എലിക്കുളം ജയകുമാർ
എന്റെ മേനികറുത്തതും
നിന്റെ കണ്ണിൽ മാറാല മൂടിയതും
മണ്ണെണ്ണ വിളക്കിന്റെ
പുകയേറ്റാണ്.
വാക്ക് മുറിച്ചതും
ചങ്കു പിളർന്നതും
സ്നേഹം പകുത്തതും
മണ്ണെണ്ണ വിളക്കിന്റെ
മങ്ങികത്തുന്ന
വെളിച്ചത്തിലാണ്
വാക്കിലഗ്നിയാളിയതും
നോക്കിലസ്ത്രം തൊടുത്തതും
ചോദ്യമുനകൾ
ഉത്തരത്തിലൊടുക്കിയതും
മണ്ണെണ്ണ വിളക്കിന്റെ
നാളമേറ്റിരുന്നപ്പോഴാണ്
പ്രണയം വളർന്നതും
മോഹങ്ങൾ പൊടിഞ്ഞതും
കരിനിഴൽ പടർന്നതും
കാലം കരിഞ്ഞതും
മണ്ണെണ്ണ വിളക്കിന്റെ
ആളലിലായിരുന്നു
ഇപ്പോൾ മണ്ണ്
എണ്ണ, വിളക്ക്
പ്രണയം, നീയ്, ഞാണ്
എന്നു കാലം പകുക്കുമ്പോഴും
നാമറിയാതെ ഒന്നാകുന്നത്
മണ്ണെണ്ണ വിളക്കിന്റെ
പുകയും മഞ്ഞയുംകൊണ്ട്
നിന്റെ കാഴ്ചയെ
മറയ്ക്കാനാവാത്തതുകൊണ്ടാണ്