19 Aug 2012

നാൽപത്തിയഞ്ചാം കൊക്കോടെക്ക്‌ യോഗത്തിനുശേഷം...


        ടി. കെ. ജോസ്‌ ഐ.എ.എസ്
ചെയർമാൻ നാളികേര വികസന ബോർഡ്


ഏഷ്യൻ പസഫിക്‌ കോക്കനട്ട്‌ കമ്മ്യൂണിറ്റി (എപിസിസി) യുടെ 45-​‍ാമത്‌
കൊക്കൊടക്‌ യോഗത്തിന്‌ ആതിഥ്യം വഹിക്കുന്നതിനുള്ള അവസരം ഇത്തവണ ലഭിച്ചതു
ഇന്ത്യക്കായിരുന്നു. കൊക്കോടെക്ക്‌ കൊച്ചിയിൽ വച്ച്‌ 2012 ജൂലൈ 2 മുതൽ 6
വരെ തീയതികളിൽ വിജകരമായി നടക്കുകയുണ്ടായി. 17 വർഷങ്ങൾക്കുശേഷമാണ്‌ കൊച്ചി
നഗരത്തിന്‌ ഈ അവസരം ലഭിച്ചതു. ഇതുവരെ നടന്നതിൽ വച്ച്‌  ഏറ്റവും മികച്ചതും
വിജയകരവുമായ കൊക്കോടെക്ക്‌ യോഗമെന്നാണ്‌ ഇത്തവണത്തെ യോഗത്തെ എപിസിസിയും
അംഗരാജ്യങ്ങളും വിലയിരുത്തിയത്‌. 18 അംഗരാജ്യങ്ങൾക്ക്‌ പുറമെ
ഭക്ഷ്യ-കാർഷിക സംഘടന (എഫ്‌എഒ), യുഎസ്‌എ, ബ്രസീൽ, ഫ്രാൻസ്‌, സിംഗപ്പൂർ
തുടങ്ങിയ വികസിത രാജ്യങ്ങളോടൊപ്പം മോശാംബിക്കും കെനിയയും പങ്കെടുത്തു.


200ലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സ്വകാര്യമേഖലയിൽ നിന്നും
ഇതുവരെയുള്ളതിൽ വച്ച്‌ ഏറ്റവും  വലിയ പങ്കാളിത്തമാണ്‌ ഇത്തവണ ഉണ്ടായത്‌.
നാളികേര സംസ്ക്കരണ രംഗത്തേക്ക്‌ മൂലധന നിക്ഷേപസാദ്ധ്യത ആരാഞ്ഞുകൊണ്ട്‌
പ്രൈവറ്റ്‌ ഇക്വിറ്റി ഫണ്ടുകളുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.
സോഫ്റ്റ്‌ ഡ്രിങ്ക്‌ രംഗത്തെ അതികായൻമാരായ കൊക്കക്കോള കമ്പനി
പ്രതിനിധികളുടെ സാന്നിദ്ധ്യവും കൗതുകകരമായി. സമോവ, ഫിജി എന്നീ വിദേശ
രാജ്യങ്ങളുടെ കൃഷിമന്ത്രിമാരും ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
നീരയിൽ നിന്നും പാം ഷുഗർ ഉത്പാദിപ്പിക്കുന്ന 'ബിഗ്ട്രീ  ഫാംസി'ന്റെയും
അമേരിക്കൻ കമ്പനിയായ 'സോ ഡിലീഷ്യസി'ന്റേയും നൂതനമായ ഉൽപന്നങ്ങൾ പ്രചോദനം
നൽകുന്നവയായിരുന്നു.  കൊക്കോടെക്‌ സമ്മളനത്തിൽ  അറുപതോളം കർഷക
പ്രതിനിധികൾ ഇന്ത്യയിൽ നിന്നും പങ്കെടുത്തു.എപിസിസിയുടെ കൊക്കോടെക്‌
മീറ്റിംഗിന്റെ ചരിത്രത്തിൽ ഇത്‌ ആദ്യ സംഭവമായി.  കർഷകർക്ക്‌ സാങ്കേതിക
വിദഗ്ധരേയും, സംരംഭകരേയും, ഗവേഷകരേയും മറ്റും ഒരുമിച്ച്‌ കാണുന്നതിനും
വിവിധ രാജ്യങ്ങളിലെ കാര്യങ്ങൾ മനസ്സിലാക്കുന്നതിനും അവസരം ലഭിച്ചു.


