത്തോടെ
കെട്ടിപ്പിടിച്ചു. നെറുകയിലുമ്മ വച്ചു.
"എന്റെ പൊന്നമ്മച്ചിയല്ലേ... ഇതായിരുന്നോ അമ്മേം അപ്പേം മനസ്സിലിട്ടു
നീറ്റിക്കൊണ്ടിരുന്ന സംഗതി..." അൽപം നിറുത്തിയിട്ട്‌ അവൾ തുടർന്നു.
"വരട്ടെ അമ്മേ. അവനോ അവളോ വരട്ടേ അമ്മേ. നമ്മുടെ സ്വർഗ്ഗാതിഥി." ഒരു
കുറ്റവാളിയെപ്പോലെ തലകുമ്പിട്ടിരുന്ന അമ്മയുടെ വലതുകവിളിൽ അവൾ ഉമ്മ
വച്ചു.
നിഖിൽ അമ്മയുടെ ഇടംകവിളിൽ ഉമ്മ വച്ചുകൊണ്ടു പറഞ്ഞു. "എനിക്കിപ്പോ
അമ്മയോടെന്തിഷ്ടാന്നോ. എനിക്കൊരനിയനെ മതി. കുഞ്ഞേച്ചിയ്ക്കോ?" അവൻ
ചോദ്യരൂപേണ ചേച്ചിയെ നോക്കി.
"മതി. എനിയ്ക്കും നിന്നേപ്പോലൊരു കുഞ്ഞനിയനെക്കിട്ടിയാ മതി." അവൾ
വാത്സല്യത്തോടെ അനിയനെ നോക്കി ചിരിച്ചു.
മനസ്സിലെ തീമലയിലേക്ക്‌ ശാന്തിയുടെ ഹിമകണങ്ങളായി പെയ്തിറങ്ങുന്ന
സുകൃതികളായ മക്കളെ ഇരുകൈകളും കൊണ്ടണച്ചുപിടിച്ചുകൊണ്ട്‌, നിർമ്മല
എന്തിനെന്നില്ലാതെ ശബ്ദമില്ലാതെ കരഞ്ഞു.
ആ സമയത്ത്‌ നിർമ്മലയുടെ മൊബെയിൽ റിങ്ങു ചെയ്തു:
'യെരുശലേം വീഥിയിൽ കണ്ടു ഞാൻ,
യിസ്രയേലിൻ നാഥനെ കണ്ടു ഞാൻ...' അവർ ഫോണെടുത്തു. ഡോക്ടർ വസുന്ധര. അവരുടെ
പഴയ സഹപാഠി. ഇപ്പോൾ നഗരത്തിലെ ഒരു വലിയ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റാണ്‌.
"ഹലോ, നിർമ്മലയല്ലേ."
"നീ വരുമെന്നു പറഞ്ഞിട്ട്‌...."
"ഞങ്ങൾ രാവിലെ പുറപ്പെട്ടു പാതിവഴിവരെ വന്നതാണ്‌. പക്ഷെ, വഴിയിൽ ഒരു
കുഞ്ഞിനും ഒരു കുഞ്ഞിക്കാലിനും വേണ്ടി ഒരു സമൂഹം മുഴുവൻ പാടുപെടുന്നതു
കണ്ടപ്പോൾ എന്തോ...."
ഫോണിന്റെ മറുതലയ്ക്കൽ ഒരൽപനേരത്തെ മൗനത്തിനു ശേഷം തളർന്ന ഒരു സ്വരം
കേട്ടു. "നിർമ്മലാ, ടിവിയിൽ ഞാനുമതു കാണുകയായിരുന്നു. ആ കാഴ്ചയ്ക്കുശേഷം
എന്റെ പാപത്തിന്റെ സിമത്തേരിയിൽ നിന്നും നൂറുകണക്കിനു കുഞ്ഞുങ്ങളുടെ
കരച്ചിലുയരുന്നതു ഞാൻ കേൾക്കുന്നു. ഞാൻ നുള്ളിയെറിഞ്ഞ
സ്വർഗ്ഗപ്പൂമൊട്ടുകളുടെ ശബ്ദമില്ലാത്തതും നിസ്സഹായവും കളങ്കമറ്റതുമായ
ചോരവാർന്നുവീണ്‌ എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. ഏതു തീർത്ഥവും മാപ്പു
തരാത്ത ഈ പാപഭാരത്തിന്റെ നോവിൽ ഇനിമേൽ ജീവിക്കേണ്ടി വരുന്ന എന്റെ കൈയിൽ
ഇനിമേൽ മരണം മുളയ്ക്കുകയില്ല. അതു പറയുവാൻകൂടി വേണ്ടിയാണു നിന്നെ
വിളിച്ചതു. പിന്നെ... നിന്നെ ഞാൻ ഇന്നുമുതൽ സാറാ എന്നു വിളിക്കും.
