അഭിമുഖം:സിനിമ, മാജിക്, ഡാൻസ്

കഥാകൃത്തും തിരക്കഥകൃത്തുമായ എസ് ഭാസുരചന്ദ്രൻ സിനിമയിലെ കലാനുഭവത്തെ അപഗ്രഥിക്കുന്നു


മലയാളത്തിലെ ന്യൂജനറേഷൻ സിനിമ ഒരു പുതിയ അനുഭവമാണോ?
 ലേബലുകളിൽ കാര്യമില്ല; അനാവശ്യവുമാണ്‌ - കാരണം അത്‌ കലാകാരന്മാരെയും
ചലച്ചിത്രകാരന്മാരെയും ഒരു പ്രത്യേക ഗ്രൂപ്പായി വേർതിരിക്കും. മാറ്റങ്ങൾ
കൂട്ടായ തീരുമാനത്തിന്റെ ഫലമാണെന്ന തെറ്റിദ്ധാരണ പരത്തും. നമുക്ക്‌
തത്കാലം മലയാള സിനിമയിൽ വലിയ പരിവർത്തനങ്ങളുടെ സാധ്യത തെളിയുന്നു എന്നു
മാത്രം മനസ്സിലാക്കാം. മാറ്റങ്ങൾ സംഭവിക്കുന്ന എന്നതുപോലെ പ്രധാനമാണ്‌
ജനങ്ങൾ അവയെ സ്വീകരിക്കുന്നു എന്നതും. പുതിയ സിനിമ എന്ന പേരിൽ പണ്ട്‌ 40
വർഷംമുമ്പ്‌ ഇവിടെ സംഭവിച്ച വഴിത്തിരിവ്‌ ജനങ്ങൾ തിരസ്കരിച്ച ഒന്നാണ്‌.


അവ തീയേറ്ററിലെ ടിക്കറ്റ്‌ കൗണ്ടറുകളിൽ ശിശിരകാലവും ഓഡിറ്റോറിയത്തിലെ
കസേരകൾക്ക്‌ അവധിക്കാലവും സംഭാവന ചെയ്തപ്പോൾ പുതിയമാറ്റങ്ങൾ ജനങ്ങൾ
ഏറ്റെടുത്തു കഴിഞ്ഞു. ഉറച്ചുപോയിരുന്ന വലിപ്പങ്ങൾ ഹാരങ്ങളുമെല്ലാം ഇനി
പുനർനിർവ്വചിക്കപ്പെടും. താരഭാരങ്ങൾ പോകുന്നു എന്നതിനേക്കാൾ ആശ്വാസമായി
തോന്നുന്നത്‌ കഥാഭാരവും പ്രമേയഭാരവും കുറയുന്നു എന്നതാണ്‌.

ഒരു കപ്പൽനിറയെ കഥയോ, ക്രെയിൻ കൊണ്ടുവന്നാൽ മാത്രം പൊക്കിയെടുക്കാവുന്ന പ്രമേയമോ
ഒന്നും സിനിമയ്ക്ക്‌ ആവശ്യമില്ല. സിനിമയുടെ കടും ഗൗരവമുഖം കള്ളത്തരം
അല്ലെങ്കിൽ പാഴ്‌വേലയെങ്കിലുമാണ്‌ എന്ന്‌ പഠിക്കാൻ വേണ്ട ടെക്സ്റ്റ്‌
ബുക്കുകൾ ഇന്നലെത്തെ സിനിമ നമുക്ക്‌ നൽകിക്കഴിഞ്ഞു. ഒരു ദോശയുടെ
വിധികൊണ്ടൊക്കെ സ്വാദിഷ്ടമായ സിനിമയുണ്ടാക്കാമെന്ന്‌ പുതിയ കുട്ടികൾ
തെളിയിക്കുകയാണ്‌. ഒപ്പം "ഞാനൊരു വിർജിനൊന്നുമല്ല" എന്ന്‌ നായകനോട്‌
പറയുന്ന നായിക വന്നുകഴിഞ്ഞു. അവൾ വരവേൽക്കപ്പെട്ടു കഴിഞ്ഞു. ലേബൽ
എന്തായാലും ഈ മാറ്റം പ്രഭാതകിരണങ്ങളുടേതാണ്‌.


2. സിനിമയ്ക്ക് ഇതരകലകളുമായുള്ള ബന്ധം എങ്ങനെയായിരിക്കണം?
        ചലച്ചിത്രകാരനാവാനുള്ള ഒരുക്കത്തിന്റെ ഭാഗമായി വിവിധ കലകൾ
അഭ്യസിക്കുന്നതുകൊണ്ട്‌ യാതൊരു പ്രയോജനവുമില്ല. ചലച്ചിത്രേതര കലകളിൽ,
നേരത്തെതന്നെ അഭിരുചിയുണ്ടെങ്കിൽ, അത്‌ കുറച്ചുകൂടി തീവ്രമായി
പൈന്തുടരുന്നത്‌ നല്ലതാണ്‌. വിവിധ കലകളിലുള്ള അവഗാഹത്തേക്കാൾ
ചലച്ചിത്രകാരനെ സഹായിക്കുന്നത്‌ ഈ കലകളുടെയെല്ലാം ഒരു മനോഭാവം
നിലനിർത്തുകയെന്നതാണ്‌. തീർച്ചയായും സംഗീതത്തിലും ചിത്രകലയിലുമുള്ള
രാഗവായ്പ്‌ ഒരു സംവിധായകനെ വലിയരീതിയിൽ തുണയ്ക്കും.
  വിറ്റോരിയ ഡിസിക്കയുടെ ബൈസിക്കിൾ തീവ്സിലെ ഒരു രംഗം

സംഗീത ഫീൽ ഉള്ളചലച്ചിത്രകാരന്റെ ശബ്ദപഥം അന്യൂനമായിരിക്കും. ഒരു ചലച്ചിത്രകാരൻ
ചിത്രകലയ്ക്ക്‌ ഹൃദയം പകിത്തിടുണ്ടെങ്കിൽ, ഫ്രെയിമിംഗിലും കളർസ്കീമിലും
ഡിസൈനുകളിലും അയാൾക്ക്‌ ഒരു കൺഫ്യൂഷനുമുണ്ടാവില്ല. ഏലിയാകസാൻ എന്ന
വിശ്രുത സംവിധായകൻ പറഞ്ഞത്‌, നിങ്ങൾ സിനിമ സംവിധാനം ചെയ്യാൻ
ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, അതിനുമുമ്പ്‌ ഡാൻസും മാജിക്കും
അഭ്യസിച്ചിരിക്കണമെന്നാണ്‌.

അത്രയും എക്സ്ട്രീമിലേക്ക്‌ പോകാതെ തന്നെപറയാം, കഥ പറയുന്നതോടൊപ്പം തന്റെ സിനിമ ഒരു ഓഡിയോ വിഷ്വൽ ഓർക്ക്സ്ട്രകൂടിയാവണമെങ്കിൽ ഒരു സംവിധായകൻ എല്ലാ ക്ലാസിക്കൽ കലകളിലും മെയ്‌വഴക്കംഅല്ലെങ്കിൽ മനോവഴക്കം എങ്കിലുമുണ്ടാവണം. വിരൽത്തുമ്പുകളിൽ ഇല്ലെങ്കിലുംഅവ അയാളുടെ പോക്കറ്റിലെങ്കിലും ഉണ്ടാവണം.

*മലയാളസമീക്ഷ ന്യൂസ് സർവ്വീസ്

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?