നാളികേര വികസന ബോർഡിലെ  സാങ്കേതിക വിദഗ്ധർക്ക്‌ മറ്റ്‌ 24 രാജ്യങ്ങളുടെ
നാളികേര കൃഷി, സാങ്കേതിക വിദ്യ, മൂല്യവർദ്ധിത ഉൽപന്നങ്ങൾ, നാളികേര
സംസ്ക്കരണത്തിനുള്ള നവീനയന്ത്രങ്ങൾ എന്നിവയെപ്പറ്റി അറിയാൻ കഴിഞ്ഞു.
ആഗോളവ്യാപകമായി വെളിച്ചെണ്ണ വില കുറഞ്ഞിരിക്കുന്ന ഈ സമയത്തും,
ഫിലിപ്പീൻസ്‌, ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ വെളിച്ചെണ്ണ വ്യാപകമായി
കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽപോലും നാളികേരത്തിനു വിലയിടിവില്ല.
കാരണം അവിടങ്ങളിലെ നാളികേര വിപണിയെ നിയന്ത്രിക്കുന്നത്‌ കൊപ്രയും
വെളിച്ചെണ്ണയുമല്ല തന്നെ! ഇന്തോനേഷ്യയും തായ്‌ലന്റും നീരയിൽ നിന്നുത്പാദി
പ്പിക്കുന്ന പാം ഷുഗറിലൂടെയാണ്‌ നാളികേര കർഷകർക്ക്‌ കൂടുതൽ വരുമാനം
ലഭ്യമാക്കുന്നത്‌. തേങ്ങപ്പാലിൽനിന്നുത്പാദിപ്പിക്കുന്ന സോപ്പിനുംഷാമ്പുവിനും ഫിലിപ്പീൻസിൽ വലിയ ഡിമാന്റുണ്ട്‌; അവ അമേരിക്കയിലേക്കുംകയറ്റി അയയ്ക്കുകയും ചെയ്യുന്നു. ന്യൂസിലാന്റും, ആസ്ത്രേലിയയും നാളികേരഉൽപന്നങ്ങൾ ഫിജി, സോളമൻ ദ്വീപുകൾ, സമോവ തുടങ്ങിയ പസഫിക്ക്‌ ദ്വീപ്‌ രാജ്യങ്ങളിൽ നിന്നും ധാരാളം ഇറക്കുമതി ചെയ്യുന്നു.

ലോകമെമ്പാടും നാച്വറൽ പ്രോഡക്ടുകൾക്ക്‌ ഡിമാന്റ്‌ വർദ്ധിച്ചു വരുന്നു.  നാച്വറൽ
സോഫ്റ്റ്‌ ഡ്രിങ്കായി കരിക്കിൻവെള്ളവും, നാച്വറൽ ക്രീം ആയി തേങ്ങാപ്പാൽ
ക്രീമും, നാച്വറൽ ഷുഗർ ആയി നീരയിൽ നിന്നും ലഭിക്കുന്ന പാം ഷുഗറും
വലിയതോതിൽ ഉപയോഗിക്കപ്പെടുന്നു. ഈ അറിവുകളും, അവസരങ്ങളും ഇന്ത്യയിലെ
കേരകർഷകർക്ക്‌ വലിയ സാധ്യതയാണ്‌ തുറന്ന്‌ കൊടുക്കുന്നത്‌. പക്ഷേ, കർഷക
കൂട്ടായ്മയിലൂടെയല്ലാതെ ചെറുകിട, നാമമാത്ര കർഷകർക്ക്‌ ഈ രംഗത്തേക്ക്‌
മുന്നേറാനാവില്ല. മലേഷ്യയിലും ഫിലിപ്പീൻസിലും കർഷക സഹകരണത്തോടെ ധാരാളം
സങ്കരയിനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നു. വ്യാവസായികാടിസ്ഥാനത്തിൽ
തെങ്ങിൻ തടി അവിടെയെല്ലാം ഉപയോഗിക്കുന്നുമുണ്ട്‌.

