19 Aug 2012

തെങ്ങുവിചാരം



ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി

ഏതു വിഷയത്തെക്കുറിച്ചും ആധികാരിക സംവാദം നടത്തുന്ന അവരുടെ അന്നത്തെ
ചർച്ചാവിഷയം 'തെങ്ങ്‌' ആയിരുന്നു. കൽപിച്ച്‌, നമ്മുടെ കൽപകവൃക്ഷം തന്നെ.
വിഷയത്തിൽ പണ്ടേ വിരുത്‌ നിറഞ്ഞ കെട്ടിലമ്മ, രണ്ടേ രണ്ടു വാചകത്തിൽ
ചർച്ചാ വിഷയം അവതരിപ്പിച്ചു. വളരെ പ്രകോപനപരമായ, പ്രക്ഷുബ്ധമായ, വലിയ
ആഘാത പ്രത്യാഘാതങ്ങളുളവാക്കുന്ന രണ്ടു വാചകം :
" തെങ്ങ്‌ ആരേയും ചതിക്കില്ല എന്നാണ്‌ തെങ്ങുനീലി സന്ദേശത്തിൽ
പറയുന്നത്‌, ഇത്‌ ശരിയോ തെറ്റോ?
ചോദ്യം കേട്ട്‌ സദസ്സ്‌ ഇരിക്കുംമുമ്പ്‌ ശരിക്കും അമ്പരന്നിരുന്നു. ശരി
എന്ന്‌ പറഞ്ഞാലാണോ, തെറ്റ്‌ എന്ന്‌ പറഞ്ഞാലാണോ കെട്ടിലമ്മയും തദ്വാര
മൂപ്പിൽ നായരും പിണങ്ങുക എന്ന്‌ ആർക്കറിയം?
ഉത്തരം മാതിരി ഒന്നും തോന്നുന്നില്ല. ഈ ചോദ്യം നമ്മളെ ചതിക്കുമോ?
ഭാഗ്യം എന്നു പറയട്ടെ; അപ്പോഴേക്കും കുമാരകോമരം എഴുന്നേറ്റ്‌ നിന്ന്‌ ഇടപെട്ടു
" സംവാദം ആരംഭിക്കാൻ വരട്ടെ, ഒരു ഒബ്ജക്ഷനുണ്ട്‌. വേറേ‍ീ സിരിയസ്‌... "
"അതെന്താ കോമരം? "
"പ്രാർത്ഥനാഗാനം ആലപിയ്ക്കാതെ യോഗം തുടങ്ങുന്നത്‌ അനുചിതവും, അവഹേളനപരവും
ആത്മഹത്യാപരവുമാകുന്നു".
"അപ്പറഞ്ഞത്‌, കോമരമാണെങ്കിലും ശരി തന്നെ" - മൂപ്പിൽ നായർ കൽപ്പിച്ചു. "
എങ്കിൽ പ്രാർത്ഥന പോലെ കുമാരൻകുട്ടി തന്നെ രണ്ടു വാക്ക്‌ പറയൂ".
സദസ്സിനെ പുളകം കൊള്ളിച്ചും, തീരെ രോമമില്ലാത്തവരെപ്പോലും രോമാഞ്ചം
അണിയിച്ചും, ഔചിത്യബോധത്തോടെ കോമരം നാലുവരി പാടി,
"നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌, അതിൽ
നാരായണക്കിളി കൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്‌."
സദസ്സ്‌ അറിയാതെ ഹർഷാരവം മുഴക്കി. ഇനി സംവാദം തുടങ്ങിക്കൂടേ -
കെട്ടിലമ്മയുടെ ആ ചോദ്യത്തിൽ അസാരം മുള്ളും മൂർച്ചയുമുണ്ടായിരുന്നു
"തെങ്ങ്‌ ചതിക്കില്ല എന്നൊക്കെ പറയുന്നത്‌ പണ്ട്‌ .......തെങ്ങിന്‌
അമ്മാതിരി മാനേഴ്സൺനും ഇല്ല തന്നെ" - സാഹിത്യനിപുണൻ പിഷാരടി പറഞ്ഞു.
"അതു ശരിയാണ,​‍്‌" -ജോത്സ്യൻ ഉഴത്ര വാര്യർ പൈന്താങ്ങി : "തെങ്ങും
ചതിക്കും... മറ്റുള്ളവർക്കൊക്കെ ആരേയും എപ്പോഴും
ചതിയ്ക്കാമെന്നുണ്ടെങ്കിൽ, തെങ്ങിനുമാത്രം അരുത്‌ എന്ന്‌ എങ്ങിനെ പറയും?"
