അസ്ഥികൂടങ്ങളുടെ യുദ്ധഭാഷ

പി.കെ.ഗോപി 


മണ്ണിന്‍റെ സിരാപടലങ്ങള്‍
ഇളകിമറിയാതെ 
മൌനത്തിന്‍റെ ശിരസ്സിലേക്ക് 
വാക്കുകള്‍ പ്രവഹിക്കുകയില്ല.

തലച്ചോറില്‍ 
വസന്തം വിരിയാതെ 
അവയിലൊന്നുപോലും 
വീണ്ടെടുക്കാനാവില്ല.

നാവിനും നര്‍ത്തകനുമിടയില്‍
നഗ്നസഞ്ചാരം ചെയ്യുന്ന 
നിലാവിന്‍റെ പ്രാണജ്ജ്വാല 
രാത്രിയുടെ ഭൂപടത്തില്‍ 
കുറിച്ചുവച്ചതാണ് 
ജ്ഞാന വേദനയുടെ 
കവ്യലിപികള്‍.

ഇലകളുടെ 
കൈരേഖയിലൂടെ 
ലോലമായി സഞ്ചരിച്ച്‌
ശിലകളുടെ നെഞ്ചിലേക്കിരമ്പിക്കയറാന്‍ 
മഴയും പുഴയും പോലെ 
പുറപ്പെടുമ്പോള്‍ ,
വാക്കുകളുടെ ദേശങ്ങള്‍ 
ഇടിച്ചു നിരത്തി 
ഭീതിയുടെ ലോഹവാഹനത്തില്‍ 
അസ്ഥികൂടങ്ങളുടെ യുദ്ധനിര 
ഇറങ്ങി കഴിഞ്ഞു .

കൂട്ടത്തോടെ 
കൊന്നു തുടങ്ങും മുന്‍പ്
കൂട്ടം തെറ്റിയ കിളിയോട് 
ജീവിതം ഊറ്റിപ്പിഴിഞ്ഞ
ഒരു വാക്ക് മിണ്ടട്ടെ..

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