കൊക്കോടെക്ക്‌ യോഗത്തിൽ പങ്കെടുത്തവർ ഇന്ത്യയിൽ നിന്നും ലഭിച്ച പുതിയ
അറിവുകൾ എന്ന്‌ പറഞ്ഞതും, അവർക്ക്‌ അനുകരിക്കാൻ താൽപര്യമുള്ള കാര്യങ്ങളും
ഈ കൊക്കോടെക്ക്‌ യോഗത്തിലുണ്ടായി. നാളികേര വികസന ബോർഡ്‌ കേരളത്തിൽ
ആരംഭിച്ച തെങ്ങിന്റെ ചങ്ങാതിക്കുട്ടം, നാളികേരോത്പാദക സംഘങ്ങൾ, അവയുടെ
ഫെഡറേഷനുകൾ, ഉത്പാദക കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സന്നദ്ധ
സംഘടനകളുടേയും സഹകരണത്തോടെയുള്ള കോളാബറേറ്റീവ്‌ റിസർച്ച്‌ ഫോർ
ഹൈബ്രിഡൈസേഷൻ (ഗുണമേന്മയുള്ള സങ്കരയിനങ്ങൾ ഉരുത്തിരിച്ചെടുക്കുവാനുള്ള
സഹകരണ ഗവേഷണം) എന്നിവ അവരെ സംബന്ധിച്ചിടത്തോളം പുതുമ നിറഞ്ഞ അനുഭവമായി.

ഫീൽഡ്‌ സന്ദർശനത്തിനിടെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിന്റെ പ്രവർത്തനം
നേരിൽ കാണുന്നതിന്‌ എല്ലാവരുമെത്തിയിരുന്നു.  തെങ്ങുകയറുന്ന മേഷീനുകളുടെ
സാമ്പിളുകളുമായാണ്‌ അമേരിക്കയിൽ നിന്നും ഇന്തോനേഷ്യയിൽനിന്നും വന്ന
പ്രതിനിധികൾ മടങ്ങിയത്‌. ഉൽപന്ന സംസ്ക്കരണവും, വിപണനവും, കയറ്റുമതിയും
വൻതോതിൽ നടത്തുന്ന രാജ്യങ്ങളിൽപോലും തെങ്ങു കയറുന്നതിന്‌ കാര്യമായ
യന്ത്രസഹായമില്ല എന്ന വസ്തുത കേരളത്തിലെ റെയ്ഡ്കോയ്ക്കും കീക്കൊയ്ക്കും
തെങ്ങുകയറ്റ യന്ത്രത്തിന്റെ കയറ്റുമതി സാധ്യതകൾ തുറക്കുന്നു.
വലിയ തോതിൽ നാളികേരാധിഷ്ഠിത വ്യവസായ സംരംഭങ്ങളുള്ള ഫിലിപ്പീൻസിലും
തായ്‌ലന്റിലും ഇന്തോനേഷ്യയിലും വ്യവസായസംരംഭകരാണ്‌ നാളികേര സംസ്ക്കരണം
നടത്തുന്നത്‌. (ഇന്ത്യയിലും വ്യവസായ സംരംഭകരുടെ ഒരു നല്ല നിര തന്നെ
നമുക്ക്‌ നാളികേര മേഖലയിലേയ്ക്ക്‌ കൊണ്ടുവരേണ്ടതില്ലേ?). കേരളത്തിൽ
ബോർഡ്‌ ലക്ഷ്യമിടുന്ന ഉത്പാദക കമ്പനികൾ ഫലപ്രദമായി
പ്രവർത്തനപഥത്തിലേക്കെത്തിയാൽ എപിസിസി രാജ്യങ്ങളിൽ തന്നെ ആദ്യ
മാതൃകയാകുമത്‌. നമ്മുടെ സിപിഎസുകൾ വഴി ഉത്പാദക കമ്പനി
രൂപീകരണത്തിലേയ്ക്കുള്ള യാത്ര വേഗത്തിലാക്കുന്നതിനും നമുക്ക്‌
ശ്രമിക്കാം. നാളികേര ഗവേഷണത്തിലേക്ക്‌ നമ്മുടെ അക്കാദമിക്‌ സ്ഥാപനങ്ങളെ
കൈപിടിച്ചുകൊണ്ടു വരുന്ന പ്രക്രിയയും വേഗത്തിലാക്കേണ്ടതുണ്ട്​‍്‌.