"അഥവാ ഒരാൾ അങ്ങിനെ പറഞ്ഞു എന്ന്‌ കരുതുക. എന്നാലോ? " - ഷാരോടി മാഷ്‌
"പറഞ്ഞാൽ തെറ്റാണ്‌"- ഉഴത്രമ്മാൻ വിട്ടുകൊടുത്തില്ല. "ജ്യോതിഷശാസ്ത്ര
പ്രകാരം തെങ്ങ്‌ ചരരാശിയിലാണ്‌. ച്ചാൽ, സ്ഥിരതയില്ലാന്നർത്ഥം. വീഴാം,
വീഴാതിരിക്കാം, ചതിയ്ക്കാം, ചതിയ്ക്കാതിരിക്കാം, കായ്ക്കാം,
കായ്ക്കാതിരിക്കാം .... അതായത്‌, ചതിയ്ക്കില്ല എന്ന്‌ ഉറപ്പിച്ചും,
തറപ്പിച്ചും....."
"നിർത്താ, നിർത്താ" - മൂപ്പിൽ നായർ ഇടപെടുക തന്നെ ചെയ്തു. "ചതിയുടെ
കാര്യം അവിടെ നിൽക്കട്ടെ. ഇപ്പോഴത്തെ സ്ഥിതി എന്താ?"
പലരിൽ നിന്നുമായി പലപല അഭിപ്രായങ്ങൾ ഉയർന്നുകൊണ്ടിരുന്നു :
"കാറ്റുവീഴ്ച വന്നാൽ കർഷകന്റെ കാറ്റ്‌ പോയതു തന്നെ...."
"തേങ്ങ വില ഇടിഞ്ഞുകൊണ്ടേയിരുന്നാൽ പിന്നെ ചിരട്ടയെടുക്കുകയല്ലേ നിവൃത്തിയുള്ളൂ."
"താങ്ങുവില നിശ്ചയിച്ചാൽ പോരെ? "
"ആരെ താങ്ങാൻ? തെങ്ങു ബാക്കിയുണ്ടെങ്കിലല്ലേ താങ്ങിയിട്ടു കാര്യമുള്ളൂ?"
കോമരം ആ ആഭിപ്രായത്തെ വാളെടുത്ത്‌ വെട്ടി.
"ഇങ്ങനെ പരസ്പരം കലശലു കൂട്ടാതെ തെങ്ങിന്റേയും തേങ്ങയുടേയും ഗുണഗണങ്ങൾ
വർണ്ണിയ്ക്കുവാൻ ആരെങ്കിലും....."- കെട്ടിലമ്മ.
"തെങ്ങിന്റെ യാതൊന്നും ഉപയോഗശൂന്യമായിട്ടില്ലതന്നെ" - വൈദ്യൻ നമ്പീശൻ
തുടങ്ങിവെച്ചു. "തെങ്ങിന്റെ തടി, ഓല, ഇളനീർ, നാളികേരം, പൂക്കുല,
കൊതുമ്പ്‌, ചികിരി എന്നുവേണ്ട വേരിനുപോലും സവിശേഷതയുണ്ട്‌".
"തെങ്ങിന്റെ വേരിനോ? അതെന്താ അതിന്റെ പോര്‌?" കുഞ്ഞുക്കുട്ടൻമാരാർക്കൊരു സംശയം.
"അഷ്ടാംഗഹൃദയത്തിൽ തെങ്ങിൻ പൂക്കുലയെക്കുറിച്ചും, പൂക്കുല ലേഹ്യം,
പൂക്കുല കഷായം, പൂക്കുല ഉപ്പേരി എന്നിവയെക്കുറിച്ചും
വെളിച്ചെണ്ണയെക്കുറിച്ചും തെങ്ങിൻ വേരിനെക്കുറിച്ചും സവിസ്തരം
പറയുന്നുണ്ട്‌"- നമ്പീശൻ ഗ്രന്ഥം മറിച്ചുനോക്കാൻ തുടങ്ങി.
"അങ്ങിനെ ചിലത്‌ ഞാനും കേട്ടിട്ടുണ്ട്‌" - നമ്പ്യാർ
തുള്ളൽക്കഥാലാപനത്തിന്റെ ശ്രുതിയിൽ പറഞ്ഞു. "പെറ്റു കിടക്കുന്ന
പെണ്ണുങ്ങൾക്ക്‌ വെന്ത വെളിച്ചെണ്ണയിൽ പഴയരിച്ചോറ്‌ ഉരുളയാക്കി
കൊടുക്കുന്നത്‌ ഉത്തമം.... ഞാൻ അനുഭവസ്ഥനാണ്‌."
"അല്ലെങ്കിലും വെളിച്ചെണ്ണ ആന്റി സെപ്ടിക്‌ ആണ്‌" - കുമാരകോമരം ഇടപെട്ടു.