നിങ്ങളുടെ ബൈബിളിലെ എബ്രഹാമിന്റെ ഭാര്യ... ആ തീരുമാനത്തിനും ഒരു ഭയങ്കര
കരുത്തു വേണം... നാൽപതു വയസ്സിൽ അതു ഹാനികരമല്ല. എന്റെ പ്രാർത്ഥനകളും
ശുശ്രൂഷകളും എന്നും നിങ്ങളോടൊപ്പമുണ്ടായിരിക്കും"
കാര്യങ്ങൾ ഏകദേശം മനസ്സിലാക്കിയ റിയ ടെറസ്സിലിരിക്കുകയായിരുന്ന
പിതാവിനരുകിലേയ്ക്കു സാവധാനം കയറിച്ചെന്നു. അയാൾ മകളെ നോക്കാൻ
ശക്തിയില്ലാതെ മേശയിലിരുന്ന ഒരു പുസ്തകത്തിലേക്കു മിഴിനട്ടു. അവൾ
പിതാവിനെതിരെയിരുന്നു. പിന്നെ പതിയെ ചോദിച്ചു. "അപ്പൊ നിങ്ങൾ അതിനാണു
പോയതല്ലേ? അങ്ങനെയെങ്ങാൻ സംഭവിച്ചിരുന്നെങ്കിൽ, പിന്നൊരു കാലത്തു
ഞങ്ങളതറിഞ്ഞിരുന്നെങ്കിൽ നിങ്ങളെ ഞങ്ങളെത്രമാത്രം വെറുത്തുപോയേനെയെന്ന്‌
അപ്പയും അമ്മയും ചിന്തിച്ചിരുന്നോ? ഞങ്ങൾക്കു മുമ്പ്‌ വേറെ
രണ്ടുപേരുണ്ടായി പിന്നെ ഞാനും നിഖിലുമാണുണ്ടാവാനിരുന്നതെങ്കിൽ ഞങ്ങളേയും
ഇങ്ങിനെ ചെയ്യുവാൻ അപ്പേം അമ്മേം മടിക്കില്ലായിരുന്നു ഇല്ലേ?" അവൾ
വിതുമ്പിപ്പോയി.
അയാൾ സാവധാനമെഴുന്നേറ്റു വന്ന്‌ മുഖം പൊത്തിയിരിക്കുകയായിരുന്ന മകളുടെ
മുഖമുയർത്തി.
"മകളേ, നിന്റെ അമ്മ... അവളുടെ പ്രായം... സമൂഹം..."
"അമ്മയെ ഞാൻ നോക്കും അപ്പായി... എന്റെ അമ്മയെ ഞാൻ നോക്കും... പിന്നെ...
അമ്മയുടെ പ്രായം, സമൂഹം.... നമ്മളെന്തിനാ പിന്നെ ദൈവത്തിലു
വിശ്വസിക്കുന്നേ..." അവൾ ഇരുന്നുകൊണ്ടു തന്നെ അപ്പനെ കെട്ടിപ്പിടിച്ചു.
അവളുടെ കണ്ണുനീരിൽ സഖറിയാസിന്റെ ഷർട്ടിന്റെ ഉദരഭാഗം നനഞ്ഞു. മകൾ
തങ്ങളേക്കാൾ വലുതായതെപ്പോഴാണെന്ന്‌ അത്ഭുതത്തോടെയും ആർദ്രതയോടെയും
ഓർക്കുകയായിരുന്നു അയാളപ്പോൾ. വാ പിളർന്നുനിന്നിരുന്ന നരകത്തിൽ നിന്നും
സ്വർഗ്ഗത്തിന്റെ വഴിയിലേയ്ക്ക്‌ അവൾ സൗമ്യതയോടെ തങ്ങളെ
നയിക്കുന്നതയാളറിഞ്ഞു. താൻ നട്ടൊരു വിത്തു വൃക്ഷമായതിന്റെ തണലിൽ
നിർവൃതിയോടെ നിൽക്കുന്ന ഒരുവനെപ്പോലെ അയാൾ സുഖകരമായ ഒരു ചെറുതാവലിന്റെ
സുഖകരമായ നോവിൽ നിറഞ്ഞു. മരങ്ങൾ ആകാശത്തിനും ഭൂമിയ്ക്കും പുതിയ ബന്ധവും
അർത്ഥവിതാനങ്ങളും നൽകി അവയെത്തമ്മിൽ ബന്ധിപ്പിച്ചു നിറുത്തുന്ന
ഹരിതകാവ്യങ്ങളായിത്തീരുന്നിടത്
ത്‌ തണലും ഫലങ്ങളും സമൃദ്ധമാവുന്നു എന്ന
തിരിച്ചറിവു ലഭിച്ച അയാൾ, അത്തിവൃക്ഷത്തിന്റെ ഉപമ പറഞ്ഞൊരാളെ
ധ്യാനപൂർവ്വമോർക്കുകയായിരുന്നു അപ്പോൾ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...