കേരകർഷകർക്ക്‌ ഈ കൊക്കോടെക്‌ മീറ്റിംഗിന്റെയടിസ്ഥാനത്തിൽ, ഇവിടെ ലഭിച്ച
ആശയങ്ങളുടേയും അനുഭവങ്ങളുടേയും വെളിച്ചത്തിൽ നൂതനവും നവീനവുമായ നിരവധി
കാര്യങ്ങളിലേക്ക്‌ കടന്നുവരാവുന്നതാണ്‌. എപിസിസിയുടെ നേതൃത്വത്തിൽ
നാളികേരത്തിന്റേയും നാളികേരോൽപന്നങ്ങളുടേയും വിപണി വളർത്തുന്നതിനുള്ള
കൂട്ടായ ശ്രമം ആവശ്യമുണ്ട്‌. ഓരോ രാജ്യങ്ങളും, അവിടങ്ങളിലെ സംരംഭകരും
തനിയെ വിപണി കണ്ടെത്തുന്നതിനും വളർത്തുന്നതിനും ശ്രമിക്കുന്നതിനേക്കാൾ
വേഗത്തിലും കുറഞ്ഞ ചിലവിലും, എപിസിസിയുടെ ബാനറിൽ വിദേശ വിപണിയിൽ
പ്രവേശിക്കുന്നതിനും സാധ്യതകൾ കണ്ടെത്തുന്നതിനും കഴിയും.  അന്താരാഷ്ട്ര
എക്സിബിഷനുകളിൽ ഇപ്രകാരം പങ്കെടുക്കുകയും അവിടെ നിന്നും ലഭിക്കുന്ന
ബിസിനസ്‌ അന്വേഷണങ്ങൾ  എല്ലാ  അംഗരാജ്യങ്ങളുമായി പങ്കുവെയ്ക്കുകയും
ചെയ്യണം. വിവിധ രാജ്യങ്ങളിലെ ഉൽപന്നങ്ങൾ കയറ്റി അയയ്ക്കുന്നതിന്‌, ആ
രാജ്യങ്ങളിലെ നിയമസംവിധാനം, ഇറക്കുമതി തീരുവ, ക്വാളിറ്റി കൺട്രോൾ,
പരിശോധന സംവിധാനം എന്നിവയെപ്പറ്റിയുള്ള അറിവുകൾ എപിസിസിയുടെ
മാസികയിലുടെയും വെബ്സൈറ്റിലൂടെയും ലഭ്യമാക്കുന്നതും ഉചിതമാവും. ഈ ലക്കം
മുതൽ വിവിധ കേര ഉൽപന്നങ്ങൾക്ക്‌ വിദേശവിപണികളിൽ നിന്നുള്ള
അന്വേഷണങ്ങളെപ്പറ്റി എപിസിസിയുടെ മാസികയിൽ നിന്നും ലഭിച്ച വിവരങ്ങൾ
ബോർഡും പ്രസിദ്ധപ്പെടുത്തുകയാണ്‌.

സഹവർത്തിത്വത്തോടെയുള്ള മത്സരം അഥവാ, ക്രിയാത്മക മത്സരം പുതിയൊരു
ആശയമാണ്‌. നാളികേരോത്പാദക രാജ്യങ്ങളും, അവിടങ്ങളിലെ സംരംഭകരും
ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന സാഹചര്യം എപിസിസിയുടെ നേതൃത്വത്തിൽ
കൊണ്ടുവരാനാവില്ലേ? ഇന്ത്യയിലെ സോഫ്ട്‌വെയർ കമ്പനികളുടെ കൺസോർഷ്യം ആയ
'നാസ്കോം' പരസ്പരം മത്സരിക്കുന്ന സോഫ്ട്‌വെയർ കമ്പനികളുടെ സഹവർത്തിത്വം
ഉറപ്പു വരുത്തിക്കൊണ്ട്‌, എല്ലാവർക്കും വളർച്ച ഉറപ്പ്‌ വരുത്തുന്ന മാതൃക
നാളികേര മേഖലയിലും ഉൾക്കൊള്ളാനാവില്ലേ?

