19 Aug 2012

അക്ഷരരേഖ

 ആർ ശ്രീലതാവർമ്മ

വായനയിലെ സർഗാത്മകത

  വായന എന്നത് ഏറ്റവും വ്യക്തിനിഷ്ഠമായ ഒരനുഭവമാണ്.ഒരാളുടെ വായന ഒരിക്കലും മറ്റൊരാളുടേതു പോലെയല്ല.അഭിരുചിയുടെ കാര്യത്തിൽ മാത്രമല്ല,വായനയുടെ ആഴം,വേഗത,രീതി എന്നിവയിൽ വരെ വ്യക്തിപരമായ സവിശേഷതകൾ ഉൾച്ചേരുന്നു.വായനയുടെ സജീവതയെക്കുറിച്ച് സംശയങ്ങൾ കൂടി വരുന്ന കാലമാണിത്.വായന മരിക്കുന്നു എന്ന പരിദേവനം മാറ്റി നിർത്തിയാലും വായനയുടെ രീതി,സ്വഭാവം ഇവയെല്ലാം മുൻപില്ലാത്തവിധം മാറ്റങ്ങൾക്ക് വഴിപ്പെട്ടിരിക്കുകയാണ് ഇന്ന് എന്ന കാര്യം സമ്മതിക്കാതെ വയ്യ.മറ്റ് പല മാധ്യമങ്ങളുമായി നേരിടുന്ന കടുത്ത മത്സരമാണ് വായനയെ ബാധിക്കുന്നത് എന്ന സാമാന്യമായ ഒരു വിലയിരുത്തൽ പലപ്പോഴും നടന്നിട്ടുണ്ട്;ഇപ്പോഴും നടക്കുന്നു.മുമ്പ് ടെലിവിഷനെയാണ് പ്രതിക്കൂട്ടിൽ നിർത്തിയിരുന്നതെങ്കിൽ,ഇന്ന്,
കമ്പ്യൂട്ടറിനെ,വിശേഷിച്ചും ഇന്റർനെറ്റിനെ കൂടി കൂട്ടത്തിൽ ഉൾപ്പെടുത്തുന്നു.വാസ്തവത്തിൽ ഇത് ശരിയാണോ?ടെലിവിഷനും ഇന്റർനെറ്റും മറ്റും ഇല്ലായിരുന്നെങ്കിൽ നമ്മൾ അത്രയേറെ വായിച്ചുകൂട്ടുമായിരുന്നോ ?
                   ഒരിക്കലുമില്ല.വായനയിൽ കുറവും കൂടുതലും എല്ലാം ഏതുകാലത്തും ഉണ്ട്.മാധ്യമം ഏതായാലും വായന,വായന തന്നെയാണ്.ഇ-റീഡിംഗിന്റെ വർത്തമാനകാലത്ത് അച്ചടിമാധ്യമങ്ങളുടെ
വായന മാത്രമേ വായനയാകൂ എന്നു ശഠിക്കുന്നതിൽ  യാതൊരടിസ്ഥാനവുമില്ല.ഇന്റർനെറ്
റിലെ സോഷ്യൽ നെറ്റ് വർക്കിങ്ങ് ഗ്രൂപ്പുകളുടെയും ബ്ലോഗുകളുടെയും സമീപകാലനിലകൾ പരിശോധിച്ചാൽപ്പോലും രാഷ്ട്രീയം,സാഹിത്യം,സിനിമ,സംഗീതം തുടങ്ങിയ മേഖലകളെയെല്ലാം ഗൗരവമായി സ്പർശിക്കുന്ന പോസ്റ്റുകളും ആ ഗൗരവം ഉൾക്കൊണ്ട് ഇവയെ ചർച്ചയ്ക്കെടുക്കുന്ന അംഗങ്ങളുമുണ്ടെന്ന് മനസ്സിലാക്കാം.തെളിഞ്ഞ ജീവിതാവബോധത്തോടെ രേഖപ്പെടുത്തിയിട്ടുള്ള എത്രയോ അഭിപ്രായങ്ങൾ ഇത്തരം പോസ്റ്റുകൾക്ക് ലഭിക്കുന്നുണ്ട്.സൈബർലോകത്ത് ഇതെല്ലാം സംഭവിക്കുമ്പോൾ അച്ചടിലോകത്തെ പിന്തുടരുന്നവരുടെ എണ്ണം കുറഞ്ഞുപോകുന്നു എന്ന ചിന്ത അടിസ്ഥാനരഹിതമാണ്.സാഹിത്യകൃതികളുടെയും ആനുകാലികങ്ങളുടെയും 'സ്ഥിരം' വായനക്കാർ അങ്ങനെ തന്നെ തുടരുന്നുണ്ട്.മാത്രമല്ല,ഇ-വായനയിലൂടെ ഏറ്റവും പുതുതലമുറ പോലും നമ്മുടെ കലകളുടെയെല്ലാം പാരമ്പര്യധാരയോട് ഇണങ്ങിച്ചേരുകയാണ് ചെയ്യുന്നത്.പുസ്തകരൂപത്തിൽ ഇന്ന് ലഭ്യമല്ലാത്ത ഒരു പൂർവകാല രചന ഇന്റർനെറ്റ് വഴി കമ്പ്യൂട്ടറിൽ വായിക്കാൻ കഴിയുന്നു എന്നത് കാലഘട്ടവും സാങ്കേതികവിദ്യയും ഒരുക്കിത്തരുന്ന ഗുണഫലമായി ഉൾക്കൊണ്ടാൽ പല സംശയങ്ങൾക്കും പരിഹാരമാകും.
             കലയുടെ വിപണിയെ സംബന്ധിച്ച് അശുദ്ധ ചിന്തകളും വിശ്വാസങ്ങളും ദൃഢതരമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് താത്കാലികങ്ങളായ തരംഗങ്ങളുണ്ടാക്കുക എന്നതിക്കവിഞ്ഞുള്ളതൊന്നും വിപണിയുടെ പരിഗണനയിൽ വരുന്നില്ല എന്നുള്ളതാണ് സത്യം.വായിക്കുക,വലിച്ചെറിയുക എന്ന വായനയെ,രചനകളെ നാം സമീപിക്കേണ്ടത്?വായിച്ചത് വീണ്ടും വായിക്കാനും ആവർത്തിച്ച വായനയിലൂടെ ചിന്തയും അവബോധവും ഉദ്ദീപ്തമായിത്തീരാനും കഴിയാത്തിടത്തോളം വായന എന്ന ശ്രമം തന്നെ പാഴായിത്തീരുന്നു.ഹിംസാത്മകമായ ഇടപെടലുകളല്ല,സ്ര്ഗാത്മകമായ ഇടപെടലുകളാണ് വായനയുടെ ലോകത്ത് അനിവാര്യമാകുന്നത്.കാലതിന്റെ ചലനങ്ങളെ സംഹാരാത്മകമായിട്ടല്ലാതെ നിർമ്മാണപരമായി പിന്തുടരാനും അവയിൽ നിന്ന് കഴിയുന്നത്ര ഊർജം ഭാവിയിലേക്ക് സ്വാംശീകരിക്കാനും പ്രേരിപ്പിക്കുന്ന ഏത് വായനയും സമ്പന്നമാണ്.ആ സമ്പന്നതയിലേക്കാണ് ഇനി നമ്മൾ എത്തിച്ചേരേണ്ടത്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...