"വെളിച്ചെണ്ണയ്ക്കെതിരായ ഗോ‍ൂഢാലോചനയെ, ആ ലോബിയെ നമ്മൾ, കൊപ്രയാക്കി
ആട്ടണം......"
"എന്നാൽ ആദ്യം എതിർക്കേണ്ടത്‌ അതല്ല" - കവി ഏഴ്ശ്ശൻ മാഷ്‌ പറഞ്ഞൂ;
"ജാതകദോഷം കൊണ്ട്‌ ജന്മനാ ചില ചീത്തപ്പേര്‌ വന്നിട്ടുണ്ട്‌ പാവം
തേങ്ങയ്ക്ക്‌... ദേഷ്യം വന്നാൽ ആളുകൾ പറയുന്നത്‌ കേൾക്കാം : തേങ്ങാക്കുല
..... അല്ലെങ്കിൽ അമ്മടെ തേങ്ങ... എനിക്ക്‌ കരയാൻ തോന്നാറുണ്ട്‌."
"ഞാൻ ശരിക്കും കരഞ്ഞിട്ടുണ്ട്‌" - ഉഴത്രമ്മാൻ പറഞ്ഞു,"പുറം കഠോരം.....
ഉള്ള്‌ പരിശുദ്ധം, നാടൻ കൃഷിക്കാരൊരു നാളികേരപാകത്തിലാണിങ്ങനെ മിക്ക
പേരും  - എന്നാണ്‌ മഹാകവി വാഴ്ത്തിയിട്ടുള്ളത്‌. എന്നിട്ടും നമ്മൾ
നാളികേരത്തെ ഇകഴ്ത്തി വീഴ്ത്താൻ നോക്കുന്നു....."
"ചീത്തപ്പേര്‌ മാറ്റാൻ ഒരു പോംവഴി ഞാൻ കാണുന്നുണ്ട്‌" - പൊതുവേ ശാന്തനായ
പൊതുവാൾ പറഞ്ഞു. 'ഏതായാലും മലയാളം സർവ്വകലാശാല വരികയാണല്ലോ. തേങ്ങയുടെ
തലയിലെഴുത്ത്‌ മാറ്റാൻ അവർക്കെന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന്‌
ചോദിയ്ക്കാം ...."
സമയം  സന്ധ്യയാവാറായി, തെങ്ങോലപ്പഴുതിലൂടെ മറയാൻ നോക്കുന്നു മാർത്താണ്ഡൻ.
സംവാദം എവിടെയും എത്തിയിട്ടില്ല എത്തുന്ന ലക്ഷണവുമില്ല.
"തെങ്ങിൻ കളളിനെപ്പറ്റി, കള്ളിന്റെ ഔഷധവീര്യത്തെപ്പറ്റി നമ്മൾ ഒന്നു
പരാമർശിക്കുക പോലും ചെയ്തില്ല .... സംവാദത്തിന്റെ ആനന്ദലഹരിക്ക്‌ അതും
കൂടിയാവാമായിരുന്നു. മംഗളം പോലെ ഒരുരുരൂ....." കുമാരകോമരം കൂവി.
"ഇതിനോക്കെ മംഗളം വേണോ?" - പവിത്രനെ മാതിരി ആരോ ഒരാൾ ചോദിച്ചു.
"മംഗളം മാതിരി എന്തെങ്കിലും മതി, പ്രാർത്ഥന ചൊല്ലിയ കോമരം തന്നെ അതും
നിർവ്വഹിക്ക്‌" -മൂപ്പിൽ നായരുടെ കൽപന.
"ആവാം"-കോമരം വിനീതനായി.
"പ്രാർത്ഥന ഭാസ്ക്കരൻ മാഷുടെ കൃതിയായതിനാൽ മംഗളം ചങ്ങമ്പുഴയുടേതായാലോ
എന്നാണ്‌ ഇപ്പോൾ എന്റെ സമാലോചന."
"ചെന പിടിയ്ക്കട്ടെ. പാടുക"-കോരൻ.
അന്നേരം കോമരം പാടിയതാമിത്‌:
"വെള്ളം ചേർക്കാതെടുത്തോ, രമൃതിനു സമമാം
നല്ലിളങ്കള്ള്‌ ചില്ലിൻ -
വെള്ള ഗ്ലാസിൽ പകർന്നങ്ങനെ,
രുചികരമാം മത്സ്യ മാംസാദി കൂട്ടി,
ചെല്ലും തോതിൽ ചൊലുത്തി, ച്ചിരികളികൾ, തമാശൊത്തു മേളിപ്പതേക്കാൾ
സ്വർല്ലോകത്തും ലഭിയ്ക്കില്ലുപരിയൊരു സുഖം!
പോക വേദാന്തമേ നീ....."

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...