രൂക്ഷമായ വിലയിടിവിന്റെ കാലഘട്ടത്തിലൂടെയാണ്‌ നാളികേര കർഷകർ കടന്ന്‌
പോകുന്നത്‌. താങ്ങുവിലപ്രകാരമുള്ള സംഭരണം നടക്കുന്നുണ്ടെങ്കിലും,
ആവശ്യമായ ഗതിവേഗം കാണുന്നില്ല. രാജ്യമൊട്ടാകെ 27985 മെ. ടൺ കൊപ്ര
സംഭരിക്കപ്പെട്ടപ്പോൾ കേരളത്തിൽ ഇത്‌ 5966 മെ. ടൺ മാത്രമാണ്‌. 2009-10
വർഷം കേരളത്തിൽ മാത്രം സംഭരിച്ചിരുന്നത്‌ 25373 മെ. ടൺ കൊപ്രയാണ്‌.
കർണ്ണാടക ഗവണ്‍മന്റ്‌ സംഭരണ പ്രക്രിയയിലൂടെ സംഭരിക്കുന്ന കൊപ്രയ്ക്ക്‌
അധികമായി കിലോഗ്രാമിന്‌ ഏഴ്‌ (7) രൂപ കൂടി നൽകുന്നതിന്‌ തീരുമാനിച്ച്‌
ഗവണ്‍മന്റുത്തരവ്‌ ഇറക്കിക്കഴിഞ്ഞു. കേരള, തമിഴ്‌നാട്‌, ആന്ധ്ര പ്രദേശ്‌
ഗവണ്‍മന്റുകളും ഇപ്രകാരമൊരു തീരുമാനം എടുത്തിരുന്നെങ്കിൽ എന്നു
പ്രതീക്ഷിക്കുന്നു. നാളികേരോത്പാദനത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനമാണ്‌
കർണ്ണാടകയുടേത്‌. ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരളത്തിലും രണ്ടാം
സ്ഥാനത്തു നിൽക്കുന്ന തമിഴ്‌നാട്ടിലും വിലയിടിവിന്റെ ആഘാതം വളരെ
കൂടുതലുമാണ്‌. ഈ വിവരങ്ങൾ ഈ മൂന്ന്‌ സംസ്ഥാന കൃഷി വകുപ്പു
മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപെടുത്തി. സമാനമായ സഹായം
കേരകർഷകർക്ക്‌ നൽകണമെന്ന്‌ അഭ്യർത്ഥിച്ചിട്ടുണ്ട്‌. അനുകൂലമായ ഫലം
നമുക്കു പ്രതീക്ഷിക്കാമോ എന്നു നോക്കാം.

കേരളത്തിൽ ഇനിയും കൊപ്ര സംഭരണത്തിന്റെ ഗതിവേഗം വർദ്ധിപ്പിക്കണമെങ്കിൽ,
ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും ഈ രംഗത്തേക്ക്‌ വേഗത്തിൽ
കടന്നുവരേണ്ടതുണ്ട്‌. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്‌,
പാലക്കാട്‌, കണ്ണൂർ, കാസർഗോഡ്‌ ജില്ലകളിൽ സിപിഎസുകൾ കൊപ്ര നിർമ്മാണം
ആരംഭിച്ചിട്ടുണ്ട്‌.  പാലക്കാട്‌ 25000 നാളികേരവും 10000 നാളികേരവും ഓരോ
ബാച്ചിലും സംസ്ക്കരിച്ച്‌ കൊപ്രയുണ്ടാക്കാവുന്ന രണ്ടു ഡ്രയറുകൾ ഫെഡറേഷൻ
തലത്തിൽ വാടകയ്ക്കെടുത്ത്‌ കൊപ്ര സംസ്ക്കരിച്ചു കൊണ്ടിരിക്കുന്നു
.
കൂടാതെ, മൂന്ന്‌ ഫെഡറേഷനുകൾക്ക്‌ സ്വന്തമായി 10,000 നാളികേരം ഓരോ
ബാച്ചിലും സംസ്ക്കരിക്കാവുന്ന ഡ്രയറുകൾ സ്ഥാപിക്കുവാനുള്ള പ്രവർത്തനങ്ങൾ
പുരോഗമിക്കുകയാണ്‌. ആദ്യം മുന്നോട്ട്‌ വരുന്ന 20 ഫെഡറേഷനുകൾക്ക്‌ ആധുനിക
ഡ്രയറുകൾ സ്ഥാപിക്കുന്നതിന്‌ നാളികേര ടെക്നോളജി മിഷന്‌ കീഴിൽ 50 ശതമാനം
സബ്സിഡിക്ക്‌ അനുമതി നൽകിയത്‌ ഒരു തുടക്കമായി എടുത്തുകൊണ്ട്‌,
മുമ്പോട്ടുപോകാം.

കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട നാളികേരോത്പാദക ജില്ലകളിലുമായി ഇത്തരം
200-300 ഡ്രയറുകൾ പ്രവർത്തിച്ചിരുന്നെങ്കിൽ കൊപ്രസംഭരണത്തിന്റെ സ്ഥിതി
മറ്റൊന്നാകുമായിരുന്നില്ലേ? അങ്ങനെയെങ്കിൽ അടുത്ത സീസണ്‌ മുമ്പെങ്കിലും
നാം ഈ ലക്ഷ്യത്തിലേക്കെത്തേണ്ടേ? എല്ലാ ജില്ലകളിലേയും സിപിഎസുകൾ ഈ
ലക്ഷ്യം സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക്‌ പഞ്ചായത്തുകളിലും ഇക്കാര്യത്തിൽ വേണ്ട
സഹായം, പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി നൽകണമെന്ന്‌
അഭ്യർത്ഥിച്ചിട്ടുണ്ട്‌. ഫെഡറേഷനുകൾ തുടർ നടപടികൾ സ്വീകരിക്കണമെന്നും
അഭ്യർത്ഥിക്കുന്നു. വിലയിടിവിന്റെ കഷ്ടപ്പാടിലൂടെ കടന്ന്‌ പോകുമ്പോൾ,
കൂടുതൽ കൂട്ടായ്മയോടെ, ചിട്ടയായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട്‌,
വിലയിടിവിനെ നമ്മുടേതായ രീതിയിൽ നേരിടുന്നതിന്‌ ശ്രമിക്കണമെന്ന്‌
അഭ്യർത്ഥിക്കുന്നു.

കേരളത്തിലേതുപോലെ തമിഴ്‌നാട്ടിലും നാളികേര ഉത്പാദകസംഘങ്ങൾ (സിപിഎസ്‌)
രൂപീകരിക്കുന്ന പ്രക്രിയ ഊർജ്ജിതമാവുകയാണ്‌. ഇതിനോടകം 47 സിപിഎസ്കൾ
രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഈ വർഷം ആയിരം സിപിഎസ്കൾ എങ്കിലും
രൂപീകരിക്കുന്നതിനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. കർണ്ണാടകയിലും 1000
സിപിഎസ്കളാണ്‌ ഈ വർഷത്തെ ലക്ഷ്യം. ആന്ധ്ര പ്രദേശിൽ 500 സിപിഎസ്കളും.
സിപിഎസ്കളുടെ ഫെഡറേഷനുകളും ഈ വർഷം തന്നെ രൂപീകരിക്കുന്നതിനുള്ള ശ്രമവും
അതോടൊപ്പം ആരംഭിച്ചിരിക്കുന്നു. കേരളത്തിൽ 10 ഉത്പാദക കമ്പനികളും
തമിഴ്‌നാട്ടിലും കർണ്ണാടകയിലും 5 വീതം ഉത്പാദക കമ്പനികളും ഈ വർഷം
രൂപീകരിക്കാനും ലക്ഷ്യമിട്ടിരിക്കുന്നു. അടുത്ത വർഷം താങ്ങുവില സംഭരണം
വേണ്ടിവന്നാൽ, ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും വഴി തന്നെ മുഴുവൻ കൊപ്രയുംസംഭരിക്കുന്ന അവസ്ഥയിലേക്ക്‌ നാം എത്തേണ്ടതുണ്ട്‌
. അങ്ങനെയെങ്കിൽ
കർഷകരുടെ ഉത്പാദക കമ്പനികൾ തന്നെ നാഫെഡിനു വേണ്ടി കൊപ്ര സംഭരിക്കുന്ന,
സംഭരണ ഏജൻസികളായി മാറുകയാണെങ്കിലോ? ഇന്ന്‌ കർഷകർ അനുഭവിക്കുന്ന
സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക്‌ പരിഹാരമാവില്ലേ?

നാളികേരത്തിന്റെ വിലയിടിവിന്റെയും കർഷകരുടെ ദുരിതങ്ങളുടെയും
മധ്യത്തിലാണ്‌ ഇത്തവണത്തെ 'ലോക നാളികേര ദിനം' (സെപ്തംബർ 2)
ആഗതമാവുന്നത്‌. പൊതുജനശ്രദ്ധയിലും നമ്മുടെ ജനപ്രതിനിധികളുടെയും,
മന്ത്രിമാരുടെയും, തൃത്താല പഞ്ചായത്തുകളുടെയും ശ്രദ്ധയിലും നാളികേര
കർഷകരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനും, സർഗ്ഗാത്മകവും
ക്രിയാത്മകവുമായ പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനും കൂടി ഈ അവസരം
നമ്മുടെ സിപിഎസ്കൾക്കും ഫെഡറേഷനുകൾക്കും ഉപയോഗിക്കാൻ കഴിയില്ലേ? എല്ലാ
ജില്ലകളിലും സിപിഎസ്കളുടേയും ഫെഡറേഷനുകളുടെയും കൂട്ടായ്മയിൽ ജില്ലാ
കേന്ദ്രങ്ങളിൽ വച്ച്‌ സംയുക്തമായി ലോക നാളികേര ദിനാഘോഷം സംഘടിപ്പിച്ചാലോ?
വിലയിടിവിന്റെ കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും ചർച്ച ചെയ്യലും, വിവിധ
മൂല്യവർദ്ധിത നാളികേരോൽപന്നങ്ങളുടെ പ്രദർശനവും ആവാം. ഏറ്റവും പ്രായം
ചെന്ന നാളികേര കർഷകരെയും കേരരംഗത്തെ കർഷക തൊഴിലാളികളെയും ആദരിക്കുന്ന
ചടങ്ങുമാവാം. തെങ്ങുകയറ്റവും, ഇളനീർ ഉൽപന്നങ്ങളും നാളികേരത്തിന്റെ മറ്റ്‌
ഉൽപന്നങ്ങളുണ്ടാക്കുന്നതിനുള്ള മത്സരവും കുട്ടികൾക്ക്‌ നാളികേര
സംബന്ധിയായ രചന, പ്രസംഗ, ക്വിസ്‌ മത്സരങ്ങളും സംഘടിപ്പിക്കാം.

കോളേജുകളിലൂടെ ബോട്ടണി, സുവോളജി, ബയോടെക്നോളജി ഡിപ്പാർട്ടുമന്റുകളിലെ
അദ്ധ്യാപകരെയും വിദ്യാർത്ഥി- വിദ്യാർത്ഥിനികളെയും ചർച്ചകൾക്കും
പ്രബന്ധാവതരണങ്ങൾക്കും പങ്കെടുപ്പിക്കാൻ ശ്രമിക്കുമല്ലോ? അങ്ങനെ
കേരളമൊട്ടാകെ ലോക നാളികേര ദിനാഘോഷം വ്യത്യസ്തമായ ഒരു അനുഭവമാക്കി
മാറ്റുന്നതിന്‌ സിപിഎസ്കളും ഫെഡറേഷനുകളും ചുക്കാൻ പിടിക്കുകയും തങ്ങളുടെ
സാന്നിദ്ധ്യം വ്യക്തമാക്കുകയും ചെയ്യണമെന്നഭ്യർത്ഥിക്കുന്നു.
     

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...